കവിത 

ഭോപ്പാല്‍ രാത്രി- കെ. ജയകുമാര്‍ എഴുതിയ കവിത 

കെ. ജയകുമാര്‍

ഭോപ്പാല്‍!
ആ രാത്രി ഞങ്ങള്‍ മറക്കില്ല. 
അത് രാത്രികളില്‍ രാത്രിയാം രാത്രി. 
ആര്‍ത്തി ശമിക്കാത്ത വന്യവേതാളത്തെ 
അരിയിട്ടു വാഴിച്ച രാത്രി.
തെരുവുകളെ മുഴുവനൊരു 
മൃതിശില്പമാക്കിയ രാത്രി. 

ഞങ്ങളുടെ മക്കള്‍
മഴപ്പാറ്റകളാണെന്നു 
കൃത്യമായറിയിച്ച രാത്രി. 
നിന്റെയഹന്തയുടെ 
വേരും പടലവും 
എത്ര കിരാതമെന്നറിയാന്‍ തുടങ്ങിയ രാത്രി.

ഞങ്ങളുടെ തമ്പ്രാക്കള്‍ വീമ്പു പറഞ്ഞതും 
പടക്കോപ്പണിഞ്ഞതും ശപഥമെടുത്തതും 
അപഹാസ്യ നാടകരംഗങ്ങളാണെന്നു 
കാണിച്ചു തന്നൊരു രാത്രി. 

ഇല്ല, മറക്കുവാനാവില്ല നിന്നെ;
അത്രയാഴത്തില്‍ പതിഞ്ഞുവല്ലോ 
നിന്റെ  വിഷമുള്ള പല്ലും നഖങ്ങളും;
അസ്ഥിയില്‍ അര്‍ബുദം പോലെ 
നീ വിളയിച്ച കഠിനപാഠങ്ങളും.

അറിയാം, എവിടെയുമുണ്ട് നിനക്ക്    
മിത്രങ്ങള്‍, ബന്ധുക്കള്‍, ദാസികള്‍,
ഉച്ഛിഷ്ടഭോജികള്‍, കങ്കാണികള്‍,
കബന്ധങ്ങള്‍, കള്ളിയങ്കാട്ട് നീലികള്‍...

ഞങ്ങള്‍ ഇപ്പൊഴും തെരുവില്‍ 
ആകാശമച്ചിനു കീഴില്‍. 
ഞങ്ങളുടെ പാഴ്ശബ്ദങ്ങള്‍ 
കേവലം ക്ഷുദ്രകീടങ്ങള്‍. 
മഴ, വെയില്‍, ലാത്തി,
ജലപീരങ്കി, വെടി-
ഇവര്‍ ഇടയ്‌ക്കെത്തും വിരുന്നുകാര്‍.

വിഷവാതകമിനിയും പടരുമെന്നറിയാം;
വേതാളമിനിയും വരുമെന്നുമറിയാം. 
ഈയലുകള്‍ തെരുവിന്റെ  മൂലയില്‍ 
ചത്ത് കുമിയുമെന്നറിയാം. 
പിന്നെയും നിങ്ങള്‍ ജയിക്കുമെന്നറിയാം, 
(ഞങ്ങള്‍ സ്ഥിരമായി തോല്‍ക്കുമെന്നും.)
നിങ്ങള്‍ സമര്‍ത്ഥമായ് വില
പേശുമെന്നറിയാം,
(ഞങ്ങള്‍ വിലയേതുമില്ലാതെ കെഞ്ചുമെന്നും.)

ഞങ്ങള്‍ മരിച്ചവര്‍;
നാവു കുഴഞ്ഞവര്‍.
ഇനിയും പിറക്കാനിരിക്കുന്ന 
ഭോപ്പാല്‍രജനികളിലെ 
രക്തബലിയാകാന്‍ വ്രതമെടുക്കുന്നവര്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് സുതാര്യവും നീതിപൂര്‍വവുമായ വോട്ടെടുപ്പ് നടന്നില്ല; തെരഞ്ഞെടുപ്പ് കമ്മീഷന് വിഡി സതീശന്റെ പരാതി

ഫോൺ ഉപയോ​ഗിക്കുമ്പോൾ കണ്ണിനെ സംരക്ഷിക്കാം, ഇതാ ആറു ടിപ്പുകൾ

'പറക്കും സീഫെര്‍ട്!'- ഡൈവടിച്ച് റണ്ണടിക്കാന്‍ കിവി താരത്തിന്റെ ശ്രമം (വീഡിയോ)

മൂന്ന് ജില്ലകളില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ്, 41 ഡിഗ്രി വരെ ചൂട്; 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

'വധശിക്ഷയ്‌ക്ക് വിധിക്കപ്പെട്ട് നാളുകൾ എണ്ണിക്കഴിയുന്ന പോലെയായിരുന്നു'; കാൻസർ കാലത്തെ കുറിച്ച് മനീഷ കൊയ്‌രാള