കവിത 

ഉണ്ണി ശ്രീദളം എഴുതിയ ആറ് കവിതകള്‍

ഉണ്ണി ശ്രീദളം

ആറ്

കവിതകള്‍

ഉണ്ണി ശ്രീദളം

അട്ട റോഡ് മുറിക്കുന്നു

അട്ട റോഡ് മുറിക്കുന്നു

വണ്ടിച്ചക്രങ്ങളുടെ ഇടനിറവുകളില്‍ ചതയാതെ

അപ്പുറമെത്തി പൂര്‍ത്തിയാകുന്നു

ചേരുംപടി ചേര്‍ന്ന സമയത്തിന്റെ ഒഴിവുകളെ

അട്ടയോ വണ്ടിയോ റോഡോ അറിയുന്നേയില്ല

ചിത്രീകരണം സജീന്ദ്രന്‍ കാറഡുക്ക

ജാവലിനേറ്

ജാവലിന്‍ എറിയണമെങ്കില്‍ ആദ്യം

അത് പിടിക്കാന്‍ അറിയണം

ഏറിന്റെ ശക്തിയിലല്ല കാര്യം

വായുവിനെ തുളച്ച് കൃത്യമായ ചരിവില്‍

കൃത്യമായ ഉയരത്തില്‍

അങ്ങനെ പാറണം

മുന കുത്തിനിന്ന് വിറയ്ക്കണം

ജാവലിനുമേല്‍ കൈ പതിയാന്‍ ഒരിടമുണ്ട്, ഒരിടമേയുള്ളു

അതെവിടെയെന്ന് എങ്ങനെയെന്ന് പറഞ്ഞുതരാനാവില്ല

കയ്യത് കണ്ടെത്തണം

ജാവലിന്‍ ഒരു ത്രാസുപോലെ

കയ്യില്‍ രണ്ടറ്റവും ബാലന്‍സ് ചെയ്ത്

ഭാരമൊഴിഞ്ഞു നില്‍ക്കണം

ജാവലിനറിയാമായിരിക്കും ആരുടെ കയ്യില്‍

അതെങ്ങനെയിരിക്കണമെന്ന്

ആ നിമിഷം ഒക്കെയും ചാലാകും.

ചിത്രീകരണം സജീന്ദ്രന്‍ കാറഡുക്ക

കുമ്പിള്‍

മണല്‍മുടികോതി ബീച്ചിലിരിക്കുമ്പോള്‍,

കളഞ്ഞുപോയ കവിത വിരലില്‍ പോറുമ്പോള്‍

ചെമ്പന്‍മുടി നീട്ടിയ ഒരു കിളുന്നു വെയില്‍

തോളില്‍ തൂക്കിയ പകലില്‍ നിന്നെടുത്തു വിറ്റിട്ടു പോയി

അതേ കവിത,

അറിയാത്ത ഭാഷയിലെ

കപ്പലണ്ടി നിറച്ച ഒരു കടലാസു കുമ്പിള്‍ച്ചുളിവില്‍.

ചിത്രീകരണം സജീന്ദ്രന്‍ കാറഡുക്ക

പന്തുകളി

ടെന്നീസു കളിക്കുമ്പോള്‍ പന്തുന്തിക്കലമ്പുമ്പോല്‍

വേലിക്കല്‍ രണ്ടയല്‍ക്കാര്‍

സ്‌നേഹത്തില്‍ ബാഡ്മിന്റനായ് കഥകള്‍, കറിപ്പാര്‍ച്ച

തൂവലില്‍ തൂവെണ്‍മയില്‍

ആറു പേരൊന്നിച്ചു കണ്ടൊറ്റ വിപ്ലവക്കിനാവോളിബോള്‍

സ്മാഷേറ്റുച്ചി മുഴച്ച മുദ്രാവാക്യം

ഹോക്കി, ഫുട്ബോളില്‍ ഭൂമി ഇടയ്ക്കു വഴുതുമ്പോള്‍

ബാക്കി ഗോളങ്ങള്‍, സൂര്യന്‍ വരുതി ചമയ്ക്കുന്നു

തത്തല്‍

ഉത്സവപ്പറമ്പിലൂടെ തത്തിനടന്ന മകന്റെ കുഞ്ഞുകണ്ണുകള്‍

പച്ചയും ചുവപ്പുമായി വീര്‍ത്തു ബലൂണുകളായി വീട്ടിലേക്ക് വന്നു.

നിലം പറ്റാതെ അവ തത്തിത്തത്തി നിന്നു.

അവനറിയാതെ കണ്ണടഞ്ഞപ്പോഴും

കട്ടില്‍ച്ചോട്ടില്‍,

കതകിനു പിന്നില്‍

അവര്‍ തുടര്‍ന്നു, തത്തല്‍.

അല്‍ഗൊരിതം

മുടിയിഴ വകഞ്ഞ് പേന്‍ തിരയുന്നതുപോലെ

മിനക്കെട്ട് ചില വാക്കുകള്‍, തെളിച്ചങ്ങള്‍

എടുത്ത് തിരിച്ചും മറിച്ചും നോക്കി തിരികെ വച്ച്

വീണ്ടും കറങ്ങിത്തിരിഞ്ഞു വന്ന് അതുതന്നെ വാങ്ങി

ഉപയോഗിച്ചുകൊണ്ടിരിക്കുന്നേരം, ശല്യം,

വീണ്ടും വീണ്ടും സജസ്റ്റ് ചെയ്യുന്നു

ഇതെങ്ങനെ? ഇതു വേണ്ടേ? എന്നിങ്ങനെ

വേണ്ടാത്ത മറ്റുചില ഘടനകള്‍ രൂപ(ക)ങ്ങള്‍ ഒക്കെ;

കവിതയ്ക്കിടയിലിരുന്ന് കച്ചവടം ചെയ്യുന്നവര്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോഴിക്കോട് മെഡിക്കല്‍ കോളജിലെ അവയവം മാറി ശസ്ത്രക്രിയ; ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

'അവയവം മാറി ശസ്ത്രക്രിയ ചെയ്‌തെന്ന വാര്‍ത്ത തെറ്റിദ്ധാരണാജനകം; സസ്‌പെന്‍ഷന്‍ നിര്‍ഭാഗ്യകരം'

ഗുണ്ടകളെ ഒതുക്കാൻ പൊലീസ്, കൂട്ടനടപടി: 243 പേർ അറസ്റ്റിൽ, 53 പേർ കരുതല്‍ തടങ്കലില്‍

പശ്ചിമബംഗാളില്‍ ഇടിമിന്നലേറ്റ് 12 പേര്‍ മരിച്ചു

സ്കൂട്ടറിനു പിന്നിൽ ലോറി ഇടിച്ചു; മകനൊപ്പം യാത്ര ചെയ്ത വീട്ടമ്മയ്ക്ക് ദാരുണാന്ത്യം