കവിത 

ഏഴ് പ്രണയ കവിതകള്‍- പ്രമീളാ ദേവി 

പ്രമീളാദേവി

നിലാവ്, കടലും
 
നീ നിലാവത്രേ:
പതിന്നാലുരാവിനു ശേഷം
മാഞ്ഞുപോം, മറുപുറ-
ത്താനന്ദസുധ പെയ്യാന്‍.
കൂരിരുട്ടിലെന്‍ തിര-
മാലകള്‍ തലതല്ലി-
ച്ചാകുവതറിയാതെ
നിനക്കു ചന്ദ്രോത്സവം.

അത് 

അതു നിന്റെയുള്ളില്‍ നി-
ന്നുറപൊട്ടിയൊഴുകുന്ന
പ്രണയമെന്നിത്രനാള്‍
ഞാന്‍ കൊതിച്ചു.
അരുവിയായ് പകരാതെ
വെറുതേയൊലിച്ചുപോം
മഴവെള്ളമെന്നിന്നു
ഞാനറിഞ്ഞു.

കടലാസ് 

കടലാസ്സില്‍ നമ്മള്‍
പൊതിഞ്ഞു സൂക്ഷിച്ച
പവിഴമല്ലരി
മലര്‍ക്കുലയുടെ
മണം പോയി,
പൂക്കള്‍
മരിച്ചുപോയ്,
പിന്നെ
കടലാസ്
പൊള്ളുന്ന
മരുപ്പറമ്പായി.

ശലഭങ്ങള്‍ 

നിനക്കായ് വിരിഞ്ഞൊരീ
പൂവുകള്‍ ദിനാന്തത്തില്‍
പരക്കെ കൊഴിഞ്ഞുപോയ്
ആയവയുറങ്ങുമീ
നിലത്തുനിന്‍ കാലടി
നിസ്സംഗം ചവിട്ടുമ്പോള്‍
പറക്കുന്നുവോ
ശലഭങ്ങളായ് അവയെല്ലാം?

എങ്ങനെ 

ദൂരനക്ഷത്രമേ
എങ്ങനെ നിന്‍ അനു-
രാഗമീശൂന്യത
നീന്തിക്കടന്നെന്റെ
ജീവനിലോളമെത്തുന്നു,
പൊടുന്നനെ
ക്ഷീരപഥങ്ങള്‍
ഉയിര്‍ക്കുന്നു ചുറ്റിലും?

മഴ 

ഉറങ്ങാന്‍ കിടക്കുമ്പോള്‍
മഴയെന്‍ ജനാലയില്‍
പതിയെ മുഖം ചേര്‍ത്തു
വിളിപ്പൂ: കൊടുത്തുവോ
പ്രിയമാര്‍ന്നെന്തെങ്കിലും
എനിക്കു നല്‍കാന്‍ നീയീ
മഴതന്‍ കയ്യില്‍
പ്രണയം പോലെ നിഗൂഢമായ്?

ഈ രാത്രിയെന്തിനോ 

ഈ രാത്രിയെന്തിനോ
നിന്നെക്കുറിച്ചോര്‍ത്തു
നീറുന്നു ഞാന്‍, തൂ-
നിലാവേറ്റു പൊള്ളുന്ന
യാമങ്ങളില്‍,
പാരിജാതങ്ങളെയ്യുന്ന
കാരമുള്‍പ്പോറലില്‍,
കാണാക്കുയിലിന്റെ
പ്രേമം പൊഴിക്കൂ-
മുഷ്ണത്തില്‍, വനനദീ-
ചാരുസല്ലാപങ്ങള്‍
കാതിലിറ്റും കൊടും-
നോവില്‍, ഹിമകണം
ചൂടിയ കാറ്റിന്റെ
ആകെയശാന്തി
പടര്‍ത്തും തഴുകലില്‍,
ദൂരനക്ഷത്രങ്ങള്‍
തങ്ങളില്‍ കണ്‍ചിമ്മി
രാഗം പകരു-
മുന്മത്തമൗനങ്ങളില്‍
മേഘങ്ങളെല്ലാ-
മഴിച്ചുമാറ്റും നിശാ-
വാനമുതിര്‍ക്കുന്ന
ഗൂഢസ്മിതങ്ങളില്‍
നീറുന്നു ഞാന്‍;
നിന്റെ ചുംബനത്തീമുന
നീളും കഠാരമായ്
ഊറ്റുന്ന ചോരയാല്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ആശ്വാസം; കൊടും ചൂട് കുറയുന്നു; ഉഷ്ണ തരംഗ മുന്നറിയിപ്പ് പിന്‍വലിച്ചു

എസി വാങ്ങാന്‍ പോകുകയാണോ? എന്തൊക്കെ ശ്രദ്ധിക്കണം, അറിയേണ്ടതെല്ലാം

'ആര്‍ത്തവ സമയത്ത് സ്വയം നിയന്ത്രിക്കാന്‍ കഴിയില്ല', അര്‍ധ നഗ്നയായി ഇറങ്ങിയോടിയതില്‍ പ്രതികരിച്ച് ബ്രിട്‌നി

ആദ്യം പോര്‍ച്ചുഗല്‍ പിന്നെ മാസിഡോണിയയിലേക്ക്; റിമയുടെ യാത്രാ വിശേഷങ്ങള്‍

പ്രണയവിവാഹത്തെ എതിര്‍ത്തു; മരുമകന്റെ മൂക്ക് മുറിച്ചെടുത്ത് മകളുടെ മാതാപിതാക്കള്‍