കവിത 

'ഒരാള്‍, ഒരിടം, രണ്ടു യാത്ര'- പിഎ നാസിമുദ്ദീന്‍ എഴുതിയ കവിത

പി.എ. നാസിമുദ്ദീന്‍

ചെറുനഗരത്തില്‍
വന്നിറങ്ങി
ഗുരുവിനെ കാണാന്‍
മലമ്പാതകളിലൂടെ
വളഞ്ഞുപുളഞ്ഞു പോകുന്ന
ബസിലിരിക്കുമ്പോള്‍

മഞ്ഞില്‍, താഴ്വരയില്‍
തലയാട്ടുന്ന പൈന്‍മരങ്ങള്‍
പൗരാണിക യുദ്ധത്തില്‍
ശാപമേറ്റ്, നിശ്ചലരാക്കപ്പെട്ട
കാലാള്‍ പടയാളികള്‍

മുനിമാരെപ്പോലെ
തപസ്സു ചെയ്യുന്ന
കുടപ്പനകള്‍

അരികില്‍
പുറത്തേയ്ക്ക് നോക്കി
കൈകള്‍ കോര്‍ത്ത്
പ്രണയികള്‍
നിമിഷങ്ങളെ
നിറം പിടിപ്പിക്കുന്നു

സീറ്റില്‍
ഒരു കുഞ്ഞ്
രണ്ടു കൈകളുമാട്ടി
തനിക്ക് കിട്ടിയ
ജീവിതത്തെ
അഭിവാദ്യം ചെയ്യുന്നു

അവന്റെ അറിവില്ലായ്മയുടെ
ആനന്ദലോകത്തില്‍
കടുംനിറമുള്ള കാട്ടുപൂക്കളും
കാറ്റും നീലവാനവും

ഓരിയിട്ടു പായുന്ന ബസ്
കയറ്റിറക്കങ്ങളില്‍
ബ്രേക്കിടുമ്പോള്‍
കോടമഞ്ഞ്
മരണപ്പെട്ട മുത്തശ്ശിയെപ്പോലെ
പാഞ്ഞുവന്ന്
മുഖത്ത് ഉമ്മവെയ്ക്കുന്നു

ഇലഞ്ഞിപ്പൂമണത്തില്‍
പുഴയുടെ കളകളാരവത്തില്‍
മലമ്പാതയില്‍
അതെന്നെ ഉതിര്‍ത്ത്
പാഞ്ഞുപോകുന്നു

ഊടുവഴിയിലൂടെ നടന്ന്
പുഴത്തീരത്തെത്തിയപ്പോള്‍
ഓളങ്ങളില്‍ കണ്ണുനട്ട്
ധ്യാനനിരതനായ ഗുരു

മായാമോഹങ്ങളില്‍പ്പെട്ട
ആത്മാവ്
രക്ഷയുടെ
വാതില്‍ കണ്ടെത്തി
ചിതറിപ്പോയ മനസ്സ്
വെളിച്ചത്തിലേയ്ക്ക് വീണ്ടെടുത്തു
ഞാന്‍ പുതുതായ് ജനിച്ചു.

മൂന്നു പതിറ്റാണ്ടിനുശേഷം
എല്ലാം മരവിച്ച്
ഈ നഗരത്തില്‍
വന്നിറങ്ങുമ്പോള്‍

വേഗത്തില്‍ പായുന്ന മനുഷ്യര്‍
വാഹനങ്ങള്‍
മെട്രോ ട്രെയിനുകള്‍
കൂറ്റന്‍ മാളുകള്‍


ശാന്തിക്കായ്
ഗുരുവിനെ കാണാന്‍
ശീതീകരണ
ഡബിള്‍ ഡക്കര്‍
ബസിലിരിക്കുമ്പോള്‍
ദൂരെ, മലമ്പാതകള്‍
തുരക്കുന്നു

ക്രഷറുകള്‍, ജെ.സി.ബികള്‍

അരികില്‍
വിലങ്ങിട്ട പ്രതിക്കൊപ്പം
രണ്ടു പൊലീസുകാര്‍

ജലപാതത്തിന്റെ
അലര്‍ച്ചയും
പലതരം രൂക്ഷഗന്ധങ്ങളും
പിണയുന്ന
മലമ്പാതയില്‍
ബസ് എന്നെ ഉതിര്‍ത്ത്
പാഞ്ഞുപോകുന്നു

വെല്‍ക്കം
പാരഡൈസ്
വാട്ടര്‍ പാര്‍ക്ക്
ബോര്‍ഡില്‍ അക്ഷരങ്ങള്‍
തിളങ്ങുന്നു

ബര്‍മുഡയും തൊപ്പിയും വെച്ച
ടൂറിസ്റ്റുകള്‍ക്കൊപ്പം
കോണ്‍ക്രീറ്റ് പാതയിലൂടെ
നടക്കുമ്പോള്‍
പുഴയുടെ ഹൃദയത്തില്‍
പണിത
ഉല്ലാസ യന്ത്രങ്ങളില്‍
നനഞ്ഞൊട്ടിയ
വസ്ത്ര വടിവുകളോടെ
വഴുതിയിറങ്ങുന്ന
താരുണ്യങ്ങള്‍

ഏജന്റ് അടുത്തു വന്നു
മോഡേണ്‍ മസാജ് മാസ്റ്റര്‍
ഷാങ് കോയുടെ
തായ് മസാജ്

പ്രഷര്‍ തലകറക്കം
എല്ലാം കളഞ്ഞ്
പുതുതായ് ഉയിര്‍പ്പിക്കും സര്‍
തൗസന്റ് റുപ്പി ഒണ്‍ലി

ഞാനവനൊപ്പം പോയി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'രോഹിത് വെമുല ദളിതനല്ല'- റിപ്പോർട്ട് തള്ളി തെലങ്കാന സര്‍ക്കാര്‍; പുനരന്വേഷണം

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; ട്രെയിൻ സർവീസുകളിൽ മാറ്റം

നവകേരള ബസ് ബം​ഗളൂരു സര്‍വീസ് നാളെ മുതൽ; കോഴിക്കോട് നിന്ന് പുലർച്ചെ നാല് മണിക്ക് പുറപ്പെടും

ക്ഷേമനിധി പെൻഷനുകൾ കെ-സ്മാർട്ടുമായി ബന്ധിപ്പിക്കാൻ തദ്ദേശ വകുപ്പ്; പ്രത്യേക മൊഡ്യൂൾ വികസിപ്പിക്കും

നീണ്ട 12 വര്‍ഷം, ഒടുവില്‍ വാംഖഡെയില്‍ കൊല്‍ക്കത്ത മുംബൈയെ വീഴ്ത്തി!