ലേഖനം

ഇപ്പോള്‍ അവരില്ല... അവര്‍ നടന്നുപോയ വഴികളും...

താഹാ മാടായി

ര്‍ക്കടകം പതിനഞ്ച്, പതിനാറ് ദിവസങ്ങള്‍ വടക്കേ മലബാറില്‍ കര്‍ക്കടകത്തെയ്യങ്ങളിറങ്ങി, ഊര് ചുറ്റുന്ന കാലമാണ്. മനുഷ്യരെ ബാധിച്ച ആധിവ്യഥകളെല്ലാം സ്വയമാവാഹിച്ച്, കടലിലോ കൈത്തോടുകളിലോ ഉച്ചാടനം ചെയ്യും മാരിത്തെയ്യങ്ങള്‍. മാരിത്തെയ്യങ്ങള്‍ ഏതിടവഴിയിലൂടെയും ഊര് ചുറ്റുന്നു. ജാതിമത ഭേദമില്ലാതെ തെയ്യത്തെ ദേശവാസികളും ദേശവാസികളെ തെയ്യവും പിന്തുടരുന്നു. മാടായിയുടെ ദേശമുദ്ര കൂടിയാണ് മാരിത്തെയ്യങ്ങള്‍. കൂടിക്കലരുന്ന മൈത്രിയുടെ ഓര്‍മ്മ പുതുക്കല്‍. തെയ്യം വരാന്‍ ഇനി രണ്ടു നാള്‍ മാത്രം. ഈ ദിവസം പഴയ നാട്ടുമനുഷ്യരെ ഓര്‍മ്മവരുന്നു. അവര്‍ തെയ്യം കെട്ടുകാരല്ല. കര്‍ക്കടകം വരുമ്പോള്‍, തെയ്യം കെട്ടുകാരല്ലെങ്കിലും അവരെ വെറുതെ ഓര്‍ത്തുപോകുന്നു. കര്‍ക്കടകം എന്ന  'വേലേം കൂലീം ഇല്ലാണ്ട് നേരം കറുപ്പിച്ചു വെളുപ്പിച്ച ദിനങ്ങള്‍' അവര്‍ എങ്ങനെയായിരിക്കും മറി കടന്നിട്ടുണ്ടാവുക?

'ഗിര്‍ഗോലിയേട്ടന്‍' എന്നു വിളിപ്പേരുള്ള ഗ്രിഗറി ഞങ്ങളുടെ നാട്ടിലെ ഏറ്റവും നല്ല കൃഷിപ്പണിയറിയാവുന്ന ആളായിരുന്നു. മാടായിയിലെ  ഞങ്ങളുടെ പറമ്പില്‍ തെങ്ങിന് വെള്ളം നനക്കാന്‍ വേനല്‍ക്കാലത്ത് കുളം കുഴിക്കുക, തെങ്ങിന്‍ തടം തുറക്കുക, ഇട്ടല് വെച്ചു കെട്ടുക, ഓലകൊണ്ട് അടുക്കള ഭാഗം 'ചെറുപ്പ്' (ഓലമറ) കെട്ടുക തുടങ്ങിയ ജോലികള്‍ അദ്ദേഹം ചെയ്തു. ഒപ്പം ജോര്‍ജേട്ടന്‍, റോബര്‍ട്ടേട്ടന്‍, ലൂയീസേട്ടന്‍  അവരുമുണ്ടാകും. പണി കഴിഞ്ഞാല്‍, നേരെ പോയി കോഴി ബസാറിലെ ബട്യന്റെ ചാരായപ്പീടികയില്‍നിന്ന് രണ്ടടടിച്ച്, റോഡളന്നു വരുന്നവര്‍. കഠിനാദ്ധ്വാനികള്‍. ടി.വി. കൊച്ചുബാവയുടെ കഥയിലെ ചോദ്യം പോലെ, ജനിച്ചു, ജീവിച്ചു, മരിച്ചു  ഒക്കെ ശരിതന്നെ, നിങ്ങള്‍ ചെയ്ത അത്ഭുതമെന്ത്? എന്നു ചോദിച്ചാല്‍, കൈ മലര്‍ത്തേണ്ടിവരാത്ത സാധാരണ ജീവിതങ്ങളിലെ ജൈവിക പാരസ്പര്യം പേറിയ മനുഷ്യര്‍. നീര്‍ച്ചാലുകളിലൂടെ വെള്ളം പല കൈവഴികളായി അവര്‍ പുഴയിലേക്കും കടലിലേക്കും ഒഴുക്കി വിട്ടു. തെങ്ങിന്‍ തോപ്പിലിരുന്ന്  വിശ്രമനേരത്ത് ചില കഥകള്‍ പറഞ്ഞു. ഒന്നും കൂട്ടിവെക്കാതെ, അങ്ങനെയങ്ങ് കടന്നുപോയ ജീവിതങ്ങള്‍. അവര്‍ അന്നു നട്ട തെങ്ങുകളാണ് ഇപ്പോഴും ഞങ്ങള്‍ക്ക് കറിയായി തിളക്കുന്ന തേങ്ങാപ്പാല്‍.

ഗ്രിഗോലിയേട്ടന്‍ ഒരിക്കല്‍ പറഞ്ഞു: വെളിച്ചങ്ങ തേങ്ങാ കൊലയായി മാറും കരിക്കാവും എളനീരാവും തേങ്ങയാവും കൊട്ടത്തേങ്ങയാവും കൊപ്രയാവും... മന്ഷര് അതെല്ലാം തിന്ന് രസിക്കും.

രസിക്കും അതാണ് ഗ്രിഗോലിയേട്ടന്‍ പറഞ്ഞത്.

ജീവിച്ചു, രസിച്ചു, മരിച്ചു.

ഒരു ദിവസം ഏതോ കാരണത്താല്‍ പുരയുടെ മുറ്റത്തെ, ഒരു തെങ്ങിന്‍ ചോട്ടിലിരുന്ന് കരയുന്ന എന്നെ അതുവഴി രണ്ടു വീശി വരുന്ന ഗ്രിഗോലിയേട്ടന്‍ ഒരു പാട്ടുപാടി ചിരിപ്പിച്ചു:

കരഞ്ഞാല് തഴുക്കുന്ന 
തൈയൊന്നും നട്ടില്ല
ചിരിച്ചാല് തഴുക്കുന്ന 
തൈയൊന്നും നട്ടില്ല
തൂറിയാല് തഴുക്കുന്ന 
തെങ്ങിന്മണ്ടയില്‍ 
കാക്കയിരുന്ന് 
കാ... കാ... കാ...

സങ്കടം വരുമ്പോള്‍ ആ പാട്ട് ഓര്‍മ്മവരും.

ആ മനുഷ്യര്‍ക്ക്, ഈ കര്‍ക്കടകത്തില്‍, ഓര്‍മ്മകള്‍കൊണ്ട് ആദരം. അവര്‍ എന്റെ ബാല്യത്തില്‍ കഥകള്‍ നല്‍കി, സങ്കടപ്പെടുമ്പോള്‍ അവര്‍ പറഞ്ഞ തമാശകള്‍ ഓര്‍ത്തു ചിരിച്ചു. 

ഇപ്പോള്‍ അവരില്ല. അവര്‍ നടന്നുപോയ വഴികളും.

രണ്ട്:

തീയ്യരായിരുന്നു ഒരു തൊഴില്‍ എന്ന നിലയില്‍ തെങ്ങുകയറ്റത്തില്‍ സജീവമായി ഉണ്ടായിരുന്നത്. മാടായിയില്‍ ദലിതുകള്‍ക്കിടയില്‍നിന്നും ഈ തൊഴില്‍രംഗത്ത് ധാരാളം പേരുണ്ടായിരുന്നു. മലബാറില്‍ തെങ്ങുകയറ്റക്കാര്‍ക്കിടയില്‍ എന്നാല്‍, മുസ്‌ലിം പ്രാതിനിധ്യം വളരെ കുറവാണ്. മലയോര നഗരമായ തളിപ്പറമ്പില്‍ നിന്നായിരുന്നു മാടായിലേക്ക് തെങ്ങുകയറ്റ തൊഴിലുമായി വന്ന ഒരേയൊരു മുസ്‌ലിം. അദ്ദേഹമാകട്ടെ, പള്ളിയില്‍വെച്ച് മനോഹരമായി ബാങ്ക് വിളിക്കുമായിരുന്നു. തെങ്ങുകയറ്റമില്ലാത്ത ദിവസങ്ങളില്‍ മിക്കവാറും അദ്ദേഹം പള്ളിയില്‍ തന്നെയായിരുന്നു. പിന്നീട് അദ്ദേഹം, പരിയാരത്തുനിന്ന് തളിപ്പറമ്പിലേക്ക് പോകുന്ന ഹൈവേയ്ക്കരികില്‍, 'അലക്യം പാല'ത്തിനടുത്തെ ഒരു പള്ളിയില്‍ ദീര്‍ഘകാലം ബാങ്ക് വിളിക്കുകയും നിസ്‌കാരത്തിന് പള്ളിയില്‍ ഇമാമായി നില്‍ക്കുകയും ചെയ്തു എന്നാണറിവ്. വളരെ ശാന്തവും സ്വച്ഛവുമായ മുഖഭാവമുള്ള ആ മനുഷ്യന്‍, തെങ്ങുകയറ്റമെന്ന ജോലിയോടൊപ്പം ഒരു വിശ്വാസ ജീവിതവും നയിച്ചു. തഴമ്പിച്ച കൈവിരലുകള്‍ ചെവിയില്‍വെച്ച് അദ്ദേഹം വിശ്വാസികളെ പള്ളിയിലേക്ക് ക്ഷണിച്ചു. തേങ്ങയുരിപ്പുകാരായി ധാരാളം മുസ്‌ലിങ്ങള്‍ ഉണ്ടെങ്കിലും, തെങ്ങുകയറ്റക്കാര്‍ അത്രയധികമില്ല. ഞങ്ങള്‍ക്കറിയാവുന്ന ഒരേയൊരാള്‍, ബാങ്ക് വിളിക്കുമായിരുന്ന ഈ ഒരാളും.

തെങ്ങുകയറ്റക്കാരനായ ഈ പള്ളി മുക്രി, വൈകുന്നേരമാകുമ്പോള്‍ ശുഭ്രവസ്ത്രധാരിയായി വിശ്വാസികള്‍ക്കു മുന്നില്‍ പ്രത്യക്ഷപ്പെട്ടു. വിനീതമായ ഒരു ദൈവവിചാരത്തോടെ അയാള്‍ നിസ്‌കരിക്കാനായി കയ്യുയര്‍ത്തി. ഇദ്ദേഹത്തെ അഭിമുഖം ചെയ്യാനാഗ്രഹമുണ്ടായിരുന്നെങ്കിലും, മിക്കവാറും, സംസാരത്തില്‍നിന്ന് ഒഴിഞ്ഞുമാറി. ഒരിക്കല്‍ അദ്ദേഹം ഇത്രമാത്രം പറഞ്ഞു:

'പടച്ചോനെ സ്മരിക്കുമ്പോ, ഖല്‍ബ് പ്രശാന്തമാകുന്നു. എളനീര് പോലെയാവണം ദൈവ വിശ്വാസം. കലര്‍പ്പില്ലാത്ത സ്‌നേഹം, ആരേം വെറുക്കണ്ട.'

എന്നാല്‍, ഏറ്റവും ദാരുണമായ ഒരപകടം കഴിഞ്ഞയാഴ്ച ഞങ്ങളുടെ തീരദേശത്തുണ്ടായി. തെങ്ങുകയറാനും ആ ജോലിയില്ലാത്ത ദിവസങ്ങളില്‍ കടലില്‍ മത്സ്യബന്ധനത്തിന് പോവുകയും ചെയ്യുന്ന ഒരാള്‍, കടല്‍ക്ഷോഭത്തില്‍ ബോട്ട് കടലില്‍ മറിഞ്ഞു മരണപ്പെട്ടു. ഒപ്പമുള്ള രണ്ടു പേര്‍ രക്ഷപ്പെട്ടുവെങ്കിലും ആ ചെറുപ്പക്കാരന് ജീവനുമായി കരപിടിക്കാനായില്ല. തെങ്ങിന്റെ ഉയരവും കടലിന്റെ അഗാധതയും ഒന്നിച്ചനുഭവിച്ച ആ മനുഷ്യന്, കടല്‍ക്ഷോഭമില്ലാത്ത ദിവസം കടലില്‍ പോകാമായിരുന്നു എന്നു പറയാം. പക്ഷേ, അടുക്കളയില്‍ എന്തു വേവും?

സാധാരണ മനുഷ്യര്‍, അതിജീവനത്തിനായി അവര്‍ക്കറിയാവുന്ന തൊഴിലുകളില്‍ വ്യാപൃതരാവുന്നു. മാസാന്ത്യം ബാങ്കിലേക്ക് വരുന്ന ശമ്പളത്തിന്റെ സുരക്ഷിതമായ ഒരു പ്രതീക്ഷയല്ല, ദൈനംദിന ജീവിതത്തെ അന്നന്ന് കിട്ടുന്ന കൂലികൊണ്ടു നിര്‍വ്വചിക്കുന്ന അടിസ്ഥാന വര്‍ഗ്ഗത്തെ ഏത് രാഷ്ട്രീയ നേതൃത്വമാണ് പരിഗണിക്കുന്നത്?

മരിച്ചുപോയവരെ ഓര്‍മ്മകള്‍കൊണ്ടെങ്കിലും നാം പരിഗണിക്കുക. അവര്‍ നടന്നുപോകുമ്പോള്‍ പാടിയ പാട്ടില്‍, ചിരിയില്‍, വേറൊരു തരത്തില്‍ നാം നമ്മെ തന്നെ തേടുകയായിരുന്നു.

ഈ വാർത്ത കൂടി വായിക്കൂ  

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഹിന്ദുക്കള്‍ക്കും മുസ്ലീങ്ങള്‍ക്കുമായി പ്രത്യേക ബജറ്റ്; 15 ശതമാനവും ന്യൂനപക്ഷങ്ങള്‍ക്കായി നല്‍കാന്‍ കോണ്‍ഗ്രസ് ശ്രമിച്ചു; വിവാദ പരാമര്‍ശവുമായി മോദി

പ്രബീര്‍ പുര്‍കായസ്ത ജയില്‍ മോചിതനായി; വീഡിയോ

കരിപ്പൂരിൽ നിന്നുള്ള രണ്ട് വിമാനങ്ങൾ റദ്ദാക്കി എയർ ഇന്ത്യ

സംസ്ഥാനത്ത് കാലവര്‍ഷം മെയ് 31ന് എത്തും

കെഎസ് ഹരിഹരനെ അസഭ്യം വിളിച്ച കേസില്‍ ആറുപേര്‍ അറസ്റ്റില്‍