കവിത 

'ഭാരമേ ഭാരമേ'- ബിന്ദു കൃഷ്ണന്‍ എഴുതിയ കവിത 

ബിന്ദു കൃഷ്ണന്‍

ജീവിതത്തില്‍ ഞാനേറ്റിയ 
ഭാരങ്ങളില്‍
ഏറ്റവും പ്രിയതരം
മക്കളേ
നിങ്ങളായിരുന്നു
ആദ്യം വയറ്റില്‍
പിന്നെ ഒക്കത്ത്

ഏറിയേറി വരുമ്പോഴും
അറിഞ്ഞുപോലുമില്ല
വയറു തൂങ്ങി
തുടകളിലൂടെ
കഴപ്പ് പടര്‍ന്നപ്പോഴും
ഉള്ളില്‍ ആനന്ദമായിരുന്നു

തോളില്‍ ചാഞ്ഞുറങ്ങുമ്പോള്‍
കുഞ്ഞുശിരസ്സിന്റെ ഇളംചൂട് കവിളില്‍
കഴുത്തിനു ചുറ്റും
രത്‌നമാലപോലെ
കുഞ്ഞുകൈകള്‍
12 കിലോ ഇന്നെനിക്ക് 
താങ്ങാന്‍ വയ്യ
അന്നതെങ്ങനെ
പുഷ്പംപോലെ...

ഊര്‍ന്നിറങ്ങി
പിച്ചവച്ച്
അകന്നകന്നു പോയപ്പോള്‍
വീണ്ടും ഏറ്റാന്‍ തോന്നിയതും 
അതുമാത്രം 

ഞാനേറ്റുന്ന ഭാരങ്ങളില്‍
ഏറ്റവും കഠിനം
പ്രിയനേ
നീ നെഞ്ചില്‍ വച്ചുതന്ന
ഈ നോവ്
രാവും പകലും
എല്ലാ ദിവസവും
കുറയാതെ
കുറയാതെ

പലതരം ഭാരമേറ്റി
പലവഴി അലഞ്ഞലഞ്ഞു
പാതയിതാ തീരാറായ്
അവസാനമായുറങ്ങുമിടത്ത്
അടക്കിക്കഴിഞ്ഞു വയ്ക്കും
മാര്‍ബിളില്‍ കൊത്തിവെയ്ക്കും
തറവാടിന്‍ പേര്,
ജീവിച്ചുതീര്‍ത്ത വര്‍ഷങ്ങള്‍ 
രണ്ടും ഭാരങ്ങളായെന്നെ 
 ഞെരിക്കാതിരിക്കാന്‍
കൊത്തിവയ്ക്കണമിതും
'അന്നയുടേയും മിന്നയുടേയും അമ്മ'
ആ വാക്കുകള്‍ ഇറങ്ങിവന്നെന്നെ
പൊക്കിയെടുത്തുയര്‍ത്തും
രണ്ടു മാലാഖ ചിറകുകളായി...

ഭാരമേ ഇല്ലാതെ
ഒരു മേഘത്തുണ്ടായി
ഒടുവില്‍ ഞാന്‍
പറന്നുയരും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ശക്തമായ മഴ; വിനോദ സഞ്ചാര മേഖലകളില്‍ നിയന്ത്രണം, അതിരപ്പിള്ളിയും വാഴച്ചാലും അടച്ചു, യാത്രകള്‍ക്ക് നിയന്ത്രണം

വേങ്ങൂരില്‍ മഞ്ഞപ്പിത്തം ബാധിച്ച് ഒരാള്‍ കൂടി മരിച്ചു, പഞ്ചായത്തില്‍ 208 പേര്‍ ചികിത്സയില്‍

അമിത വേഗത്തില്‍ ആഡംബരകാര്‍ ഓടിച്ച് രണ്ട് പേരെ കൊന്നു, 17കാരന് 300 വാക്കുകളില്‍ ഉപന്യാസം എഴുതാന്‍ ശിക്ഷ

എസി ഓഫ് ചെയ്യുക, ടയര്‍ പരിശോധിക്കുക; മഴക്കാലത്ത് വാഹനം ഓടിക്കുമ്പോള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക

ഇടുക്കിയിലും വെസ്റ്റ്‌നൈല്‍ പനി സ്ഥിരീകരിച്ചു, 24 കാരന്‍ മരിച്ചു