ലേഖനം

ഭാവിദിശയറിയാതെ ഉഴലുന്ന ഒരു രാജ്യം

അരവിന്ദ് ഗോപിനാഥ്

നാടകീയമായ രാഷ്ട്രീയ വഴിത്തിരിവിലാണ് ശ്രീലങ്ക. ജനകീയ പ്രക്ഷോഭം പാരമ്യത്തിലെത്തി നില്‍ക്കുമ്പോഴും ഭാവിദിശയറിയാതെ ഉഴലുകയാണ് ഈ രാജ്യം. കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് വെല്ലുവിളികളില്‍ ആദ്യത്തേത്. ഇന്ധന, ഭക്ഷ്യക്ഷാമം നേരിടുന്ന രണ്ടു കോടിയിലധികം വരുന്ന ശ്രീലങ്ക ജനതയ്ക്ക് തങ്ങളുടെ ഭാവിയെക്കുറിച്ചുപോലും ചിന്തിക്കാനാകുന്നില്ല. മാസങ്ങളോളം നീണ്ട കലാപകലുഷിതമായ അന്തരീക്ഷത്തിനൊടുവില്‍ പ്രസിഡന്റ് ഗോതബയ രാജപക്സെയുടെ കൊട്ടാരവും ഓഫീസും ജനങ്ങള്‍ കയ്യേറി. പ്രധാനമന്ത്രി റനില്‍ വിക്രമസിംഗെയുടെ സ്വകാര്യവസതിക്കു തീയിട്ടു. സൈന്യത്തിന്റെ മറവില്‍ ഒളിവില്‍ കഴിഞ്ഞ പ്രസിഡന്റും ഭാര്യയും സൈനിക വിമാനത്തില്‍ സിംഗപ്പൂരിലേക്കു കടന്നശേഷമാണ് രാജിക്കത്തുപോലും ഇ-മെയില്‍ ചെയ്തത്. മൂന്നു പതിറ്റാണ്ടോളം നീണ്ട ആഭ്യന്തരയുദ്ധമടക്കം ഒട്ടേറെ വെല്ലുവിളികളെ നേരിട്ട ലങ്കയുടെ സാമ്പത്തിക തകര്‍ച്ചയ്ക്ക് വലിയൊരു കാരണം മാറിവന്ന ഭരണകൂടങ്ങളുടെ അഴിമതിയും പിടിപ്പുകേടുമാണെന്നതാണ് യാഥാര്‍ത്ഥ്യം. വീണ്ടുവിചാരമില്ലാത്ത കടമെടുപ്പും ദീര്‍ഘവീക്ഷണമില്ലാത്ത നയതീരുമാനങ്ങളും ജനാവശ്യം കണക്കിലെടുക്കാത്ത ഭരണവും ഈ സങ്കീര്‍ണ്ണ സാഹചര്യത്തിലേക്കെത്തിച്ചു. ചരിത്രത്തില്‍ സമാനതകളില്ലാത്ത രാഷ്ട്രീയ-സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന ശ്രീലങ്കയ്ക്ക് നിലവില്‍ ഒരു വ്യവസ്ഥയുടെ അഭാവം വെല്ലുവിളിയാണ്.

ജനകീയ പ്രക്ഷോഭം ആര് നിയന്ത്രിക്കുന്നു എന്നുപോലും പറയാന്‍ കഴിയുന്നില്ല. അനിശ്ചിതത്വം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ രാഷ്ട്രീയകക്ഷികള്‍ ഒരു സംയുക്ത ദേശീയ സര്‍ക്കാരിനുവേണ്ടി ശ്രമിക്കുമ്പോഴും എന്തായിരിക്കും അതിന്റെ രാഷ്ട്രീയഭാവി എന്നുപോലും ചിന്തിക്കാന്‍ കഴിയുന്നില്ല. മൂന്നു മാസം മുന്‍പ് ആരംഭിച്ച പ്രക്ഷോഭം അവസാനിപ്പിക്കണമെങ്കില്‍ രാജ്യത്തെ പുതിയ പ്രസിഡന്റായി അധികാരമേറ്റ റെനില്‍ വിക്രമസിംഗെയും രാജിവയ്ക്കണമെന്നാണ് പ്രക്ഷോഭകര്‍ ആവശ്യപ്പെടുന്നത്. റെനില്‍ രാജിവയ്ക്കാതെ പ്രക്ഷോഭം അവസാനിപ്പിക്കില്ലെന്നാണ് അവരുടെ തീരുമാനം. ആക്ടിങ് പ്രസിഡന്റായതോടെ റെനില്‍ നടത്തിയ അടിയന്തരാവസ്ഥ പ്രഖ്യാപനവും ഫാസിസ്റ്റുകളെ അഴിഞ്ഞാടാന്‍ അനുവദിക്കില്ലെന്ന ഭീഷണിയും പ്രക്ഷോഭകര്‍ പ്രതിഷേധത്തോടെയാണ് നേരിട്ടതും. ഗോതബായയുടെ തിരിച്ചുവരവിന് റെനില്‍ വഴിയൊരുക്കുമെന്നും അദ്ദേഹം ഗോതബായയുടെ മനസ്സാക്ഷി സൂക്ഷിപ്പുകാരനാണെന്നും പ്രക്ഷോഭകര്‍ പറയുന്നു. അധികാരപദവിയില്‍നിന്ന് അദ്ദേഹവും വിട്ടുനില്‍ക്കണമെന്നാണ് പ്രക്ഷോഭകരുടെ ആവശ്യം. നിലവിലുള്ള ഭരണകൂട-അധികാര വ്യവസ്ഥകളില്‍ അവര്‍ വിശ്വാസവും പ്രതീക്ഷയും നഷ്ടപ്പെട്ടു. ആത്മവിശ്വാസവും പ്രതീക്ഷയും നല്‍കുന്ന ഒരു സര്‍ക്കാര്‍ അധികാരത്തില്‍ വരുമെന്നതാണ് അവരുടെ കണക്കുകൂട്ടല്‍. പക്ഷേ, ഇത് എത്രമാത്രം സാധ്യമാണെന്നതാണ് പ്രശ്‌നം.

ദീര്‍ഘകാലം ദ്വീപിന്റെ രാഷ്ട്രീയത്തില്‍ അതിശക്തരായി വാണ രാജപക്സെ കുടുംബത്തിന്റെ അധികാരപതനം സംഭവിച്ചുവെങ്കിലും അതിനുശേഷമെന്ത് സംഭവിക്കുമെന്നതില്‍ വ്യക്തതയില്ല. രാജപക്സെ കാലത്തിനുശേഷം ജനാധിപത്യം പുനഃസ്ഥാപിക്കുന്നതാണ് പ്രധാന വെല്ലുവിളി. പുതിയ ഭരണഘടനയും വ്യവസ്ഥയും വേണമെന്ന് വ്യാപകമായ ആവശ്യമുയര്‍ന്നിട്ടുണ്ട്. ജനാധിപത്യ-സോഷ്യലിസ്റ്റ് റിപ്പബ്ലിക് ഭരണഘടനയുള്ള രാജ്യമാണ് ശ്രീലങ്ക. ഭരണഘടനയില്‍ സോഷ്യലിസ്റ്റ് എന്നുള്ളതുകൊണ്ടുമാത്രം സാമ്പത്തിക-സാമൂഹ്യ സുരക്ഷ ഉറപ്പുവരുത്താന്‍ ശ്രീലങ്കയ്ക്കായില്ല. ഇനി ഏതു തരത്തിലുള്ള ഭരണഘടനയാണ് വരേണ്ടതെന്ന ചോദ്യം ബാക്കിയാകുന്നു. ഭരണഘടനയല്ല, അത് കൈകാര്യം ചെയ്യുന്ന ഭരണവ്യവസ്ഥയുടെ നിര്‍വ്വചനമാകും ശ്രീലങ്കന്‍ ജനതയ്ക്ക് കണ്ടെത്തേണ്ടിവരിക. മറ്റൊന്ന് ജനങ്ങളേറ്റവും വെറുത്ത എക്‌സിക്യൂട്ടീവ് പ്രസിഡന്‍ഷ്യല്‍ സമ്പ്രദായമാണ്. പുതിയ രാഷ്ട്രീയ പരിഷ്‌കാരങ്ങള്‍ക്കൊപ്പം ഈ സംവിധാനത്തിന്റെ പൊളിച്ചെഴുത്താണ് ഉയരുന്ന മറ്റൊരാവശ്യം. ഏതു പുതിയ സര്‍ക്കാര്‍ വന്നാലും അത്തരമൊരു നയരൂപീകരണം ആവശ്യവുമാണ്. 

ശ്രീലങ്കൻ പ്രസിഡന്റിന്റെ ഔദ്യോ​ഗിക കൊട്ടാരം ജനങ്ങൾ പിടിച്ചെടുത്തപ്പോൾ

അതിനു പുറമേ, പുതിയ പ്രസിഡന്റോ പ്രധാനമന്ത്രിയോ പുതിയ സര്‍ക്കാരോ വന്നാല്‍പോലും അവരെ ഓഡിറ്റ് ചെയ്യുന്ന സംവിധാനം വേണ്ടിവരും. ഭരണത്തിന്റെ സര്‍വ്വതലങ്ങളും അഴിമതിമുക്തമാക്കുന്നതിനുള്ള സംവിധാനം വേണ്ടിവരും. ഇന്ത്യയില്‍ ഇത്തരമൊരു സംവിധാനത്തിനുവേണ്ടിയുള്ള നിരന്തര ആവശ്യമുയര്‍ന്നപ്പോഴാണ് ലോക്പാല്‍ ബില്‍ പാസ്സാക്കിയത്. എന്നാല്‍, പിന്നീട് എന്തു സംഭവിച്ചുവെന്നത് രാജ്യം കണ്ടതാണ്. സുപ്രീംകോടതിയുടെ നിരന്തര വിമര്‍ശനത്തെത്തുടര്‍ന്നാണ് നിയമനംപോലും നടത്തിയത്. കാര്യക്ഷമമായ ഇത്തരമൊരു സംവിധാനമില്ലാതെ ശ്രീലങ്കയ്ക്ക് രക്ഷപ്പെടാനാകില്ല. ഇതെത്രമാത്രം സാധ്യമാണെന്നതാണ് മറുചോദ്യം. ഒരുപക്ഷേ, നമ്മള്‍ കണ്ടുപരിചയിച്ച രാഷ്ട്രീയമായിരിക്കില്ല രാജപക്സെ യുഗത്തിനു ശേഷമുണ്ടാകുക എന്നര്‍ത്ഥം. 

ടൂറിസം രംഗത്തെ തകര്‍ച്ച

ഭക്ഷണം, ഇന്ധനം, വൈദ്യുതി, മരുന്നുകള്‍ എന്നിവയ്ക്ക് നേരിടുന്ന വെല്ലുവിളിയാണ് മറ്റൊന്ന്. പ്രധാനമന്ത്രി ഈ മാസം അഞ്ചിനു പ്രഖ്യാപിച്ചത് അനുസരിച്ച് പൊതുഖജനാവില്‍ ആകെയുള്ളത് രണ്ടരക്കോടി ഡോളര്‍ മാത്രം. അതായത് 199 കോടി രൂപ. ലങ്കന്‍ രൂപയുടെ മൂല്യം 80 ശതമാനം ഇടിഞ്ഞു. ഒരു ഡോളറിന് 360 രൂപയിലധികം നല്‍കണം. നാണയപ്പെരുപ്പം 40 ശതമാനത്തിലധികം. ഭക്ഷ്യവിലക്കയറ്റം ചിന്തിക്കുന്നതിലുമപ്പുറം. നാലു ലക്ഷം കോടിയിലധികം വിദേശകടമുണ്ട്. തിരിച്ചടവ് മുടങ്ങിയതിനാല്‍ പലിശയും കൂട്ടുപലിശയും ചേര്‍ന്ന് ഭീമമായ തുക കടത്തിന്റെ പേരില്‍ പെരുകുന്നു. അരിയും പഞ്ചസാരയും പെട്രോളിയവും പാലും ഉള്‍പ്പെടെ ഇറക്കുമതി ചെയ്യുന്ന ശ്രീലങ്കയ്ക്ക് അതിനു പണമില്ല. ഇന്ധന ഇറക്കുമതിക്കു മാത്രം 3970 കോടി രൂപ വേണം. ഇതെങ്ങനെ കണ്ടെത്തുമെന്നതാണ് പുതിയ സര്‍ക്കാരിനും സംവിധാനത്തിനും മുന്നിലുള്ള പ്രധാന വെല്ലുവിളി. മാസങ്ങളായുള്ള ഈ ദുരിതമാണ് ഇപ്പോള്‍ കൊടുമ്പിരി കൊണ്ട പ്രക്ഷോഭത്തിന്റെ ട്രിഗര്‍. അടുത്ത ആറു മാസം പിടിച്ചുനില്‍ക്കണമെങ്കില്‍ 600 കോടി ഡോളറെങ്കിലും വേണ്ടിവരും. ഐ.എം.എഫില്‍നിന്നുള്ള വായ്പയാണ് പ്രതീക്ഷ. എന്തു നിബന്ധനയുണ്ടെങ്കിലും അത് ശ്രീലങ്കയ്ക്ക് അംഗീകരിച്ചേ മതിയാകൂ. ഇനി ഐ.എം.എഫുമായുള്ള ചര്‍ച്ചകള്‍ മുന്നോട്ടു പോകണമെങ്കില്‍ ഇടക്കാല സര്‍ക്കാര്‍ രൂപീകരിക്കുകയും വേണം.

ഈസ്റ്റര്‍ ദിനത്തിലെ ഭീകരാക്രമണവും കൊവിഡും സൃഷ്ടിച്ച പ്രതിസന്ധികളും ശ്രീലങ്കന്‍ ടൂറിസത്തെ സമാനതകളില്ലാത്ത പ്രതിസന്ധിയിലേക്കാണ് തള്ളിവിട്ടത്. കയറ്റുമതി-ഇറക്കുമതി അന്തരം കൂടുകയും ചെയ്തു. ഇതോടെ 2021 സെപ്റ്റബംറില്‍ത്തന്നെ സാമ്പത്തിക അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ഇതോടെ തന്നെ പ്രസിഡന്റിന്റെ രാജി ആവശ്യപ്പെട്ട് കഴിഞ്ഞ വര്‍ഷം തന്നെ പ്രക്ഷോഭങ്ങള്‍ തുടങ്ങിയിരുന്നു. പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ രാജ്യത്തേക്കുള്ള രാസവളങ്ങളുടെ ഇറക്കുമതി നിയന്ത്രിക്കുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തി ജനങ്ങളുടെ ആരോഗ്യം സംരക്ഷിക്കാനെന്ന പേരില്‍ ശ്രീലങ്കയില്‍ സമ്പൂര്‍ണ്ണമായും ജൈവകൃഷി വ്യാപകമാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ദീര്‍ഘവീക്ഷണമില്ലാത്ത ഈ നടപടിയാണ് ഇന്നു കാണുന്ന പ്രക്ഷോഭങ്ങളുടെ തുടക്കം. തേയില, അരി എന്നിവയുടെ ഉല്പാദനത്തേയും കയറ്റുമതിയേയും ഇതു ദോഷകരമായി ബാധിച്ചു. മൂന്നു നേരം ആഹാരം കഴിച്ചവര്‍ക്ക് അതു രണ്ട് നേരമായി ചുരുക്കേണ്ടിവന്നു. പത്തില്‍ ഒന്‍പതു കുടുംബങ്ങള്‍ക്കും ഒരു നേരത്തെയെങ്കിലും ആഹാരം കുറയ്‌ക്കേണ്ടിവന്നുവെന്നാണ് ഐക്യരാഷ്ട്രസഭയുടെ ഭക്ഷ്യസമിതിയുടെ കണക്ക്. അന്നു മുതല്‍ കര്‍ഷകര്‍ സമരപാതയിലാണ്. സ്‌കൂള്‍ അദ്ധ്യാപകരും പ്ലാന്റേഷന്‍ തൊഴിലാളികളും കഴിഞ്ഞ വര്‍ഷം മുതല്‍ സമരം നടത്തുന്നു. ഈ വര്‍ഷം മാര്‍ച്ച് മാസത്തോടെ മധ്യവര്‍ഗ്ഗക്കാരും ഇവരുടെ പ്രക്ഷോഭങ്ങളില്‍ അണിചേര്‍ന്നു. ഗോതബായ വീട്ടിലേക്ക് പോകൂ എന്നായിരുന്നു അവരുടെ സമരത്തിന്റെ മുദ്രാവാക്യം. 

സ്ഥാനമൊഴിഞ്ഞ ശ്രീലങ്കൻ പ്രസി‍ഡന്റ് ​ഗോതബായ രാജപക്സെ

വര്‍ഗ്ഗ-വംശീയ-തലമുറകളുടെ വേര്‍തിരിവില്ലാതെ ശ്രീലങ്കയുടെ സമകാലിക രാഷ്ട്രീയത്തില്‍ ജനാധിപത്യത്തിനുവേണ്ടിയുള്ള ആവശ്യമുയരുന്നുവെന്നതാണ് പ്രത്യേകത. അടുത്തകാലം വരെ കടുത്ത വംശീയ അതിക്രമങ്ങളും വര്‍ഗ്ഗീയ മുന്‍വിധികളും മൂലം ഭിന്നിച്ചുനിന്ന ദേശമായിരുന്നു ലങ്ക. അതിനു പ്രേരകമായി വര്‍ത്തിക്കുന്നത് സാമൂഹ്യമുന്നേറ്റവും. വെറും ഭരണമാറ്റത്തിനു മാത്രമല്ല ഈ മുന്നേറ്റം ഊന്നല്‍ നല്‍കുന്നത്. രാഷ്ട്രീയ വ്യവസ്ഥയുടെ മൊത്തത്തിലുള്ള മാറ്റമാണ്. രാഷ്ട്രീയ വരേണ്യവര്‍ഗ്ഗം പ്രത്യേകിച്ച് രാജപക്സെ സഹോദരന്മാര്‍ നിരന്തരം ദുരുപയോഗം ചെയ്ത പാര്‍ലമെന്ററി ജനാധിപത്യത്തിന്റെ വ്യവസ്ഥകളിലും കീഴ്വഴക്കങ്ങളിലും പരിഷ്‌കാരങ്ങള്‍ വേണമെന്ന് ആ മുന്നേറ്റം ആഗ്രഹിക്കുന്നു. അതുകൊണ്ട് തന്നെ ജനാധിപത്യത്തിലേക്കുള്ള തിരിച്ചുവരവ് എന്നതിനപ്പുറം ജാഗ്രതയുള്ള ചട്ടക്കൂടുകള്‍ക്കും പരിശോധനകള്‍ക്കുമകത്തുള്ള പ്രാതിനിധ്യ സംവിധാനമാകും വേണ്ടിവരിക. അഴിമതിയും രാഷ്ട്രീയ അധികാര ദുര്‍വ്വിനിയോഗവും തടയുന്നതിനുള്ള ഫലപ്രദമായ നടപടികള്‍ ഉള്‍ക്കൊള്ളുകയും ആ നടപടികളില്‍ വോട്ടര്‍മാര്‍ക്ക് വിശ്വാസമാര്‍ജ്ജിക്കുകയും വേണം. പാര്‍ലമെന്റിനേയും തെരഞ്ഞെടുപ്പുകളേയും മറികടക്കുന്ന ജനാധിപത്യ നടപടികളുടെ സംയോജനമാണ് പ്രക്ഷോഭകര്‍ ആഗ്രഹിക്കുന്നത്. പക്ഷേ, ഇതൊക്കെ പ്രയോഗരൂപത്തിലാകുമോ എന്നത് സംശയകരവുമാണ്. വ്യവസ്ഥിതിയുടെ സമ്പൂര്‍ണ്ണ മാറ്റത്തിനു പോരാട്ടം തുടരുമെന്നാണ് പ്രക്ഷോഭത്തിന്റെ മുന്‍നിരക്കാരനായ ഫാദര്‍ ജീവന്ത പെരിസ് കഴിഞ്ഞ ദിവസവും പറഞ്ഞത്.

പ്രതിഷേധക്കാർ ശ്രീലങ്കൻ പ്രസി‍ഡന്റിന്റെ ഔദ്യോ​ഗിക വസതി കയ്യേറിയപ്പോൾ

അതുകൊണ്ടുതന്നെ ജൂലൈ ആദ്യവാരമുണ്ടായ നാടകീയ സംഭവങ്ങളുടെ തുടര്‍ച്ചയായി സംഭവിച്ചേക്കാവുന്ന ശ്രീലങ്കന്‍ രാഷ്ട്രീയത്തിലെ ശുദ്ധീകരണത്തെച്ചൊല്ലിയാണ് ആശങ്കകള്‍. പ്രക്ഷോഭം അതിശക്തമായി മുന്നേറിയെങ്കിലും അടിസ്ഥാന വിഭാഗങ്ങളില്‍പ്പെട്ട ജനങ്ങള്‍ വലിയതോതില്‍ പങ്കാളികളായെങ്കിലും അതിനു വ്യക്തമായ ഒരു ദിശയും നേതൃത്വവും ഇനിയുമുണ്ടായിട്ടില്ല. 

പൊലീസും പട്ടാളവും പ്രക്ഷോഭകര്‍ക്ക് അനുകൂലമാണെങ്കിലും പുതിയ സര്‍ക്കാര്‍ അധികാരമേറ്റെടുത്താല്‍ അതാവില്ല സ്ഥിതി. കാര്യങ്ങളൊക്കെ ഏറെക്കുറെ ആഗ്രഹിച്ച ദിശയിലെത്തിയ സ്ഥിതിക്ക് ഇനിയും പ്രക്ഷോഭം തുടരാതെ സമാധാനം നിലനിര്‍ത്താന്‍ ഭരണകൂടത്തെ സഹായിക്കണമെന്നാണ് സൈനികമേധാവിയുടെ പ്രസ്താവന. അപകടകരമായ സ്ഥിതിവിശേഷത്തെക്കുറിച്ചുള്ള മുന്നറിയിപ്പാണ് ഇത്. എന്നാല്‍, കാര്യങ്ങള്‍ പഴയപടിയാകുമെന്ന ധാരണയില്‍ പ്രക്ഷോഭകാരികള്‍ പിരിഞ്ഞുപോകില്ല. അരഗാലയ എന്നു വിളിക്കപ്പെടുന്ന ഈ പ്രക്ഷോഭം തുടര്‍ന്നാല്‍ പട്ടാളം അധികാരം പിടിച്ചെടുത്തേക്കാം. ഒരു ഭരണവര്‍ഗ്ഗ രാഷ്ട്രീയ പാര്‍ട്ടികളോടും ജനങ്ങള്‍ക്ക് മതിപ്പില്ലാത്തതിനാല്‍ അതിനു സാധ്യത കൂടുതലാണ്.

ഭരണാധികാരികൾക്കെതിരായ ജന മുന്നേറ്റം

സാമ്രാജ്യത്വവിരുദ്ധ പോരാട്ടത്തിന്റെ ലക്ഷണങ്ങളൊന്നും തന്നെയില്ലെന്നതാണ് മറ്റൊരു പ്രത്യേകത. അതുകൊണ്ട് ഉദാരവല്‍ക്കരണവും നവലിബറല്‍ നയങ്ങളും പൂര്‍വ്വാധികം ശക്തമായി തുടരാനാണ് സാധ്യത. 1970-കളില്‍ ജയവര്‍ധനെ സര്‍ക്കാര്‍ നടപ്പാക്കിയ ഉദാരവല്‍ക്കരണമായിരുന്നു വംശീയ പക്ഷപാതിത്വമുള്ള വികസന നയത്തിനു കാരണം. തമിഴ് രാഷ്ട്രവാദത്തിനു എല്‍.ടി.ടി.ഇയുടേയും വളര്‍ച്ചയ്ക്ക് വഴിയൊരുക്കിയതും ഇതുതന്നെയായിരുന്നു. 2009-ല്‍ എല്‍.ടി.ടി.ഇയ്‌ക്കെതിരെയുള്ള യുദ്ധം സര്‍വ്വസീമകളും ലംഘിച്ചു. ഉദാരവല്‍ക്കരണവും സൈനികവല്‍ക്കരണവും മാറിവന്ന സര്‍ക്കാരുകള്‍ മുന്നോട്ടു കൊണ്ടുപോയപ്പോഴും അതിന്റെ ഇരകളായത് സാദാ മനുഷ്യരായിരുന്നു.

ഈ ലേഖനം കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പ്രഭാകരന്‍ വീണിട്ട് 15 വര്‍ഷം; പുലികള്‍ വീണ്ടും സംഘടിക്കുന്നു?, ശ്രീലങ്കയില്‍ ജാഗ്രത

ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച മിനി ബസ് മറിഞ്ഞു; ഒരു കുട്ടിമരിച്ചു

'പത്ത് വർഷം കൊണ്ട് രാജ്യത്തിനുണ്ടായ വളർച്ച അതിശയിപ്പിക്കുന്നത്'; മോദിയെ പ്രശംസിച്ച് രശ്മിക

റെക്കോര്‍ഡുകളുടെ പെരുമഴയില്‍ ബാബര്‍ അസം കോഹ്‌ലിയെയും മറികടന്നു

പാക് അധീന കശ്മീര്‍ നമ്മുടേത്; തിരിച്ചുപിടിക്കാന്‍ ബിജെപി സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധം: അമിത് ഷാ