ലേഖനം

ഇതു കത്തോലിക്കാസഭയുടെ ആഗോള പ്രതിസന്ധി

പോള്‍ തേലക്കാട്ട്

കേരളത്തിലെ സകലയിടങ്ങളിലും ജനങ്ങള്‍ മതവ്യത്യാസമില്ലാതെ ഈ അടുത്തകാലത്തു ചോദിക്കുന്ന ഒരു ചോദ്യമാണ്: കത്തോലിക്കാസഭയ്ക്ക് എന്തുപറ്റി? ആളുകള്‍ അങ്ങനെ ചോദിക്കുന്നതിന്റെ കാരണങ്ങള്‍ ഏതാണ്ട് വ്യക്തമാണ്. ഒരു കര്‍ദ്ദിനാള്‍ ഏഴു ക്രിമിനല്‍ കേസുകള്‍ നേരിടുന്നു, സ്വത്ത് കച്ചവടത്തിന്റെ പേരില്‍ ഭരണപരമായി രൂപതാധികാരത്തില്‍ നിന്നു മാറ്റിനിറുത്തിയിരിക്കുന്നു. കന്യാസ്ത്രീകള്‍ പരസ്യമായി ഒരു മെത്രാന്‍ അവരില്‍ ഒരുവളെ ബലാത്സംഗം ചെയ്തു എന്ന പരാതിയുമായി സമരപന്തലില്‍. ഇത് ഒരാള്‍ക്കെതിരെ മാത്രമല്ല. കേരളത്തിനു പുറത്തും ഈ കഥകള്‍ ആവര്‍ത്തിക്കുന്നതുപോലെ. ആളുകള്‍ അന്തംവിട്ട് നില്‍ക്കുന്നു. ഈ സംഭവങ്ങളില്‍ മാത്രമല്ല, കത്തോലിക്കാസഭയ്ക്കു നല്ല കെട്ടുറപ്പുണ്ട് എന്ന് എല്ലാവരും കരുതിയിരുന്നു. കൃത്യമായി കാര്യങ്ങള്‍ അന്വേഷിച്ച് നടപടി എടുക്കുന്ന സംവിധാനങ്ങളുമുണ്ട്. എന്നിട്ടും ഇതൊക്കെ എന്തുകൊണ്ട് സംഭവിച്ചു, അതൊക്കെ തീരുമാനങ്ങളില്ലാതെ തുടരുന്നു. കന്യാസ്ത്രീകള്‍ തങ്ങളെ കടന്നാക്രമിച്ചു എന്ന പരാതിയുമായി അധികാരത്തിന്റെ വാതിലുകള്‍ നിരന്തരം കേറിയിറങ്ങി; ഒരു പ്രതിവിധിയുമില്ലാതെ.

ഒരു രൂപതയിലെ വൈദികരും ജനങ്ങളും അവരുടെ മെത്രാന്‍ സംഘത്തിന്റെ തീരുമാനത്തിനെതിരെ വിഘടിക്കുന്നു. അതു സമരത്തിലേക്കു നീങ്ങി. പൊലീസ് സംരക്ഷണത്തില്‍ ചില മെത്രാന്മാര്‍ കുര്‍ബ്ബാന ചൊല്ലുന്നു. അവിടെയും അടിപിടിയുണ്ടാകുന്നു. മനസ്സിലാക്കാനാവാത്തവിധം കാര്യങ്ങള്‍ നിയന്ത്രിക്കാനോ പരിഹാരിക്കാനോ നേതൃത്വം പരാജയപ്പെടുന്നു. വ്യഭിചാരക്കുറ്റം ചുമത്തപ്പെട്ട മെത്രാന്‍ നൈയാമികമായി അതേ സ്ഥാനത്തു തുടരുന്നു. ഒരു അനുഷ്ഠാനം നടപ്പിലാക്കിയില്ല എന്നതിന്റെ പേരില്‍ ഒരു മെത്രാന്റെ രാജി എഴുതിവാങ്ങി പുറത്താക്കുന്നു!

എന്താണ് സംഭവിക്കുന്നത്? ഇതു കേരളത്തിലും ഇന്ത്യയിലും മാത്രം ഒതുങ്ങിനില്‍ക്കുന്ന പ്രശ്‌നമാണോ? ഞാന്‍ ഭിന്നാഭിപ്രായക്കാരനാണ്. ഇതു കത്തോലിക്കാസഭയുടെ ആഗോള പ്രതിസന്ധിയാണ് എന്നു പറയേണ്ടിവരുന്നു. എന്താണ് പ്രശ്‌നം എന്നതുതന്നെ മനസ്സിലാക്കാന്‍ സമയമെടുക്കുന്നു. കാണുന്നതു രോഗലക്ഷണങ്ങള്‍ മാത്രമാണ്. ഈ രോഗം പല സ്ഥലങ്ങളില്‍ പല വിധത്തില്‍ പ്രകടമാകുന്നു. കേരളത്തില്‍ രോഗം പ്രത്യക്ഷമായതു വസ്തുകച്ചവടവും അനുഷ്ഠാനപ്രശ്‌നവും വ്യഭിചാരപ്രശ്‌നവുമായിട്ടാകാം. ഇതിലെല്ലാം ഒരു പ്രത്യേകതയുണ്ട്; എല്ലാം മെത്രാന്മാരുമായി ബന്ധപ്പെട്ടതാണ്. ഇതിനെ എതിര്‍ത്ത വൈദികര്‍ അവരെയാണ് എതിര്‍ത്തത്. സഭയുടെ ഉന്നത അധികാരവുമായിട്ടാണ് ഏറ്റുമുട്ടുന്നത്. കാര്‍ഡിനല്‍ എന്ന ഉന്നത അധികാരവുമായി ബന്ധപ്പെട്ടാണ് ഗൗരവമായ ആരോപണങ്ങള്‍ സംഭവിച്ചത്. വ്യഭിചാരാരോപണവും മെത്രാനെതിരെ. ഈ ആരോപണങ്ങളെ മെത്രാന്മാര്‍ എങ്ങനെയാണ് കണ്ടത്? മെത്രാന്മാര്‍ എല്ലാവരും അങ്ങനെയാണ് എന്നും അഭിപ്രായമില്ല. എല്ലാവരും അഥവാ ഭൂരിപക്ഷം ആരോപിതമായ മെത്രാന്റെ പക്ഷംപിടിച്ച് ആരോപിക്കുന്നവരെ എതിര്‍ക്കുന്ന നിലപാടാണ് സ്വീകരിച്ചത്. ആ നിലപാടുതന്നെ ഭൂരിപക്ഷം വൈദികരും കന്യാസ്ത്രീകളും ജനങ്ങളും സ്വീകരിക്കുന്നു. ബലാല്‍സംഗം ചെയ്തുവെന്ന് ആരോപിക്കപ്പെട്ടവന്‍ താരമായി, പീഡിതനും ഇരയുമായി എന്നു പരസ്യമായി പറയുന്നു. വ്യഭിചരിക്കപ്പെട്ടു എന്നു പറഞ്ഞവള്‍ വില്ലന്‍ വേഷമണിഞ്ഞവളായി. ഇതേ സമീപനമാണ് ഭൂമികച്ചവടത്തിലും അനുഷ്ഠാനപ്രശ്‌നത്തിലും കണ്ടത്. പാവം പിതാക്കന്മാര്‍ ആക്രമിക്കപ്പെടുന്നു!

ജോൺ പോൾ രണ്ടാമൻ

പ്രതിഷേധ ചരിത്രം 

കത്തോലിക്കാസഭയില്‍ പ്രതിഷേധം പുത്തന്‍കാര്യമാണ് എന്നു ചരിത്രം പറയുന്നില്ല. ധാര്‍മ്മിക വിഷയങ്ങളിലും വിശ്വാസവിഷയങ്ങളിലും വിഘടിച്ച മെത്രാന്മാരും വൈദികരും ദൈവശാസ്ത്രജ്ഞന്മാരും ചരിത്രത്തില്‍ ഉണ്ടായിട്ടുണ്ട്. പോള്‍ ആറാമന്‍ പാപ്പ 1968-ല്‍ കൃത്രിമ ജനനനിയന്ത്രണം എതിര്‍ത്തുകൊണ്ട് ഔാമിമല ഢശമേല  മനുഷ്യജീവന്‍ എന്ന ചാക്രികലേഖനമെഴുതി. അതു ഗൗരവമേറിയ ധാര്‍മ്മിക പ്രശ്‌നത്തിലായിരുന്നു നിശ്ചയം, ഈ ചാക്രികലേഖനത്തിനെതിരെ പ്രതിഷേധിച്ചവര്‍ പലരും പാശ്ചാത്യനാടുകളിലാണ്, അവര്‍ പലരും മെത്രാന്മാരും ദൈവശാസ്ത്രജ്ഞന്മാരുമായിരുന്നു. സ്ത്രീകള്‍ക്കു വൈദികപട്ടം കൊടുക്കാനാവില്ല എന്നു ജോണ്‍ പോള്‍ രണ്ടാമന്‍ അസന്ദിഗ്ദ്ധമായി തീരുമാനിച്ചു. എന്നാല്‍, വിയന്നയിലെ കര്‍ദ്ദിനാളായിരുന്ന കാര്‍ഡിനല്‍ ഷേണ്‍ബോണ്‍ അതു സൂനഹദോസ് നിശ്ചയിക്കും എന്നു പറഞ്ഞു. പെസഹായ്ക്കു സ്ത്രീകളുടേയും കാല്‍ കഴുകാം എന്നു ഫ്രാന്‍സിസ് പാപ്പ അനുവദിച്ചു. അതു വേണ്ട എന്ന് സീറോ മലബാര്‍ സഭയിലെ മെത്രാന്മാര്‍ തീരുമാനിച്ചു. മുകളില്‍ പറഞ്ഞ വിമര്‍ശന വിയോഗങ്ങളില്‍ ഒന്നും കാണാത്ത കാഠിന്യമാണ് നിസ്സാരമായ ഒരു അനുഷ്ഠാനപ്രശ്‌നത്തില്‍ ഇപ്പോള്‍ സീറോ മലബാര്‍ മെത്രാന്മാര്‍ എടുക്കുന്നത്. ഐകരൂപ്യം അടിച്ചേല്പിക്കുമെന്ന നിശ്ചയത്തിന്റെ പിന്നില്‍ നില്‍ക്കുന്നതു വൈവിധ്യങ്ങള്‍ തമ്മിലുണ്ടാകാവുന്ന സംഘര്‍ഷത്തെ വൈരുദ്ധ്യസംഘര്‍ഷമായി കണ്ട് തെറ്റും ശരിയും തമ്മിലുള്ള വര്‍ഗ്ഗ സംഘട്ടന സ്വഭാവം സ്വീകരിക്കുന്നു. പണ്ട് പിശാചുവേട്ട നടത്തിയപ്പോഴും കുരിശുയുദ്ധം നടത്തിയപ്പോഴും ഇതേ സമീപനമായിരുന്നു.

വസ്തു കച്ചവട വിവാദത്തില്‍ രണ്ടു കമ്മിഷന്‍ റിപ്പോര്‍ട്ടുകള്‍ മെത്രാന്മാര്‍ക്കും വ്യക്തമായി അറിയാം. ഒരു റിപ്പോര്‍ട്ട് പരസ്യമാണ്. എന്നിട്ടും ചില മെത്രാന്മാര്‍ പരസ്യമായി പറഞ്ഞു നടക്കുന്നു ''അതില്‍ ധാര്‍മ്മികമായ ഒരു തെറ്റുമില്ല. എല്ലാവരും ചെയ്യുന്നതാണ് ഇതൊക്കെ.'' ഇതു പറയുന്നവര്‍ എന്തുകൊണ്ട് ഇതു പറയുന്നു? ചിലര്‍ രഹസ്യത്തില്‍ പറയുന്ന ഒരു വാചകമുണ്ട് ''വൈദികാധിപത്യം അനുവദിക്കില്ല.'' മെത്രാന്മാരുടെ അധികാരം ചോദ്യം ചെയ്യാന്‍ അനുവദിക്കില്ല. വിവാദത്തിന്റെ സ്വഭാവം മാറുന്നു. പ്രതിഷേധങ്ങളെ മെത്രാന്മാരുടെ അധികാരത്തെ വെല്ലുവിളിക്കുന്നതായി മാറുന്നു.

ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് കൊച്ചിയിൽ കന്യാസ്ത്രീകൾ 2018ൽ നടത്തിയ സമരം

ബാലപീഡന വസന്ത

കേരള സമൂഹത്തില്‍ ഇതു നടന്നപ്പോള്‍ ആഗോള കത്തോലിക്കാസഭയില്‍ നടന്നതു മറ്റൊരു വസന്തയാണ്. അതു പ്രായപൂര്‍ത്തിയാകാത്തവരെ വൈദിക ശ്രേണിയിലുള്ളവര്‍ ലൈംഗികമായി പീഡിപ്പിച്ച വസന്തയുടെ കഥകളായിരുന്നു. 2004-ലെ കണക്കനുസരിച്ച് കത്തോലിക്കാസഭയില്‍ 10,607 കേസുകളാണുണ്ടായത്. അതില്‍ ഉള്‍പ്പെട്ടത് 4,392 വൈദികരാണ്. സഭയെ പിടിച്ചുലച്ച വലിയ ഉതപ്പുകളായിരുന്നു നടന്നത്. ഇതു പലതും നടന്നത് ജോണ്‍ പോള്‍ രണ്ടാമന്റേയും ബെനഡിക്ട് പതിനാറാമന്റേയും കാലത്താണ്. ജോണ്‍ പോള്‍ രണ്ടാമന്‍ ഇതു നിയന്ത്രിക്കാന്‍ ഒന്നും ചെയ്തില്ല എന്ന വിമര്‍ശനം ജര്‍മന്‍ സഭയില്‍ ഉണ്ടായി.

ഈ പ്രതിസന്ധി ജര്‍മനിയില്‍ ആദ്യമായി പരസ്യമായി പറഞ്ഞതു ബര്‍ലിനില്‍ കനീസ്സിയൂസ് കോളേജ് ഡയറക്ടര്‍ ആയിരുന്ന ക്ലാവൂസ് മെര്‍റ്റ്സ് എന്ന ഈശോസഭാ വൈദികനായിരുന്നു. അദ്ദേഹത്തിന്റെ വെളിപ്പെടുത്തല്‍ ജര്‍മനിയെ ഞെട്ടിച്ചു. അദ്ദേഹത്തിന്റെ ഈ പരസ്യപരാമര്‍ശങ്ങളെ വെറും 'പരദൂഷണം' എന്ന് വത്തിക്കാനിലെ സ്റ്റേറ്റ് സെക്രട്ടറിയായിരുന്ന കാര്‍ഡിനല്‍ പറഞ്ഞുതള്ളി. പക്ഷേ, അദ്ദേഹത്തെ അനുകൂലിച്ച് വിയന്നയിലെ കാര്‍ഡിനല്‍ സംസാരിച്ചു. അദ്ദേഹം പിന്നീട് ജര്‍മനിയിലെ പ്രസിദ്ധമായ സ്പീഗല്‍ (Mirror) വാരികയ്ക്കു കൊടുത്ത അഭിമുഖത്തില്‍ ചോദിച്ചു. 1990-നു ശേഷം 26 ലക്ഷം കത്തോലിക്കര്‍ ജര്‍മനിയില്‍ കത്തോലിക്കാസഭ വിട്ടുപോയി. അതില്‍ സഭാധികാരികള്‍ക്കു വിഷമമില്ലേ? അദ്ദേഹം പറഞ്ഞു: ''അങ്ങനെ വിഷമമുണ്ടാകണമെന്നില്ല. തങ്ങളാണ് സഭയെന്നും സഭയില്‍ സത്യസന്ധരായി അനുസരിച്ച് ജീവിക്കുന്ന കുറച്ചുപേര്‍ മതിയെന്നുമാണ് അവര്‍ കരുതുന്നത്.'' കേരളത്തിലേയും പാശ്ചാത്യനാടുകളിലേയും കത്തോലിക്കര്‍ തമ്മില്‍ ഒരു വലിയ വ്യത്യാസമുണ്ട്. കേരള കത്തോലിക്കര്‍ പരസ്യമായി എതിര്‍ക്കാന്‍ മാത്രം സഭയില്‍ താല്പര്യമുള്ളവരാണ്. ജര്‍മനിയില്‍ അതല്ല അവര്‍ പള്ളിയുമായി ബന്ധം വിടുന്നു. പിന്നെ ഇവിടെ കണക്കെടുപ്പില്ലല്ലോ.

ജര്‍മന്‍ സഭ ലൈംഗിക വസന്തയുടെ പ്രശ്‌നം പഠിക്കാന്‍ ഒരു വിദഗ്ദ്ധസമിതിയെ നിയമിച്ചു. ഇതുപോലുള്ള സമിതികള്‍ മറ്റു രാജ്യങ്ങളിലുമുണ്ടായി. ഈ പശ്ചാത്തലത്തില്‍ വേണം ബെനഡിക്ട് മാര്‍പാപ്പയുടെ രാജി മനസ്സിലാക്കാനും. ബെനഡിക്ടിനുശേഷമാണ് ചരിത്രത്തില്‍ ആദ്യമായി ഒരു ഈശോസഭക്കാരന്‍ മാര്‍പാപ്പയാകുന്നത്. അദ്ദേഹം ഇറ്റാലിയന്‍ വംശജനെങ്കിലും എല്ലാ അര്‍ത്ഥത്തിലും ലത്തിന്‍ അമേരിക്കക്കാരനായിരുന്നു. ലാറ്റിന്‍ അമേരിക്കന്‍ ഭൂഖണ്ഡം എന്തുകൊണ്ടും തനിമയാര്‍ന്നവിധം കത്തോലിക്കാ ജീവിതത്തിന്റ നാടുകളായിരുന്നു. അര്‍ജന്റീനക്കാരനായ അദ്ദേഹം മാര്‍പാപ്പയായിട്ട് വത്തിക്കാന്‍ അരമനയില്‍ പ്രവേശിക്കാന്‍ സന്നദ്ധനല്ലാതെ പുറത്തു താമസിച്ചു. മാത്രമല്ല, ഈ കാലഘട്ടത്തില്‍ അദ്ദേഹം നടത്തിയ ഒരു പ്രസ്താവന ഒരു മാര്‍പാപ്പയില്‍നിന്ന് ആരും പ്രതീക്ഷിക്കാത്തതായിരുന്നു. ''അരമന പാപ്പ സ്ഥാനത്തിന്റെ കുഷ്ഠമാണ്.'' ഇതു വത്തിക്കാന്‍ ഭരണകൂടത്തിനെതിരായ പരസ്യവിമര്‍ശനമായിരുന്നു. ഈ വിമര്‍ശനം ബെനഡിക്ട് മാര്‍പാപ്പയുടെ രാജിയേയും വ്യാഖ്യാനിക്കുന്നു. ഫ്രാന്‍സിസ് മാര്‍പാപ്പ വത്തിക്കാന്‍ ഭരണകൂടത്തെ നവീകരിക്കാന്‍ ഏഴു കര്‍ദ്ദിനാളന്മാരുടെ കമ്മിറ്റി രൂപീകരിച്ചു. വത്തിക്കാന്റെ സാമ്പത്തിക കാര്യങ്ങള്‍ നിയന്ത്രിക്കാന്‍ ഓസ്ട്രേലിയക്കാരനായ കാര്‍ഡിനല്‍ നിയമിതനായി. പക്ഷേ, അദ്ദേഹത്തിനെതിരെ ഓസ്ട്രേലിയായില്‍ ലൈംഗികാരോപണങ്ങള്‍ പൊട്ടിത്തെറിച്ചു. അദ്ദേഹം തിരിച്ചുപോയി കുറ്റവിമുക്തനായി. അതു മറ്റൊരു അഴിമതിക്കഥ പുറത്താക്കി. ഈ കുറ്റാരോപണത്തില്‍ വത്തിക്കാനിലെ ഉയര്‍ന്ന ഒരു കര്‍ദ്ദിനാള്‍ സാമ്പത്തിക കുറ്റാരോപണത്തില്‍ പുറത്തായി.

കർദ്ദിനാൾ മാർ ആലഞ്ചേരി

പുതിയ സമീപനങ്ങള്‍ 

ദൈവശാസ്ത്രജ്ഞനും ജോണ്‍ പോള്‍ രണ്ടാമന്റെ വലംകൈയായി പാരമ്പര്യവാദിയായി അറിയപ്പെട്ട ബെനഡിക്ട് എന്ന റാറ്റ്സിംഗറിനുശേഷം ഫ്രാന്‍സിസ് മാര്‍പാപ്പയായി തിരഞ്ഞെടുക്കപ്പെട്ടതു പുതിയ സമീപനങ്ങള്‍ക്കു കാരണമായി. ഒരിക്കലും സംഭവിക്കാത്തതാണ് സംഭവിച്ചത്, വത്തിക്കാന്‍ നയതന്ത്രത്തില്‍നിന്നു മാറിയൊരാളാണ് മാര്‍പാപ്പയായി തിരഞ്ഞെടുക്കപ്പെട്ടത്. പുതിയ പാപ്പ സാമൂഹിക പ്രസ്ഥാനങ്ങളുടെ നേതാക്കളെ വത്തിക്കാനില്‍ വിളിച്ചുകൂട്ടി മുതലാളിത്തത്തെ പരസ്യമായി വിമര്‍ശിച്ച സമ്മേളനം ശ്രദ്ധേയമായി. രണ്ടാം വത്തിക്കാന്‍ സൂനഹദോസിനു ശേഷമുള്ള വിശ്വാസി എന്നതുപോലെ തന്റെ ലാറ്റിന്‍ അമേരിക്കയിലെ രാഷ്ട്രീയവും സംഘര്‍ഷഭരിതവുമായ ചരിത്രം ജീവിച്ച ബര്‍ഗോളിയോ ആയിരുന്നു മാര്‍പാപ്പ. അദ്ദേഹത്തിന്റെ ജര്‍മനിയില്‍ വെച്ച് നടന്ന ഡോക്ടറല്‍ പഠനപ്രബന്ധം പൂര്‍ത്തിയാകാതെ പോയി. അതു ജര്‍മന്‍ ചിന്തകനായിരുന്ന റൊമാനനൊ ഗാര്‍ദിനിയെക്കുറിച്ചായിരുന്നു. അദ്ദേഹത്തിന്റെ മനുഷ്യദര്‍ശനം ഹേഗലിന്റേയും മാര്‍ക്‌സിന്റേയും വഴിയാകാതെ ഇരുധ്രുവ സംഘട്ടനങ്ങള്‍ സംശ്ലേഷിക്കുന്ന ദര്‍ശനമായിരുന്നു. നാസികളുടെ കാലത്തില്‍ ബര്‍ലിന്‍ യൂണിവേഴ്സിറ്റിയില്‍നിന്നു പുറത്താക്കപ്പെട്ടതായിരുന്നു ഗാര്‍ദീനി. പ്രതിസന്ധികളും സംഘട്ടനങ്ങളും സമാധാനപൂര്‍വ്വം പരിഹരിക്കാനുതകുന്ന നാല് തത്ത്വങ്ങള്‍ ഫ്രാന്‍സിസ് മാര്‍പാപ്പ മുന്നോട്ടു വയ്ക്കുന്നു. ഈ നാലു തത്ത്വങ്ങളും അദ്ദേഹം മാര്‍പാപ്പയായി ഒരു ചാക്രികലേഖനത്തില്‍ (Gaudium Evangelii) കൃത്യമായി ഉള്‍പ്പെടുത്തി. (1) കാലം സ്ഥലത്തേക്കാള്‍ പ്രധാനമാണ്. (2) സംഘര്‍ഷത്തിന്മേല്‍ ഐക്യം വിജയം വരിക്കുന്നു. (3) യാഥാര്‍ത്ഥ്യം ആശയത്തേക്കാള്‍ പ്രധാനമാണ്. (4) മുഴുവനും ഭാഗത്തേക്കാള്‍ മഹത്തരമാണ്.

ജർമനിയിലെ ഫ്രാങ്കഫർട്ടിൽ അഞ്ചാം സിനഡ് യോ​ഗത്തിനു മുന്നോടിയായി ഒരു കൂട്ടം വനിതകൾ നടത്തിയ പ്രതിഷേധ പ്രകടനം. തുല്യ അവകാശം ആവശ്യപ്പെട്ടാണ് കെഎഫ്ഡിയെന്ന പേരിൽ കൂട്ടായ്മ സമരം നടത്തിയത്

കാഴ്ചപ്പാടു മാറ്റത്തിന്റെ തത്ത്വങ്ങള്‍ 

സമയം സ്ഥലത്തേക്കാള്‍ പ്രധാനമെന്നത് ഒരു കാര്യത്തില്‍ പ്രാധാന്യം കൊടുക്കുന്നു, തിടുക്കത്തിലും ആവേശത്തിലും കാര്യങ്ങള്‍ തീര്‍പ്പാക്കാതിരിക്കുക. അവിടെ വെടിയേണ്ടതു കളപറിക്കലാണ്. കളപറിക്കരുത് എന്നാണ് യേശു പഠിപ്പിച്ചത്. എന്താണ് കള എന്നറിയില്ല. അതിനു കാലമെടുക്കും. ഭ്രാന്തമായി തീര്‍പ്പു കല്പിക്കാതിരിക്കുക. തീര്‍പ്പിനുവേണ്ട പ്രക്രിയകള്‍ക്ക് ആരംഭമിടുക. സംഘര്‍ഷങ്ങള്‍ ശരിയും തെറ്റും തമ്മിലാകണമെന്നില്ല. രണ്ടു ശരികള്‍ തമ്മിലാകും. കാലം ആയിത്തീരലാണ്. അതിനു പ്രാമുഖ്യം കൊടുക്കുക. ഇടത്തിന്റെ അതിരുകള്‍ വിധിയുടെ വെപ്രാളം സൃഷ്ടിക്കും.

വൈവിധ്യങ്ങള്‍ സംഘര്‍ഷങ്ങള്‍ക്കു കാരണമാകാം. ഐക്യം ഐകരൂപ്യമല്ല. വൈവിധ്യത്തിലും ഐക്യം ഉണ്ടാക്കാം. ഐകരൂപ്യം അക്രൈസ്തവമാണ് - അതു പട്ടാളത്തിന്റെ മാത്രം സ്വഭാവമാണ്. പലമയുടെ ഒരുമയ്ക്കുവേണ്ട ഓര്‍മ്മപ്പെടുത്തലുകളും സാംസ്‌കാരിക കരുതല്‍ ധനത്തിന്റെ ബലം ഇതിനാവശ്യമാണ്. ഐക്യം എപ്പോഴും 'അനുരഞ്ജിതമായ വൈവിധ്യ'ത്തിന്റെ ഐക്യമായിരിക്കും. ആശയങ്ങളേക്കാള്‍ പ്രധാനമാണ് ജീവിതയാഥാര്‍ത്ഥ്യങ്ങള്‍. അതുകൊണ്ട് പ്രത്യയശാസ്ത്ര പിടിവാശികള്‍ ഉപേക്ഷിച്ച് യാഥാര്‍ത്ഥ്യത്തെ പുന:പരിശോധിക്കുക. പ്രത്യയശാസ്ത്ര മുഖംമൂടികളാണ് പ്രതിസന്ധികള്‍ ഉണ്ടാക്കുന്നത്. കേന്ദ്രത്തില്‍ ജീവിക്കുന്നതും വേലിപ്പുറങ്ങളില്‍ ജീവിക്കുന്നതും രണ്ടാണ്. പാവങ്ങളുടെ പക്ഷം പിടിക്കുക എന്നാല്‍, ജീവിതയാഥാര്‍ത്ഥ്യങ്ങളെ അവയുടെ തനിരൂപത്തില്‍ കാണുകയും അംഗീകരിക്കുകയുമാണ്. പ്രത്യയശാസ്ത്ര കണ്ണടകള്‍ ഊരിമാറ്റി യാഥാര്‍ത്ഥ്യങ്ങള്‍ കാണുകയും കേള്‍ക്കുകയും അതിനായി പ്രാന്തങ്ങളിലേക്കു ഇറങ്ങുകയും വേണം.
മൊത്തം അംഗങ്ങളേക്കാള്‍ പ്രധാനമാണ്. ഇവിടെ ആഗോളീകരണവും പ്രാദേശീകരണവും ഒന്നുപോലെ പരിഗണിക്കപ്പെടണം. ആഗോളീകരണത്തിന്റെ ആദര്‍ശവും പ്രദേശിയതയുടെ യാഥാര്‍ത്ഥ്യവും സമ്മേളിപ്പിക്കണം. സാംസ്‌കാരിക വൈവിധ്യങ്ങള്‍ ഒരു ഭീഷണിയല്ല; അനുഗ്രഹമാണ്.

മാർ ആന്റണി കരിയിൽ

അധികാരത്തിന്റെ മരണം 

ആധുനിക യുഗത്തില്‍ അധികാരം മരിച്ചു എന്ന് എഴുതിയതു രാഷ്ട്രീയ ചിന്തകയായ ഹന്ന അറന്റ് ആണ്. ഇന്നത്തെ രാഷ്ട്രീയം രാഷ്ട്രീയപാര്‍ട്ടികളുടെയാണ്. വളരെ ആഴത്തിലുള്ള പ്രതിസന്ധിയാണിത്. പുതിയതായി ലോകത്തിലേക്കു വരുന്ന കുട്ടികളുടെ വിദ്യാഭ്യാസവുമായി ഇതു ബന്ധപ്പെടുന്നു. പരമ്പരാഗതമായ അധികാരം എന്തിനു തുടരണം? പാശ്ചാത്യ സംസ്‌കാരത്തില്‍ വളരെക്കാലമായി നിലകൊള്ളുന്ന പ്രശ്‌നമാണിത്. ചരിത്രത്തില്‍ അധികാരത്തിന്റെ ഉറവിടം എന്തായിരുന്നു? അധികാരം എപ്പോഴും അനുസരണം ആവശ്യപ്പെടുന്നു. അധികാരം അക്രമമാണ്. ബലപ്രയോഗത്തെ അംഗീകരിക്കാനാവില്ല. ബലം പ്രയോഗിക്കുമ്പോള്‍ അധികാരം ഇല്ലാതാകുന്നു. പരമ്പരാഗതമായി നിലനിന്നതു മതാധികാരമാണ്. അതു 17, 18 നൂറ്റാണ്ടുകളില്‍ പാസ്‌കല്‍ കീര്‍ക്കേഗോര്‍ തുടങ്ങിയവര്‍ ചോദ്യം ചെയ്തു. മതത്തിന്റെ വിശ്വാസസത്യങ്ങളും സമസ്യകളും സംശയിക്കപ്പെട്ടു. പഴയ അധികാരം പിരമിഡ് രൂപത്തിലാണ്. പല തട്ടുകളും തലങ്ങളായി അതു കീഴോട്ട് വരുന്നു. ഇതായിരുന്നു കത്തോലിക്കാസഭയുടെ അധികാര ഘടന. റോമാസാമ്രാജ്യത്തിന്റെ അധികാരം മുകളില്‍നിന്ന് കീഴോട്ടു വരുന്നു. അതു സ്ഥാപനാധികാരമാണ്. പൂര്‍വ്വപിതാക്കളുടെ സ്ഥാപനഘടനകളിലൂടെയാണ് അതു നിലകൊള്ളുന്നത്. അവിടെ സമത്വമില്ല. അതിലുടനിളം അസമത്വമാണ്. അരിസ്റ്റോട്ടില്‍ സ്വേച്ഛാധിപതിയെ 'മനുഷ്യരൂപമുള്ള ചെന്നായ' എന്നാണ് വിശേഷിപ്പിച്ചത്. എന്നാല്‍, ഗ്രീക്കു സംസ്‌കാരം ഏകാധിപതി (baselius) കുടുംബാധിപനാണ്. രാജാവില്‍നിന്നു ഭിന്നമായി സമന്മാരില്‍ ഒന്നാമനാണ് കുടുംബാധിപന്‍. എല്ലാറ്റിന്റേയും മുകളില്‍ രാജാവ് നിയമമാണ്. ഗ്രീക്കുകാരെ സംബന്ധിച്ചിടത്തോളം ഒരാളുടെ നഗരം നഗരമല്ല. എന്നാല്‍, റോമിന്റെ നഗരാടിസ്ഥാനം സ്ഥാപനമാണ്. അവിടെ എല്ലാം കൂട്ടിക്കെട്ടുന്നതു മതമാണ്. Authority എന്നത് Auguere എന്ന ലത്തീന്‍ പദത്തില്‍നിന്നാണ് - അതിനര്‍ത്ഥം സ്ഥാപിക്കപ്പെട്ടത് എന്നാണ്. ഇവിടെ അധികാരി, അധികാരം എന്നതു ഉണ്ടാക്കിയവനാണ്, കര്‍ത്താവ്, എഴുത്തുകാരന്‍.

എന്നാല്‍, സാവധാനം റോമന്‍ അധികാരം ഗ്രീക്കു ചിന്തയ്ക്കും വിധേയമായി. അവിടെ പ്ലേറ്റോയും അരിസ്റ്റോട്ടിലും പ്രധാനമായി. ഗുഹവിടുന്ന തത്ത്വചിന്തകന്‍ രാജാവാകുന്നു. അയാള്‍ വെറും കാഴ്ചക്കാരന്‍ മാത്രമല്ല. അയാള്‍ അളക്കുന്നവനായി. അളവിന്റെ സത്ത എന്ന് എന്ന ചോദ്യം പ്രധാനമായി. പ്ലേറ്റോയുടെ റിപ്പബ്ലിക്കിന്റെ ആറാം പുസ്തകത്തില്‍ മാത്രമാണ് ഏറ്റവും ഉന്നതമായ നന്മയാണ് ഏകമാനദണ്ഡം എന്നു കണ്ടെത്തുന്നതും. സുന്ദരമായതു സ്‌നേഹിക്കുന്നതിനെക്കുറിച്ചായിരുന്നു പ്ലേറ്റോ പറഞ്ഞുകൊണ്ടിരുന്നത്. ഇതിനു കാഴ്ചയല്ല ശാന്തമായ ധ്യാനവും അതിന്റെ ഭാഷയും കര്‍മ്മവും പ്രധാനമായി. ഈ ധ്യാനവും ഭാഷണവും ആശ്ചര്യത്തില്‍നിന്നു ജനിക്കുന്നു. ആര് ഭരിക്കണം ആര് ഭരിക്കപ്പെടണം എന്നതു പ്രകൃതിയുടെ നിശ്ചയമാണ്.

കർദ്ദിനാൾ ജോർജ് ആലഞ്ചേരി മിസോറാം ​ഗവർണറായിരുന്ന കുമ്മനം രാജശേഖരനെ കൊച്ചിയിലെ ​ഗസ്റ്റ് ഹൗസിൽ കാണാനെത്തിയപ്പോൾ. 2018ലെ ചിത്രം

പഴമയുടെ പ്രേതങ്ങള്‍ 

റോമാസാമ്രാജ്യത്തിന്റെ സംസ്ഥാപനത്തിന്റെ പാരമ്പര്യവും പ്ലേറ്റോയുടെ നന്മയുടെ ആധികാരികതയും കത്തോലിക്കാസഭയുടെ റോമന്‍ സഭയില്‍ ആഴ്ന്നിറങ്ങി. ഹയരാര്‍ക്കി എന്ന പദം ഡയനീഷ്യസിന്റേയാണ്. അതു ദേവലോകത്തിലെ മാലാഖമാരെക്കുറിച്ചാണ്, വൈദികശ്രേണി മാലാഖമാരെപ്പോലെയാണ് എന്ന പരികല്പനയുണ്ട്. പാരമ്പര്യത്തിന്റെ തലങ്ങളില്‍ ഗൗരവമായ മലിനീകരണവും നടന്നു. ആരു ഭരിക്കുന്നു എന്നതു പ്ലേറ്റോക്കു പ്രകൃതിയില്‍ സ്വര്‍ണ്ണമുള്ളവര്‍ക്കായി. ഭരിക്കപ്പെടേണ്ടവര്‍ വെറും ഇരുമ്പിന്റെ സ്വഭാവക്കാരുമായി. ഉന്നതജാതിക്കു ഇതൊക്കെ തീറാക്കി, പ്ലേറ്റോ ഏകാധിപത്യവും തുറന്ന സമൂഹത്തിന്റെ ശത്രുവുമായി പോപ്പര്‍ സമര്‍ത്ഥിക്കുന്നതുപോലെ.

റോമാസാമ്രാജ്യത്തിന്റെ അഖണ്ഡതയുടെ അടിസ്ഥാനം മതമായിരുന്നു. അതുകൊണ്ട് അംഗീകൃത മതമല്ലാത്തത് അഖണ്ഡതയ്ക്ക് അപകടമായി പീഡിപ്പിക്കപ്പെട്ടു. അങ്ങനെ പീഡിപ്പിക്കപ്പട്ടു ക്രൂശിക്കപ്പെട്ടവന്റെ പേരില്‍ സ്ഥാപിതമായ പ്രസ്ഥാനം റോമാസാമ്രാജ്യത്തിന്റെ മതമായി മാറിയത് കോണ്‍സ്റ്റാന്റയിന്റെ കാലത്താണ്. ചക്രവര്‍ത്തിയെക്കുറിച്ച് എവുസേബിയൂസ് എന്ന മെത്രാന്‍ എഴുതിയ ജീവചരിത്രത്തിലെ ആ സംഭവം അധികാരത്തിന്റെ സ്വഭാവം നിര്‍ണ്ണയിച്ചു. ഒപ്പം ക്രൂശിക്കപ്പെട്ടവന്റെ പേരില്‍ ക്രൂശിക്കല്‍ സാധ്യമായി. ആ വിവരണം ഇങ്ങനെയാണ്: മക്കസെന്റിയൂസുമായുള്ള യുദ്ധത്തില്‍ കൊണ്‍സ്റ്റാന്റയില്‍ മില്‍വിയന്‍ പാലത്തില്‍ വച്ചു കണ്ട ദര്‍ശനം, അതനുസരിച്ച് ആകാശത്തില്‍ സൂര്യനു മുകളില്‍ കുരിശും ഒരു ലിഖിതവും കണ്ടു. In hoc signo vinces ഈ അടയാളത്തില്‍ നീ കീഴടക്കും - കുരിശ് കീഴടക്കലിന്റേയും പട്ടാളത്തിന്റേയും അടയാളമായി മാറി. ഈ തലകീഴ്മറിയലാണ് അധികാരവീക്ഷണത്തില്‍ സംഭവിച്ചത്.

സീസറിന്റേയും പ്ലേറ്റോയുടേയും പ്രേതങ്ങള്‍ സഭാധികാരത്തെ ആവസിച്ചു എന്നു തിരിച്ചറിഞ്ഞവരായിരുന്നു രണ്ടാം വത്തിക്കാന്‍ സൂനഹദോസിന്റെ മെത്രാന്മാര്‍. സഭയുടെ പ്രതിസന്ധി അധികാര പ്രതിസന്ധിയാണ് എന്നു മനസ്സിലാക്കിയ ഫ്രാന്‍സിസ് മാര്‍പാപ്പയാണ് നാല് അടിസ്ഥാന തത്ത്വങ്ങളിലൂടെ സംഭാഷണ കേന്ദ്രീകൃതമായി സഭാധികാരത്തെ ഉടച്ചുവാര്‍ക്കുന്ന സിനഡാലിറ്റിയുമായി ഫ്രാന്‍സിസ് മാര്‍പാപ്പ ഇറങ്ങുന്നത്. പൗരസ്ത്യസഭകളില്‍ നിലവിലുള്ള സിനഡല്‍ സംവിധാനത്തെ സഭയുടെ എല്ലാ തലത്തിലും നടപ്പിലാക്കാനാണ് ഫ്രാന്‍സിസ് മാര്‍പാപ്പ ശ്രമിക്കുന്നത്. ജര്‍മന്‍ സഭയുടെ സിനഡല്‍ യോഗങ്ങളില്‍ ഉരുത്തിരിഞ്ഞതും സഭയുടെ പ്രശ്‌നം അധികാരപ്രതിസന്ധിയാണ് എന്ന് അവര്‍ അര്‍ത്ഥശങ്കയില്ലാതെ പറഞ്ഞുകഴിഞ്ഞു. പീഡനവസന്തയുടെ അടിയില്‍ നില്‍ക്കുന്നത് അധികാരത്തിന്റെ പ്രതിസന്ധിയാണ്. സഭാധികാരത്തിന്റെ ദുര്‍വിനിയോഗം. കേരളത്തിലെ സഭയുടെ പ്രതിസന്ധി കച്ചവടത്തിന്റേയുമല്ല, അനുഷ്ഠാനത്തിന്റേയുമല്ല, ലൈംഗിക പ്രശ്‌നവുമല്ല; അത് അധികാരാസക്തിയുടെ പ്രശ്‌നമാണ്.

സമത്വം, സ്വാതന്ത്ര്യം, സാഹോദര്യം എന്നിവ രാഷ്ട്രീയ മൂല്യങ്ങളായ ലോകത്തില്‍ മതാധികാരത്തിന്റെ അക്രമവുമായി ഒരുവിധത്തിലും ബന്ധിപ്പിക്കുന്ന സമീപനം സാധ്യമല്ല. അത് എല്ലാവര്‍ക്കും സമത്വത്തില്‍ പങ്കുചേരാവുന്ന വാദപ്രതിവാദങ്ങളുടെ ബഹുസ്വരത അംഗീകരിക്കുന്ന അധികാരമാണ്. കത്തോലിക്കാസഭയില്‍ അധികാരത്തിന്റെ രണ്ടു സരണികള്‍ കാണാം. സീസറിന്റെ പാരമ്പ്യത്തില്‍ മാര്‍പാപ്പയും അദ്ദേഹത്തിന്റെ സര്‍വ്വാധികാരവും തെറ്റാവരവും. ഈ മാര്‍പാപ്പയുടെ പ്രതിപുരുഷന്മാരായി രൂപതകളില്‍ അപ്പോസ്തല പിന്‍ഗാമികളായി നിയമനിര്‍മ്മാണം, നീതിന്യായം, കാര്യനിര്‍വ്വഹണം എന്നീ മൂന്നു വകുപ്പുകളും ഒന്നിപ്പിച്ച് രാജത്വമായി മെത്രാന്മാര്‍, അവര്‍ക്കു താഴെ വികാരിമാര്‍. എല്ലാവരും ഏതോ മറുലോകത്തിന്റെ മനുഷ്യരായി എന്ന ബോധത്തില്‍ ഭരിക്കുന്നു. ഈ കാഴ്ചപ്പാടിലാണ് സൂനഹദോസും ഫ്രാന്‍സിസ് മാര്‍പാപ്പയുടെ സിനഡല്‍ സംവിധാനവും ഒരു കാഴ്ചപ്പാട് മാറ്റത്തിനു ശ്രമിക്കുന്നത്. സൂനഹദോസിന്റെ ശേഷം പാപ്പ സ്ഥാനത്തില്‍ വലിയ മാറ്റങ്ങള്‍ സംഭവിച്ചു. മാര്‍പാപ്പമാര്‍ സഭയുടെ ഭരണാധിപന്‍ എന്നതിലുപരി ലോകത്തിന്റെ മനസ്സാക്ഷിയുടെ ശബ്ദമായി മാറി. എന്നാല്‍, മെത്രാന്‍ വൈദികര്‍ എന്ന രണ്ടു ശ്രേണികളില്‍ വലിയ മാറ്റങ്ങള്‍ക്കു ശ്രമങ്ങള്‍ ഉണ്ടായി എങ്കിലും അതൊക്കെ ഏട്ടിലെ പശുവായി നിലകൊള്ളുന്നു എന്നതിന്റെ തെളിവാണ് 1980-കള്‍ക്കു ശേഷമുണ്ടായ ബാലപീഡനം. ഫ്രെഞ്ചു വിപ്ലവമാണ് സമത്വം സാഹോദര്യം സ്വാതന്ത്ര്യം എന്നിവ രാഷ്ട്രീയമൂല്യങ്ങളായി പ്രഖ്യാപിച്ചത്. ആ വിപ്ലവം സാധികാരത്തിനെതിരായിരുന്നു എങ്കിലും അതിന്റെ അടിസ്ഥാനം ബൈബിളിന്റെ മാനവികതയായിരുന്നു.

ജനാധിപത്യത്തിന്റെ ദൈവശാസ്ത്രം 

സഭയിലുള്ള അധികാരത്തിന്റെ രണ്ടാമത്തെ രൂപം സന്ന്യാസ സമൂഹങ്ങളിലാണ് കാണുന്നത്. സഭയുടെ പാരമ്പര്യം മെത്രാന്മാരുടേയും വൈദികരുടേയും രൂപത ഇടവക ഭരണപരമ്പര്യം മാത്രമല്ല, അതു നൂറ്റാണ്ടുകളിലൂടെ വിവിധ സന്ന്യാസ സമൂഹങ്ങളിലൂടെ സ്ത്രീകളും പുരുഷന്മാരും സന്ന്യാസം ജീവിച്ച പാരമ്പര്യവുമാണ്. സഭാചരിത്രത്തേയും സഭയുടെ പാരമ്പര്യത്തേയും സന്യാസത്തില്‍നിന്നും അവരുടെ സര്‍ഗ്ഗാത്മകമായ സംഭാവനകളില്‍നിന്നും മാറ്റിക്കാണാനാവില്ല. സന്ന്യാസജീവിതം നയിക്കുന്ന 492-ല്‍പരം പുരുഷന്മാരുടെ കൊവേന്തകളും 2943-ല്‍ പരം സന്ന്യാസിനീസമൂഹങ്ങളുടെ മഠങ്ങളുമുണ്ട്. ഇവിടെയൊക്ക നിലവിലുള്ള ഭരണക്രമം ജനാധിപത്യപരമാണ് എന്നു പറയാം. അതു ക്രൈസ്തവ കമ്യൂണിസത്തിന്റേതുമാണ്. ഏറ്റവും പ്രധാനം അവിടെ ഹയരാര്‍ക്കിക്കല്‍ സംവിധാനമില്ല. എല്ലാവരും തുല്യരായ സഹോദരീസഹോദരരാണ്. സന്ന്യാസശ്രേഷ്ഠനേയും ശ്രേഷ്ഠയേയും അംഗങ്ങള്‍ തിരഞ്ഞെടുക്കുന്നു. അതു നിശ്ചിത കാലഘട്ടത്തിലേക്കാണ്. അതുകഴിഞ്ഞാല്‍ അവര്‍ സാധാരണ അംഗമാകുന്നു. മാത്രമല്ല, അധികാരി ഭരിക്കേണ്ടത് എഴുതപ്പെട്ട ഭരണഘടനയ്ക്കനുസരിച്ചും ഒരു കൗണ്‍സിലിന്റെ സഹായത്തോടെയുമാണ്. സ്വത്ത് മുഴുവന്‍ പൊതുസ്വത്താണ്. ആര്‍ക്കും സ്വകാര്യസ്വത്തു പാടില്ല. ഇവിടെ മാര്‍ക്‌സിന്റെ തത്ത്വം ബാധകമാണ്. എല്ലാവര്‍ക്കും ആവശ്യംപോലെ എല്ലാവരില്‍നിന്നും കഴിവുപോലെ.

പാശ്ചാത്യനാടുകളില്‍ ക്രൈസ്തവ സന്ന്യാസം ആ നാടുകളുടേയും സഭയുടേയും നിരന്തരമായ നവീകരണത്തിന്റെ പ്രയോക്താക്കളായിരുന്നു; ബെനഡിക്ട്, ഫ്രാന്‍സിസ്, ഡോമിനിക്ക്, സാലസ് ഇങ്ങനെ വലിയ ഒരു നിരയുണ്ട് എടുത്തു പയാന്‍. അവര്‍ പഠനത്തിലും ഗവേഷണങ്ങളിലും പ്രബുദ്ധതയിലും ദൈവകാര്യങ്ങളിലും ആണ്ടുകഴിഞ്ഞവരായിരുന്നു. അക്വിനാസ്, ബൊനവഞ്ചര്‍, ഡന്‍സ് സ്‌കോട്ടൂസ്, ഓക്കാം ഇങ്ങനെ വലിയ ചിന്താവിപ്ലവങ്ങള്‍ സൃഷ്ടിച്ചവര്‍. എന്നാല്‍, കേരളത്തില്‍ ആയിരക്കണക്കിനു വരുന്ന സന്ന്യാസികള്‍ ഈ പാശ്ചാത്യ പാത വിട്ട് കോര്‍പറേറ്റ് ഏജന്‍സികളായി അവരുടെ ശക്തിയും സ്വാധീനവും സമ്പാദിക്കുന്നതില്‍ ഭൗതികത സംസ്ഥാപിതമായി. കഴിഞ്ഞ കുറെ വര്‍ഷങ്ങളായി അവര്‍ കരിസ്മാറ്റിക് ധ്യാനകേന്ദ്രങ്ങളിലൂടെ കേരളത്തില്‍ മൗലികവാദവും അന്ധവിശ്വാസങ്ങളും ആത്മീയത എന്ന വില്‍പനചരക്കിന്റെ വിപണനക്കാരായി. ഫലമായി പ്രവാചകധര്‍മ്മം വെറും എക്കിട്ടമായി മാറി. മനുഷ്യന്റെ സര്‍വ്വഗുണങ്ങളില്‍ പ്രഥമവും മറ്റെല്ലാറ്റിന്റേയും ഉറപ്പും ധീരതയാണ് എന്ന് ചര്‍ച്ചില്‍ പറഞ്ഞതു മറന്നു. കന്യാസ്ത്രീമഠങ്ങള്‍ കേരളത്തില്‍ 19-ാം നൂറ്റാണ്ടിന്റെ അവസാനത്തില്‍ ആരംഭിച്ച് 20-ാം നൂറ്റാണ്ടില്‍ വളര്‍ന്ന് സമ്പന്നമായി മാറി. അത് ആണത്താധിപത്യത്തിന്റെ അടുക്കളയില്‍ അടിച്ചൊതുക്കപ്പെട്ടും ക്രൈസ്തവ സ്ത്രീത്വത്തെ കണ്ടെത്തി ആധുനിക ലോകത്തോട് തന്റേടത്തോടെ പ്രതികരിക്കുന്നതില്‍ പരാജയപ്പെട്ടും അസ്തമിച്ചില്ലാതാകുകയാണ്.

എന്നാല്‍, സഭയുടെ പൊതുഭരണത്തില്‍ ഈ സന്ന്യാസത്തിന്റെ ക്രമമല്ല നടപ്പിലാകുന്നത്. ഫ്രാന്‍സിസ്‌കന്‍ സന്ന്യാസികളും ഡോമിനിക്കന്‍ സന്ന്യാസികളും ആത്മാര്‍ത്ഥമായി ശ്രമിച്ച സഭാനവീകരണ ശ്രമങ്ങളെ അട്ടിമറിച്ച തീവ്രവാദി സവനഗോള(1452-1498)യെപ്പോലുള്ളവര്‍ സഭയില്‍ എന്നുമുണ്ടാകും. അവിടെ മാമ്മോദീസ സ്വീകരിച്ചവര്‍ എല്ലാവരും തുല്യരാണ് എന്ന് വത്തിക്കാന്‍ കൗണ്‍സില്‍ പറയുന്നുണ്ട്. എങ്കിലും വൈദികപട്ടം ഒരുവനെ സത്താപരമായി ഭിന്നനാക്കുന്നു എന്നും പറയുന്നു. ഓര്‍വല്‍ പറഞ്ഞതു സത്യമാകുന്നു. ''മാമ്മോദീസ മുങ്ങിയവരെല്ലാം സമന്മാരാണ്, പക്ഷേ, ചിലര്‍ കൂടുതല്‍ സമന്മാരാണ്.'' ഈ സാഹചര്യത്തിലാണ് ഫ്രാന്‍സിസ് മാര്‍പാപ്പ പറഞ്ഞത് വളരെ പ്രധാനമാണ്: ''പഠിപ്പിക്കുന്ന സഭ(Ecclesia docens)യും പഠിക്കുന്ന സഭയും (ecclesia discens) തമ്മിലുള്ള വേര്‍തിരിവ് കഠിനമാക്കുന്നതു തടയുന്ന 'വിശ്വാസബോധ'മാണ് (sensus fidelium).' ഭരിക്കുന്ന സഭാധികാരികളും ഭരിക്കപ്പെടുന്ന സഭാവിശ്വാസികളും തമ്മില്‍ ഒന്നിപ്പിക്കുന്നതും സമരാക്കപ്പെടുന്നതും 'വിശ്വാസബോധ'മാണ്. എല്ലാ ക്രൈസ്തവര്‍ക്കും ദൈവഹിതം അറിയാനും പാലിക്കാനും കഴിയും. ആരൊക്കെ അതു ചെയ്യുന്നുവെന്നതു വ്യക്തിപരമായ വിശുദ്ധിയുടെ പ്രശ്‌നമാണ്. ഈ പൊതുബോധത്തിന്റെ സമത്വം എല്ലാവരും തമ്മിലുണ്ട് എന്നാണ് മാര്‍പാപ്പ പറയുന്നത്. ''അതിഭൗതികമായ വിശ്വാസബോധം ദൈവജനത്തിനുണ്ട്'' എന്നും മാര്‍പാപ്പ പറഞ്ഞു. 'സുവിശേഷത്തിന്റെ സന്തോഷം' എന്ന ചാക്രികലേഖനത്തില്‍ എഴുതി: ''ഞാന്‍ പാപ്പാ സ്ഥാനത്തിന്റെ മാനസാന്തരത്തെക്കുറിച്ചും ചിന്തിക്കണം. പാപ്പ സ്ഥാനവും സാര്‍വ്വത്രികസഭയുടെ കേന്ദ്രഘടനയും അജപാലന മാനസാന്തരത്തിന്റെ വിളികേള്‍ക്കുക ആവശ്യമാണ്.'' അതിരുകടന്ന കേന്ദ്രീകരണം അപകടമാണ് എന്നു കൂട്ടിച്ചേര്‍ത്തു. 'ആദരണീയമായ വികേന്ദ്രീകരണം' ആവശ്യമാണ്. ഈ വിധത്തില്‍ വിശ്വാസികളുടെ സമൂഹത്തിന്റെ വിശുദ്ധമായ തീര്‍ത്ഥാടനമായി സഭ കാണപ്പെടുന്നു. ഇതാണ് സിനഡാലിറ്റിയുടെ മാതൃക. അതു ദേസ്തേവിസ്‌കിയുടെ നോവലിലെ ജനങ്ങളുടെ ജീവിതയാത്രപോലെയാണ്. ഈ യാത്ര നയിക്കുന്നതു കഥാകൃത്താണ്. പക്ഷേ, കഥാകൃത്ത് നോവലിലില്ല. സംഘട്ടന സംഭാഷണ വൈവിധ്യങ്ങളിലൂടെ നീങ്ങുന്ന കഥയിലെ അധികാരം കഥാപാത്രങ്ങളിലൂടെ മാത്രമാണ്. കഥാകാരന്‍ പ്രവര്‍ത്തിക്കുന്നത് കഥാപാത്രങ്ങളിലൂടെയാണ്. അവിടെ അധികാരം ഏകവചനഭാഷയല്ല, ഏകഭാഷാധികാരത്തിന്റെ ബാബേല്‍ ഗോപുരം ദൈവം തകര്‍ത്തു, അതോടെ സംജാതമായതു ബഹുസ്വരതയുടെ ഏകീകരണമാണ്. മിഖായേല്‍ ബക്തീന്‍ എഴുതിയതുപോലെ സംഭാഷണം ഏകഭാഷണത്തിന്റെ ഔദ്യോഗിക സത്യത്തിനു വിരുദ്ധമായ സത്യാന്വേഷണമാകും. കഥാകൃത്ത് നാടുകടത്തപ്പെട്ടവനാണ്. പുറത്തുകടന്നവന്റെ വാക്കുകള്‍ വിഡ്ഢിയുടെ വാക്കുകളായി കടന്നുവരും. ഈ വിശുദ്ധി ആരേയും ആവസിക്കാം, ആരില്‍നിന്നും കുടിയൊഴിപ്പിക്കപ്പെടാം. ഈ വിശുദ്ധിയുടെ നല്ല വാക്കുകളാണ് പരിശുദ്ധാത്മാവിന്റെ പ്രചോദിത വചനങ്ങളായി സഭ കാണുന്നത്. ദേസ്തേവിസ്‌കിയും ജര്‍മന്‍ കവിയായ ഹെല്‍ഡര്‍ലീനുമാണ് ഫ്രാന്‍സിസ് പാപ്പയുടെ പ്രിയ സാഹിത്യകാരന്മാര്‍. അതുകൊണ്ടു തന്നെ പോള്‍ ആറാമന്‍ സ്ഥാപിച്ച സിനഡ് കാര്യാലയം ജോണ്‍ പോള്‍ അവഗണിച്ചിട്ടിരുന്നത് പുനര്‍ജീവിപ്പിച്ച് പുതിയ ആവേശത്തോടെ സിനഡാലിറ്റിയുടെ പല തലങ്ങളില്‍ സമ്മേളനങ്ങള്‍ ആരംഭിച്ചു.

ജര്‍മന്‍ സഭയുടെ നേതൃത്വം
 
സിനഡാലിറ്റിയുടെ പേപ്പല്‍ നിര്‍ദ്ദേശം വളരെ ആത്മാര്‍ത്ഥതയോടെ ഏറ്റെടുത്തു നടപ്പിലാക്കാന്‍ ശ്രമിച്ചതു ജര്‍മന്‍ സഭയാണ്. സിനഡിന്റെ പുരാണമാണ് ജര്‍മന്‍ ദൈവശാസ്ത്രജ്ഞന്മാര്‍ കണ്ടെടുത്തത്. മഹാനായ ലെയോ 440-461 കാലഘട്ടത്തിലാണ് സഭയെ നയിച്ചത്. ''വര്‍ഷത്തില്‍ രണ്ടു തവണകളില്‍ റോമില്‍ സിനഡ് കൂടിയിരുന്നു'' എന്നു പറയുന്നു. അതു 'പത്രോസിന്റെ മുന്‍പില്‍' (Coram Pteri) ആയിരുന്നു എന്നു പറയുമ്പോള്‍ ക്രിസ്തുവിന്റെ പ്രതിപുരുഷന്റെ മുമ്പിലായിരുന്നു. അത് അനുഷ്ഠാനപരമോ ആരാധനാപരമോ ആയ യോഗമായിരുന്നില്ല. ''പഴമയിലേക്കുള്ള ബന്ധവും ഒരുവന്റെ ഇന്നത്തെ ലോകത്തിലുള്ള സ്ഥാനവും'' നിഷേധിച്ചുകൊണ്ടുമായിരിക്കരുത്. 'സത്യത്തില്‍ എത്തിച്ചേരാനും', 'വിശ്വാസസത്യം വിലയിരുത്താനും', 'യുക്തിസഹവും' 'പൊതുസമ്മേതം ഉണ്ടാക്കുന്നതു'മായിരുന്നു. ലെയോയുടെ ഈ സംവിധാനം പൊതുസമൂഹവുമായി ബന്ധപ്പെടുന്ന ഒരു സമീപനം അക്കാലത്ത് ഉണ്ടായിരുന്നില്ല. അതാണ് രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ ചെയ്തത്. ലെയോ മാര്‍പാപ്പയും ആധുനിക ലോകവും തമ്മില്‍ ബന്ധിപ്പിക്കുന്നത് ഈ സൂനഹദോസാണ്.

എന്നാല്‍, 2019 ജൂണ്‍ 20-29 തീയതികളില്‍ ആമസോണ്‍ സിനഡ് നടന്നു. ലത്തീന്‍ അമേരിക്ക, കരിബിയന്‍ രാജ്യങ്ങള്‍ എന്നിവയിലെ സഭാധ്യക്ഷന്മാരുടെ യോഗമായിരുന്നു അത്. വലിയ പ്രതീക്ഷകള്‍ ഉണ്ടാക്കിയ ആ സമ്മേളനം 150 പ്രായോഗിക നിര്‍ദ്ദേശങ്ങള്‍ വോട്ടിനിട്ട് പാസ്സാക്കി. അവ മാര്‍പാപ്പയുടെ അംഗീകാരത്തിനും നടപടിക്കും സമര്‍പ്പിച്ചു. പക്ഷേ, വളരെ പ്രധാനമായ പല നിര്‍ദ്ദേശങ്ങളും സഭാധ്യക്ഷന്മാര്‍ അംഗീകരിച്ചതു സ്വീകരിക്കാനോ നടപ്പിലാക്കാനോ ഫ്രാന്‍സിസ് മാര്‍പാപ്പ തയ്യാറായില്ല. എന്നാല്‍, ജര്‍മന്‍ സിനഡ് ആമസോണ്‍ സിനഡ് രീതി സ്വീകരിക്കാന്‍ തയ്യാറായില്ല. ജര്‍മന്‍ സഭാ സിനഡില്‍ മെത്രാന്മാര്‍ മാത്രമല്ല പങ്കെടുത്തത്. അതില്‍ ദൈവശാസ്ത്രജ്ഞരും അല്‍മായ പ്രതിനിധികളുമുണ്ടായിരുന്നു; ''ഞങ്ങളാണ് സഭ'' (wir sind kirche) എന്ന അല്‍മായ മുന്നേറ്റത്തെ അവഗണിക്കാനാവാത്തതായിരുന്നു. മൂന്നു കൊല്ലം നടന്ന സിനഡല്‍ ചര്‍ച്ചകള്‍ 220 പേര്‍ തുല്യമായ വോട്ടവകാശത്തോടെ പങ്കെടുത്തു. വര്‍ഷത്തില്‍ അഞ്ച് തവണകളില്‍ യോഗങ്ങള്‍ കൂടി. അടിസഥാന തീരുമാനങ്ങള്‍ സ്വീകരിച്ചു. ഈ യോഗം തന്നെ അനന്യമായ അനുഭവമായിരുന്നു. അംഗങ്ങള്‍ യോഗത്തിന് ഇരുന്നതു സഭയുടെ പരമ്പരാഗത ഹയരാര്‍ക്കിക്കല്‍ സംവിധാന പ്രകാരമല്ല. ഓരോരുത്തരുടേയും പേരിന്റെ ആദ്യാക്ഷരത്തിന്റെ അക്ഷരമാല ക്രമത്തിലായിരുന്നു ഇരിപ്പിട സജ്ജീകരണം. ഇവര്‍ സഭയുടെ ഭരണത്തിനു കേന്ദ്രീകൃത കമ്മിറ്റിയെ രൂപീകരിച്ച 27 രൂപതാമെത്രാന്മാര്‍ അല്‍മായ സംഘടനയിലെ 27 അംഗങ്ങള്‍. അംഗങ്ങള്‍ തിരഞ്ഞെടുത്തവരുമാണ് ഇതില്‍ അംഗങ്ങള്‍. ജര്‍മന്‍ സഭയുടെ ഭരണചുമതല ഇവര്‍ക്കായിരിക്കും. ഇവര്‍ എടുക്കുന്ന തീരുമാനങ്ങള്‍ എല്ലാ രൂപതകള്‍ക്കും ബാധകമാകും. 2023-ലെ ആഗോള സിനഡിലേക്ക് 2022 ആഗസ്റ്റില്‍ ജര്‍മന്‍ മെത്രാന്മാര്‍ അയച്ച റിപ്പോര്‍ട്ടില്‍ അവരുടെ സിനഡിന്റെ നിര്‍ദ്ദേശങ്ങളും തീരുമാനങ്ങളും നിലപാടുകളും വിശദമായി വിവരിക്കുന്നു. ഈ സിനഡു സമ്മേളനങ്ങളില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടതു 2018 ജര്‍മനിയിലെ ബാലപീഡന പ്രതിസന്ധി സംബന്ധിച്ച് പഠനറിപ്പോര്‍ട്ടിന്റെ കണ്ടെത്തലുകളും നിര്‍ദ്ദേശങ്ങളുമായിരുന്നു. ഈ വസന്ത ഒരു ലൈംഗികപ്രശ്‌നമായി കാണാന്‍ അവര്‍ വിസമ്മതിക്കുന്നു. ഇത് അധികാരത്തിന്റെ ഘടനാപരമായ പ്രശ്‌നമായി അവര്‍ കാണുന്നു. പുരുഷാധിപത്യത്തിന്റേയും അധികാര അധീശത്വത്തിന്റേയും പ്രതിസന്ധികള്‍ ആവിധം പരിശോധിക്കേണ്ടതും പരിഹരിക്കേണ്ടതുമാണ്. ജര്‍മന്‍ സഭ നേരിടുന്നതു വിശ്വസനീയതയുടെ അധികാര പ്രശ്‌നമായി അവര്‍ പരിഗണിച്ചു. 1970-കളില്‍ കത്തോലിക്കരില്‍ 35.6 ശതമാനം കത്തോലിക്കര്‍ പള്ളിയില്‍ വന്നിരുന്നു. അതിപ്പോള്‍ 10 ശതമാനം താഴെയാണ്. മാത്രമല്ല, ഇടവക സമിതികളിലും ഇടവക ഭരണബോര്‍ഡുകളിലും പ്രവര്‍ത്തിക്കാന്‍ ആളില്ലാതാകുന്നു. ഇതു ജര്‍മനിയുടെ മാത്രം പ്രശ്‌നമല്ല, പാശ്ചാത്യനാടുകളുടെ പൊതുപ്രശ്‌നമാണ്. ''ഞങ്ങളെക്കുറിച്ച് ഞങ്ങളില്ലാത്ത തീരുമാനങ്ങള്‍ വേണ്ട'' എന്ന് അവര്‍ ഉറച്ചു പറയുന്നു. അധികാരത്തിന്റെ ഘടനകള്‍ മാറണം.

മാത്രമല്ല, സഭാസമിതികളെ വെറും ഉപദേശക സമിതികളായി കൊണ്ടുനടക്കുന്നത് അവസാനിപ്പിക്കണം. സഭയില്‍ അടിസ്ഥാന സമത്വം അംഗീകരിച്ച് മുന്നോട്ടു പോകണം. 'കാലത്തിന്റെ അടയാളങ്ങള്‍' വെളിപാടിന്റെ ശ്രോതസ്സായി വത്തിക്കാന്‍ കൗണ്‍സില്‍ അംഗീകരിച്ചതു ഗൗരവമായി പരിഗണിക്കണം. ജര്‍മന്‍ സഭയുടെ ദൈവശാസ്ത്ര സമീപനങ്ങളും ശ്രദ്ധിക്കപ്പെടുന്നു. രണ്ടാം വത്തിക്കാന്‍ സൂനഹദോസില്‍ ജര്‍മന്‍ ദൈവശാസ്ത്രജ്ഞന്മാരുടെ സ്വാധീനം നിര്‍ണ്ണായകമായി. അചഞ്ചലവും ദൈവസ്ഥാപിതവുമായ മാനങ്ങളോടൊപ്പം മാറ്റത്തിന്റെ ഘടകങ്ങളും സഭയിലുണ്ട്. സഭയുടെ തനിമ നിലനില്‍ത്തണം. പക്ഷേ, തനിമ ആഖ്യാന തനിമയാണ്. എല്ലാ ആഖ്യാനവും അറിവും ചരിത്രപരമാണ്. ചരിത്രം നമ്മുടേതല്ല, നാം ചരിത്രത്തിന്റേതാണ്. ഏതു സാഹചര്യവുമായി പ്രതികരിച്ചുള്ള ചരിത്രജീവിതം ചരിത്രസൃഷ്ടിയാണ്. അവിടെ ആഖ്യാനമാറ്റത്തിന് ജര്‍മന്‍ സഭ പ്രാധാന്യം കൊടുക്കുന്നു. അതിനു കാരണം മനുഷ്യന്റെ ജീവിതാനുഭവമാണ്. ആഖ്യാനവിഷയം സഭാധികാരമോ കാനോന്‍ നിയമമോ അല്ല. ജീവിതം ബൈബിളിന്റേയും അതു വ്യാഖ്യാനിച്ച പാരമ്പര്യത്തിന്റേയും വെളിച്ചത്തില്‍ മനസ്സിലാക്കുമ്പോള്‍ ക്രൈസ്തവര്‍ ചരിത്രത്തോട് പ്രതികരിക്കുകയും ചരിത്രം സൃഷ്ടിക്കുകയുമാണ്. ഇതാണ് ഹയരാര്‍ക്കിക്കല്‍ സംവിധാനങ്ങളേക്കാള്‍ ജനാധിപത്യ സംവിധാനങ്ങളോട് താല്പര്യമുളവാക്കുന്നത്. ഇതുതന്നെയാണ് വൈദിക ബ്രഹ്മചര്യം ആപേക്ഷികമാകുന്നതും സ്ത്രീകള്‍ക്കു ശുശ്രൂഷകളില്‍ പങ്കാളിത്തവും വൈദികപദവിയും നല്‍കുന്നതിനെ അനുകൂലിക്കുന്നതും. അതുകൊണ്ട് തന്നെയാണ് ലൈംഗിക ധാര്‍മ്മികത ആര്‍ദ്രതയില്‍ വ്യാഖ്യാനിക്കുന്നത്. ജനങ്ങളില്ലാതെ സഭയില്ല എന്ന ആത്മാര്‍ത്ഥമായ സഭാസ്‌നേഹത്തിന്റെ പ്രതികരണങ്ങളാണിവ.

ഉപസംഹാരം 

തോമസ് കൂണ്‍ പറഞ്ഞതുപോലെ കത്തോലിക്കാസഭ ഒരു പാരഡൈം മാറ്റത്തിന്റെ പ്രതിസന്ധിയിലാണ്. അതിന്റെ ലക്ഷണങ്ങളാണ് കേരളസഭയിലും കാണുന്നത്. അധികാര സംവിധാനത്തെ ബാധിച്ചിരിക്കുന്ന പ്രേതങ്ങള്‍ ക്രിസ്തുവിന്റേതല്ലാതെ സീസറിന്റേതും പ്ലേറ്റോയുടേതുമായതിന്റെ പ്രതിസന്ധികള്‍. ഈ പ്രതിസന്ധിയുടെ നീര്‍ക്കയത്തില്‍നിന്നു സഭയെ നയിക്കുന്ന ഫ്രാന്‍സിസ് മാര്‍പാപ്പ സഭയെ പുതിയ യുഗത്തിലേക്കു നയിക്കുമോ? മാര്‍പാപ്പയുടേത് വികേന്ദ്രീകരണ നയങ്ങള്‍ക്കു വിരുദ്ധമായ നീക്കങ്ങള്‍ സഭയില്‍ തന്നെയുണ്ട്. പഴയ പാരമ്പര്യത്തിന്റെ തൊപ്പിക്കുപ്പായങ്ങള്‍ ഉപേക്ഷിക്കാന്‍ തയ്യാറില്ലാത്തവര്‍ സഭയിലുണ്ട്. വിശ്വാസപരവും ധാര്‍മ്മികവുമായ ഒരു മാറ്റവും പാടില്ല എന്ന പിടിവാശിക്കാരുമുണ്ട്. 

രണ്ടാം വത്തിക്കാന്‍ സൂനഹദോസ് വളരെ തുറന്ന സമീപനങ്ങള്‍ സ്വീകരിച്ചു. അതുപോലെ വിഘടിച്ചുപോയ കാര്‍ഡിനല്‍ ലെഫേബറും കൂട്ടരും സഭ വിട്ടു. ആരെയും തള്ളാതേയും എല്ലാവരേയും ഉള്‍ച്ചേര്‍ത്തും ഒരു കാഴ്ചപ്പാട് മാറ്റം സാധ്യമാകുമോ? ലത്തിന്‍ സഭയില്‍ മാര്‍പാപ്പയാണ് പരമപ്രധാനം. ലത്തീന്‍ സഭയുടെ പത്രോസിന്റെ പരമാധികാരവുമായി സിനഡ് സംവിധാനം എങ്ങനെ ഒന്നിപ്പിക്കും? ജര്‍മന്‍ സഭയുടെ മുന്‍പേ പറക്കല്‍ എങ്ങനെ മറ്റു പ്രാദേശിക സഭകള്‍ സ്വീകരിക്കും? ''കാര്യങ്ങളുടെ പുതിയ ക്രമം ആരംഭിക്കുന്നതിനെക്കാള്‍ പ്രയാസമുള്ളതും വിജയം സംശയകരമായതും കൈകാര്യം അപകടകരമായതുമായി മറ്റൊന്നില്ല'' എന്ന് മക്കിയവെല്ലി ഓര്‍മ്മപ്പെടുത്തിയിട്ടുണ്ട്. കീറ്റ്സിന്റെ കവിതപോലെ ''കേന്ദ്രം അഴിഞ്ഞു പോകുന്നു'' പ്രതിസന്ധി ഉണ്ടാകുമോ? ഗൊര്‍ബച്ചേവിനു പറ്റിയതു ആവര്‍ത്തിക്കുമോ.

ഈ ​ലേഖനം കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'പാര്‍ട്ടിയില്‍ എന്റെ പോസിഷന്‍ നോക്ക്, ബുദ്ധിയുള്ള ആരെങ്കിലും ബിജെപിയില്‍ ചേരുമോ?'; ശോഭ സുരേന്ദ്രന്‍ പറയുന്ന ഹോട്ടലില്‍ പോയിട്ടില്ലെന്ന് ഇപി

കാര്‍ഷിക സര്‍വകലാശാല ക്യാംപസില്‍ രണ്ടു സെക്യൂരിറ്റി ജീവനക്കാര്‍ മരിച്ചനിലയില്‍, അന്വേഷണം

അമ്മ വീണുപോയത് മകൾ അറിഞ്ഞില്ല; നീങ്ങിത്തുടങ്ങിയ ട്രെയിനിൽ കയറാൻ ശ്രമിച്ച വീട്ടമ്മ മരിച്ചു

വാട്ടർ മെട്രോ: വൈപ്പിന്‍- എറണാകുളം റൂട്ടിലെ ചാര്‍ജ് കൂട്ടി

മുതലപ്പൊഴിയില്‍ വീണ്ടും അപകടമരണം; മത്സ്യ തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി