ലേഖനം

അവര്‍ കൂറുപുലര്‍ത്തുന്നത് ഇന്ത്യന്‍ ഭരണഘടനയോടല്ല, മനുസ്മൃതിയോടാണ്

മധുസൂദന്‍ വി

യു.പിയില്‍നിന്നുള്ള ആ വാര്‍ത്ത ലോകമനസ്സാക്ഷിയെ പിടിച്ചുകുലുക്കിയിട്ട് ദിവസങ്ങള്‍ ഏറെയായില്ല. അവളുടെ ശവസംസ്‌കാരംപോലും വിവാദമായി. ഒരു പത്തൊമ്പതുകാരി ദളിത് പെണ്‍കുട്ടിയെ ദുപ്പട്ട കഴുത്തില്‍ മുറുക്കി സമീപത്തെ പാടത്തേക്ക് വലിച്ചുകൊണ്ടുപോയി ഒരു കൂട്ടം ഉയര്‍ന്ന ജാതിക്കാര്‍ കൂട്ടബലാത്സംഗം ചെയ്തു. പീഡിപ്പിക്കപ്പെട്ട, പൊട്ടിപ്പോയ എന്നര്‍ത്ഥം വരുന്ന 'ദലാന്‍' എന്ന ഹിന്ദി പദത്തില്‍നിന്നാണ് ദളിത് ഉണ്ടാവുന്നത്. നാവറുത്തുപോയ, നട്ടെല്ലു പൊട്ടിച്ച ആ ഭീകരപീഡനം അവശേഷിപ്പിച്ച നുറുങ്ങിയ ശരീരവുമായി മരണത്തോട് ഏറെനാള്‍ മല്ലടിച്ച്, ജീവിതത്തോടു വിടപറഞ്ഞ ആ പെണ്‍കുട്ടി ഇന്ത്യന്‍ ദളിത് മുഖമാണ്. 

തന്റെ അഞ്ചുമക്കളിലെ ഇളയവള്‍ അതിക്രൂരമായി ബലാത്സംഗം ചെയ്യപ്പെട്ട് നാവും നട്ടെല്ലും തകര്‍ന്നു കിടക്കുന്നതു കണ്ട് അലമുറയിടുമ്പോഴും ആ അമ്മ ഭയന്നത് അതു പുറത്തുപറഞ്ഞാലുള്ള അനന്തര ഫലത്തെക്കുറിച്ചാണ്, തന്റെ ബാക്കി മക്കളെ ഓര്‍ത്താണ്, കുടുംബത്തില്‍ ആരെയെങ്കിലും അവര്‍ ബാക്കിവെയ്ക്കുമോ എന്നാലോചിച്ചാണ്. ഹിന്ദുത്വത്തിന്റെ വിശ്വമാനവികതയെ ആഘോഷിക്കുന്നവരാരും ഹിന്ദുത്വത്തിന്റെ ഈ ഗോത്രജാതി ഭീകരതയെ അപലപിക്കുന്നില്ല. ദളിത് ജീവിതങ്ങള്‍ അനുഭവിക്കുന്ന, അവരുടെ പെണ്‍കുട്ടികള്‍ നേരിട്ടുകൊണ്ടിരിക്കുന്ന പുറത്തുവരാത്തതും വരുന്നതുമായ കൊടിയ പീഡനങ്ങളുടെ പിന്നിലെ ഭീകരമായ ജാതീയതയെ കാണുന്നില്ല. ഒഡീഷയില്‍ ഒരു പെണ്‍കുട്ടി ഒരു പൂ പറിച്ചതിന്റെ പേരില്‍ 40 ദളിത് കുടുംബങ്ങള്‍ക്ക് ഊരുവിലക്കു പ്രഖ്യാപിച്ച ജാതിബോധത്തിന്റേയും ഇങ്ങിവിടെ വട്ടവടയിലെ ബാര്‍ബര്‍ ഷാപ്പുകളില്‍ പ്രവേശനം നിഷേധിക്കപ്പെട്ട ദളിത് ജീവിതങ്ങളുടേയും സമകാലിക ലോകത്ത് പേര്‍ത്തും പേര്‍ത്തും വായിക്കപ്പെടേണ്ട  താണ് ബാബാ സാഹേബിന്റെ Annihilation of caste.  

റാഞ്ചിയില്‍ അംബേദ്കര്‍ ജയന്തിയോടനുബന്ധിച്ച് പ്രതിമ വൃത്തിയാക്കുന്ന തൊഴിലാളി

ജാതിവ്യവസ്ഥയുടെ ഭീകരതയെക്കുറിച്ച് ജൂലൈയില്‍ ലണ്ടന്‍ ആസ്ഥാനമായ 'ഇക്കണോമിസ്റ്റ്' ഒരു ലേഖനം പ്രസിദ്ധീകരിച്ചിരുന്നു - കാസ്റ്റ് ഇന്‍ ഇന്ത്യ, നോ എസ്‌കേപ്. ജാതീയതയുടെ ഭീകരതയെപ്പറ്റി, ജാതി പിരമിഡിന്റെ താഴ്വലയങ്ങളെ ഭരണഘടനയുടെ കരുതലിന്റെ കരവലയത്തിലേക്ക് എത്തിച്ച അംബേദ്കറുടെ ധിഷണയെ അടയാളപ്പെടുത്തുമ്പോഴും ലേഖനം അവസാനിക്കുന്നത് ആ ധിഷണയുടെ പരമമായ ലക്ഷ്യം പരാജയപ്പെട്ടു എന്നൊരു സവര്‍ണ്ണ ധ്വനിയിലാണ്. ഒടുവിലായി അംബേദ്കര്‍ ഇന്നു ഉണ്ടായിരുന്നെങ്കില്‍ അദ്ദേഹം ആശയക്കുഴപ്പത്തിലായേനെ എന്നൊരു താങ്ങില്‍ ലേഖനം അവസാനിക്കുന്നു - Ambedkar, who assumed that the positive discrimination he prescribed in the constitution would end millennia of caste oppression, would be perplexed. തെറ്റായ ഒരു നിഗമനത്തിലെത്താന്‍ ഉപയോഗിച്ചതാവട്ടെ, ശരിയായ ഡാറ്റയും യാഥാര്‍ത്ഥ്യങ്ങളും. 

ഹിന്ദുസമൂഹം എന്നൊന്നില്ലെന്നും ഉള്ളത് ഒരു കൂട്ടം ജാതികളാണെന്നും ഡോ. അംബേദ്കര്‍ സ്ഥാപിച്ചിട്ടുണ്ട്. ജാതിവാദികളുടെ സകലവാദങ്ങളേയും ശാസ്ത്രീയമായ നിഗമനങ്ങളിലൂടെയും യുക്തിഭദ്രമായ വിചാരണകളിലൂടെയും ഇടിച്ചുനിരത്തിയ പകരം വെയ്ക്കാനില്ലാത്ത ഒന്നാണത്. മാര്‍ക്‌സിസത്തെ കൃത്യമായി മനസ്സിലാക്കി എല്ലാ അസമത്വങ്ങളുടേയും അടിസ്ഥാനം സാമ്പത്തികമാണെന്ന വീക്ഷണത്തേയും അതിനു പരിഹാരം രാഷ്ട്രീയമാണെന്നുള്ള നിഗമനത്തേയും കാര്യകാരണസഹിതം തള്ളുകയും ചെയ്ത ബാബാസാഹേബിന്റെ ദീര്‍ഘദര്‍ശിത്വവും ധിഷണയും മുഴുവനായും നിഴലിച്ച ഒന്നാണ് ഭരണഘടനയിലെ ധനാത്മകവിവേചനം അഥവാ റിസര്‍വ്വേഷന്‍. സാമൂഹിക അടിച്ചമര്‍ത്തലിനു വിധേയമായ അധഃകൃതര്‍, അന്ത്യജര്‍, തൊട്ടുകൂടാത്തവര്‍ എന്നൊക്കെ വിളിച്ചാക്ഷേപിച്ച് മാറ്റിനിര്‍ത്തിയവരെ മുഖ്യധാരയിലേക്ക് കൊണ്ടുവരാനായി ഭരണഘടന വിഭാവനം ചെയ്ത റിസര്‍വ്വേഷന്‍ മാര്‍ക്‌സില്‍നിന്നും ഒന്നുകൂടി മുന്നോട്ടുപോയ അംബേദ്കറുടെ സംഭാവനയാണ്. അദ്ദേഹത്തിന് ഇന്ത്യയിലെ ക്ലാസ്സ് വാര്‍ ജാതിക്കെതിരായുള്ള യുദ്ധമായിരുന്നു. ഉന്മൂലനം ചെയ്യേണ്ട ശത്രു ജാതിയായിരുന്നു. ആ ജാതിയുടെ മതിലുകള്‍ ഇടിച്ചുനിരത്താതെ പ്രോലറ്റേറിയറ്റിനെ വര്‍ഗ്ഗസമരത്തില്‍ ചേര്‍ത്തുനിര്‍ത്തുക സാധ്യമല്ലെന്ന തിരിച്ചറിവുണ്ടായിരുന്നു അദ്ദേഹത്തിന്. ഇന്ത്യന്‍ സാഹചര്യത്തില്‍ സാമ്പത്തിക-രാഷ്ട്രീയ പരിഹാരം സര്‍വ്വരോഗ സംഹാരിയല്ല എന്നും വേണ്ട  ത് തുല്യ സാമൂഹികാവസ്ഥയാണ് എന്നും അദ്ദേഹം കൃത്യമായി വാദിച്ചു. എല്ലാ പ്രശ്‌നങ്ങളുടേയും നാരായവേര് സാമ്പത്തികമാണെങ്കില്‍, സാമ്പത്തിക ശക്തികളാണ് സമൂഹത്തെ മുഴുവനായും നിയന്ത്രിക്കുന്നതെങ്കില്‍ ഭിക്ഷാംദേഹികളായ നാലുമുക്കാലിനു ഗതിയില്ലാത്ത സന്ന്യാസിമാരുടേയും മറ്റ് ആത്മീയ നേതാക്കളുടേയും വാക്കുകള്‍ക്ക് കോടീശ്വരര്‍ തൊട്ട് മരിച്ചാല്‍പ്പോലും കോടിപുതക്കാനില്ലാത്തവര്‍ കൂടി കാതോര്‍ക്കുന്നതും അനുസരിക്കുന്നതും എന്തുകൊണ്ടെന്നു ചോദിച്ചിരുന്നു അദ്ദേഹം. അവിടെയാണ് അദ്ദേഹം ജാതിയുടെ സ്വാധീനം സമൂഹത്തെ ബാധിച്ച കാന്‍സറായി കണ്ടെ  ത്തിയതും ജാതിഉന്മൂലനം പ്രതിവിധിയായി കുറിച്ചതും. 

വര്‍ണാശ്രമത്തിന്റെ വഴികള്‍

ഇന്ത്യയിലെ ജാതിവ്യവസ്ഥ  

ലേഖനം തുടങ്ങുന്നത് അങ്കിത് പാല്‍, തുഷാര്‍ സിങ്ങ് എന്നീ രണ്ട് ദളിത് ജീവിതങ്ങളുടെ വൈരുദ്ധ്യങ്ങളെ വിചാരണ ചെയ്തുകൊണ്ടാണ്. നൂറില്‍ നൂറ് എല്ലാ വിഷയങ്ങളിലും കരസ്ഥമാക്കി അംഗീകാരങ്ങളുടെ വെള്ളിവെളിച്ചത്തിലുള്ള ഐ.എ.എസ് സ്വപ്നങ്ങളുമായി ഉപരിപഠനങ്ങളിലേക്ക് നീങ്ങുന്ന തുഷാര്‍ സിങ്ങിന്റെ ജാതി അടയാളപ്പെടുത്തുന്നത് വിശാലമായ ലിവിങ്റൂമിലെ അംബേദ്കറുടെ ഛായാപടമാണെന്നും സിങ്ങ് പഠിച്ചത് ഒരു മികച്ച പ്രൈവറ്റ് സ്‌കൂളിലാണെന്നും മാതാപിതാക്കള്‍ കോളേജ് അദ്ധ്യാപകരാണെന്നും ഇക്കണോമിസ്റ്റ് പറയുന്നു. 

ഇനി അങ്കിത് പാലിലേക്ക്. അങ്കിതിനെ ലോകം കാണുന്നത് ഒരു നരച്ച ട്രൗസറും പിങ്ക് ഷര്‍ട്ടുമിട്ട് ഒരു വീഡിയോയിലാണ് - ഭൂവുടമകളായ രണ്ടു ജാട്ട് യുവാക്കള്‍ അവനെ വിവസ്ത്രനാക്കി മര്‍ദ്ദിക്കുന്നതിന്റെ ഭീകരദൃശ്യമായിരുന്നു അത്. അങ്കിതിന്റെ കുറ്റം എന്തായിരുന്നു? അവരുടെ പാടത്ത് പണിയെടുക്കാതെ, അവരുടെ കാലി മേച്ച് ജീവിക്കാതെ അവന്‍ ഒരു സ്മാര്‍ട്ട് ഫോണ്‍ കടയില്‍ ജോലി കണ്ടെത്തി. ആ മഹാകുറ്റത്തിനുള്ള ശിക്ഷയായിരുന്നു അത്. ആ ശിക്ഷയുടെ പാഠം ദളിത് സമൂഹത്തിലേക്ക് മുഴുവനായും സംക്രമിപ്പിക്കാനുള്ളതാവണം അതിന്റെ ചിത്രീകരണം. നിയമത്തിന്റെ കണ്ണുകളില്‍ എല്ലാവരും തുല്യരായ ഒരു ഭരണഘടനയുടെ മുന്നിലാണ് അതു സംഭവിക്കുന്നത്, ഇന്ത്യയുടെ തലസ്ഥാന നഗരിയില്‍നിന്നും ഏതാനും കിലോമീറ്ററുകള്‍ അകലങ്ങളിലായി കഴിയുന്ന രണ്ടു ദളിത് കുടുംബങ്ങളിലെ ഏതാണ്ട് സമപ്രായക്കാരെ ലോകം അറിയുന്നത് ഇങ്ങനെയാണ്.  മൂന്നു തലമുറ നിയമനിര്‍മ്മാണസഭകളിലും സര്‍ക്കാര്‍ വിദ്യാലയങ്ങളിലും സര്‍ക്കാര്‍ സര്‍വ്വീസിലും ലഭ്യമായിരുന്ന ക്വാട്ടകളിലൂടെ ഒരു ലോവര്‍ കാസ്റ്റ് ബൂര്‍ഷ്വാസിയുടെ വളര്‍ച്ചയെ തുഷാറിലൂടെയും പരാജയപ്പെട്ട സംവരണലക്ഷ്യങ്ങളുടെ ദുരന്തമുഖമായി അങ്കിതിനേയും അടയാളപ്പെടുത്തുകയാണ് ലേഖനം, രണ്ടു ദളിത് ജീവിതങ്ങളിലൂടെ. ജാതിക്കുള്ളിലെ പുതിയ വിഭജനത്തിന്റെ ഉത്തരം തിരയേണ്ടത് ജാതി രാഷ്ട്രീയത്തിലാണ്, ധനാത്മക വിവേചനത്തിന്റെ ആപ്ലിക്കേഷനിലാണ്. അംബേദ്കറുടെ ധിഷണയിലല്ല. 

ദളിത് സമൂഹത്തെ അടിമകളാക്കി വച്ചത് ഹയര്‍ കാസ്റ്റ് പാട്രണ്‍ നിര്‍ബ്ബന്ധമാക്കിയായിരുന്നു, അവര്‍ ആരുടെ ജോലി ചെയ്യണമെന്ന തീട്ടൂരത്തെ മനോഹരമായി അവരെ ആരു സംരക്ഷിക്കണം എന്ന രീതിയിലേക്ക് മൊഴിമാറ്റിയ ബ്രാഹ്മണ്യബോധത്തെ റദ്ദു ചെയ്തത് അംബേദ്കറുടെ ധിഷണ തന്നെയാണ്.  അതില്ലാതായതുകൊണ്ടു മാത്രമാവണം അങ്കിതിനു ജീവന്‍ ബാക്കിയായത്. അല്ലെങ്കില്‍ അയാളുടെ ജീവിതം ജാട്ടുകളുടെ പാടത്തും അവരുടെ കാലികള്‍ക്കൊപ്പവും ആവുമായിരുന്നു, മാറി നടക്കുക സാധ്യമാവുമായിരുന്നില്ല. എന്നിരുന്നാലും മീശവളര്‍ത്തിയതിന്റെ പേരില്‍, കുതിരസവാരിയുടെ പേരില്‍, ജാതിമാറി പ്രണയിച്ചതിന്റെ പേരില്‍ ഒക്കെയും ഭീകരമായ അക്രമണങ്ങളാല്‍ ജീവച്ഛവങ്ങളായി മാറിയ, ബലാത്സംഗങ്ങള്‍ക്കിരയായ ദളിത് ജീവിതങ്ങളുടെ വാര്‍ത്തകള്‍ മനുഷ്യമനസ്സാക്ഷിയെ ഞെട്ടിച്ചുകൊണ്ട് വലിയ കാലയളവുകളുടെ അന്തരമില്ലാതെ പ്രത്യക്ഷമാവുകയും ചെയ്യുന്നുണ്ട്. 

ജാതിഭീകരതയുടെ കൃത്യമായ ആഴമറിയണമെങ്കില്‍ മതം മാറിയവരുടെ അവസ്ഥ നോക്കിയാല്‍ മതി. വിവേചനത്തിന്റെ ജാതിസൂത്രം ഹിന്ദുവിലായി ഒതുങ്ങാത്തതിന്റെ ആ കണക്കും ഇക്കണോമിസ്റ്റ് എടുത്തലക്കുന്നുണ്ട്. ഇന്ത്യയിലെ രണ്ടുകോടി കത്തോലിക്കരില്‍ 65 ശതമാനം ഭീകരമായ അടിച്ചമര്‍ത്തലില്‍നിന്നും രക്ഷതേടിയുള്ള ദളിത് കണ്‍വേര്‍ഷണ്‍ ആയിരുന്നു. ഇന്ത്യന്‍ ചര്‍ച്ചുകളുടെ പ്രസിദ്ധീകരിക്കപ്പെട്ട രേഖകള്‍ പ്രകാരം 27000 പുരോഹിതരില്‍ വെറും അഞ്ച് ശതമാനം മാത്രമാണ് ദളിത് വംശപാരമ്പര്യത്തില്‍നിന്നു വന്നവര്‍. അവരുടെ ആറ് കര്‍ദ്ദിനാള്‍മാരില്‍  ഒരാള്‍ പോലുമോ 30 ആര്‍ച്ചു ബിഷപ്പുമാരില്‍ ഒരാള്‍ പോലുമോ ദളിത് അല്ല. 14 ശതമാനം വരുന്ന മുസ്ലിം ന്യൂനപക്ഷ സമൂഹത്തിനിടയിലും ഈ വിവേചനത്തിന്റെ അലയൊലികള്‍ വ്യക്തമാണ്. ആദിയില്‍ മതം മാറിയവരുടെ അല്ലെങ്കില്‍ ഭരണത്തിലിരുന്ന മുസ്ലിം വംശാവലിയില്‍ നിന്നുള്ളവരില്‍നിന്നും സമീപകാലങ്ങളിലായി ഇസ്ലാമിനെ ആശ്ലേഷിച്ചവരായി ആക്ഷേപിക്കപ്പെടുന്ന താഴ്ജാതിക്കാര്‍ ഏറെ അകലെ തന്നെയാണ്. മതം തന്നെ മാറിയിട്ടും ജാതി മാറാത്ത സാമൂഹികമായ ദുരവസ്ഥയുടെ നിദര്‍ശനങ്ങളാണെങ്ങും. ജാതിയെ എന്തുചെയ്യണമെന്നു ചോദിച്ചാല്‍, അതുകൊണ്ടുതന്നെ ഉന്മൂലനം എന്ന പദത്തോളം കൃത്യമായി മറ്റൊരു പദം ഇല്ല. 

ഹത്രാസ് സംഭവത്തില്‍ പ്രതിഷേധിക്കുന്നവര്‍

ഉന്നതശ്രേണികളിലെ അധികാരവീതംവെയ്പിന്റെ കണക്കുകളിലേക്കു പോയാല്‍ അടുത്തു നടന്ന ഒരു സര്‍വ്വേ പ്രകാരം ഏറ്റവും ഉയര്‍ന്ന 89 സിവില്‍ സര്‍വ്വന്റുമാരില്‍ ഉയര്‍ന്ന ജാതിക്കാരല്ലാത്തവര്‍ വെറും നാലുപേരാണെന്നും അതിലൊന്നുപോലും ഒ.ബി.സി ഇല്ലെന്നും ലേഖനം പറയുന്നു. സുപ്രീംകോടതിയിലെ ജഡ്ജിമാരിലും സംസ്ഥാന ഗവര്‍ണര്‍മാരിലും മൂന്നില്‍ രണ്ടുഭാഗവും ഉയര്‍ന്ന ജാതിക്കാരാണ്. അടുത്തകാലത്തായി ക്രിമിനല്‍ കോഡ് പുതുക്കിപ്പണിയാനായി ഒരു അഞ്ചംഗ പാനലിനെ ആഭ്യന്തരവകുപ്പ് നിശ്ചയിച്ചതില്‍ മുഴുവന്‍ പേരും വടക്കേയിന്ത്യയില്‍നിന്നായിരുന്നു എന്നും എല്ലാവരും സവര്‍ണ്ണരായിരുന്നു എന്നും ലേഖനം വ്യക്തമാക്കുന്നു. ഇംഗ്ലീഷിലേയും ഹിന്ദിയിലേയും മുഖ്യധാരാ മാധ്യമങ്ങള്‍ക്കിടയില്‍ നടന്ന ഒരു സര്‍വ്വേ പ്രകാരം 121 സീനിയര്‍ മേധാവികളില്‍, എഡിറ്റര്‍മാരടക്കം 15 പേരൊഴികെ എല്ലാവരും സവര്‍ണ്ണരായിരുന്നു. ഒരാള്‍ പോലും ദളിത് സമൂഹത്തെ പ്രതിനിധീകരിക്കുന്നില്ല.  

ലേഖനത്തിന്റെ ഭാഗമായി വന്ന ഹാര്‍വാര്‍ഡ് സര്‍വ്വകലാശാലയിലെ ഡോ. നവീന്‍ ഭാരതിയുടെ നേതൃത്വത്തിലുള്ള ഒരു സംഘം നടത്തിയ വാസസ്ഥല വിശകലനത്തില്‍ വെളിപ്പെട്ടത് ജാതിബോധത്തിന്റെ മയമില്ലാത്ത തുടര്‍ച്ചയും വേര്‍തിരിവിന്റെ തീവ്രതയുമാണ്. അയ്യായിരത്തിലേറെ ഉപജാതി സമുദായങ്ങളുടെ വിവാഹബന്ധങ്ങള്‍ അവര്‍ക്കിടയില്‍ മാത്രമായി ഒതുങ്ങുന്നു. ഗുജറാത്തിലെ ഏറ്റവും വലിയ നഗരമായ അഹമ്മദാബാദിലെ 60 ശതമാനം ബ്ലോക്കുകളും ഒരു ദളിത് കുടുംബത്തെപ്പോലും സഹവസിപ്പിക്കുന്നില്ല. 80 ശതമാനം ദളിതരും താമസിക്കുന്നത് നഗരത്തിന്റെ 10 ശതമാനം ഭാഗത്താണ് എന്നും പഠനം വ്യക്തമാക്കുന്നു. ജീനി കോഎഫിഷ്യന്റ് സങ്കേതമുപയോഗിച്ച് നടത്തിയ പഠനപ്രകാരം ലോകത്തിലെ ഏറ്റവും അസമത്വ രാജ്യമായ ദക്ഷിണാഫ്രിക്കയിലെ ഏറ്റവും അസമത്വ നഗരമായ ജോഹന്നാസ്ബര്‍ഗിനേക്കാള്‍ മോശമാണ് അഹമ്മദാബാദിലെ അസമത്വം എന്നും ലേഖനം സ്ഥാപിക്കപ്പെടുകയാണ്. 

അംബേദ്കര്‍ ആധുനിക ബുദ്ധന്‍ 

അംബേദ്കര്‍ ഉണ്ടായിരുന്നില്ലെങ്കില്‍, ജാതി ഹിന്ദുക്കള്‍ അടിച്ചമര്‍ത്തിയ ജനതയെ ധനാത്മക വിവേചനത്തിന്റെ കരുതലിലേക്ക് ചേര്‍ത്തു നിര്‍ത്താന്‍ അദ്ദേഹത്തിനു കഴിഞ്ഞില്ലായിരുന്നെങ്കില്‍ ഇന്ത്യയുടെ സെക്യുലറിസം അതോടെ തീര്‍ന്നേനെ, മഹാഭൂരിപക്ഷവും സെമിറ്റിക് മതങ്ങളിലേക്ക് മാറി നൈസര്‍ഗ്ഗികമായി നമുക്കുണ്ടെന്ന് കൊട്ടിഘോഷിക്കപ്പെടുന്ന സെക്യുലറിസ്റ്റ് ബോധം കപ്പല്‍ കയറിയേനെ. അംബേദ്കറെ തന്നെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തി വിമര്‍ശിക്കാന്‍ പറ്റിയ ഒരു ജനാധിപത്യ ഇന്ത്യ നമുക്കായി ബാക്കിയാക്കിയത് ആ പ്രതിഭയുടെ ധിഷണയുടെ അതിപ്രസരവും മാനവികതാ ബോധവുമാണ്. അംബേദ്കര്‍ ഇന്ത്യയെ ചേര്‍ത്തുനിര്‍ത്തിയ ആധുനിക ബുദ്ധനാണ്. അതറിയണമെങ്കില്‍ അംബേദ്കര്‍ 1930-കളില്‍ ഉയര്‍ത്തിയ വാദങ്ങളെ 2000-ല്‍ ട്രൈബ് എന്ന നല്ല പുസ്തകത്തിലൂടെ അഡ്രസ്സ് ചെയ്ത് വെള്ളക്കാരല്ലാത്തവരുടെ, ആഫ്രിക്കന്‍ വംശജരുടെ ബ്രിട്ടനിലെ അരക്ഷിതമായ സമകാലികാവസ്ഥയെപ്പറ്റി, അവര്‍ക്കില്ലാതെ പോയ, സമഗ്രമായ ഭരണഘടനയുടെ അഭാവത്തെപ്പറ്റി വിലപിക്കുന്നുണ്ട് പ്രമുഖ ചിന്തകനും പ്രക്ഷോഭകാരിയും സോഷ്യോളജിസ്റ്റും ചരിത്രകാരനും ലേബര്‍ പാര്‍ട്ടിയുടെ എം.പിയുമൊക്കെയായ ഡേവിഡ് ലാമി. 

ഗുവാഹത്തിയിലെ ഉംസായി ഗ്രാമത്തിലെ ഗോത്ര വിഭാഗത്തില്‍പ്പെട്ട പെണ്‍കുട്ടികള്‍

പല യുദ്ധങ്ങളില്‍ ഇരുചേരികളിലായി അണിനിരന്ന വെള്ളക്കാരുടെ ഭാവിതലമുറകള്‍ ആ യുദ്ധത്തെത്തന്നെ ഓര്‍ക്കണമെന്നില്ല, എതിര്‍ചേരികളിലായി യുദ്ധം ചെയ്ത പിതൃക്കളുടെ കണക്കില്‍ വരവുവെച്ച് ആ ശത്രുത തലമുറകളിലേക്കു കൈമാറുന്നുമില്ല. എന്നാല്‍, ഇന്ത്യയിലെ ഒരു ജാതിക്ക് മറ്റൊരു ജാതിയോടുള്ള ശത്രുത തലമുറകളായി കൈമാറപ്പെടുകയാണ്. ആ വെറുപ്പാണ് ജാതിബോധത്തിന്റെ കേന്ദ്രബിന്ദു. ഓരോ ജാതികളിലും എന്തെങ്കിലും നന്മയുണ്ടായിരുന്നെങ്കില്‍ എന്തുകൊണ്ട് നാനാജാതികളേയും കോര്‍ത്തിണക്കുന്ന ഒരു കോര്‍ഡിനേഷന്‍ ഉണ്ടായില്ല? പലപല മേഖലകളിലുമുള്ള ജീവനക്കാരുടെ സംഘടനകളുടെ ഒരു കോര്‍ഡിനേഷന്‍ അല്ലെങ്കില്‍ ഫെഡറേഷന്‍പോലെയൊന്ന് സാധ്യമായില്ല, സാധ്യമാവുകയുമില്ല എന്ന് അദ്ദേഹം പറയുന്നുണ്ട്. ആകെ മൊത്തം വെറുപ്പിന്റെ ഒരു പ്രത്യയശാസ്ത്രങ്ങളില്‍നിന്നും വിഭജനത്തിന്റേതല്ലാതെ, മാനവികതയെ ചേര്‍ത്തുനിര്‍ത്തുന്ന ഐക്യത്തിന്റെ ഒരു നൂലിഴ സാധ്യമല്ലെന്നതാണ് സത്യം. വേദകാലം അനാര്യന്മാരായി മാറ്റിനിര്‍ത്തിയ ആദിമനിവാസികളെ ചേര്‍ത്തുപിടിക്കുന്നതിനു തടസ്സമായത് സ്വന്തം ജാതിക്കപ്പുറം കടക്കാനാവാതിരുന്ന ഹിന്ദുവിന്റെ ഇടുങ്ങിയ ബോധമാണ്. ആ വിടവിലേക്ക് സെമറ്റിക് മതങ്ങള്‍ മുന്നേറുമെന്ന് ദീര്‍ഘദര്‍ശിയായ അംബേദ്കര്‍ കണ്ടു - ഇന്ന് അപരിഷ്‌കൃതരായി, കാടരായി എഴുതിത്തള്ളുന്ന അവരെ അഹിന്ദുക്കള്‍ വീണ്ടെടുത്ത് മാര്‍ഗ്ഗം കൂട്ടിയാല്‍ അവര്‍ ഹിന്ദുക്കള്‍ക്ക് ഭീഷണിയാവുന്ന സാധ്യത അദ്ദേഹം കൃത്യമായി പ്രവചിച്ചു അന്നൈഹിലേഷന്‍ ഓഫ് കാസ്റ്റില്‍. അതു സംഭവിക്കുന്നെങ്കില്‍ ഹിന്ദുക്കള്‍ നന്ദി പറയേണ്ട  ത് സ്വന്തം ജാതികള്‍ക്കാണെന്നുകൂടി അദ്ദേഹം കുറിച്ചിട്ടു. സംഭവിച്ചതും മറ്റൊന്നല്ല. അതുകൊണ്ടുതന്നെ തെറ്റുപറ്റിയത് അംബേദ്കര്‍ക്കല്ല. 

ഹിന്ദുമതം മറ്റേതും പോലെ മിഷനറി മതമാവാതിരുന്നത് ജാതി ഒന്നുകൊണ്ടു മാത്രമാണ്. അതിനെയാണ് പലരും മതത്തിന്റെ മികവായി മൊഴിമാറ്റുന്നത്. മതം മാറ്റിയ ഒരാളെ ഏതു ജാതിയിലേക്കു മാറ്റുമെന്നത്, സമൂഹത്തില്‍ എവിടെ അവരെ പ്രതിഷ്ഠിക്കും എന്നതാണ് പ്രശ്‌നം. ജാതി അംഗത്വം ജന്മനാലുള്ളതാണ്, ക്ലബ്ബ് അംഗത്വം പോലെ നേടാവുന്നതല്ല. ജാതി ഒരു സ്വയംഭരണസ്ഥാപനമാണ്, അതില്‍ ആര്‍ക്ക് അംഗത്വം നല്‍കണമെന്ന് പുറമേ ഒരാള്‍ക്കു നിര്‍ദ്ദേശിക്കുക സാധ്യമല്ല. ഓരോ ജാതിയും അടഞ്ഞ സമൂഹമായതുകൊണ്ടാണ് ഹിന്ദുവിന് പുറത്തേക്ക് വളരാനാവാതെ പോയത്, മറ്റു മതങ്ങള്‍ക്കിടയിലെ അസംതൃപ്തിയുടെ സ്പേസിലേക്ക് കടന്നുകയറാനാവാതെ പോയത്. ഹിന്ദുക്കള്‍ പൊതുവേ സ്വജാതിയില്‍പ്പെട്ട ഒരു നേതാവിനെയല്ലാതെ അംഗീകരിക്കുകയില്ല, മഹാത്മാവ് ഒരു അപവാദമാണ് എന്ന് അംബേദ്കര്‍ നിരീക്ഷിക്കുന്നുണ്ട്. ജാതിമഹിമയല്ലാതെ ഒരു വ്യക്തിയുടെ അര്‍ഹതയെ, യോഗ്യതയെ ഒന്നും അംഗീകരിക്കുക പതിവില്ല ഹിന്ദുക്കളില്‍. ശരിയാവട്ടെ തെറ്റാവട്ടെ, അതെന്റെ ജാതിയാണ് എന്നൊരു ചിന്തയേ ഉള്ളൂ. വൈശ്യനായ ഗാന്ധിജിക്കു ബ്രാഹ്മണ്യത്തിന്റെ നാലുകെട്ടിലേക്ക് പ്രവേശനം നിഷേധിച്ച വൈക്കത്തെ ഇണ്ടംതുരുത്തി മനയും നീലകണ്ഠന്‍ നമ്പ്യാതിരിയും അംബേദ്കറുടെ കാലത്തുതന്നെയായിരുന്നു, അന്നൈഹിലേഷന്‍ എഴുതുന്നതിനും ഒരു ദശകം മുന്നേ. അങ്ങനെ നോക്കിയാല്‍ ആധുനിക സമൂഹത്തിന്റെ നെടുന്തൂണുകളായ സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്നിവയുടെ ഏറ്റവും വലിയ ശത്രു അതെല്ലാം റദ്ദു ചെയ്തുകളയുന്ന ജാതിയാണ്. വിമര്‍ശനാതീതം എന്നു കരുതുന്ന ഒന്നും ജനാധിപത്യത്തിലുണ്ടാവരുത്, വന്നാല്‍ അതു മതമായി എന്ന് അംബേദ്കര്‍ ഭരണഘടന അവതരിപ്പിക്കുന്ന വേളയില്‍ പറഞ്ഞത് സ്മരണീയമാണ്, എപ്പോഴും. ഏതു പ്രവാചകനും ഏതു ദൈവത്തിനും മീതെയാണ് ഇന്ത്യന്‍ ജനാധിപത്യവും ഭരണഘടനയും.  

പ്ലാറ്റോയുടെ റിപ്പബ്ലിക്കും ഇന്ത്യന്‍ ചാതുര്‍വര്‍ണ്യവും
 
ഇന്ത്യയിലെ ചാതുര്‍വര്‍ണ്യംപോലെ തന്നെ മൂന്നായി മനുഷ്യരെ തിരിച്ചതാണ് പ്ലാറ്റോയുടെ റിപ്പബ്ലിക് എന്ന് അദ്ദേഹം നിരീക്ഷിക്കുന്നു. വെറും വിശപ്പിനെപ്പറ്റി മാത്രം ചിന്തിച്ചവരെന്നു വകമാറ്റി പ്ലാറ്റോ അധ്വാനവര്‍ഗ്ഗത്തേയും വ്യാപാരികളേയും ഒരു വിഭാഗമാക്കി. വിശപ്പിനു മുകളിലായി ലേശം ധൈര്യവും യുദ്ധോത്സുകതയും ഉള്ളവരെ പ്ലാറ്റോ സൈനിക-പൊലീസ് വിഭാഗമാക്കി തിരിച്ചു. പലതിനും പിന്നിലുള്ള പ്രാപഞ്ചികമായ കാരണങ്ങളെ തിരയുന്നവരെ പ്ലാറ്റോ നിയമനിര്‍മ്മാതാക്കളാക്കി. പ്ലാറ്റോയുടെ റിപ്പബ്ലിക് തകരാനുള്ള കാരണം കൊണ്ടു തന്നെയാണ് ചാതുര്‍വര്‍ണ്യവും തകരേണ്ടതെന്ന് അംബേദ്കര്‍ സ്ഥാപിക്കുന്നു. ഉപരിപ്ലവമായി മാത്രം നോക്കി, ഒരോ വ്യക്തിക്കും അവരുടേതായ സവിശേഷതകളുണ്ടെന്നു മനസ്സിലാക്കാതെയുള്ള വകതിരിവ് അശാസ്ത്രീയമാണ്, അതുകൊണ്ടുതന്നെ തകര്‍ച്ചയെ അഭിമുഖീകരിച്ചേ പറ്റൂ എന്നദ്ദേഹം കണ്ടെത്തി. നാലു വര്‍ണ്ണങ്ങളില്‍ മനുഷ്യരെ തരംതിരിക്കാന്‍ നോക്കിയ ചാതുര്‍വര്‍ണ്യമാണ് നാലായിരം ജാതികളായി അവസാനിച്ചത് എന്നതു തന്നെയാണ് അതു മഹാ വങ്കത്തരമാണെന്നതിന് ഏറ്റവും വലിയ തെളിവ്. രാമരാജ്യം ചാതുര്‍വര്‍ണ്യത്തിന്റെ ഭാഗമാണ്, ചാതുര്‍വര്‍ണ്യം സംരക്ഷിക്കാന്‍ ബാധ്യതപ്പെട്ട രാജാവുമായിരുന്നു ശ്രീരാമന്‍. ശംബൂകനെ കൊല്ലുക എന്നത് ചാതുര്‍വര്‍ണ്യ വ്യവസ്ഥയിലെ രാജനീതിയുമാണ്. ശംബൂകന്‍ ജാതിയുടെ സ്വന്തം അതിരുകള്‍ ഭേദിച്ച്, ബ്രാഹ്മണജാതിയിലേക്ക് കയറുവാന്‍ നടത്തിയ ശ്രമമാണ് രാമന്‍ ശംബൂകനെ വധിച്ചുകൊണ്ട് തടഞ്ഞത്. ചാതുര്‍വര്‍ണ്യ വ്യവസ്ഥിതി അതാണ്, ആ വധം അവിടെ തെറ്റുമല്ല, ശ്രീരാമന്‍ തെറ്റുകാരനുമല്ല, ശംബൂകന്‍ ചെയ്തത് മാപ്പര്‍ഹിക്കാത്ത കുറ്റവുമാണ് - ചാതുര്‍വര്‍ണ്യത്തിന്റെ ഭരണഘടന വച്ച് ശരിയാണ്. പക്ഷേ, ഇന്ത്യന്‍ ഭരണഘടന അതല്ല.

ഒരംഗത്തിന് ജാതിക്കതീതമായി ഉയരുക സാധ്യമല്ലാത്ത സംവിധാനമാണ് ജാതി. സ്വന്തം ജാതിയില്‍നിന്നല്ലെങ്കില്‍ മറുജാതിയെ നേരിടേണ്ടിവരും. അതുകൊണ്ടാണ് ശ്രീരാമന്‍ വധത്തില്‍ കുറഞ്ഞ ഒരു ശിക്ഷയെപ്പറ്റി ആലോചിക്കാതിരുന്നത്. വേദം ഉച്ചരിച്ച നാവ് മുറിക്കുക, കേട്ട ചെവിയില്‍ ഈയ്യം ഉരുക്കിയൊഴിക്കുക തുടങ്ങി ശിക്ഷാവിധികള്‍ മനുസ്മൃതിയില്‍ സ്ഥാനം പിടിച്ചതും വെറുതെയല്ല. ചാതുര്‍വര്‍ണ്യ വ്യവസ്ഥിതി പ്രകാരം ജനതയെ ആധുനിക ലോകത്ത് തരംതിരിക്കുകയോ മനുസ്മൃതിയിലെ ശിക്ഷാമുറകള്‍ പുനരുജ്ജീവിപ്പിക്കുകയോ മനുസ്മൃതിയുടെ ആരാധകര്‍ക്ക് സാധ്യമാവുമോ? എങ്കില്‍ മാത്രമേ മനു ആധുനിക ഇന്ത്യയില്‍ പ്രസക്തമാവുന്നുള്ളൂ രാമരാജ്യവും എന്നു സംശയരഹിതമായി അംബേദ്കര്‍ വ്യക്തമാക്കിയതാണ്. അതുകൊണ്ടുതന്നെ ജാതി സമ്പ്രദായം തുടരണമെന്ന് ആഗ്രഹിച്ചയാളല്ല അദ്ദേഹം. പോസിറ്റീവ് ഡിസ്‌ക്രിമിനേഷനിലൂടെ അദ്ദേഹം വിഭാവന ചെയ്തത് ജാതിഭേദമേതുമില്ലാത്ത, തുല്യനീതിയുടെ, തുല്യാവസരങ്ങളുടെ, തുല്യാവകാശങ്ങളുടെ സാമൂഹികാവസ്ഥയിലേക്ക് അടിച്ചമര്‍ത്തപ്പെട്ടവരെ ഉയിര്‍ത്തെഴുന്നേല്‍പ്പിക്കുന്ന ഒരിന്ത്യ എന്ന ലക്ഷ്യമായിരുന്നു. അതിനു തുരങ്കം വെച്ചത്, ജാതിവോട്ടുകളെ അധികാരത്തിലേക്കുള്ള കുറുക്കുവഴികളായി കണ്ട  വരാണ്. നിര്‍വ്വഹണത്തിലെ പിഴവിന്റെ ഉത്തരവാദിത്വം നയത്തിനല്ല, സ്വാഭാവികമായും അത് അംബേദ്കറുടെ തലയില്‍ കെട്ടിവെയ്ക്കാന്‍ നോക്കുന്നവര്‍ കൂറുപുലര്‍ത്തുന്നത് ഇന്ത്യന്‍ ഭരണഘടനയോടല്ല, മനുസ്മൃതിയോടാണ്. മുന്നോട്ടുള്ള പ്രയാണത്തില്‍ കൂടെയെടുക്കേണ്ടത് കാലികമായതാണ്, കാലാതീതമായതും. ഇന്ന് കാലഹരണപ്പെട്ടതല്ല, നാളെ കാലഹരണപ്പെടാനുള്ള സാധ്യത കൂടി അറിഞ്ഞ്, അവയെ വലിച്ചെറിഞ്ഞ് മുന്നോട്ടു പോവാനുള്ളതാണ് ബോധം. ഇടയ്ക്കിടയ്ക്ക് കേള്‍ക്കുന്ന ഒന്നാണ് രാഷ്ട്രീയഭേദമന്യേ - ഞങ്ങള്‍ക്കൊരു നിലപാടേ ഉളളൂ. മാറ്റമില്ലാത്തതാണത്. സത്യത്തില്‍ അതാണ്, അതു തന്നെയാണ് മതവും ജാതിയും. ഇന്നലേയും ഇന്നും നാളേയും മാറ്റമില്ലാത്ത അസംബന്ധങ്ങളുടെ ഘോഷയാത്രയാണത്. 

മഹാത്മാഗാന്ധി

മഹാത്മാവും വിമര്‍ശനങ്ങളും 

ജാതി നിര്‍മ്മാര്‍ജ്ജനത്തിനുവേണ്ടി നിലകൊണ്ട   ലാഹോറിലെ ജട്പട് തോടക് മണ്ഡല്‍ എന്ന സംഘടനയുടെ 1936-ലെ വാര്‍ഷിക സമ്മേളനത്തില്‍ അംബേദ്കര്‍ ചെയ്യാമെന്നേറ്റ അന്നൈഹിലേഷന്‍ ഓഫ് കാസ്റ്റ് എന്ന പ്രസംഗത്തിന്റെ സ്ഫോടനാത്മകതയില്‍, ജാതിഹിന്ദുക്കളെ ഭയന്ന് സംഘാടകര്‍ക്കു പരിപാടി തന്നെ ഉപേക്ഷിക്കേണ്ടിവന്നു. ചെയ്യാതെ പോയ സുദീര്‍ഘമായ ആ പ്രസംഗമാണ് പിന്നീട് അദ്ദേഹം സ്വയം അച്ചടിച്ച് എട്ടണ വിലയിട്ട് ഇറക്കിയത്, അന്നൈഹിലേഷന്‍ ഓഫ് കാസ്റ്റ് എന്ന വിഖ്യാതമായ പുസ്തകത്തിന്റെ ചരിത്രം അതാണ്. സംഘാടകര്‍ ആ പരിപാടി ഉപേക്ഷിച്ചതിനെ ഗാന്ധിജി ഹരിജനില്‍ വിമര്‍ശിക്കുന്നുണ്ട്, ഒപ്പം അംബേദ്കറിന്റെ വാദങ്ങളേയും. അന്നൈഹിലേഷന്‍ ഓഫ് കാസ്റ്റിന്റെ അവസാന ഭാഗത്ത് ഗാന്ധിജിയുടെ ഹരിജനിലെ പൂര്‍ണ്ണമായ ലേഖനവും അതിന് അംബേദ്കര്‍ പറയുന്ന മറുപടിയുമുണ്ട്. ഇന്ത്യയെ അറിയാന്‍, ഓരോ രാഷ്ട്രീയവിദ്യാര്‍ത്ഥിയും സാമൂഹികശാസ്ത്ര വിദ്യാര്‍ത്ഥിയും വായിക്കേണ്ടതാണത്. ഒരു മതം, ആശയം എന്താവണമെന്ന്, എങ്ങനെയായാല്‍ മാത്രമാണ് അതിനൊരു മാനവികമായ മുഖം ഉണ്ടാവുക എന്ന് ബാബാസാഹേബ് അര്‍ത്ഥശങ്കയ്ക്കിടയില്ലാത്തവിധം സ്ഥാപിക്കുന്നു. എത്ര നല്ല ആശയവും ഒരു മോശം മനുഷ്യന്റെ കൈകളിലെത്തിയാല്‍ മാനവികതയ്ക്ക് അതെത്രമാത്രം വിനാശകരമാവും എന്നു സ്ഥാപിക്കുന്നുണ്ട് മഹാത്മാവ്. 

ബാബാസാഹേബിന്റേയും മഹാത്മാവിന്റേയും ആ ബൗദ്ധികസംവാദത്തിനു ഒരു ദശകത്തിനു ശേഷമാണ് ഇന്ത്യന്‍ ഭരണഘടന ഉണ്ടാവുന്നത്. ആ പത്തുവര്‍ഷക്കാലം അംബേദ്കര്‍ ഗാന്ധിജിയിലൂടെയും ഗാന്ധിജി അംബേദ്കറിലൂടെയും പ്രകാശിച്ചു എന്നതിന്റെ ഏറ്റവും വലിയ തെളിവാണ് ഇന്ത്യന്‍ ഭരണഘടനയെ പരിചയപ്പെടുത്തുമ്പോള്‍ അംബേദ്കറുടേതായി വന്ന നിരീക്ഷണം - ഏതു നല്ല ഭരണഘടനയാവട്ടെ, അധികാരത്തിലുള്ളവര്‍ മോശക്കാരാണെങ്കില്‍ മോശമായി ഭവിക്കും. ഇനി ഏതു മോശം ഭരണഘടനയും നേതൃത്വത്തിലുള്ളവര്‍ നല്ലവരാണെങ്കില്‍ നല്ലതായി വരും. ഗാന്ധിജി പ്രാധാന്യം നല്‍കിയ വ്യക്തിശുദ്ധി അവിടെ പ്രതിഫലിക്കുന്നു. എന്തുകൊണ്ട് ഡോക്ടര്‍ജി ഹിന്ദുമതത്തിലെ ഉല്‍ക്കൃഷ്ട മാതൃകകളെ നോക്കാതെ അങ്ങേയറ്റം മോശമായ മാതൃകകളെ എടുക്കുന്നു, എത്രമാത്രം നല്ല സന്ന്യാസിപരമ്പരകള്‍ ഉണ്ട് മാതൃകകളായി എടുക്കാന്‍ എന്ന ചോദ്യത്തിന് അംബേദ്കര്‍ പറയുന്ന ഒരു മറുപടിയുണ്ട് - ഒരു മനുഷ്യസ്‌നേഹി കൊണ്ടു നടക്കുന്ന ഷെല്ലും ഒരു കോപ്പ വിഷവും കൊണ്ടുനടക്കുന്ന ആള്‍ക്കനുസരിച്ച് സ്വഭാവം മാറ്റാറില്ല എന്ന്.
 
പക്ഷേ, അതേ അംബേദ്കറുടേതാണ് മുകളിലെ വാചകം. തിരിച്ചു ഗാന്ധിജിയിലേക്കു നോക്കിയാല്‍ അടുത്ത പത്തുവര്‍ഷം, വിഭജനത്തിന്റെ നാളുകള്‍, ദളിതരെ മനുഷ്യരായി പരിഗണിക്കാത്ത ജാതിയുടെ ഭീകരമുഖം മഹാത്മാവില്‍ ബാബാസാഹേബിന്റെ വാദമുഖങ്ങളിലൂടെ തെളിഞ്ഞിട്ടുണ്ടാവാം. അതിനുള്ള ഏറ്റവും വലിയ തെളിവാണ് ആ രക്തസാക്ഷിത്വം. ഉന്മൂലനം ചെയ്യപ്പെടേണ്ട  താണ് ജാതിയും പേരിലടക്കം പേറുന്ന ജ്യാത്യാഭിമാനവും ജാതീയതയുടെ സകല കൊടിയടയാളങ്ങളും. അതു കാണാതെ വളരണം പുതിയ തലമുറകള്‍. പുരോഗമന പ്രസ്ഥാനങ്ങളുടെ ബാധ്യതയാണത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കള്ളക്കടല്‍ പ്രതിഭാസം; ആലപ്പുഴയിലും തിരുവനന്തപുരത്തും കൊല്ലത്തും കടലാക്രമണം

പുരിയില്‍ പുതിയ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ച് കോണ്‍ഗ്രസ്; സുചാരിതയ്ക്ക് പകരം ജയ് നാരായണ്‍ മത്സരിക്കും

'വീടിന് സമാനമായ അന്തരീക്ഷത്തില്‍ പ്രസവം'; വിപിഎസ് ലേക്‌ഷോറില്‍ അത്യാധുനിക ലേബര്‍ സ്യൂട്ടുകള്‍ തുറന്നു

ഈ മാസവും ഇന്ധന സർചാർജ് തുടരും; യൂണിറ്റിന് 19 പൈസ

കനത്ത മഴ, ബ്രസീലില്‍ വെള്ളപ്പൊക്കം; പ്രളയക്കെടുതിയില്‍ 56 മരണം