ലേഖനം

കല്ലിനുപോലും ചിറകുകള്‍ നല്‍കി കന്നിവസന്തം പോയി

കെ. സജിമോന്‍

ക്ഷരങ്ങളുടെ ആര്‍ദ്രതയും മനസ്സിന്റെ നൈര്‍മ്മല്യവുംകൊണ്ട് പ്രണയത്തെ പ്രണയിക്കാന്‍ പഠിപ്പിച്ച കവി; ഒന്നുകൂടി കടത്തിപ്പറഞ്ഞാല്‍, കല്ലിനുപോലും ചിറകുകള്‍ നല്‍കിയ വസന്താക്ഷരങ്ങള്‍! പൂവച്ചല്‍ ഖാദര്‍ എന്ന സൗമ്യതയുടെ, ലാളിത്യത്തിന്റെ പാട്ടിലൂടെയുള്ള സഞ്ചാരം മലയാളി തുടങ്ങിയിട്ട് 45 വര്‍ഷമായി. പാട്ടിന്റെ, 'മഴവില്ലിന്‍ അജ്ഞാതവാസം കഴിഞ്ഞ്' കവി ഈ രംഗം വിട്ടൊഴിഞ്ഞിരിക്കുന്നു. ബാക്കിയാവുന്നത് സാഹിത്യസംപുഷ്ടമായ വരികള്‍.

11 വര്‍ഷം മുന്‍പാണ് ആദ്യമായി പൂവച്ചല്‍ ഖാദര്‍ എന്ന പാട്ടെഴുത്തുകാരനെ കാണുന്നത്. മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാറില്ലാത്ത പൂവച്ചല്‍ ഖാദര്‍ അക്കാലത്ത് പലര്‍ക്കും 'അജ്ഞാതവാസ'ത്തിലായിരുന്നു അദ്ദേഹം. വരികളില്‍ ആര്‍ദ്രതയും സാഹിത്യവും നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന കാലത്ത് പൂവച്ചല്‍ ഖാദര്‍ അടക്കമുള്ള സാഹിത്യസമ്പന്ന കവികള്‍ക്ക് സിനിമാപ്പാട്ടെഴുത്തില്‍ സ്ഥാനമില്ലാതായിരിക്കുന്നു.

''ഞാനെഴുതുന്നുണ്ട്. കവിതകളെഴുതി പ്രസിദ്ധീകരിക്കാറുണ്ട്.'' പരിഭവമേതുമില്ലാതെ അദ്ദേഹം അന്നു പറഞ്ഞു. പിന്നീട് ഒരുപാടു തവണ സിനിമ, സാഹിത്യം, ജീവിതം ഇങ്ങനെ നീളുന്ന സംസാരങ്ങള്‍ക്കു സമയം കണ്ടെത്തി. തിരക്കുകള്‍, ഓട്ടങ്ങള്‍, വേവലാതികള്‍, സമയത്തെക്കുറിച്ചുള്ള ഉല്‍ക്കണ്ഠകള്‍ ഒന്നും ഒരിക്കലും അദ്ദേഹത്തിനുണ്ടായില്ല. മധുരിതതാളത്തില്‍ മുഴങ്ങുന്ന ചിലങ്ക കെട്ടിയ ചിരിയുമായി സ്‌നേഹത്തിന്റെ പാലം കോര്‍ത്തുകൊണ്ട് അദ്ദേഹം സൗഹൃദങ്ങളെ കാത്തുസൂക്ഷിച്ചു.

ആയിരത്തി അഞ്ഞൂറോളം സിനിമാഗാനങ്ങളുടെ ശില്‍പ്പിയുടെ തിരക്കേറിയ ദിനങ്ങളെക്കുറിച്ച് ചോദിച്ചപ്പോള്‍, നാരങ്ങാമിഠായിയുടെ മാധുര്യം നുകരുന്ന ചിരിയായിരുന്നു ആദ്യ മറുപടി. ''ആള്‍ത്തിരക്കിനിടയില്‍, റെയില്‍വെ സ്റ്റേഷനില്‍, ബഹളങ്ങള്‍ക്കിടയില്‍ ഞാനിരുന്ന് പാട്ടെഴുതിയിട്ടുണ്ട്. സമയമോ സന്ദര്‍ഭമോ ഒന്നും എനിക്ക് തടസ്സമായിരുന്നില്ല.''

എഴുതുമ്പോള്‍ ആള്‍ക്കൂട്ടത്തിനിടയിലും സ്വയം തീര്‍ക്കുന്ന ഏകാന്തത അദ്ദേഹത്തിനു ചുറ്റും ഒരു തുരുത്തുണ്ടാക്കി. കവിതയും പാട്ടെഴുത്തും ലഹരിയായിരുന്ന പൂവച്ചലിനോട്, പാട്ടിനും അങ്ങനെതന്നെയായിരുന്നു. 1985-ല്‍ മാത്രം അന്‍പതോളം ചിത്രങ്ങള്‍ക്കുവേണ്ടിയാണ് അദ്ദേഹം പാട്ടെഴുതിയിരുന്നത്. അവയൊക്കെയും അന്നത്തെ ഹിറ്റുകളായിരുന്നു; ഇന്നും അതേ ആവേശത്തോടെ തുടരുന്നവയും അവയില്‍ ഏറെയാണ്. ഒരു ചിത്രത്തില്‍ ഏറ്റവും കുറഞ്ഞത് നാലു പാട്ടെങ്കിലും ഉണ്ടാകുമായിരുന്നു. അതിനുപുറമെ പല പാട്ടുകളും പലതായി എഴുതിയിട്ടുമുണ്ട്.

യേശുദാസിന്റെ പാട്ടിനെക്കുറിച്ച് ചോദിച്ചാല്‍പോലും, ''ങാ, കൊള്ളാം... പാടും'' എന്ന് പാതിതൃപ്തിയോടെ പറയുന്ന ശൈലിയാണ് ദേവരാജന്‍ മാഷിന്റേതെന്ന് പരക്കെ പറഞ്ഞുകേട്ടിട്ടുണ്ട്. ആ ദേവരാജന്‍ മാഷിനുവേണ്ടി പാട്ടെഴുതേണ്ടി വന്നപ്പോള്‍, ഒരേ സന്ദര്‍ഭത്തിനുവേണ്ടി നാലുവിധത്തില്‍ പാട്ടെഴുതി കയ്യില്‍ കരുതുമായിരുന്നത്രെ പൂവച്ചല്‍ ഖാദര്‍. മാഷിനു ബോധിച്ച എഴുത്തുകാരനാണ് എന്ന് 'മാനവധര്‍മ്മ'ത്തിലൂടെതന്നെ പൂവച്ചല്‍ ഖാദര്‍ തെളിയിച്ചു.

മാനവധര്‍മ്മത്തില്‍ എഴുതിയ ''ഭക്തവത്സലാ പരമവിഭോ/നിത്യാനന്ദ നീ നമോ നമഃ'' എന്നു തുടങ്ങുന്ന ഗാനത്തിന്റെ അവസാനഭാഗം, ''ഉണരൂ ഗുരുദേവാ/കനിയൂ ഗുരുദേവാ/ദര്‍ശനമരുളൂ ഗുരുദേവാ...'' പൂവച്ചല്‍ ഖാദര്‍ ആദ്യമായി എഴുതിയ വരികളോട് ഏറെ സാമ്യമുള്ളതാണ്.
''ഉണരൂ നീ, ...
നെടുനീളെ നിദ്രവിട്ട് ഉണരൂ നീ വേഗം...''

ഏകാന്തമായ കുട്ടിക്കാലത്ത്, വായനയിലേക്ക് സ്വയം വലിച്ചിടുകയായിരുന്നു. വായനയുടെ ലോകത്ത് പ്രോത്സാഹനം നല്‍കിയത് ട്യൂഷന്‍ മാസ്റ്റര്‍ വിശ്വേശ്വരന്‍ നായരെന്ന അദ്ധ്യാപകനാണ്. അദ്ദേഹം ഒരു ദിവസം വിദ്യാര്‍ത്ഥിയായ ഖാദറുമായുള്ള സംസാരത്തിനിടയില്‍ പറഞ്ഞു: ''കയ്യെഴുത്തുമാസികയിലേയ്ക്ക് എന്തെങ്കിലും എഴുതിത്തരണം.'' എന്ത് എഴുതാനാണ് എന്ന മറുപടിച്ചോദ്യത്തിനുള്ള ഉത്തരം: ''ഞാന്‍ പറഞ്ഞ പുസ്തകങ്ങളൊക്കെ വായിച്ചതല്ലേ, അതുവെച്ച് എന്തെങ്കിലും എഴുതൂ.''

അങ്ങനെ എഴുതിയതാണ് ഈ വരികള്‍.

''അന്നത് കവിതയാണെന്നൊന്നും തോന്നിയില്ല. മനസ്സില്‍ തോന്നിയത് കുറുക്കിക്കുറുക്കി എഴുതി. അത്രതന്നെ.''

വിശ്വേശ്വരന്‍ നായരെന്ന ട്യൂഷന്‍ മാസ്റ്ററിന്റെ അടുത്തേക്ക് എഴുതിയ കടലാസുമായി ചെന്നു. അദ്ദേഹം വായിച്ച് അഭിപ്രായം പറഞ്ഞു: ''നല്ല കവിത.''

പൂവച്ചല്‍ ഖാദര്‍

അതായിരുന്നു എഴുത്തിന്റെ തുടക്കം. ഇനിയും വായിക്കണമെന്നും കവിതകളെഴുതണമെന്നും അദ്ദേഹം ഉപദേശിച്ചശേഷം കയ്യെഴുത്തു മാസികയില്‍ തന്റേതന്നെ കൈപ്പടയില്‍ അതെഴുതിച്ചേര്‍ത്തോളൂ എന്നു പറഞ്ഞു. അങ്ങനെ കയ്യെഴുത്തുമാസികയില്‍ സ്വന്തം കൈപ്പടയില്‍ എഴുതിച്ചേര്‍ത്തപ്പോള്‍ അടിയില്‍ പേരെഴുതി, പൂവച്ചല്‍ ഖാദര്‍. മുഹമ്മദ് അബ്ദുള്‍ ഖാദര്‍ അങ്ങനെയാണ് പൂവച്ചല്‍ ഖാദറാകുന്നത്.

കയ്യെഴുത്തു മാസികയിലെ കവിത കണ്ട് കെ.സി. കാട്ടാക്കട എന്ന സാഹിത്യകാരന്‍ ചോദിച്ചു: ''ആരാ ഈ പൂവച്ചല്‍ ഖാദര്‍?''

''അത് നമ്മുടെ ഹനീഫയുടെ അനിയനാണ്, ഖാദര്‍.''

ഹനീഫയുടെ അനിയനെ കാണണമെന്ന് കെ.സി. കാട്ടാക്കട. അങ്ങനെ പൂവച്ചല്‍ ഖാദര്‍ കെ.സി. കാട്ടാക്കടയുടെ അടുത്തെത്തി. കവിത ഇഷ്ടപ്പെട്ടുവെന്നും കവിതയില്‍ത്തന്നെ ശ്രദ്ധിക്കണമെന്നും അദ്ദേഹം ആശീര്‍വദിച്ച് പറഞ്ഞു. അദ്ദേഹത്തിന്റെ നിര്‍ദ്ദേശപ്രകാരം വായനയുടെ വിസ്തൃതി വര്‍ദ്ധിപ്പിച്ചു. ഇതിഹാസങ്ങളും പുരാണങ്ങളും വേദഗ്രന്ഥങ്ങളും എല്ലാം തന്റെ എഴുത്തിനെ പരിപോഷിപ്പിക്കാന്‍ വായിച്ചു. വെറും വായന മാത്രമായിരുന്നില്ല, മനസ്സിരുത്തി, മനസ്സിലാക്കിക്കൊണ്ടുള്ള പഠനംതന്നെ.

തൃശ്ശൂരിലേയും തിരുവനന്തപുരത്തേയും പഠനനാളുകളില്‍ പൂവച്ചല്‍ ഖാദറിന്റെ കവിതകളും വളര്‍ന്നു. വാരികകളില്‍ പൂവച്ചല്‍ ഖാദര്‍ എന്ന പേര് തെളിമയോടെ കണ്ടുതുടങ്ങി. പി.ഡബ്ല്യു.ഡിയില്‍ ജോലി കിട്ടി കോഴിക്കോട്ടേയ്ക്ക് പോകുമ്പോള്‍ വാരികകളുടെ വായനക്കാര്‍ക്ക് പൂവച്ചല്‍ ഖാദര്‍ പരിചിതനായിരുന്നു. കോഴിക്കോട് ആകാശവാണിയുമായി അങ്ങനെ ബന്ധം സ്ഥാപിക്കാന്‍ കഴിഞ്ഞു.

കോഴിക്കോടന്‍ ജീവിതം പുതിയ സൗഹൃദങ്ങളെ പകുത്തു നല്‍കി. തെരുവുകള്‍ തൊട്ട് ഓഡിറ്റോറിയം വരെയുള്ള സംഗീതക്കൂട്ടുകളില്‍ വൈകുന്നേരങ്ങളില്‍ പൂവച്ചല്‍ ഖാദര്‍ ചേക്കേറി. 'ചന്ദ്രിക' ആഴ്ചപ്പതിപ്പിലെ കാനേഷ് പൂനൂര് എന്ന സുഹൃത്താണ് ഐ.വി. ശശിയെന്ന അസോസിയേറ്റ് ഡയറക്ടറും ആര്‍ട്ട് ഡയറക്ടറുമായുള്ള അടുപ്പത്തിനു വഴിതെളിയിക്കുന്നത്. കുറേയേറെ കഥകളുമായി സിനിമ ചെയ്യാന്‍ നടക്കുന്ന ഐ.വി. ശശി അസോസിയേറ്റ് ഡയറക്ടറായ അടുത്ത പടം, കവിതയില്‍ പാട്ടെഴുതാനുള്ള അവസരം കാനേഷ് പൂനൂര് വഴി ലഭിച്ചു. വിജയനിര്‍മ്മല എന്ന നടിയാണ് സിനിമയുടെ സംവിധായിക. പാട്ടെഴുത്തില്‍ പുതിയൊരാളെ പരീക്ഷിക്കാന്‍ അണിയറ പ്രവര്‍ത്തകര്‍ക്ക് ഒരു മടി. എന്നാല്‍, 'കവിത' എന്ന ചിത്രത്തില്‍ കവയിത്രിയുടെ കഥയാണ് പറയുന്നത്. അവരുടെ കവിതകള്‍ എഴുതാന്‍ അവസരം നല്‍കിക്കൊണ്ടായിരുന്നു പൂവച്ചല്‍ ഖാദറിനെ ഐ.വി. ശശി സഹകരിപ്പിച്ചത്. ആ കവിതകള്‍ക്ക് രാഘവന്‍മാഷ് സംഗീതമൊരുക്കുകയും ചെയ്തു. കെ. രാഘവന്‍മാഷിന്റെ ശബ്ദത്തേയും ഈണത്തേയും ആദരവോടെ നോക്കിയിരുന്ന ഒരു കുട്ടിക്കാലം, പാട്ടുപെട്ടിക്കാലം പൂവച്ചല്‍ ഖാദറിനുണ്ടായിരുന്നു. അന്നത്തെ അതേ കുട്ടിയുടെ ഭാവത്തോടെയായിരുന്നു രാഘവന്‍മാഷിനു മുന്നില്‍ ഇരുന്നത്.

കുട്ടിക്കാലത്ത് പെങ്ങളുടെ ഭര്‍ത്താവിന് പെട്രോമാക്‌സും പാട്ടുപെട്ടിയും വാടകയ്ക്ക് കൊടുക്കുന്ന കടയുണ്ടായിരുന്നു. കല്യാണവീടുകളില്‍ പെട്രോമാക്‌സില്ലെങ്കിലും പാട്ടുപെട്ടിയുണ്ടാകുമായിരുന്ന കാലം. അതൊരന്തസ്സായിരുന്നു. കല്യാണങ്ങളില്ലാതെ വീട്ടില്‍ പാട്ടുപെട്ടിയിരിക്കുമ്പോഴും അതിലൊന്ന് തൊടാന്‍തന്നെ കുട്ടികള്‍ക്ക് അനുവാദമുണ്ടായിരുന്നില്ല. പാട്ടിന്റെ താളം പിടയുമ്പോള്‍ കീ കൊടുക്കാനെങ്ങാന്‍ കുട്ടിക്കൈകള്‍ നീണ്ടാല്‍, ''അടി. കുട്ടികള്‍ ചെയ്ത് നശിപ്പിക്കണ്ടാ, വലിയ കാശിന്റെ മൊതലാ അത്'' എന്ന് ഒരു പറച്ചില്‍ കാര്‍ന്നോന്മാരുടെ ഭാഗത്തുനിന്നുണ്ടാവും. ഖാദര്‍ അല്‍പ്പംകൂടി മുതിര്‍ന്നപ്പോള്‍ പെങ്ങളുടെ ഭര്‍ത്താവ് ഖാദറിനേയും കല്യാണവീടുകളിലേയ്ക്ക് കൊണ്ടുപോയി. പുഹേപുഹേന്ന് കത്തുന്ന പെട്രോമാക്‌സും പിടിച്ച് മൂത്തോര് മുന്നില്‍ നടക്കുമ്പോള്‍ കല്യാണവീട്ടിലെ തിരക്കിനിടയില്‍ നേര്‍ത്തു കരയുന്ന പാട്ടുപെട്ടിക്ക് കീ കൊടുക്കാന്‍ ഖാദറിന് അവസരം കിട്ടി. കീ കൊടുക്കുമ്പോള്‍ അടുത്തെല്ലാം കുട്ടികള്‍ വന്നു നിറയും, കീ കൊടുക്കുമ്പോള്‍ അത് പാടിത്തുടങ്ങും,

''കായലരികത്ത് വലയെറിഞ്ഞപ്പോള്‍
വല കിലുക്കിയ സുന്ദരി...''

കെ. രാഘവന്‍മാഷിന്റെ ഈണവും ശബ്ദവും. അന്ന് അത്ഭുതത്തോടെ ആ ശബ്ദത്തിന് കാതോര്‍ത്തിരുന്നപ്പോഴൊന്നും പൂവച്ചല്‍ ഖാദര്‍ ഓര്‍ത്തിരുന്നില്ല, രാഘവന്‍മാഷിനെ ഒന്നു കാണാന്‍പോലും പറ്റുമോയെന്ന്. കവിതയില്‍ രാഘവന്‍മാഷിനെ ആവോളം കണ്ടു.

രാഘവന്‍മാഷിനൊപ്പം കവിത പൂര്‍ത്തിയാക്കുന്നതോടെ തേടിയെത്തിയ അവസരം 'ചുഴി' എന്ന ചിത്രത്തിലേക്കായിരുന്നു. സാക്ഷാല്‍ ബാബുരാജായിരുന്നു സംഗീതം നിര്‍വ്വഹിക്കുന്നത്. ബാബുരാജിനെ തേടി പൂവച്ചല്‍ ഖാദര്‍ കോഴിക്കോടന്‍ താവളത്തിലേക്ക് പുറപ്പെട്ടു. ഹാര്‍മോണിയത്തിനും തബലയ്ക്കും ഇടയില്‍ കിസകള്‍ പറഞ്ഞുള്ള ബാബുരാജിനെ എത്രയോ തവണ കേട്ടിരിക്കുന്നു. പാട്ടുപെട്ടിക്കാലത്തിനും മുന്നേ പല ഈണങ്ങളിലൂടെ.

സൗഹൃദക്കൂട്ടങ്ങളിലെ കളിതമാശകളും കൈരളി വായനശാലയിലെ പുസ്തകത്തിരയലും കഴിഞ്ഞാല്‍ സന്ധ്യയോടെ ഖാദര്‍ വീടണയും. ബാപ്പ കച്ചോടം കഴിഞ്ഞ് കണക്കുമായി വീട്ടിലെത്തിയിട്ടുണ്ടാവും അപ്പോള്‍. വീട്ടില്‍ നിറയെ കുട്ടികളുണ്ട്. സന്ധ്യയായാല്‍ മദ്രസയിലെ ഓത്തുപുസ്തകം അവര്‍ നീട്ടിവായിക്കുന്നുണ്ടാവും. താളത്തിലുള്ള വായനയ്ക്ക് ഖാദര്‍ ആദ്യകാലങ്ങളില്‍ കേള്‍വിക്കാരനായി മാറി. പിന്നീട് ഓത്തുപുസ്തകങ്ങള്‍ക്ക് പെട്ടിപ്പാട്ടില്‍ കേട്ട ബാബുരാജിന്റെ ഈണം നല്‍കി പാടും. ബാബുരാജ് അന്നേ ഉള്ളിലേക്ക് കയറിയിരുന്നു. 

തൊട്ടടുത്ത വീട്ടിലെങ്ങാനും ആരേലും പ്രസവിക്കാറായെന്ന് അറിഞ്ഞാല്‍ വയറ്റാട്ടി എത്തുംമുന്‍പേ അവിടെ കുട്ടികളെത്തും, ബദര്‍മാലയും മുഹ്യുദ്ധീന്‍മാലയും പക്ഷിപ്പാട്ടും പാടണം. ഈണത്തിലും ഉച്ചത്തിലുമുള്ള ബദര്‍പാട്ടുകള്‍ക്കും ഖാദറിന്റെ ബാല്യം സാക്ഷിയായിട്ടുണ്ട്. ബാബുരാജിന്റെ ഈണങ്ങളിലേക്ക് അന്നേ താനൊരു പാലമിട്ടുവെച്ചിരുന്നു.

ആ ഓര്‍മ്മകളോടെയാണ് ബാബുരാജിനെ ആദ്യമായി കാണാന്‍ ചെല്ലുന്നത്. പാട്ടുകള്‍ക്കിടയില്‍, ഈണങ്ങള്‍ക്കിടയില്‍ ലഹരി പിടിച്ചവനെപ്പോലെ ബാബുരാജ്. അങ്ങോട്ട് ചെന്നു കാര്യങ്ങള്‍ പറഞ്ഞു.

''ഇയ്യ് എഴുതുവല്ലോ അല്ലേ?''

ആ ചോദ്യത്തിന് പൂവച്ചല്‍ ഖാദര്‍ തലയാട്ടി. ''എന്നാപ്പിന്നെ എഴുതിക്കാളീ.'' അടുത്ത നിര്‍ദ്ദേശം വരുമ്പോഴേക്കും ''ഇന്നെ ഞാനെന്റെ മനസ്സിലേക്ക് കേറ്റീക്കണ്'' എന്ന മട്ടില്‍ പുറത്തൊരു തട്ടലുമുണ്ടായി. വരികളെഴുതി ബാബുരാജിന് നല്‍കിയപ്പോള്‍, ''ഇയ്യ് അതൊന്ന് വല്താക്കി എഴുത്.''

ഉടനെ വലിയൊരു കടലാസ് വാങ്ങി അതില്‍ വലുതായ അക്ഷരത്തോടെ നാലുവരി എഴുതിക്കൊടുത്തു. അത് നോക്കി, ''ഇയ്യെന്താടോ ബാനര്‍ എഴുതിയതാണ്?'' തമാശയുടെ മേമ്പൊടി ചേര്‍ത്ത ചിരിയുമായി പൂവച്ചലിനെ ഹൃദയത്തോട് ചേര്‍ത്തുനിര്‍ത്തി ബാബുക്ക.

''ഹൃദയത്തില്‍ നിറയുന്ന മിഴിനീരാല്‍
ഞാന്‍ തൃക്കാല്‍ കഴുകുന്നു നാഥാ...''
എന്ന ഗാനം എസ്. ജാനകി പാടിഹിറ്റായപ്പോള്‍ യേശുദാസിന്റെ ശബ്ദത്തില്‍,
''അക്കല്‍ദാമയില്‍ പാപം പേറിയ
ചോരത്തുള്ളികള്‍ വീണു...'' എന്ന ഗാനവും ബാബുരാജിന്റെതന്നെ ശബ്ദത്തില്‍,
''ഒരു ചില്ലിക്കാശുമെനിക്ക് കിട്ടിയില്ലല്ലോ...'' എന്ന ഗാനവും ബാബുരാജ് സംഗീതത്തില്‍ റെക്കോഡ് ചെയ്യപ്പെട്ടു.

'ചുഴി' എന്ന ചിത്രത്തില്‍ പാട്ടെഴുതി കഴിഞ്ഞ് നേരെ ചെല്ലുന്നത് മറ്റൊരു ചിത്രത്തിന്റെ ലൊക്കേഷനിലേക്കാണ്. നോവലിസ്റ്റായ എ. ഷെരീഫിന്റെ നോവല്‍, നിറങ്ങള്‍, കാറ്റുവിതച്ചവന്‍ എന്ന പേരില്‍ ചലച്ചിത്രമാകുന്നു. അതിലേക്ക് കാനേഷ് പൂനൂര്‍, ഐ.വി. ശശി സംഘത്തിന്റെ സൗഹൃദബലത്തിലൂടെ പാട്ടെഴുതാന്‍ അവസരം ലഭിച്ചു.

കാറ്റുവിതച്ചവനില്‍ പാട്ടെഴുതാനൊരുങ്ങുമ്പോള്‍ സംവിധായകന്‍ രേവ് സുവി ഒരു കാര്യം മാത്രമേ പറഞ്ഞുള്ളൂ, ഈ പാട്ട് സീന്‍ ഔട്ട്‌ഡോറാണ്. ഔട്ട്‌ഡോറാണെന്നു പറഞ്ഞാല്‍ ഭാവന ചിറകുവിരിച്ച് പ്രകൃതിയിലേക്ക് പോകാനുള്ള അനുവാദമാണത്. പ്രകൃതിയെക്കുറിച്ചുള്ള പൂവച്ചലിന്റെ ആദ്യ കാഴ്ച തന്നെയാണ് അപ്പോഴും ഓടിവന്നത്. കിഴക്കെ അഗസ്ത്യാര്‍കൂടത്തിലെ വര്‍ണ്ണക്കാഴ്ച.

വീടിന്റെ ഉമ്മറത്തുനിന്ന് കിഴക്കോട്ട് നോക്കിയാല്‍ അഗസ്ത്യാര്‍കൂടത്തിന്റെ തുഞ്ചത്തേയ്ക്ക് ആകാശത്തില്‍നിന്നുമൊരു വെള്ളിരേഖ ഊര്‍ന്നിറങ്ങുന്നതുകാണാം. മീന്‍മുട്ടി വെള്ളച്ചാട്ടം എന്ന പ്രകൃതിയുടെ സൗന്ദര്യകാഴ്ച. അഗസ്ത്യാറിന്റെ മലകള്‍ക്കിടയില്‍ ആ വെള്ളിരേഖകള്‍ ഒരു പാലം തീര്‍ക്കും മഴവില്ലുകൊണ്ടൊരു പാലം. അതു കാണുമ്പോള്‍ മുഹമ്മദ് അബ്ദുള്‍ ഖാദര്‍ എന്ന കൊച്ചുകുട്ടിയും കൗതുകത്തോടെ നോക്കിയിരിക്കും. കാണെക്കാണെ ഇല്ലാതായി അവസാനിക്കുന്നിടത്തുനിന്നു വീണ്ടും കാത്തിരിപ്പാണ് അബ്ദുള്‍ ഖാദറിന്. അജ്ഞാതവാസം കഴിഞ്ഞ് മഴവില്ല് മടങ്ങിവരുന്നതുംകാത്ത്.

''മഴവില്ലിന്‍ അജ്ഞാതവാസം കഴിഞ്ഞു,
മണിമുകില്‍ തേരിലിറങ്ങീ
മരതകകിങ്ങിണി കാടുകള്‍
പുളകത്തില്‍ മലരാട ചുറ്റിയിറങ്ങി
പുഴയുടെ കല്യാണമായി...''

കാറ്റുവിതച്ചവനില്‍ കുട്ടിക്കാലത്ത് വിസ്മയത്തോടെ എത്രയോ തവണ കണ്ടിരുന്ന അഗസ്ത്യാറിന്റെ തിരുനെറ്റിക്ക് മുകളില്‍ കുടപോലെ നിന്നിരുന്ന മാരിവില്ലും കാഴ്ചകളും വിരിച്ചിട്ടു. പീറ്റര്‍, റൂബന്‍ എന്നിവരായിരുന്നു സംഗീതസംവിധായകര്‍. ഈ ഗാനത്തിനുപുറമെ ''നീയെന്റെ പ്രാര്‍ത്ഥന കേട്ടു...'', ''സ്വര്‍ഗ്ഗത്തിലല്ലോ വിവാഹം...'', ''സൗന്ദര്യപൂജയ്ക്ക് പൂക്കുടയേന്തുന്ന ചക്രവാളത്തിലെ പെണ്ണേ...'' തുടങ്ങി നാല് പാട്ടുകളെഴുതി. അവയെല്ലാം അക്കാലത്ത് ഹിറ്റായി മാറി. ആദ്യമായി പുറത്തിറങ്ങിയ ചിത്രത്തിലെ പാട്ടുകള്‍ ഹിറ്റായതോടെ സിനിമാലോകം പൂവച്ചല്‍ ഖാദര്‍ എന്ന ഗാനരചയിതാവിനെ ശ്രദ്ധിച്ചുതുടങ്ങി.

ക്രിമിനല്‍സ് എന്ന ചിത്രത്തില്‍ ഒരു പാട്ടെഴുതി. പിന്നീട് ഐ.വി. ശശി സ്വതന്ത്ര സംവിധായകനായപ്പോള്‍ ആര് പാട്ട് എഴുതും എന്ന കാര്യത്തില്‍ തര്‍ക്കമുണ്ടായിരുന്നില്ല. അത് വളരെ നേരത്തേതന്നെ തീരുമാനിക്കപ്പെട്ടിരുന്നു. ഐ.വി. ശശിയുടെ 'ഉത്സവം' ഒരുങ്ങുന്നു. പൂവച്ചല്‍ ഖാദര്‍ രചിച്ച് എ.ടി. ഉമ്മറിന്റെ സംഗീതസംവിധാനം.

''ആദ്യസമാഗമ ലജ്ജയിലാതിരാ താരകം കണ്ണടയ്ക്കുമ്പോള്‍...'', ''സ്വയംവരത്തിനു പന്തലൊരുക്കി നമുക്കു നീലാകാശം...'' ''കരിമ്പുകൊണ്ടൊരു നയമ്പുമായെന്‍ കരളിന്‍ കായലില്‍ വന്നവനേ...'' തുടങ്ങിയ ഹിറ്റുഗാനങ്ങളായിരുന്നു പിറന്നത്. 

ഈ കാലത്ത്, സംവിധായകന്‍ ശശികുമാര്‍ പൂവച്ചല്‍ ഖാദറിനേയും പുതുതായെത്തിയ രവീന്ദ്രന്‍ എന്ന സംവിധായകനേയും ഏല്‍പ്പിച്ചത് ഭാരിച്ച ഉത്തരവാദിത്തമായിരുന്നു. 'ചൂള' എന്ന ചിത്രത്തില്‍ ഒരു പാട്ടെഴുതണം, അത് സംഗീതം നല്‍കി റെക്കോഡ് ചെയ്ത് നല്‍കണം. സംവിധായകന്‍ ഈ പാട്ട് എല്ലാം കഴിഞ്ഞ് സെറ്റില്‍ വെച്ച് മാത്രമേ കേള്‍ക്കൂ. അതിനിടയിലൊന്നും ഇടപെടാന്‍ നേരമുണ്ടാവില്ല. സിനിമയിലാണെങ്കില്‍ പാട്ടിന് അത്രയേറെ പ്രാധാന്യമുണ്ട്. നല്ല പാട്ടല്ലെങ്കില്‍ മാറ്റേണ്ടിവരുമെന്ന മുന്നറിയിപ്പും ശശികുമാര്‍ നല്‍കിയിരുന്നു. ഉത്തരവാദിത്തപ്പെട്ട ജോലിയായിരുന്നു അത്.

രവീന്ദ്രന്‍ എന്ന സംഗീതസംവിധായകന്‍ സ്വതന്ത്രനായി ചെയ്യുന്ന ആദ്യത്തെ ചിത്രമാണ്. അതിനു മുന്‍പുതന്നെ രവീന്ദ്രനുമായി അടുപ്പമുണ്ടായിരുന്നു പൂവച്ചല്‍ ഖാദറിന്. പൂവച്ചല്‍ പാട്ടെഴുത്ത് തുടങ്ങിയ കാലത്ത് മിക്കവാറും സ്റ്റുഡിയോകളില്‍ അസിസ്റ്റന്റായിട്ടോ, ഡബ്ബിംഗ് ആര്‍ട്ടിസ്റ്റായിട്ടോ രവീന്ദ്രന്‍ എത്താറുണ്ടായിരുന്നു. ആ സമയത്ത് ചില ട്യൂണുകള്‍ തയ്യാറാക്കി വെച്ചിട്ടുണ്ടെന്നും അതിനു പറ്റിയ വരികള്‍ എഴുതിത്തരണം എന്നും രവീന്ദ്രന്‍ പറഞ്ഞു. അങ്ങനെ രവീന്ദ്രനുവേണ്ടി വരികളെഴുതിക്കൊടുത്തു. പല വേദികളിലും രവീന്ദ്രന്‍ അത് ട്യൂണിട്ട് പാടുമായിരുന്നു. ഇരുവരും തമ്മിലുള്ള സൗഹൃദത്തിന് ഇത് ആഴംകൂട്ടിയിരുന്നു.

സംവിധായകന്റെ നിര്‍ദ്ദേശപ്രകാരം പൂവച്ചല്‍ ഖാദറും രവീന്ദ്രനും ചേര്‍ന്നു പാട്ടൊരുക്കി, ''കിരാതദാഹം, ദാഹം ഒരു കിളിയുടെ രാഗം രാഗം...'' പാട്ടുമായി സെറ്റില്‍ ചെന്നു പാട്ട് പ്ലേ ചെയ്തു. പാട്ടുകഴിഞ്ഞപ്പോള്‍ ശശികുമാര്‍ ഇരുവരേയും ചേര്‍ത്തുപിടിച്ച് പറഞ്ഞു: ''വേഗം പൊക്കോളൂ രണ്ടുപേരും. അടുത്ത പാട്ടുംകൂടി എത്രയുംവേഗം ശരിയാക്കിത്തരൂ.'' പൂവച്ചല്‍ ഖാദറും രവീന്ദ്രനും സ്റ്റുഡിയോയിലെത്തി അടുത്ത പാട്ടിനുള്ള ഒരുക്കങ്ങള്‍ നടത്തി.

''സിന്ദൂരസന്ധ്യയ്ക്ക് മൗനം മന്ദാരക്കാട്ടിനു മൗനം എന്തു
പറഞ്ഞാലും എന്നരികില്‍ എന്‍ പ്രിയനെപ്പോഴും മൗനം...''

എക്കാലത്തേയും ഹിറ്റുകളില്‍ ഒന്നുകൂടി പിറന്നുവീണു.

പിന്നെയും പല സംവിധായകര്‍ക്കൊപ്പം ഹിറ്റുകള്‍ തീര്‍ക്കാന്‍ പൂവച്ചല്‍ ഖാദര്‍ നിയോഗിക്കപ്പെട്ടു. ശ്യാം-പൂവച്ചല്‍ ഖാദര്‍ കൂട്ടുകെട്ടിലും, ''ഒരു ചിരി കാണാന്‍ കൊതിയായി, ഒരു മലര്‍ കാണാന്‍ കൊതിയായി...'' തുടങ്ങിയ ഹിറ്റുകളുണ്ടായി. എല്ലാ പാട്ടുകളും ഹിറ്റായിമാറിയ കായലും കയറും എന്ന ചിത്രം നല്‍കിയ ബ്രേയ്ക്ക് വലുതായിരുന്നു. കെ.വി. മഹാദേവന്‍ എന്ന പ്രശസ്ത സംഗീതസംവിധായകന്റെ കൂടെയുള്ള ധന്യനിമിഷങ്ങളായിരുന്നു ആ പാട്ടില്‍ മുഴുവന്‍. ഒരുദിവസം ഒരു പാട്ടെന്ന രീതിയില്‍ റെക്കോഡ് ചെയ്യുന്നതായിരുന്നു പതിവ്. ''ചിത്തിരത്തോണിയില്‍ അക്കരെപ്പോകാനെത്തിടാമോ പെണ്ണേ...'' ഇതായിരുന്നു ആദ്യദിവസം റെക്കോഡ് ചെയ്യപ്പെട്ടത്. രണ്ടാം ദിവസത്തേയ്ക്കുള്ള പാട്ടെഴുതി കൊടുത്തിട്ടുണ്ടെങ്കിലും രണ്ടാംദിവസം സ്റ്റുഡിയോയില്‍ എത്താന്‍ അരമണിക്കൂര്‍ വൈകി. ''ഇപ്പോഴാണോ വരുന്നത്?'' സംവിധായകന്റെ ചോദ്യത്തിനുമുന്നില്‍ പൂവച്ചല്‍ ഖാദര്‍ പരുങ്ങി, അതിനിടയില്‍ത്തന്നെ സംവിയാകന്റെ കമന്റ്, ''പാട്ട് മാറ്റേണ്ടിവരും. ഏതായാലും പാട്ട് കേള്‍ക്ക്.''

പാട്ടുകേട്ടു, കുഴപ്പമൊന്നുമുണ്ടായതായി തോന്നിയില്ലെന്നുതന്നെ പൂവച്ചല്‍ ഖാദര്‍ പറഞ്ഞു: ''എന്നാല്‍പ്പിന്നെ ഇതുതന്നെയാണ് നമ്മുടെ പാട്ട്'' എന്ന് സംവിധായകന്‍ പറഞ്ഞപ്പോള്‍ ആ പാട്ട് ഹിറ്റാകുമെന്നതിന്റെ സന്തോഷം കൂടിയുണ്ടായിരുന്നിരിക്കണം. ''ശരറാന്തല്‍ തിരിതാഴും മുകിലിന്‍കുടിലില്‍...'' എന്നു തുടങ്ങുന്ന ഗാനം കൂടി പിറന്നതോടെ ഹിറ്റിലേക്കായിരുന്നു ഗാനത്തിന്റെ ഒഴുക്ക്.

ചിത്തിരിത്തോണിയില്‍ അക്കരെ പോകാന്‍ എത്തിടാമോ എന്നു ചോദിക്കുന്നത് ചിറയന്‍കീഴിലെ പെണ്ണിനോടാണ്. അത് തന്റെ ഭാര്യയായ കാമുകിയോടുതന്നെയായിരുന്നു പൂവച്ചല്‍ ഖാദര്‍ ചോദിച്ചത്; ചിറയിന്‍കീഴുകാരിയായ ആമിനയോട്. കായല്‍ക്കരയില്‍ ഇരുന്ന് ദൂരേക്ക് തെളിയുന്ന ശരറാന്തലുകളും നോക്കി എത്രയോ സന്ധ്യകളില്‍ ആമിനയോടൊപ്പം ചെലവഴിച്ചിട്ടുള്ളതു തന്നെയായിരുന്നു കായലും കയറിലും എഴുതിവെച്ചത്.

​ഗായകൻ വേണു​ഗോപാൽ, അർജുനൻ മാഷ് എന്നിവർക്കൊപ്പം പൂവച്ചൽ ഖാ​ദർ ഒരു പുരസ്കാരദാന ചടങ്ങിൽ

മിക്ക കവിതകളിലും പാട്ടുകളിലും ആത്മാംശം ചേര്‍ത്ത് എഴുതിയ പൂവച്ചല്‍ ഖാദറിനോട്, കുടുംബത്തെ അധികമെവിടെയും കണ്ടിട്ടില്ലല്ലോ എന്നു ചോദിച്ചാല്‍, ''ഉണ്ടല്ലോ... അവരെന്റെ ഗാനങ്ങളിലുണ്ട്.''
ചിറയിന്‍കീഴുകാരിയായ, ചിരിയില്‍ ചിലങ്ക കെട്ടിയ പെണ്ണായി ആമിനയുണ്ട്. പിന്നെ, ''തുഷാരമുരുകും താഴ്വരയില്‍/പ്രസൂനമുതിരും മേഖലയില്‍...'' എന്ന് എഴുതി മക്കളായ തുഷാരയുടേയും പ്രസൂനയുടേയും പേരുകള്‍ കൂടി ചേര്‍ത്തു. അനുഭവിച്ചറിഞ്ഞതില്‍നിന്നും വായിച്ചറിഞ്ഞതില്‍നിന്നും ഇഷ്ടംപോലെ വാക്കുകള്‍ സിനിമാഗാനങ്ങളിലേക്ക് കൊണ്ടുവന്നിട്ടുണ്ട്.

''വനമാലീ നിന്‍ മാറില്‍ ചേര്‍ന്നു പീനപയോധരയുഗളം
അനുരാഗീ നിന്‍ മുരളി ചൊരിഞ്ഞു പ്രഥമസമാഗമമധുരം''

ജയദേവകൃതികളില്‍നിന്നുള്ള സ്വാധീനമല്ലാതെ മറ്റെന്താണ്! അതില്‍നിന്നുതന്നെയാണ് റേഡിയോ ലളിതഗാനങ്ങളില്‍ ഏറ്റവും ഹിറ്റായിരുന്ന ''ജയദേവ കവിയുടെ ഗീതികള്‍ കേട്ടെന്റെ രാധേ ഉറക്കാമായോ?'' എന്നു തുടങ്ങുന്ന ഗാനം. എം.ജി. രാധാകൃഷ്ണന്റേതായിരുന്നു സംഗീതം. 

പൂവച്ചല്‍ ഖാദറും എം.ജി. രാധാകൃഷ്ണനും ഒന്നിച്ച സിനിമ തകരയായിരുന്നു. ''മൗനമേ... നിറയും മൗനമേ...'', ''കുടയോളം ഭൂമി, കുടത്തോളം കുളിര്...'' എന്നീ പാട്ടുകള്‍ പിറന്നു. ഇതില്‍ ആദ്യഗാനത്തില്‍, രണ്ടരമണിക്കൂര്‍ നീളുന്ന ചിത്രത്തിന്റെ ഇതിവൃത്തം ഒറ്റവരിയില്‍ ഒതുക്കുന്ന മാന്ത്രികതയാണ് ''കല്ലിനുപോലും ചിറകുകള്‍ നല്‍കി കന്നിവസന്തം പോയി...'' എന്നത്. കൗമാരക്കാലത്തിന്റെ എല്ലാ മാനസികവിചാരങ്ങളും അടങ്ങിയ തകരയെ വായിച്ചെടുക്കാന്‍ ഈ വരികള്‍ക്കാവുന്നുണ്ട്.

എം.ജി. രാധാകൃഷ്ണന്‍ - പൂവച്ചല്‍ ഖാദര്‍ കൂട്ടുകെട്ടില്‍ നിന്നുണ്ടായ മറ്റൊരു ഹിറ്റ് പാട്ടായിരുന്നു, ചാമരത്തിലെ ''നാഥാ നീ വരും കാലൊച്ച കേള്‍ക്കുവാന്‍...'' കണ്ണാടിക്കു മുന്നില്‍നിന്നുകൊണ്ട് മുടി ചീകുന്ന പെണ്‍കുട്ടി, വിശാലമായ പാടങ്ങളിലൂടെ ഓടിനടക്കുന്ന നായിക, ഇങ്ങനെ ഓരോ സന്ദര്‍ഭവും പൂവച്ചല്‍ ഖാദറിന്റെ മനസ്സില്‍ വരച്ചിട്ടതോടെ, ഒറ്റയിരുപ്പില്‍ എഴുതിയ പാട്ടായിരുന്നു അത്.

നായികയാക്കാന്‍ ആദ്യം പ്ലാന്‍ ചെയ്ത നടിയുടെ കണ്ണുകള്‍ കണ്ടുകൊണ്ടെഴുതിയ ബെല്‍ട്ട് മത്തായിയിലെ ''രാജീവം വിടരും നിന്‍ ചൊടിയില്‍...'', ഗുരുതുല്യനായ എം.കെ. അര്‍ജ്ജുനന്‍ മാസ്റ്ററിനോടൊപ്പം ''കായല്‍കരയില്‍ തനിച്ചുനിന്നത് കാണാന്‍...'', ജോണ്‍സണ്‍ കൂട്ടുകെട്ടില്‍ വിരിഞ്ഞ ''ഏതോ ജന്മ കല്‍പ്പനയില്‍...'', ''അനുരാഗിണി ഇതായെന്‍ കരളില്‍ വിരിഞ്ഞ പൂക്കള്‍...'',  ഗംഗൈ അമരന്റെ കൂടെ ''നീലവാനച്ചോലയില്‍ നീന്തിവന്ന ചന്ദ്രികേ...'' അങ്ങനെ എക്കാലത്തെയും ഹിറ്റുകളായ നിരവധി പാട്ടുകള്‍ക്ക് വരികളെഴുതാന്‍ പൂവച്ചല്‍ ഖാദറിനു സാധിച്ചു.

എം.എസ്. വിശ്വനാഥന്‍, കെ.ജെ. ജോയ്, ജയവിജയന്‍, രഘുകുമാര്‍, ഗുണാ സിംഗ്, ജെറി അമല്‍ദേവ്, എം.ബി. ശ്രീനിവാസന്‍, ശങ്കര്‍ ഗണേഷ്, ദക്ഷിണാമൂര്‍ത്തി, ഇളയരാജ, കണ്ണൂര്‍ രാജന്‍, എസ്.പി. വെങ്കിടേഷ്, ഔസേപ്പച്ചന്‍, രാജാമണി, എം. ജയചന്ദ്രന്‍ തുടങ്ങിയ സംഗീത പ്രതിഭകള്‍ക്കൊപ്പമെല്ലാം പൂവച്ചല്‍ ഖാദറിന്റെ തൂലിക ചലിച്ചിരുന്നു.

സൗമ്യതയുടേയും ആര്‍ദ്രതയുടേയും ആള്‍രൂപമായ പൂവച്ചല്‍ ഖാദര്‍ 1500 മലയാള ചലച്ചിത്രഗാനങ്ങള്‍ എഴുതി. അവയെല്ലാം എന്നും ഓര്‍ത്തുവയ്ക്കപ്പെടുന്നവയാണ്. എങ്കിലും അവാര്‍ഡുകളിലൂടെയുള്ള പരിഗണനകളൊന്നും അദ്ദേഹത്തെ തേടിയെത്തിയില്ല. ക്രിട്ടിക്‌സ് അവാര്‍ഡ്, ജയന്‍-രാഗമാലിക അവാര്‍ഡ് എന്നിവയായിരുന്നു അദ്ദേഹത്തിന് കിട്ടിയ അവാര്‍ഡുകള്‍. അദ്ദേഹം എഴുതിയ പാട്ടുകളിലൂടെ ജാനകിയും കെ.എസ്. ചിത്രയും മികച്ച പാട്ടുകാരികള്‍ക്കുള്ള സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ നേടിയിട്ടുണ്ട്.

''അതൊക്കെത്തന്നെയാണ് എന്റെ സന്തോഷം. പിന്നെ ശ്രീകുമാരന്‍ തമ്പിച്ചേട്ടനെപ്പോലുള്ളവരുടെ ഹൃദയം തുറന്നുള്ള അഭിനന്ദനങ്ങള്‍ എനിക്കു കിട്ടിയ അവാര്‍ഡുകളായിട്ടാണ് ഞാന്‍ പരിഗണിക്കുന്നത്.''

ആര്‍ദ്രത നഷ്ടപ്പെട്ട സമൂഹത്തില്‍ നിന്നും അല്‍പ്പം മാറി പരാതിയോ പരിഭവമോ ഇല്ലാതെ ഒരു ഗാനരചയിതാവ് കടന്നുപോകുകയാണ്. ഹൃദയം ഒരു വീണയായി, മധുരിതഗാനങ്ങള്‍ മൂളി അദ്ദേഹം കടന്നുപോയത് പുതിയ കാലത്തിന്റെ കഷ്ടതകളില്‍ പിടിച്ചുനില്‍ക്കാനാവാതെ ഹൃദയം നിശ്ചലമായാണ്. 

''നിനവില്‍ പല പുഷ്പങ്ങള്‍ വിരിയാതെ നില്‍ക്കും
കാലത്തിന്‍ കേളികളില്‍ അവ വീണ്ടും വിരിയും...'' (ഗാണ്ഡീവം -1994).
അരങ്ങൊഴിയുമ്പോള്‍ ആ പൂക്കള്‍ വീണ്ടും വിരിയുന്നു. വിരിയട്ടെ.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ബാങ്കില്‍ നിക്ഷേപിക്കാന്‍ കൊണ്ടുവന്ന സിപിഎമ്മിന്റെ ഒരുകോടി രൂപ ആദായ നികുതി വകുപ്പ് പിടിച്ചെടുത്തു

സഞ്ജു സാംസണ്‍ ലോകകപ്പ് ടീമില്‍; രാഹുലിനെ ഒഴിവാക്കി

തനിക്കും കുടുംബത്തിനും നേരെ സൈബർ ആക്രമണം, കോൺസിൽ യോ​ഗത്തിൽ വിതുമ്പി മേയർ; ഡ്രൈവര്‍ക്കെതിരെ പ്രമേയം

ഇടവിട്ട മഴയും അമിതമായ ചൂടും പകര്‍ച്ചവ്യാധികള്‍ക്ക് സാധ്യത; മുന്നറിയിപ്പുമായി ആരോഗ്യമന്ത്രി

'' ഞങ്ങള്‍ക്കിഷ്ടം കറുപ്പ്, നീല, ചുവപ്പ്. നീല ആകാശം. ഞങ്ങളുടെ ചുവന്ന മണ്ണ്. ഞങ്ങളുടെ കറുപ്പ്''