കവിത 

'നിരായുധന്‍'- അബ്ദുല്‍സലാം എഴുതിയ കവിത

അബ്ദുല്‍സലാം

ഞാന്‍ നിരായുധന്‍
ഭാഷയില്‍.

നീയെനിക്ക് പണിതമൗനസൗധം
ഞാനെന്നെ മുറുക്കിയടച്ചുമെല്ലെ

പലവട്ടം വെയിലെത്തിനോക്കി
പലതും പറഞ്ഞു പോയിരുന്നു
കാറ്റുവന്നെന്റെ ചെവിക്കുടയില്‍
ചോക്കുംവരേക്കും പിടിച്ചിരുന്നു.

തിരകള്‍ മായ്ച്ച കാലടികള്‍
പൂക്കള്‍ കൊഴിഞ്ഞ ഗന്ധരാവ്
പാളംമുറിഞ്ഞ രാക്കിനാവ്
ചോരയില്‍ മുങ്ങിയ ചോദ്യചിഹ്നം
എല്ലാം വന്നെത്തി ഇടയ്ക്കിടയ്ക്ക്
ഭാഷയില്ലാതെ തറഞ്ഞുനിന്നു.

ഗതിമുട്ടി നാവുണര്‍ന്നു പോയാല്‍
പല്ലുകള്‍ തടവറക്കമ്പിപോലെ
വാക്കിനു മുന്നില്‍ നിവര്‍ന്നു നിന്നു
ബയണറ്റു കാട്ടി ഭയപ്പെടുത്തി
പമ്പരംപോലെ കറങ്ങി കാലം
മൊട്ടത്തലയില്‍ തിരിഞ്ഞുവീണു.

തൂവാലപോലെ പറന്നുവന്ന
ആകാശം നെറ്റിയില്‍ വരിഞ്ഞുകെട്ടി
ആകെ മരവിച്ച ഉടല്‍ത്തറയില്‍
നീലിച്ച നട്ടുച്ച നൃത്തമാടി.
വേരറ്റ മാമരം കപ്പലായി
കായല്‍പ്പരപ്പില്‍ കൊടിയുയര്‍ത്തി

നേരേവരച്ച വരകളെല്ലാം
തെറ്റിനില്‍ക്കുമതിര്‍ത്തിയായി
സന്ധികൂടാത്ത വാക്കുപോലെ
വിട്ടുനിന്നൂ പരമാര്‍ത്ഥസത്യം.

നീയെനിക്ക് പണിതമൗനസൗധം
ഞാനെന്നെ മുറുക്കിയടച്ചുമെല്ലെ
നീതന്ന രാഷ്ട്രനിയമാവലികള്‍
തെല്ലുറക്കെ വായിച്ചുനോക്കേ
തൊണ്ടനിറഞ്ഞ കഫക്കൊഴുപ്പ്
ആഞ്ഞുതുപ്പാന്‍ വാ തുറന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇപിക്കെതിരെ നടപടിയില്ല, നിയമനടപടി സ്വീകരിക്കാന്‍ പാര്‍ട്ടി നിര്‍ദേശം; ദല്ലാളുമായി ബന്ധം അവസാനിപ്പിക്കണം

'അമ്മയുടെ പ്രായമുള്ള സ്ത്രീകളെപ്പറ്റി എന്തൊക്കെയാണ് സൈബര്‍ കുഞ്ഞ് പറയുന്നത്?', രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പത്മജ

അമിത് ഷാ സഞ്ചരിച്ച ഹെലികോപ്റ്ററിന് നിയന്ത്രണം നഷ്ടപ്പെട്ടു? വിഡിയോ

ഇ പിയെ തൊടാന്‍ സിപിഎമ്മിനും മുഖ്യമന്ത്രിക്കും ഭയം, മുഖ്യമന്ത്രി എവിടെ വെച്ചാണ് ജാവഡേക്കറെ കണ്ടതെന്ന് വ്യക്തമാക്കണം: വി ഡി സതീശന്‍

ദൈവങ്ങളുടെ പേരില്‍ വോട്ട്, മോദിയെ തെരഞ്ഞെടുപ്പില്‍ അയോഗ്യനാക്കണമെന്ന ഹര്‍ജി തള്ളി