കവിത 

'ക്രിസ്തുമസ് വിളക്കുകള്‍'- ഷിറാസ് അലി എഴുതിയ കവിത

ഷിറാസ് അലി

തൃശ്ശിവപേരൂര്‍ തേക്കിന്‍കാടുമൈതാനം
ചുറ്റിവളഞ്ഞൊരു നാലുചക്രശകടത്തില്‍
ഡിസംബര്‍കുളിരണിഞ്ഞുവരുംനേരം
കണ്ടേന്‍ ഉദിച്ചുനില്‍ക്കുന്നൂ ആയിരം
ബഹുവര്‍ണ്ണതാരകം.

ബത്‌ലഹേമില്‍ ഒരു പുല്‍ത്തൊഴുത്തില്‍
പിറന്നൊരുണ്ണിയെ വാഴ്ത്തിയും
വഴികാട്ടിയും, അകതാരില്‍ പുറപ്പെട്ടതാ
മൂന്നു ജ്ഞാനികള്‍ രാജാക്കന്മാര്‍
അഗ്‌നിവീചികള്‍ ചൂണ്ടും പാതയില്‍
അനന്തമരുപ്പരപ്പതില്‍...

പിന്നെയും പോകുന്നൂ ബസതപ്പോള്‍
പള്ളിയൊന്നിന്‍ പള്ളയില്‍ ഭീമമാം
മരക്കുരിശിന്‍ ചാരെ തൂങ്ങിനില്‍ക്കുന്നൂ
ഒരു രക്തനക്ഷത്രം ചോരകിനിയുംപോല്‍...

യാത്ര തുടരുകയാണു രാവതും ഞാനും
വാനിലൊരു വെള്ളിത്താരമതുദിച്ചു
മന്ദഹസിപ്പതു കാണുവാന്‍ ഉള്ളം
സ്‌നേഹം താവി കോരിത്തരിക്കുവാന്‍...

ശൈത്യം കിടുകിടുത്തു കാതില്‍ നെഞ്ചകത്തില്‍, 
കമ്പളച്ചുരുളാല്‍ പൊതിഞ്ഞു 
ശിരസ്സെന്നാല്‍ ചൂടേറ്റി
വിരിഞ്ഞിരിക്കുന്നാകസ്മികം കുഞ്ഞൊരു
പീതനക്ഷത്രം മോഹനസൗധത്തിന്‍
മേലേനിലയില്‍ അഴകായ്, അഴലായ്
ആദിമദൂതുപോല്‍....

വിട്ടുപോകെത്തിരിവില്‍ പൊടുന്നനെ
കുടിലുകള്‍ക്കിടയില്‍ പാവം കുരുന്നുകള്‍
പാഴ്‌പേപ്പറില്‍ നിര്‍മ്മിച്ചുള്ളില്‍ കണ്ടു
മെഴുകുതിരി കൊളുത്തിവെച്ചൊരു
നിസ്വനക്ഷത്രം....

രാവുണര്‍ന്നിരിക്കുന്നു, കുന്നിന്‍മീതേ
ഏകാന്തമൊരു ചാപ്പലിന്‍ നെറുകയില്‍
മിന്നിനിന്നൂ ധന്യയാമൊരു യുവകന്യാസ്ത്രീ പോല്‍
കൊലുങ്ങനെ ഹൃദയശുദ്ധിയാര്‍ന്നൊരു
മുഗ്ദ്ധശുഭ്രനക്ഷത്രം....

ഇപ്പോള്‍ പോകയാണു ദൈവപുത്രന്‍
രാജരാജന്‍ ഗാഗുല്‍ത്ത താണ്ടി, അവന്റെ
ചുമലില്‍ ഭാരം അനുനിമിഷം വളര്‍ന്നിതെന്‍
ഹൃത്തിനുള്ളില്‍ ചെടുങ്ങനെ ജ്വലിച്ചിതാ
മാനവമോചനചിഹ്നംപോല്‍, പാപപ്പെടലിന്‍
ഉദാത്തദൃഷ്ടാന്തംപോല്‍, എന്റെ കണ്ണീരില്‍
നൊന്തുപിടയുംപോല്‍ ഒരു  സുവര്‍ണ്ണനക്ഷത്രം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി