കവിത 

ലഹള: അഭിലാഷ് കെഎസ് എഴുതിയ കവിത

അഭിലാഷ് കെ.എസ്.

''നെല്ലിനടിക്കാന്‍ വെച്ച
മരുന്നെടുത്ത് ഞാന്‍ കുടിക്കും
അല്ലെങ്കില്‍ നെല്ലിന്‍ കണ്ടത്തിലെ
വെള്ളം മുക്കിക്കുടിക്കും
ന്ന്ട്ട് വരമ്പത്ത് ങടെ പേരെഴുതും''
 
കൂട് മൊളഞ്ഞ പനന്തത്ത
വിരിഞ്ഞ കുഞ്ഞുങ്ങള്‍ക്കിങ്ക്
കൊടുക്കിന്നിടത്ത് നിന്ന്
വന്നു നോക്കി തിരിച്ച് പോകും

കിഴവന്‍ പുളിമരം നിലാവിന്നു
കാണാന്‍ ചില്ലയൊതുക്കിക്കൊടുക്കും

വറുതപ്പന്‍ മാപ്ല വേലികെട്ടിയ
പറമ്പിലെ ഉണ്ടച്ചെമ്പരത്തി
സ്വയിരക്കേടെന്ന് മുഖം വീര്‍പ്പിയ്ക്കും
 
കടലക്കാരന്‍ ചന്ദ്രന്റെ വണ്ടിയില്‍
പ്ലാസ്റ്റിക്ക് കുടത്തിനുള്ളിലെ
പാട്ടിനു വീര്‍പ്പ് മുട്ടും

വറുത്ത മണത്തോടൊപ്പം
കാറ്റിന്റെ വിരലും പിടിച്ച് അത്രടം
ഒന്ന് പോയിവരും 
തിരികെ വന്ന്
പ്രാണസഖി മുഴുമിപ്പിക്കും
 
കുടിച്ച കള്ളിന്റെ കെട്ടടങ്ങും വരെ
കയത്തിലെക്കുളിരയവിറക്കുന്ന
കന്നിനോട് പനങ്ങാടന്‍ അഥര്‍വ്വമോതും
 
ചിമ്മിണിവെട്ടം കണ്ട്
കോലായിലേയ്ക്കെടുത്ത് ചാടിയ
പോക്കാച്ചി പേടിച്ചോടും
ആ പോക്ക് മനസ്സില്‍ കണ്ട് മഞ്ഞച്ചേര
അരി അടുപ്പത്തിട്ട് മാളത്തില്‍ നിന്നിറങ്ങും
 
നിറമില്ലാത്ത ടോര്‍ച്ചടിച്ച്
അച്ഛാച്ചന്‍ വടിയും കൊണ്ടിറങ്ങുമ്പോള്‍
സമപ്രായക്കാരന്‍ റേഡിയോ
പൊട്ടലും ചീറ്റലും നിര്‍ത്തിയതിനിടയ്ക്ക് കയറി
രാമചന്ദ്രന്‍ മാമ ഇങ്ങനെ പറഞ്ഞ് വാര്‍ത്ത അവസാനിപ്പിക്കും

''അതിര്‍ത്തിയിലിപ്പോള്‍ സ്ഥിതിഗതികള്‍ ശാന്തം''
 
പിറ്റേന്ന് രാവിലെ കന്നുമായ് പോകും വഴി
പനങ്ങാടന്‍ എല്ലായിടത്തും നോക്കും

എന്‍ ട്രിന്‍ പരാമറുകള്‍ സ്വയമൊളിച്ചിരുന്നിരിക്കും

നുകം കെട്ടി കണ്ടത്തിലേയ്ക്കിറങ്ങുമ്പോള്‍
കുടിച്ച് കുമ്പ വീര്‍പ്പിച്ച പാടം
ഇങ്ങനെ പറയും
 
''പെണ്ണൊരുത്തി പറഞ്ഞപോലെ കാട്ട്യാ
ഇയ്യെന്താ ചെയ്യ പനങ്ങാടാ?

ഹൗ പതുക്കെ കീറടോ നോവുന്നു''

നുകത്തുമ്പില്‍ സൂര്യനപ്പോള്‍
ശുഭം എന്നെഴുതും

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇടുക്കി ഡാമില്‍ 35 ശതമാനം വെള്ളം മാത്രം; അണക്കെട്ടുകൾ വരള്‍ച്ചയുടെ വക്കില്‍

സരണില്‍ രോഹിണിക്കെതിരെ മത്സരിക്കാന്‍ ലാലു പ്രസാദ് യാദവ്; ലാലുവിന്റെ മകള്‍ക്ക് അപരശല്യം

കോഹ്‌ലിയെ തള്ളി ഋതുരാജ് ഒന്നാമത്

ഓസ്‌കര്‍ നേടിയ ഏക ഇന്ത്യന്‍ സംവിധായകന്‍: സത്യജിത്ത് റായ് എന്ന ഇതിഹാസം

മലപ്പുറത്ത് പ്ലസ് വണ്‍ സീറ്റുകള്‍ വര്‍ധിപ്പിക്കും; സര്‍ക്കാര്‍ സ്‌കൂളുകളില്‍ 30 ശതമാനം കൂട്ടും