കവിത 

'മറിയാമ്മേ നിന്റെ കദനം'- സജിന്‍ പി.ജെ എഴുതിയ കവിത 

സജിന്‍ പി.ജെ.

മിണ്ടാനാവാത്തവളെ
നിന്റെ നേര്യതിനു പിന്നില്‍
ഒരു മഴക്കാലത്തോളം
കദനമെന്ന്...

നീ പോയ വഴിയെല്ലാം
ഒച്ചയില്ലായ്മയുടെ തൂവാനം!
നിലാവില്‍
കൊന്നത്തെങ്ങുകള്‍ പോല്‍
നീ പറഞ്ഞ...

പുലരിമഞ്ഞിന്‍കണങ്ങളില്‍
ലില്ലികള്‍ ചൂടും
കപ്പേള.
അവിടെ ഏങ്ങലടിച്ചു
കത്തുന്ന മെഴുകുതിരികള്‍
നീ ഇറക്കിവെച്ച...

വേനല്‍ മഴയുടെ വെല്‍വെറ്റ്
രാത്രിയില്‍
മരിയാ ഗൊരേത്തിയോടു നീ പറഞ്ഞതൊക്കെയും...

ഭിത്തിയിലെ വിളക്കു കൂടുകള്‍
വെളിച്ചത്തിന്റെ വയലിനുകള്‍.
പ്രാവുകള്‍ കേട്ടിരിക്കുന്നു.
നിന്നെപ്പോലെ അവയും
കുറുകുന്നു, കുറുകലില്‍
നൊവേനകള്‍ പൂക്കുന്നു.
നിന്നോടയാള്‍ ചെയ്തതെല്ലാം...

ആദ്യമായി നിന്റെ
അടിവസ്ത്രത്തിലാകെ
ജാതിപത്രികള്‍ ചിതറിയ നാള്‍.
അന്നു മുതല്‍ക്കു പകല്‍
നിനക്കു പതുങ്ങുന്ന
നിഴല്‍.
അന്ന് നിന്നെയയാള്‍...

വെയില്‍ മുത്തും
അടുക്കളത്തിണ്ണയില്‍
ചാരിയിരിക്കും പിഞ്ഞാണങ്ങള്‍.
അവയുടെ അന്തംവിട്ട
നിശ്ശബ്ദതയില്‍
നിന്റെ കുറുനാവില്ലാത്ത
തൊണ്ണക്കുഴിയില്‍
കുരുങ്ങി മരിച്ച മീനുകള്‍!
അയാള്‍ വിരിച്ച...

കാപ്പി പൂത്ത മണം കൊണ്ടയാള്‍
തന്റെ വരവിനെ പൊതിഞ്ഞ
സന്ധ്യകള്‍.
ഇല്ലികള്‍കൊണ്ടു മറപിടിച്ച
ഇടവഴികളുടെ ദൂരങ്ങള്‍.
തിരിച്ചെഴുന്നേറ്റ പുല്ലുകള്‍
മറച്ചേ കളഞ്ഞ തെളിവുകള്‍!

നിന്റെ മെലിഞ്ഞ കൈകളില്‍ തൂങ്ങി
പകലിരവുകള്‍ വിരുന്നുവന്ന വീട്.
നീ ഉണര്‍ത്തുമ്പോള്‍ ഉണര്‍ന്നും
ഉറക്കുമ്പോള്‍ ഉറങ്ങിയും
മഴകൊണ്ട വീട്.

മെഴുക്കി വെടിപ്പാക്കിയ പാത്രങ്ങള്‍,
തേച്ചുമിനുക്കിയ തറ,
അലക്കി വെളുപ്പിച്ച ഉടുപ്പുകള്‍,
ഊട്ടിവളര്‍ത്തിയ നായ, കോഴികള്‍,
നനച്ചു കരുതിയ ചെടികള്‍,
കോരിമാറ്റിയ തീട്ടവും മുള്ളിയും.

അടുക്കളയില്‍ നട്ടിട്ടും
അകംപുറം പടര്‍ന്നിട്ടും
അവിടെ നിന്നിറക്കി വിട്ട രാത്രി
മരിയാ ഗൊരേത്തിയോടു
നീ പറഞ്ഞതെല്ലാം...

ഉഷമലരികള്‍ പൂത്ത സെമിത്തേരി.
ആകെയുള്ളഞ്ചാളുകള്‍.
അലുക്കുകളില്ലാത്ത പെട്ടി,
അതില്‍ കിടക്കാന്‍ കൂട്ടാക്കാത്ത നീ!
നിന്റെ വയറ്റില്‍ മുളപൊട്ടിയ
ചെറിയൊരു ഏപ്രില്‍ ലില്ലി!

ആറ്റുവഞ്ചികള്‍ ഒഴുക്കിനെ ഉടക്കി
ഉറഞ്ഞുപോയൊരരുവിയേ...
കുരിശടിയുടെ മോന്തായത്തില്‍
പറ്റിനില്‍ക്കുന്ന പായലേ...
മറിയാമ്മേ നിന്റെ കദനം
മറിയാമ്മേ നിന്റെ കഥനം!

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി