കവിത 

'ഇരുപുഴയില്‍ ഇരുകരയില്‍'- ദേശമംഗലം രാമകൃഷ്ണന്‍ എഴുതിയ കവിത

ദേശമംഗലം രാമകൃഷ്ണന്‍

ണ്ടു പേരും വെവ്വേറെ പുഴയില്‍ കുളിക്കുന്നതുപോലെ
ഉറങ്ങുന്നതും വെവ്വേറെ കരകളിലാണല്ലോ
ഉറക്കം വരുന്നില്ലെങ്കിലും എനിക്കു നേരത്തേ കിടക്കണം
ഉറക്കത്തെ തല്ലിക്കെടുത്തി
പാതിര കഴിഞ്ഞേ നീയാളിക്കത്തുള്ളൂ
എന്നാല്‍ ഇന്ന് നമുക്ക്
ഒരേ സമയത്ത് ഒരേ പുഴയില്‍ കിടക്കാം, സമ്മതം?
എങ്കില്‍ സമയം പോക്കാന്‍
അങ്ങോട്ടുമിങ്ങോട്ടും നോക്കി ഇരുന്നാല്‍ മതിയോ?
-ഉമ്മറ വാതിലൊന്നു തുറക്കാം:
നീ നട്ടു ഞാന്‍ പതിവായി നനയ്ക്കുന്ന ചെടികള്‍ കണ്ടോ
കൈയബദ്ധത്താല്‍ അഥവാ
ദൈവ വിരലാല്‍ മുളച്ചു വളര്‍ന്ന
അശോകവും വയണയും കൊന്നയും കണ്ടില്ലേ
തണുത്ത കാറ്റില്‍
അവയുടെ ചുണ്ടനങ്ങുന്നതു കണ്ടില്ലേ.

ചിലതങ്ങനെ വട്ടം വീശിപ്പടര്‍ന്നു വന്നപ്പോള്‍
പുരയ്ക്കു കേടുപറ്റും മഴക്കാലത്ത്, എന്നു പറഞ്ഞ് ചില
കൊമ്പുകള്‍ നീ വെട്ടിമുറിച്ചതൊന്നും ഞാന്‍ മറന്നിട്ടില്ല.
അവയുടെ സങ്കടം നോക്കാന്‍ നില്‍ക്കാതെ
അവയുടെ പുണര്‍ച്ചയെ ഗൗനിക്കാതെ നീ
അവ വെട്ടിക്കളഞ്ഞു,
കണ്ണീരോ രക്തമോ
ഈ നിലത്തിപ്പോഴും കിനിയുന്നു.

പാടത്തേയ്ക്കുള്ള തോലുവെട്ടുന്ന കൃഷിക്കാരിയുടെ
ജന്മിത്തമാണ് നിനക്ക്.
തലപ്പുകള്‍ വെട്ടിനിര്‍ത്തിയാലേ
പുതു കിളര്‍പ്പുകള്‍ വരൂ എന്നാണ് നിന്റെ പ്രമാണം.
-അങ്ങനെ എന്റെ പ്രിയ വൃക്ഷങ്ങള്‍ നിന്റെ കൈയാല്‍
മുണ്ഡനം ചെയ്യപ്പെട്ടു... എങ്കിലും, ശരിയാണ്
ഞാനും സമ്മതിക്കുന്നു:
പുതു ചില്ലകള്‍
പുത്തനിലപ്പടര്‍പ്പുകള്‍
തിരുവാതിര ഞാറ്റുവേലയില്‍ നിറഞ്ഞുവല്ലോ 
       
നിന്റെ പ്രവചനം എത്ര ശരി
എന്റെ പ്രതികാരം എത്ര മോശം.

മുക്കുറ്റിക്കാടുകള്‍ വളര്‍ത്തിയ നിന്നെ
മുത്തശ്ശിക്കാവുകള്‍ തലോടുന്ന ഈ രാത്രിയില്‍,
നീയൊരു കോമരം
ഞാനോ, അടിമ.
എന്റെ മരങ്ങളെയും നീ അടിമയാക്കി
എന്റെ മോഹങ്ങളെയും നീ വെളിപ്പെടുത്തി.

ഇന്ന് ഈ രാത്രി തീരാറായി
വാതിലടയ്ക്കാം  നമുക്കുറങ്ങാം
നാളെ നേരത്തേയുണരുമോ

നിന്റെ മുക്കുറ്റികള്‍
നമ്മെ കാത്തുനില്‍ക്കുകയാവില്ലേ
നിന്റെ പുഴയില്‍ ഞാനും
എന്റെ പുഴയില്‍ നീയും
മുങ്ങി നിവരുമ്പോള്‍
അശോക മഞ്ജരിയും
വയണത്തളിരുകളും
സുഗന്ധവുമായി
നമ്മെ കാത്തുനില്‍ക്കുകയാവില്ലേ.

ഈ കവിത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സെക്രട്ടേറിയറ്റ് വളയല്‍ വിഎസിന്റെ പിടിവാശം മൂലം; തിരുവഞ്ചൂരിന്റെ വീട്ടില്‍ പോയത് ഞാനും ബ്രിട്ടാസും ഒന്നിച്ച്; വിശദീകരിച്ച് ചെറിയാന്‍ ഫിലിപ്പ്

ബ്രിട്ടാസ് വിളിച്ചത് ചെറിയാന്‍ ഫിലിപ്പിന്റെ ഫോണില്‍ നിന്ന്; യുഡിഎഫ് പ്രതീക്ഷിച്ച റിസള്‍ട്ട് ഉണ്ടായി: തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍

ജ്യോതി ബസുവിന്റെയും ബുദ്ധദേബിന്റെയും മണ്ണില്‍ സി.പി.എം തിരിച്ചുവരുന്നു?

അതിശക്ത മഴ: ഓറഞ്ച് അലര്‍ട്ട്, വിനോദ സഞ്ചാരികള്‍ ഊട്ടി യാത്ര ഒഴിവാക്കണം, മുന്നറിയിപ്പ്

സഞ്ചാരത്തിന് ഇന്ത്യക്കാര്‍ക്ക് പ്രിയമേറി; ഈ വര്‍ഷം ആദ്യപാദത്തില്‍ 9.7 കോടി വിമാന യാത്രക്കാര്‍