കവിത 

ഇരുട്ടിന്റെ പാട്ട്: സി.എം. സിബു എഴുതിയ കവിത 

സി.എം. സിബു 

പുല്ല് മൂടിക്കിടക്കും കാല്‍പ്പാടുകള്‍ക്ക് മുകളില്‍
കാലുകളമര്‍ത്തി
വള്ളിപ്പടര്‍പ്പുകളെ വകഞ്ഞ് ഒതുക്കി
മഞ്ഞും മഞ്ഞില്‍ വീഴും വെളിച്ചവും തെറിപ്പിച്ച്

പള്ളീന്ന് വരുന്നുണ്ടവര്‍
കയ്യില്‍ തൂക്കിപ്പിടിച്ച വെട്ടത്തില്‍.

ഡ്രമ്മ് കൊട്ടുണ്ട്
കൊട്ടിനൊപ്പം ഒരേ സ്വരത്തില്‍
പാടുന്നു പിള്ളേരും കാര്‍ന്നോന്മാരും.

വെട്ടത്തിന് മുകളില്‍
വെട്ടം പിടിച്ച് നില്‍ക്കുന്നു നക്ഷത്രങ്ങള്‍.

ചുറ്റിപ്പിടിച്ച വൈക്കോലില്‍
ഉള്ളം കയ്യില്‍
പുഞ്ചിരിതൂകിക്കിടക്കുന്നു ഉണ്ണിയേശു.
കൊട്ടും പാട്ടിനൊപ്പം
ചവിട്ടുന്നു കരോള്‍ പാപ്പ;
ചവിട്ടുന്നു കൂടൊള്ളവരില്‍ ചിലര്‍
കൈക്കാരന്മാരും കമ്മറ്റിക്കാരും
പാടാതെയും കൊട്ടാതെയും.

വെളിച്ചം അവര്‍ക്കുമേല്‍
കൂടുതല്‍ വെളിച്ചം വിതറും
വെളിച്ചത്തിലവര്‍ കൂടുതല്‍ തിളങ്ങും
ഇരുട്ടില്‍ വെട്ടംതിങ്ങിത്തെറിച്ചുപോം ഇരുട്ട്
ഓരംപറ്റി നില്‍ക്കും ഞങ്ങളില്‍ വീണ്
ഞങ്ങള്‍ കൂടുതല്‍ ഇരുട്ടായി.
ഞങ്ങളുടെ വീട് ചേര്‍ന്നവര്‍
അപ്പുറത്തേക്ക് പോകുന്നു
കയ്യിലിരിക്കും എന്റെ തങ്കക്കുടം ചോദിക്കുന്നു
എന്താണപ്പാ നമ്മുടെ വീട്ടില്‍ വരാതെ
അങ്ങോട്ട് പോകുന്നത്?

വീട് കേറിക്കേറിയവര്‍
പാട്ടും കൊട്ടും മറച്ചുകൊണ്ടുപോകുന്നു
മറഞ്ഞുപോയ കൊട്ടുകളിലേക്ക്
കാതുകള്‍ കൂര്‍പ്പിക്കുന്നു
അവന്‍ കണ്ണുകള്‍ പായിക്കുന്നു
ഒടുവില്‍ നിരാശനായവന്റെ കരച്ചില്‍
അവരെ മൂടുന്നു.

കരച്ചില്‍ നിര്‍ത്തുവാന്‍
അവന്റെ മുഖം മുഖത്തോട് ചേര്‍ക്കുന്നു
നീ ഞങ്ങളുടെ ഉണ്ണിയെന്ന്
ഭാര്യ പറയുന്നു.
അവള്‍ നെഞ്ചില്‍ തട്ടി പാടും പാട്ട്
അവിടെയാകെ പരക്കും.

കരഞ്ഞ് കരഞ്ഞ് അവന്‍ പതുക്കെ
ഉറക്കത്തിലേക്ക് വഴുതും
മറ്റൊരു വെളിച്ചം അവനില്‍ തെളിയും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സുഹൃത്തിന്റെ വിവാഹത്തിനായി എത്തി; കന്യാകുമാരിയില്‍ അഞ്ച് മെഡിക്കല്‍ വിദ്യാര്‍ഥികള്‍ കടലില്‍ മുങ്ങിമരിച്ചു

ക്രിക്കറ്റ് കളിക്കിടെ പന്ത് വന്നടിച്ചത് ജനനേന്ദ്രിയത്തില്‍; 11കാരന്‍ മരിച്ചു

'എന്തൊരു സിനിമയാണ്, മസ്റ്റ് വാച്ച് ഗയ്‌സ്'; ആവേശത്തെ പ്രശംസിച്ച് മൃണാല്‍ താക്കൂര്‍

കൊടും ചൂട്; വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിടും; പാലക്കാട് ജില്ലയില്‍ ബുധനാഴ്ച വരെ നിയന്ത്രണം തുടരും

75ലക്ഷം രൂപയുടെ ഭാ​ഗ്യം കൊല്ലത്ത് വിറ്റ ടിക്കറ്റിന്; വിൻ വിൻ ലോട്ടറി ഫലം പ്രഖ്യാപിച്ചു