കവിത 

'മണങ്ങള്‍ വര്‍ത്തമാനങ്ങള്‍'- എം.പി. അനസ് എഴുതിയ കവിത

എം.പി. അനസ്

വെള്ളില വള്ളികള്‍ പടര്‍ന്നൊരിടവഴിയിലൂടെ
അവരിടയ്ക്ക് വരും
ആ വര്‍ത്തമാനം തരും

ചെറുപ്പം മണക്കും വീടിനെ,
ഊളിയിട്ടുച്ചയുറങ്ങും കുളക്കടവിനെ,
മീന്‍ വറ്റിച്ചെടുക്കാന്‍
മാങ്ങയെറിഞ്ഞിടും പകലിനെ,
ചിലന്തികള്‍ വല കെട്ടിയിടും
ചുമര്‍പ്പഴുതിലൂടെയുള്ള നോട്ടങ്ങളെ,

വിളക്കുകുഴല്‍ തുടച്ചു മിനുക്കുമ്പോഴെത്തും പുകമണത്തെ,
പപ്പടം ചുട്ടു പഴുക്കുന്നൊരന്തിയെ.
ബാങ്കു കൊടുക്കവേ 
വിരിക്കും നിസ്‌കാരപ്പായയ്ക്കുള്ള നനവിനെ,

ഓരോന്നായ്,
മടിശ്ശീലയില്‍ നിന്നെന്ന മട്ടില്‍
അഴിച്ചെടുത്തു വെയ്ക്കും പതിയെ.

അവര്‍ ചിരിച്ചൊതുക്കും
എന്റെ മുലയുണ്ണല്‍ കൊതിയെ,
അറിയാതെ മൂത്രമൊഴിച്ചൊരുറക്കത്തെ,
ഉച്ച പൊള്ളും മട്ടുള്ള നാലാം വയസ്സിന്‍ വാശിയെ.

അവരൊന്നിടറിത്തുടരും,
നല്ലവരെല്ലാമെത്ര വേഗം പോകുന്നെന്ന്!
പറഞ്ഞിരിക്കാന്‍
ആരുമില്ലാതായാല്‍
ഒരാളെന്തിനു പിന്നെയെന്ന്?

എന്തോ ഓര്‍ത്തിട്ടെന്നപോലെ
ആധിയോടൊന്ന് നോക്കി
തിരിച്ചറിയാനുള്ള രേഖകള്‍ ഒന്നുമില്ലെന്ന്,
കൈ മലര്‍ത്തി നീട്ടിവെയ്ക്കും.

എത്ര കാലം നില്‍ക്കും
ഓരോ വര്‍ത്തമാനവും?
അല്ലേയെന്നു പറഞ്ഞൊന്നാശ്വസിക്കും.

വരുമ്പോള്‍ കൂടെയെത്തും
മണങ്ങള്‍
ഒരാളെ വിളിച്ചു പറയും
കഴുകിപ്പോക്കാനാവാത്തവിധം
ചേര്‍ന്നിരിക്കും
മണങ്ങളോരോന്നിലും

ആര്‍ക്കതിനെ 
അതിര്‍ത്തികളുടെ തൂവാലയാല്‍
മായ്ചു നീക്കുവാനാവും 
ആരതിനെ
ഒരടയാളം പറഞ്ഞ് പുറത്താക്കും
അവരെയെന്നപോലെ
ഞാനെന്നെയും പറഞ്ഞാശ്വസിപ്പിക്കും.

തനിയെ ആശ്വാസമാകുന്നതില്‍പരം മറ്റേതു വര്‍ത്തമാനമുണ്ടൊരാള്‍ക്ക്?

മുള്‍വേലികള്‍ വകഞ്ഞ്
അവര്‍ കയറിവരുമ്പോഴൊക്കെയും
വര്‍ത്തമാനങ്ങള്‍!

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ബസ് തടഞ്ഞ് ട്രിപ്പ് മുടക്കി, തെറി വിളിച്ചെന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍; ആര്യാ രാജേന്ദ്രന്റെ മൊഴിയെടുക്കാന്‍ പൊലീസ്

അന്ന് ഡിവില്ല്യേഴ്‌സ്, 2016 ഓര്‍മിപ്പിച്ച് കോഹ്‌ലി- ജാക്സ് ബാറ്റിങ്; അപൂര്‍വ നേട്ടങ്ങളുമായി ആര്‍സിബി

ചെന്നൈ മലയാളി ദമ്പതികളുടെ കൊലപാതകം: രാജസ്ഥാന്‍ സ്വദേശി പിടിയില്‍

ഇന്ത്യാ സന്ദര്‍ശനം മാറ്റിവെച്ച മസ്‌ക് അപ്രതീക്ഷിതമായി ചൈനയില്‍; തിരക്കിട്ട ബിസിനസ് ചര്‍ച്ചകള്‍

കേരളത്തിൽ ആദ്യം ചുട്ട ചപ്പാത്തിയുടെ കഥ; 100ാം വർഷത്തിൽ മലയാളികളുടെ സ്വന്തം വിഭവം