കവിത 

'ഇച്ചേയി*'- നിബുലാല്‍ വെട്ടൂര്‍ എഴുതിയ കവിത

നിബുലാല്‍ വെട്ടൂര്‍

ച്ചേയി ചത്തതില്‍പ്പിന്നെ,

വേലിപ്പടര്‍പ്പിലെ വള്ളിപ്പടര്‍പ്പുകള്‍ 
തെറിപ്പൂക്കള്‍ അടുക്കളപ്പുറത്തേക്ക് 
പൊട്ടിച്ചെറിയാറില്ല. 
മറുവാക്കുകേള്‍ക്കാ കാത്തിരിപ്പിനൊടുവില്‍
കലികൊണ്ടുകാപ്പൊലിക്കാറില്ല. 

ഇച്ചേയി ചത്തതില്‍പ്പിന്നെ,

പാതിരാമഴയിലിരുട്ടില്‍ 
അതിരിലെക്കല്ലുകള്‍ 
ഓടിയൊളിക്കാറില്ല.
പൊറ്റകെട്ടിക്കിടന്നുറങ്ങും 
ചെമ്മണ്ണുകളിടിഞ്ഞു തൂങ്ങാറില്ല.

ഇച്ചേയി ചത്തതില്‍പ്പിന്നെ, 

കറുത്തവാവിന്‍ രാവുകളില്‍ 
അതിരിലെ അയനിമരത്തിന്‍ 
വേരുകള്‍ വിടര്‍ന്നു ചെന്നു 
കുപ്പിപ്പാത്രത്തിലെ രസം മോന്തി
കുടിച്ച് ഉറ(ണ)ങ്ങാറില്ല.

ഇച്ചേയി ചത്തതില്‍പ്പിന്നെ, 

അതിരിലെ തെങ്ങിന്‍ തടത്തില്‍ 
കരിമഷിക്കോലങ്ങള്‍ വരയാറില്ല.
കിണറുണരും മുന്‍പേ 
വീടുണരും മുന്‍പേ 
വെള്ളത്തിന്നുറക്കം
കെടുത്തി കുടങ്ങള്‍ നിറയാറില്ല. 

എങ്കിലും;
ഇച്ചേയി ചത്തതില്‍പ്പിന്നെ, 

തേന്‍വരിക്കയിലെ അരക്കൊലിച്ച പാതിയുമായി 
വേലി നൂണാരും വരാറില്ല.
ഇടയ്ക്കിടെ കടക്കണ്ണുകളാരും 
ഞങ്ങളുടെ മുറ്റത്തേക്കെറിയാറില്ല.
കൊടുങ്കാറ്റായിവന്നടുപ്പിലെ
കനലുകോരി കൊണ്ടോകാറില്ല. 

ഇച്ചേയി ചത്തതില്‍പ്പിന്നെ, 

മുറ്റത്ത,കത്തളത്തുനിന്ന്,
വാക്കുകളുച്ചത്തില്‍ 
വീണുചിതറിയാല്‍, 
തൊണ്ടപിളര്‍ന്നു കരച്ചിലുയര്‍ന്നാല്‍
അതിരില്‍ നിന്നൊരുവിളിവന്നു-
ച്ചത്തില്‍ മുറ്റത്തു നില്‍ക്കാറില്ല.

ഇച്ചേയി ചത്തതില്‍പ്പിന്നെ, 

ആലയില്‍ക്കിടന്നമറും പയ്യിനു പിണ്ടി-
യൊന്നരിഞ്ഞാരും കൊടുക്കാനില്ല.
അമ്മാമനും മുത്തച്ഛനും കോടിപുതച്ച
ങ്ങുറങ്ങിയസന്ധ്യകളിലന്തിക്കഞ്ഞിയും 
ചുട്ടരച്ചതും കനലേറ്റുകറുത്തുപൊള്ളി-
യടര്‍ന്ന പപ്പടവും ചേര്‍ത്തുപിടിച്ച് 
ചാരംപടര്‍ന്ന മുഖവുമായിട്ടാരും വരാറില്ല.

ഇച്ചേയി ചത്തതില്‍പ്പിന്നെ, 

അതിരില്‍ കാടു വളര്‍ന്നു, കല്ലുമുളച്ചു, 
മണ്ണുകളൊക്കെ മുറുകെപ്പുണര്‍ന്നുറച്ചു.
അപ്പുറമിപ്പുറമൊട്ടും കാണാതായി 
കണ്ടിട്ടും കണ്ടാലറിയാത്തവരായി.
ഒരിലയനക്കം ചരലുഞെരിഞ്ഞമരുമൊരു 
പതുക്കം ചെറുകാതുകൊതിക്കും ഞെരുക്കം,
ഇല്ല; വരുന്നില്ല, പോകുന്നുമില്ല 
കാറ്റിനൊപ്പം ഒരു തെറിവാക്കുപോലും.

************
*മധ്യതിരുവിതാംകൂറില്‍ മുതിര്‍ന്ന  ഹിന്ദു സ്ത്രീകളെ 
വിളിക്കുന്നതാണ് ഇച്ചേയിയെന്ന്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സഞ്ജു സാംസണ്‍ ലോകകപ്പ് ടീമില്‍; രാഹുലിനെ ഒഴിവാക്കി

മഴയ്ക്ക് സാധ്യത; യുഎഇയില്‍ വിവിധ ഇടങ്ങളില്‍ യെല്ലോ അലര്‍ട്ട്, ജാഗ്രത നിര്‍ദേശം

വിതയ്‌ക്കേണ്ട, കൊയ്യേണ്ട, കളപ്പുരകള്‍ നിറയ്‌ക്കേണ്ട; നീന്തടാ, നീന്ത്

'ബാലാക്കോട്ട് ആക്രമണം ലോകത്തെ അറിയിക്കുന്നതിന് മുമ്പ് പാകിസ്ഥാനെ അറിയിച്ചു; നിരപരാധികളെ കൊല്ലാന്‍ ശ്രമിക്കുന്നവരെ മടയില്‍ കയറി കൊല്ലും'

ബില്ലടച്ചില്ല, കൊച്ചി കോര്‍പ്പറേഷന്‍ മേഖലാ ഓഫീസിന്റെ ഫ്യൂസ് ഊരി കെഎസ്ഇബി