കവിത 

കുറച്ചധികം: ബിജു റോക്കി എഴുതിയ കവിത

ബിജു റോക്കി

വെയില്‍ മാഞ്ഞു. 
അതിസാധാരണമാം ഇരുള്‍പരന്നു.
ചെന്തീ തിരശ്ശീല നെടുകെ പിളര്‍ന്ന്
മാന്ത്രികന്‍ പ്രത്യക്ഷപ്പെട്ടു. 
പൊള്ളയായ തൊപ്പിയില്‍നിന്ന്
തൂവെള്ള മുയലിനെയെടുത്തു.
കുപ്പായംവിടര്‍ത്തി, വടിചുഴറ്റി
സദസ്സിനു നേരെ തലകുനിച്ചു. 

മുയലതാ  തൂവാലയാകുന്നു. 
ചിറകു മുളച്ച് പറന്ന് പൊങ്ങുന്നു.
വാസനപുരട്ടിയ പൂവായി കൊഴിഞ്ഞുവീഴുന്നു. 
പൈദാഹമകറ്റും പതഞ്ഞപൈമ്പാലായി
പാത്രം നിറഞ്ഞുകവിയുന്നു.
എവിടെനിന്നോ കള്ളിപ്പൂച്ചയെത്തി
പാത്രം നക്കിത്തോര്‍ത്തുന്നു. 

കാണികള്‍  കോട്ടുവായിട്ടു. 
കുറച്ചധികം...കുറച്ചധികം...
അവര്‍ ആര്‍ത്തു.

കൂട്ടിപ്പിരിച്ച ഒച്ചകള്‍ 
കയറായി,
പാമ്പായി
വലിയവായില്‍
മാന്ത്രികനെ 
വിഴുങ്ങാന്‍ ചെന്നു.

വിശപ്പിന്റെ കുരഞ്ഞ അറ്റം തേടി
തൊണ്ടയിലൂടെ
കടവയറ്റിലേക്ക് 
ഇക്കിളിയോടെ
മാന്ത്രികന്‍
നെടുനീളന്‍ വാള്‍
ഇറക്കിവിട്ടു.
എത്ര തിന്നാലും നിറയാത്ത
നീണ്ടുനീണ്ടുപോകും
കുടലിന്റെ
വന്‍ചുഴിയിലേക്ക്
തലതാഴ്ത്തി വാള്‍ പോയ്മറഞ്ഞു. 

മാങ്ങ പൂളുമ്പോലെ 
ചെറുവിരല്‍ മുറിച്ചിട്ടു.
തെല്ലിടനീണ്ടു  ഒറ്റക്കാലില്‍
വിരലിന്റെ തക്കിട കിടതൈ നൃത്തം.
എങ്ങുനിന്നോ നിരനിരയായി
ഉറുമ്പുകളെത്തി 
വിരലിനെ നഗരപ്രദക്ഷിണത്തിനെടുത്തു. 

രണ്ട് റാത്തല്‍ മാംസം 
തുടയില്‍ നിന്നരിഞ്ഞിട്ടു.
മാതളനാരകത്തിന്റെ
ചെമന്നുതിളങ്ങും വിത്തുമണികള്‍ തിരഞ്ഞ്
കിളികളത് കൊത്തിപ്പെറുക്കി.
ഒരു ചെവി മുറിച്ച് 
ചൂടോടെ താലത്തില്‍ നീട്ടി.
നിത്യപ്രണയസ്മാരകമായി
ഒരുവളത് ടിഷ്യുപേപ്പറില്‍ പൊതിഞ്ഞെടുത്തു.

അറ്റകൈ പ്രയോഗമായി
കൈകള്‍ മുറിച്ചിട്ടു. 
തുടല്‍പൊട്ടിച്ചെത്തിയ 
പട്ടി ഒറ്റകപ്പിനതകത്താക്കി
താടിമുട്ടിച്ച് നിലംപറ്റെ
ധ്യാനത്തിലമര്‍ന്നു. 

ചായ്ച്ച്‌നിര്‍ത്തിയ വാളില്‍
ദേഹത്തെ കുത്തിപ്പൊതിച്ചു.
പൊട്ടിക്കിളര്‍ത്തി ചില്ലകള്‍ പടര്‍ത്തി
വളര്‍ന്നുവലുതായി ചോര ഓടിവന്നു 
കഴുകിയാല്‍ പോകാത്ത
ഒട്ടുന്നചോരയില്‍
കാലോടിച്ച് അവരാര്‍ത്തു.
പോരാ, പോരാ.
കുറച്ചധികം...കുറച്ചധികം

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മലപോലെ നോട്ടുകൂമ്പാരം! ; ഝാര്‍ഖണ്ഡ് മന്ത്രിയുടെ സഹായിയുടെ വീട്ടില്‍ നിന്നും ഇഡി 25 കോടി പിടിച്ചെടുത്തു ( വീഡിയോ)

ഭര്‍ത്താവുമായി വഴക്ക്, പിഞ്ചുമകനെ മുതലകള്‍ക്ക് എറിഞ്ഞ് കൊടുത്ത് അമ്മ; ദാരുണാന്ത്യം

സ്മാര്‍ട്ട് സിറ്റിയില്‍ കെട്ടിട നിര്‍മ്മാണത്തിനിടെ അപകടം: നാലുപേര്‍ക്ക് പരിക്ക്

'15ാം വയസ്സിൽ അച്ഛനെ നഷ്ടപ്പെട്ടവളാണ്; എന്റെ ഭാര്യയുടെ ദുഃഖത്തേപ്പോലും പരിഹസിച്ചവര്ക്ക് നന്ദി': കുറിപ്പുമായി മനോജ് കെ ജയൻ

ആദ്യം നല്‍കുന്ന തുക ഇരട്ടിയാക്കി നല്‍കും, പണം ഇരട്ടിപ്പ് തട്ടിപ്പില്‍ വീഴല്ലേ...!; മുന്നറിയിപ്പുമായി കേരള പൊലീസ്