കവിത 

'പെണ്‍കവിതകള്‍'- ആനന്ദ് കാവാലം എഴുതിയ കവിത

ആനന്ദ് കാവാലം

(മലയാള കവിതയിലെ ശ്രദ്ധേയമായ സ്ത്രീ സാന്നിധ്യത്തിന്)

വിടെയായിരുന്നൂ നിങ്ങളിതുവരെ, പ്രിയരേ
യേതുമൗന വല്മീകത്തിനുള്ളില്‍, ഗാഢം
കാവ്യതപസ്സാണ്ടിരുന്നുവോ, പിന്നെയേതൊരു
പുലരിയില്‍ മൗനം വെടിഞ്ഞിട്ടിത്രനാള്‍ നിങ്ങളെ
ചൂഴ്‌ന്നോരിരുട്ടിനെ, യിത്രനാള്‍ ബന്ധിച്ച തടവറകളെ,
യൊപ്പമിത്രനാള്‍ പൂട്ടിയ വിലങ്ങുകളെയൊക്കെയും
പാടേ തകര്‍ത്തുകൊണ്ടുച്ചത്തിലുച്ചത്തില്‍
വര്‍ണ്ണക്കിളികളായേറെ സ്വരങ്ങളില്‍
ഭാവോജ്ജ്വലങ്ങളാം ഗീതങ്ങള്‍ സൃഷ്ടിച്ചു
ധീരം പ്രയാണം തുടരവേ; മണ്ണിനെ,
പുഴകളെ, ഹരിതവനങ്ങളെ, നൊമ്പരം കൊള്ളുന്ന
ഹൃത്തടത്തെക്കുറിച്ചേറെത്തപിച്ചു
മിങ്ങിത്രനാള്‍ ചെയ്ത തപസ്സിന്‍ കരുത്തിനാല്‍
കനല്‍മിഴികള്‍ ചൊരിയുന്ന കതിര്‍നാളമായ്
രൗദ്രമെരിയുന്ന കരിനാഗമിഴിയിലെ പകയായ്
ചിലമ്പുടച്ചെയ്തതാം ക്രോധവചനങ്ങളായ്
ചിലപ്പോള്‍ പതുക്കനെയാര്‍ദ്രമായ്, തരളമായ്
മിഥുനമഴ തീര്‍ക്കുന്ന പുലരിക്കുളിര്‍മ്മയായ
ല്ലെങ്കിലൊരു നൂറു കദളിക്കുടപ്പന്റെ
പോളകളിറ്റുന്ന നറുതേന്‍ കണങ്ങളായ്
പ്രണയമധു കിനിയുന്ന മധുരസ്വരങ്ങളാ
യാരുമേ കാണാതെ വിരിയുന്ന കാട്ടുപൂ
വിടരവേയുതിരുന്ന ഹിമബിന്ദുപോലെ
യതി സൗമ്യമായ്, ശാന്തമായ്, വസുധതന്‍
ആത്മചൈതന്യ സ്ഫുരണമായ്,
മറ്റൊരു മാതൃസ്വരൂപമായ്, കല്പനകള്‍
പിറവിയെടുക്കുന്ന സൃഷ്ടിതന്നൂര്‍ജ്ജമായ്,
മലനാട്ടു മണ്ണിന്റെ ഹൃത്താളമാകവേ,
യീ വന്ധ്യകാലത്തിലണയും വരള്‍ച്ചമേ
ലുര്‍വ്വരത തീര്‍ക്കുന്ന ശക്തിയായ്, കനിവായ്
അഭയമായ്, സാന്ത്വനധാരയായ് നിറയുക.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജയരാജനുമായി മൂന്നുവട്ടം ചര്‍ച്ച നടത്തി; വിവരം പിണറായിക്ക് ചോര്‍ത്തി നല്‍കിയത് നന്ദകുമാര്‍; വെളിപ്പെടുത്തലുമായി ശോഭ സുരേന്ദ്രന്‍

സിക്‌സര്‍ പൂരം! കൊല്‍ക്കത്ത - പഞ്ചാബ് മത്സരത്തില്‍ പറന്നിറങ്ങിയ റെക്കോര്‍ഡ്

ഇപി ജയരാജന്‍ ബിജെപിയിലേക്ക് പോകുമെന്നത് പച്ചനുണ; മുഖ്യമന്ത്രി പറഞ്ഞതോടെ ജനങ്ങള്‍ക്ക് ബോധ്യമായി; വോട്ടിങ്ങിനെ ബാധിച്ചില്ലെന്ന് ജയരാജന്‍

ചെന്നൈ സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനില്‍ കണ്ടെത്തിയ മൃതദേഹം മലയാളി നഴ്‌സിന്റേത്

ജനങ്ങള്‍ എന്നെ വിളിക്കുന്നു, അമേഠിയില്‍ ഞാന്‍ വരണമെന്ന് രാജ്യം ഒന്നാകെ ആഗ്രഹിക്കുന്നു: റോബര്‍ട്ട് വാധ്ര