കവിത 

'അവളെന്ന വീട്'- സഞ്ജയ്നാഥ് എഴുതിയ കവിത

സഞ്ജയ്നാഥ്

രു തുലാവര്‍ഷ പെയ്ത്തില്‍
ആകെ നനഞ്ഞ് പോയ വീടായിരുന്നവള്‍
വാരിപ്പഴുതുകളിലൂടെ ഒലിച്ചെത്തുന്ന മഴയെ
പുറം കയ്യ് കൊണ്ട് തുടയ്ക്കുമ്പോഴേക്കും
മഴയ്ക്കൊപ്പമെത്തിയ കാറ്റവളെ ഉലച്ചിട്ടുണ്ടാവും.
വീഴാനാഞ്ഞ് പോകുമ്പോള്‍ എത്തിപ്പിടിക്കാനൊരു
പഴുതില്ലാതെ പരുങ്ങുന്നുണ്ടവള്‍.
നട്ടുനനച്ച പിച്ചകത്തയ്യോട്
പോറ്റിവളര്‍ത്തുന്ന പൂച്ചകളോട്
പടര്‍ന്നുകയറുന്ന പാവലിനോട്
വെയിലേറ്റ് വാടിയ വീടിനോട്
സ്വകാര്യം പറയുന്നവള്‍.
നിശ്ശബ്ദമായി വീടിന്റെ കോണുകളില്‍
തിരഞ്ഞ് നടക്കുമ്പോള്‍
വീട് അവളോട് ചോദിക്കാറുണ്ട്
തിരയുന്നതെന്താണെന്ന്.
അവള്‍ മറുപടിയില്ലാതെ നില്‍ക്കുമ്പോള്‍
വീട്, ഒരു കുഞ്ഞ് പാദസരം
പൊട്ടിപ്പോയ ഒരു കളിപ്പാട്ടം
വെളുപ്പില്‍ മഞ്ഞകലര്‍ന്ന ഒരൊറ്റമുണ്ട്
പകുതിയൊടിഞ്ഞ ചൂരല്‍ത്തണ്ട്
പരിഭവംകുറുകിയ കരച്ചിലുകള്‍
അവളുടെ തന്നെ ശാസനാസ്വരങ്ങള്‍
വീടിനോടുള്ള സംസാരങ്ങള്‍
എല്ലാം കാട്ടി അവളെയുണര്‍ത്തും.
വീടിനെ പുണര്‍ന്ന് പുണര്‍ന്ന്
അവള്‍ മറ്റൊരു വീടായി മാറും.
മേടച്ചൂടില്‍, കര്‍ക്കിടക പെയ്ത്തില്‍
മകരക്കുളിരില്‍, വീശി വീശി
അവളോടെതിര്‍ക്കുന്ന കാറ്റില്‍
അവളാ വീടിനെ ചേര്‍ത്തുപിടിക്കും
അങ്ങനെ രണ്ട് വീടുകള്‍ ചേരുന്നതിനെയാണ്
നാം ഒരു വീടെന്ന് വിളിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മലയാള സിനിമയുടെ 'സുകൃതം'; സംവിധായകന്‍ ഹരികുമാര്‍ അന്തരിച്ചു

ആമ്പല്‍പ്പൂവ് മുതല്‍ ഓട്ടോറിക്ഷക്കാരന്റെ ഭാര്യ വരെ; മലയാളികള്‍ ഹൃദയത്തിലേറ്റിയ ഹരികുമാര്‍ ചിത്രങ്ങള്‍

എസ്എസ്എൽസി പരീക്ഷാ ഫലം മറ്റന്നാൾ; ഈ വെബ്സൈറ്റുകളിൽ റിസൽട്ട് അറിയാം

അപകടമുണ്ടായാല്‍ പൊലീസ് വരുന്നതുവരെ കാത്തു നില്‍ക്കണോ ?; അറിയേണ്ടതെല്ലാം

ഹാക്കര്‍മാര്‍ തട്ടിപ്പ് നടത്തിയേക്കാം; ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്ക് സുരക്ഷാ മുന്നറിയിപ്പ്