ലേഖനം

മറുകരയിലെ കഞ്ഞിയും കപ്പയും ഈ കരയിലെ കുഴിമന്തിയും

താഹാ മാടായി

'ഒട്ടകങ്ങള്‍  വരിവരിയായി'' എന്ന് തുടങ്ങുന്ന പീര്‍ മുഹമ്മദിന്റെ മാപ്പിളപ്പാട്ടു വരികളില്‍ വരിവരിയായി നിന്ന ഒട്ടകങ്ങള്‍ മാപ്പിള സ്മൃതികളുടെ ഭാഗമാണ്. 'പാത്തുമ്മയുടെ ആട്' ഈ നാട്ടിലെ  മുസ്ലിം വീട്ടിലെ ആട് തന്നെയായിരുന്നു. മുസ്ലിം ജീവിതത്തിലെ കഥാപാത്രങ്ങളുടെ പരിസരങ്ങളിലേക്കാണ് ബഷീര്‍ ആ ആടിനെ കയറൂരി വിട്ടത്. കയറിന്റെ അറ്റം പാത്തുമ്മയുടെ കയ്യിലാണ്. പാത്തുമ്മയും ഒരുതരത്തില്‍ 'അവളവളുടെ കാല്‍പ്പാടുകള്‍' പിന്തുടര്‍ന്ന ഒരു സ്ത്രീ ആയിരുന്നു. ആട് പല കാലങ്ങളില്‍ ഫിക്ഷനില്‍ കയറി മേഞ്ഞു. പാട്ടുകളില്‍ ഒട്ടകങ്ങളും. 'മരുഭൂമിയിലെ കപ്പല്‍' ലോഞ്ചില്‍ മറുകരയിലെത്തി ജീവിതം തൊട്ടവരുടെ കണ്ണില്‍ വിസ്മയമായി. അതിനു മുന്നേ പ്രവാചക കഥകളില്‍ അറിഞ്ഞ ഒട്ടകം. ഒട്ടകപ്പുറം കേറിയാണ് പ്രവാചകരെപ്പോലെ കഥകളുടെയും കടന്നുവരവ്. സെമിറ്റിക് കഥകളില്‍ ഒട്ടകങ്ങള്‍ വരിവരിയായി കടന്നുവരുന്നു.

ആ ഒട്ടകവും മരുഭൂമിയും ഈണത്തില്‍ ചുണ്ടോടു ചുണ്ടുകളില്‍ പകര്‍ന്നത്, 'മലബാറിലെ പാട്ടു പെട്ടി'യായ പീര്‍ മുഹമ്മദാണ്. മലയാളത്തിലെ ഗ്രാമഫോണ്‍ റെക്കോര്‍ഡുകളില്‍ ആദ്യം പതിഞ്ഞ ശബ്ദം, യേശുദാസിന്റെ അല്ല. പീര്‍ മുഹമ്മദിന്റേയാണ്. അത്രയും മുന്നേ ആ പാട്ടുകള്‍ ജനകീയമായി. മാപ്പിള മട്ടുപ്പാവുകളില്‍, മണിയറകളില്‍-പുതുനാരിയും പുതുമാരനും കാണുന്ന  'അഴകേറിയ' കിനാവുകളെല്ലാം പീര്‍ മുഹമ്മദിന്റെ ശബ്ദത്തിലുള്ളതായിരുന്നു. മെലഡിയുടെ മൈലാഞ്ചിയിലകള്‍കൊണ്ടു ചുവപ്പിച്ച വരികളായിരുന്നു, അവ.

പാട്ടു കേട്ടു അഴകേറിയ രാവുകളില്‍ തട്ടം കൊണ്ടു മുഖം മറച്ച്, മലബാര്‍ മുസ്ലിം സ്ത്രീകള്‍ അവരുടേതായ സ്വന്തം കാല്പനിക ജീവിതങ്ങളിലൂടെ വിരഹദിനങ്ങള്‍ക്ക് അര്‍ത്ഥം കണ്ടെത്തിയവരായിരുന്നു. പാട്ടില്‍ പുലര്‍ന്ന കാലങ്ങളായിരുന്നു, അവ. എന്താണ് പ്രവാസികള്‍ പ്രിയപ്പെട്ടവള്‍ക്ക് ആദ്യം അയച്ചത് എന്ന ചരിത്രപരമായ ചോദ്യത്തിന്, പാട്ടുകളായിരുന്നു എന്നു തന്നെയാണ് ഉത്തരം. യുദ്ധത്തിന്റെ പാട്ടുകളായിരുന്നില്ല, പ്രണയത്തിന്റെ അത്തര്‍ മഷിയിലെഴുതിയ പാട്ടുകള്‍. 'ഇഖ്റഅ്' (വായിക്കുക) എന്ന ഉദ്ബോധനത്തില്‍ തുടങ്ങിയ ഖുര്‍ആനിക സാക്ഷ്യം, പ്രവാസികളുടെ ഭാര്യമാര്‍ 'കത്തു പാട്ടുകള്‍' വായിച്ച് വേറൊരു തലത്തില്‍ അറിഞ്ഞു. 'വായന'യാണ് പ്രവാസികള്‍ ആദ്യം മറുകരയില്‍നിന്ന് കയറ്റിവിട്ടത്. 'വായിക്കുക' എന്നു പറയുമ്പോള്‍ അത് മാറിക്കൊണ്ടിരിക്കുന്ന ജീവിതത്തെ പ്രതിനിധാനം ചെയ്യുന്നു. നേരത്തെ കെട്ടിപ്പൊക്കിയ ഒന്നിനെക്കുറിച്ചുള്ള സൂചനയല്ല അത്. അങ്ങനെ പാട്ടുകളുടെ വരികളില്‍ മാപ്പിള സ്ത്രീകള്‍ മാത്രമല്ല, അക്കാലത്തെ മാപ്പിള ആണ്‍ യൗവ്വനങ്ങളും വരിയൊപ്പിച്ചു നിന്നു. അവര്‍ അവരുടേതായ തരളിത രാവുകളിലൂടെ കടന്നുപോയി.

പീര്‍ മുഹമ്മദ് എന്ന പേര് ആരാധനയോടെ കേട്ടുനിന്ന കാലത്തെക്കുറിച്ച് പുനത്തില്‍ പറഞ്ഞിട്ടുണ്ട്. വടകരയിലെ പീര്‍ മുഹമ്മദിന്റെ പാട്ടുകള്‍ ആ കാലത്ത് 'ഏത് കര'യിലും പ്രശസ്തമായിരുന്നു. പാട്ടില്‍ ചന്തമുള്ള പെണ്ണുങ്ങള്‍ നിറഞ്ഞുനിന്നു. എല്ലാ രാവുകളും ആയിരത്തൊന്നു അഴകുകളുടേതായി മാറി.

പീർ മുഹമ്മദ്

പീര്‍ മുഹമ്മദിന് വിട

രണ്ട്

'ഷാര്‍ജ ഇന്റര്‍നാഷണല്‍ ബുക് ഫെയര്‍' അക്ഷരങ്ങള്‍ക്ക് ആ ദേശം സമര്‍പ്പിക്കുന്ന ആദരവാണ്. ഒട്ടകങ്ങള്‍ വരിവരിയായി നടന്ന, വിജനവും ഉഷ്ണക്കാറ്റ് വീശിയതുമായ ഒരു നാട്ടില്‍ സ്വര്‍ണ്ണം മാത്രമല്ല, അക്ഷരവും അമൂല്യമായ ഒരു വിനിമയ വസ്തുവായി മാറുന്നതിന്റെ സാക്ഷ്യമാണ് ഷാര്‍ജ ബുക് ഫെയര്‍. ജനകീയമായ വായനോത്സവമാണ് ഷാര്‍ജ ബുക് ഫെയര്‍. ഓരോ രാജ്യവും അവരുടെ ഭാവനകള്‍ അവിടെവെച്ച് പ്രകാശനം ചെയ്യപ്പെടുന്നു. ഭാവനകള്‍ക്ക് അതിര്‍ത്തികളില്ല.

മലയാളികളുടെ പ്രവാഹമാണ് ഷാര്‍ജ ബുക്ക് ഫെയറിന്റെ സവിശേഷത. പുസ്തകങ്ങള്‍ വാങ്ങാന്‍ 'വരിവരി'യായി നില്‍ക്കുന്ന മലയാളികള്‍. എത്രയോ മലയാളി എഴുത്തുകാര്‍ അവിടെയുണ്ട്. ഷാര്‍ജ ബുക്ക് ഫെയറില്‍ എല്ലാ വര്‍ഷവും പ്രകാശനം ചെയ്യപ്പെടുന്ന 'ബുക്കിഷ്' എന്ന ടാബ്ലോയിഡ് സൈസിലുള്ള സാഹിത്യ പതിപ്പില്‍  മറുകരയില്‍ ജോലി ചെയ്യുന്ന മലയാളി എഴുത്തുകാരുടെ രചനകള്‍ നിറഞ്ഞിരിക്കുന്നു. കൂട്ടുകാര്‍ക്കിടയില്‍ മാത്രം എഴുത്തുകാരായി അറിയപ്പെടുന്നവരായിരിക്കാം അവരെങ്കിലും  ഷാര്‍ജ ബുക്ക് ഫെയര്‍ അവരുടെ പുസ്തകങ്ങളുടെ പ്രകാശനവേദികള്‍ കൂടിയാണ്. വലുപ്പച്ചെറുപ്പങ്ങളില്ലാതെ സാഹിത്യപ്രതിഭകളുടെ കൂടിക്കലരല്‍. പരിചയപ്പെടുന്നവരെല്ലാം എഴുത്തുകാരാണ്. 

മരുഭൂമിയില്‍ ആദ്യം ലോഞ്ചില്‍ വന്നിറങ്ങിയ ഖോര്‍ഫക്കാനില്‍ ഒരിക്കല്‍ക്കൂടി പോയി. അത് മനോഹരമായ ഒരു ടൂറിസ്റ്റ് കേന്ദ്രമായി മാറിയിരിക്കുന്നു. കുന്നിന്‍ചെരിവില്‍ മനോഹരമായ പള്ള.

എ.ഡി 1446-ല്‍ പണികഴിപ്പിച്ച, മണ്ണുകൊണ്ടുള്ള 'ബിദ്യ' പള്ളി ഒരിക്കല്‍ക്കൂടി സന്ദര്‍ശിച്ചു. വളരെ ചെറിയ 'മിഹ്റാബ്' (പ്രാര്‍ത്ഥനാ സ്ഥലം) ഉള്ള ഈ പള്ളി വ്യക്തിയെ ദൈവത്തിനു മുന്നില്‍ ഏകാകിയായി നിര്‍ത്തുന്നു. ദൈവവുമായി ഏകാന്ത സംഭാഷണത്തിലേര്‍പ്പെടാവുംവിധം ഉജ്ജ്വലമായ എളിമ നിറഞ്ഞുനില്‍ക്കുന്ന മണ്ണുകൊണ്ടുള്ള കുഞ്ഞുപള്ളി, 'ആള്‍ക്കൂട്ട ആരവ'ങ്ങളില്ല. പള്ളിയുടെ ചെരിവിലൂടെ കയറിയ പഴയ കോട്ടവാതിലുകള്‍ പോലെയുള്ള എടുപ്പുകള്‍ കാണാം. പള്ളിമുറ്റത്ത് പഴയൊരു കുഞ്ഞുകിണര്‍.

ഓര്‍മ്മയുടെ മുദ്രകള്‍ നിരത്തിവെച്ച ഒരു മ്യൂസിയവും സന്ദര്‍ശിച്ചു. അല്‍ ഫുജൈറ പ്രവിശ്യയിലെ 'ദിബ്ബ'യിലെ 'അല്‍ അഖാഹ്' ഹെറിറ്റേജ് പുതുതായി പണികഴിപ്പിച്ച ഒരു മ്യൂസിയമാണ്. ഷാര്‍ജയിലെ ഒരു ശൈഖാണ് മ്യൂസിയം ഉടമ. വളരെ മനോഹരമാണ് ഹെറിറ്റേജ്. 1930-കളിലെ മോഡല്‍ കാറുകള്‍. കടന്നുപോയ കാലത്തിന്റെ വേഗമുദ്രകള്‍ അവിടെ നിരത്തിവെച്ചിരിക്കുന്നു. ഒരിക്കല്‍ കുതിരകളായിരുന്നവര്‍ എല്ലാ കാലത്തും കുതിരകള്‍ തന്നെയെന്ന് അവയുടെ കാഴ്ച ഭംഗികളില്‍നിന്ന് മനസ്സിലാവുന്നു. നാനോ കാറിനേക്കാള്‍ വലുപ്പം കുറഞ്ഞ കാറ് 1936-ല്‍ ഉണ്ടായിരുന്നു. പുതുതായി നാം കാണുന്നതെല്ലാം പഴയതിന്റെ വീണ്ടെടുപ്പുകളോ പകര്‍പ്പു കോപ്പികളോ ആണ്.

മനോഹരമായ കാലിഗ്രാഫിയില്‍ തീര്‍ത്ത ഖുര്‍ആന്റെ ആയിരം വര്‍ഷം പഴക്കമുള്ള കയ്യെഴുത്തു പ്രതികള്‍ അവിടെയുണ്ടായിരുന്നു. അവ കേട് കൂടാതെ കൊണ്ടുനടക്കാന്‍ വിശ്വാസികള്‍ കയ്യില്‍ കരുതിയിരുന്ന തുകല്‍കൊണ്ടുള്ള വിശിഷ്ടമായ സഞ്ചികളും. ആ പുസ്തകസഞ്ചികളാണ് ഇപ്പോഴുള്ള വാനിറ്റി ബാഗുകളുടെ മാതൃകകള്‍. പകല്‍ സാധാരണ അക്ഷരമായി വായിക്കുകയും രാത്രിയില്‍ നീലവെളിച്ചമായി അക്ഷരങ്ങള്‍ പ്രകാശിക്കുകയും ചെയ്യുന്ന 'അത്ഭുത മഷി'യിലെഴുതിയ ഖുര്‍ആനും അവിടെയുണ്ടായിരുന്നു. 'വെളിച്ചത്തിന്റെ ഉപമകള്‍' ഖുര്‍ആനില്‍ പലയിടത്തായി ഉണ്ട്. 'വെളിച്ചത്തിനെന്തു വെളിച്ചം' എന്ന് ഇതെല്ലാം ഓര്‍മ്മിപ്പിക്കുന്നു.

മരുഭൂമിയിലെ ഉള്‍ഗ്രാമങ്ങളില്‍ സഞ്ചരിച്ചു. പാട്ടില്‍ കേട്ട ഒട്ടകങ്ങള്‍ വരിവരിയായി മേയുന്നത് കണ്ടു...
ഒരിക്കല്‍ കേട്ടാല്‍ പിന്നീട് മറക്കാത്ത പാട്ടുകള്‍പോലെ, പകല്‍ കറുപ്പായും രാത്രിയില്‍ പ്രകാശിക്കുകയും ചെയ്യുന്ന നീലവെളിച്ചം പോലെ ഓര്‍മ്മകള്‍.

മൂന്ന്

ഷാര്‍ജയിലെ 'മുനീര്‍ക്കയുടെ ചായക്കട'യിലെ കപ്പയും കാന്താരിക്കും ഇവിടെ കിട്ടാത്ത രുചിയുണ്ട്. മഞ്ഞള്‍ കലര്‍പ്പില്ലാതെ പാകം ചെയ്ത തനി തങ്കം കപ്പ. കാന്താരിക്കൂട്ട് ഒപ്പം കൂട്ടിയാല്‍ കണ്ണിലും ചുണ്ടിലും എരിവിന്റെ രസപ്പുകച്ചില്‍. തൊട്ടപ്പുറമുള്ള 'അല്‍ ഈദ് ഹോട്ടലില്‍' പയറും കഞ്ഞിയും മത്തി മുളകിട്ടതും. ഏറെ കാലത്തിനുശേഷം തുടര്‍ച്ചയായി കഞ്ഞി കുടിച്ചത് മറുകരയില്‍വെച്ചാണ്. ജങ്ക് ഫുഡ് സംസ്‌കാരം എന്നൊക്കെ പറയുന്നത്, ഈ കഞ്ഞിയിലും കപ്പയിലും നാവ് പതിയാത്തവരാണ്. നാട്ടിലെത്തിയപ്പോള്‍ വഴിയോരക്കടകളിലെല്ലാം അല്‍ ഫഹം, കുഴിമന്തി ബോര്‍ഡുകള്‍.

ഈ കരയാണ്, മറുകര.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഡ്രൈവിങ് ടെസ്റ്റ്: സര്‍ക്കുലറിന് സ്‌റ്റേ ഇല്ല; പരിഷ്‌കരണവുമായി മുന്നോട്ടു പോകാമെന്ന് ഹൈക്കോടതി

ഗോദ്‌റെജ് രണ്ടാകുന്നു, എന്തുകൊണ്ട് 127 വര്‍ഷം പാരമ്പര്യമുള്ള ഗ്രൂപ്പ് വിഭജിക്കുന്നു?; ആര്‍ക്ക് എന്തുകിട്ടും?

15 വിക്കറ്റുകള്‍, വിക്കറ്റ് വേട്ടയില്‍ നടരാജന്‍ മുന്നില്‍

ആരാധകര്‍ക്കായി... മറഡോണയുടെ മൃതദേഹം സെമിത്തേരിയില്‍ നിന്നു മാറ്റണം; ആവശ്യവുമായി മക്കള്‍

രജനീകാന്തിന്റെ ജീവിതം സിനിമയാവുന്നു; ബയോപിക്കിന്റെ അവകാശം സ്വന്തമാക്കി സാജിദ് നദിയാവാല