റിപ്പോർട്ട് 

എതിര്‍ത്താല്‍ ജീവനെടുക്കും, പൊലീസിന് നേരെയും ആക്രമണം; അതിക്രമിക്കുന്ന ഖനന മാഫിയ 

പി.എസ്. റംഷാദ്

സംസ്ഥാനത്ത് മണ്ണ്, മണല്‍, പാറപൊട്ടിക്കല്‍ മാഫിയകള്‍ നടത്തുന്ന അതിക്രമങ്ങള്‍ വര്‍ധിക്കുന്നു. എതിര്‍ക്കുന്നവരെ ഭീഷണിപ്പെടുത്തുകയും ആക്രമിക്കുകയും ജീവനെടുക്കുകയും ചെയ്യുന്നു. തിരുവനന്തപുരം ജില്ലയിലെ കാട്ടാക്കട കീഴാറൂരില്‍ വിമുക്തഭടന്‍ സംഗീതിനെ മണ്ണുമാന്തിയന്ത്രം കൊണ്ട് അടിച്ചുകൊന്നതാണ് സമീപകാലത്തുണ്ടായ ദാരുണ സംഭവങ്ങളിലൊന്ന്. ഭൂമിയെ നശിപ്പിക്കുന്നവരെ എതിര്‍ത്തതിനു ജീവന്‍ നഷ്ടമായ ആദ്യത്തെ ആളല്ല സംഗീത്. 

നിയമവിരുദ്ധ പാറമടക്കെതിരെ മലപ്പുറത്ത് നിയമപോരാട്ടം നടത്തിയ സത്യന്‍ പുളിക്കല്‍ എന്ന ദളിത് യുവാവ് കൊല്ലപ്പെട്ടത് രണ്ടു വര്‍ഷം മുന്‍പാണ്. മൃതദേഹത്തിന്റെ ഒരു കാല്‍ ഇതുവരെ കണ്ടെത്താനായില്ലെങ്കിലും കൊലയാണ് എന്ന് അംഗീകരിക്കാന്‍ പൊലീസ് മടിച്ചു. സ്വാഭാവിക മരണം എന്നാണ് എഴുതിത്തള്ളിയത്. വലിയ പ്രതിഷേധങ്ങള്‍ക്കൊടുവില്‍ ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി. കൊലയാണ് എന്ന നിഗമനത്തില്‍ എത്തിയെങ്കിലും പ്രതികളെ പിടിച്ചില്ല; അന്വേഷണം നിലച്ച മട്ടാണ്. കാസര്‍ഗോഡ് കാറടുക്ക പഞ്ചായത്ത് ഏഴാം വാര്‍ഡിലെ നിയമവിരുദ്ധ ചെങ്കല്‍ ക്വാറികളെ ചോദ്യം ചെയ്തതിനു സ്ത്രീകളേയും കുട്ടികളേയും ഉള്‍പ്പെടെ തല്ലിച്ചതച്ചത് ഡിസംബറില്‍. കോട്ടയത്ത് അനധികൃത മണ്ണെടുപ്പിനെതിരെ ഇടപെട്ട സാമൂഹിക പ്രവര്‍ത്തകന്‍ മഹേഷ് വിജയനെ ദിവസങ്ങള്‍ക്കു മുന്‍പ് നഗരസഭാ ഓഫീസില്‍ വെച്ചാണ് കരാറുകാരും ഗുണ്ടകളും വളഞ്ഞിട്ട് ആക്രമിച്ചത്. പ്രതികളെ അറസ്റ്റു ചെയ്‌തെങ്കിലും നിസ്സാര വകുപ്പുകള്‍ ചുമത്തി സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടു.

പത്തനംതിട്ടയില്‍ വീടിനുവേണ്ടി മണ്ണെടുക്കാന്‍ ലഭിച്ച അനുമതി ദുരുപയോഗം ചെയ്തു കുന്നിടിച്ച് ഏക്കറുകളോളം സ്ഥലത്തെ മണ്ണെടുക്കുന്നതു തടഞ്ഞ നാട്ടുകാരെ ആക്രമിച്ചത് കഴിഞ്ഞ ആഴ്ച. മലപ്പുറം ജില്ലയില്‍ വിവിധ ഇടങ്ങളില്‍ ക്വാറി, മണല്‍ മാഫിയയെ എതിര്‍ത്തവര്‍ക്കെതിരെ ആക്രമണ പരമ്പരയാണ് ഉണ്ടായത്. ഈ കേസുകളിലൊക്കെ പ്രതികള്‍ സുരക്ഷിതര്‍. ഉമറലി ശിഹാബ്, അന്‍വര്‍ ഷെരീഫ് വാഴയ്ക്കാട്, സലാം ഓമനയൂര്‍, കുഞ്ഞിക്കോയ ഊര്‍ക്കടവ്, അബ്ദുറഹിമാന്‍ പറവണ്ണ, അസീസ് വാഴയൂര്‍ എന്നിങ്ങനെ നീളുന്ന ആക്രമിക്കപ്പെട്ടവരുടെ പട്ടിക. കൊല്ലം മലപ്പത്തൂരിലെ നിയമവിരുദ്ധ ക്രഷര്‍ യൂണിറ്റിനും പാറ പൊട്ടിക്കലിനുമെതിരെ സമരങ്ങള്‍ക്കു നേതൃത്വം നല്‍കിയ അഡ്വ. സന്തോഷിനെ ജീപ്പിടിപ്പിച്ചു കൊല്ലാന്‍ ശ്രമിച്ച സംഭവത്തില്‍ സന്തോഷിനെ പ്രതിയാക്കി കേസെടുക്കാന്‍ അടുത്തയിടെ ശ്രമമുണ്ടായി. ജനകീയ ഇടപെടലുകളെ തുടര്‍ന്നാണ് അതു നടക്കാതെ പോയത്. 

സ്വന്തം ഭൂമിയിലേയ്ക്കു മണ്ണുമാഫിയയുടെ ടിപ്പറും മണ്ണുമാന്തിയും കടന്നുകയറിയപ്പോള്‍ ചോദ്യം ചെയ്തതിനാണ് സംഗീതിനെ കൊന്നത്. സംഗീതും കുടുംബവും അയല്‍ക്കാരും മാറിമാറി വിളിച്ചെങ്കിലും സഹായത്തിനു പൊലീസ് എത്തിയില്ല. കാട്ടാക്കട പൊലീസ് സ്റ്റേഷനില്‍നിന്നു വിരമിച്ച നാട്ടുകാരനായ വിജയകുമാര്‍ വിളിച്ചിട്ടും പൊലീസ് വന്നില്ല. നിയമവിരുദ്ധ സംഘങ്ങള്‍ പൊലീസിന്റേയും റവന്യൂ ഉദ്യോഗസ്ഥരുടേയും രാഷ്ട്രീയ നേതൃത്വത്തിന്റേയും ഒത്താശയോടെ അഴിഞ്ഞാടുന്നതിന്റെ രക്തസാക്ഷിയാണ് സംഗീത്. കാട്ടാക്കട സംഭവത്തില്‍ പ്രതികള്‍ അറസ്റ്റിലാവുകയും ഇടപെടുന്നതില്‍ വീഴ്ചവരുത്തിയ നാല് പൊലീസുകാര്‍ക്കെതിരെ നടപടിയെടുക്കുകയും ചെയ്തു. പക്ഷേ, ശക്തമായ നടപടി ഒരിടത്ത് ഒതുങ്ങരുതന്ന് എന്നു പരിസ്ഥിതി, സാമൂഹിക പ്രവര്‍ത്തകര്‍ ആവശ്യപ്പെടുന്നു. സത്യന്റെ ഭൂമി ഖനന മാഫിയ കൈക്കലാക്കുകയായിരുന്നു. അതിനെതിരെ നിയമപോരാട്ടം നടത്തി കോടതിയില്‍നിന്ന് അനുകൂല വിധി നേടിയതിലെ രോഷം തീര്‍ക്കാനാണ് ആ ചെറുപ്പക്കാരനെ ക്രഷര്‍ മാഫിയ വധിച്ചത് എന്നു പരിസ്ഥിതി പ്രവര്‍ത്തകര്‍ ആരോപിക്കുന്നു.

കാസർകോട് ജില്ലയിലെ മഞ്ചേശ്വരത്ത് മണൽ മാഫിയയുടെ ആക്രമണത്തിൽ പരുക്കേറ്റ റീത്ത ഡിസൂസ

ലൈസന്‍സ് വ്യവസ്ഥകള്‍ ലംഘിച്ച് പാറ പൊട്ടിച്ച് വീടുകള്‍ക്കുള്‍പ്പെടെ നാശമുണ്ടാക്കിയതിനെതിരെ മലപ്പുറം കളക്ടര്‍ക്കു പരാതി കൊടുക്കാന്‍ എത്തിയ വേങ്ങരയിലെ ഷെഫീഖിനെ ഗൂണ്ടകള്‍ ഭീഷണിപ്പെടുത്തിയത് കളക്ടറേറ്റ് വളപ്പില്‍വച്ചുതന്നെയാണ്. പശ്ചിമഘട്ട സംരക്ഷണ ഏകോപന സമിതി മലപ്പുറം ജില്ലാ കണ്‍വീനര്‍ കെ.പി. മുസ്തഫയ്ക്കു നേരെ രണ്ടുവട്ടം ആക്രമണമുണ്ടായി. രണ്ടാം വട്ടം വീട്ടില്‍ കയറി ഭാര്യയെ ഉള്‍പ്പെടെയാണ് മര്‍ദ്ദിച്ചത്. ചാലിയാര്‍ പുഴയെ മണല്‍ മാഫിയ ഇല്ലാതാക്കിക്കൊണ്ടിരിക്കുന്നതിന് എതിരായ പ്രക്ഷോഭമാണ് പശ്ചിമഘട്ട സംരക്ഷണ ഏകോപനസമിതി ജില്ലാ കമ്മിറ്റി അംഗവും മാധ്യമപ്രവര്‍ത്തകനുമായ ശിഹാബിനെതിരെ തിരിയാന്‍ കാരണം. രാത്രി വീട്ടിലേയ്ക്കു പോകുമ്പോള്‍ പിന്നില്‍നിന്നു വെട്ടുകയായിരുന്നു. കുഞ്ഞിക്കോയയെ ആക്രമിച്ചവര്‍ അദ്ദേഹം മരിച്ചു എന്നു കരുതി തെങ്ങിന്‍തടത്തില്‍ എറിഞ്ഞിട്ടു പോയി. പക്ഷേ, രക്ഷപ്പെട്ടു. നിയമവിരുദ്ധ ക്രഷര്‍ യൂണിറ്റിനെതിരേ ശബ്ദിച്ചതിന്റെ പേരില്‍ അസീസിനെ രാത്രി ബൈക്കില്‍ വന്ന രണ്ടുപേരാണ് ആക്രമിച്ചത്. അതീവ ഗുരുതരാവസ്ഥയിലായിരുന്നു. അബ്ദുറഹിമാന്‍ നിരന്തരം ഖനന മാഫിയകള്‍ക്കെതിരെ ഇടപെട്ടുകൊണ്ടിരിക്കുന്നയാള്‍. പ്രദേശത്ത് ചെക്‌പോസ്റ്റ് സ്ഥാപിക്കണം എന്ന് ആവശ്യപ്പെട്ട് അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ നടത്തിയ സമരങ്ങള്‍ വിജയിച്ചു. അതിലെ രോഷം തീര്‍ക്കാന്‍ അബ്ദുറഹിമാന്റെ വീട്ടിലേയ്ക്ക് ബോംബ് എറിയുകയാണ് ചെയ്തത്. എന്നിട്ടും കേസ് എടുക്കാന്‍ പോലും മടിച്ചു. പ്രതിഷേധ സമരങ്ങള്‍ക്കൊടുവില്‍ കേസെടുത്തു. പക്ഷേ, പ്രതികളെ പിടിച്ചിട്ടില്ല. 

കാസര്‍ഗോഡ് കാറടുക്ക പഞ്ചായത്തിലെ 20-ലധികം ചെങ്കല്‍ ക്വാറികള്‍ സൃഷ്ടിക്കുന്ന പാരിസ്ഥിതിക പ്രശ്‌നങ്ങളും തകര്‍ന്ന റോഡും മറ്റും നേരില്‍ കണ്ടു മനസ്സിലാക്കുന്നതിനാണ് ജില്ലാ പരിസ്ഥിതി സമിതി ഭാരവാഹികളും കുന്ന്, വയല്‍ സംരക്ഷണ സമിതി പ്രവര്‍ത്തകരും പോയത്. ''ക്വാറി നടത്തുന്നവരും അവരുടെ ഗുണ്ടകളും ചേര്‍ന്നാണ് റോഡില്‍ വെച്ച് ക്രൂരമായി ആക്രമിച്ചത്. പരിസ്ഥിതി പ്രവര്‍ത്തകര്‍ക്ക് വിവരം തന്നുവെന്നു പറഞ്ഞു ഞങ്ങള്‍ക്കൊപ്പമുണ്ടായിരുന്ന യുവതിയുടെ മുടിയില്‍ പിടിച്ചു മുഖത്തും തലയിലും അടിച്ചു. ഞങ്ങളുടെ മൊബൈല്‍ ഫോണ്‍ തട്ടിയെടുത്തു. തിരിച്ച് ഒന്നു പ്രതികരിക്കാന്‍പോലും സാധിക്കാത്തവിധമായിരുന്നു മര്‍ദ്ദനം. തല്ലിയവര്‍ ചെങ്കളയിലെ നായനാര്‍ ആസ്പത്രിയില്‍ ചികില്‍സ തേടി തല്ലുകൊണ്ടവര്‍ക്കെതിരെ കേസെടുപ്പിച്ചു'' - കുന്ന്, വയല്‍ സംരക്ഷണസമിതി കണ്‍വീനര്‍ പി. കൃഷ്ണന്‍ പറയുന്നു. സംഭവം വിവാദമായപ്പോള്‍ പാറ പൊട്ടിക്കല്‍ നിര്‍ത്തിയെങ്കിലും ജനുവരി ആദ്യ ആഴ്ചതന്നെ വീണ്ടും പ്രവര്‍ത്തനം തുടങ്ങി. കര്‍ണാടകയിലേക്കും തമിഴ്നാട്ടിലേക്കും നൂറുക്കണക്കിനു ലോഡ് കരിങ്കല്ല് ഇവിടെനിന്നു ഇപ്പോഴും കയറ്റിപ്പോകുന്നു.

പൊലീസിനും രക്ഷയില്ല

സാമൂഹിക പ്രവര്‍ത്തകര്‍ മാത്രമല്ല, പൊലീസും ചിലപ്പോഴെങ്കിലും ആക്രമണങ്ങള്‍ നേരിടേണ്ടി വരുന്നു. നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് കൂട്ടുനില്‍ക്കാത്തവര്‍ക്കാണ് ജീവനു ഭീഷണി. 2012 മാര്‍ച്ച് 12-നാണ് കോഴിക്കോട് മുക്കം പൊലീസ് സ്റ്റേഷനിലെ സബ് ഇന്‍സ്പെക്ടര്‍ എം.എ. കോരുവിനേയും ഡ്രൈവര്‍ നൗഷാദിനേയും മണല്‍ മാഫിയ കൊല്ലാന്‍ ശ്രമിച്ചത്. പുഴയില്‍നിന്ന് അനധികൃതമായി മണല്‍ കടത്തിയ ടിപ്പര്‍ ലോറി നിര്‍ത്താന്‍ ആവശ്യപ്പെട്ടപ്പോഴാണ് അതു കയറ്റി ഇരുവരേയും കൊല്ലാന്‍ ശ്രമിച്ചത്. ടിപ്പര്‍ നിര്‍ത്തുന്നതുപോലെ വേഗത കുറയ്ക്കുകയും പൊലീസ് അടുത്തെത്തിയപ്പോള്‍ പെട്ടെന്നു വേഗത കൂട്ടി തട്ടിത്തെറിപ്പിക്കുകയുമായിരുന്നു. തലനാരിഴയ്ക്ക് രക്ഷപ്പെട്ടു എന്നാണ് എസ്.ഐ കോരു അന്നു പറഞ്ഞത്. അന്വേഷണത്തില്‍ ടിപ്പറിന്റെ രജിസ്ട്രേഷന്‍ നമ്പര്‍ വ്യാജമാണ് എന്നു വ്യക്തമായി. പൊലീസ് പരിശോധനയെക്കുറിച്ചു മണല്‍ കടത്തുകാര്‍ക്കു വിവരം കൊടുത്തതും പ്രതികളെ രക്ഷിച്ചതും പൊലീസ് തന്നെ എന്നാണ് ഉന്നത ഉദ്യോഗസ്ഥര്‍ക്കു ലഭിച്ച വിവരം. പക്ഷേ, പ്രാദേശിക രാഷ്ട്രീയ നേതൃത്വവുമായി ആ പൊലീസുകാര്‍ക്കുള്ള അടുത്ത ബന്ധം അവര്‍ക്കു തുണയായി. 

തിരുവനന്തപുരം ജില്ലയിലെ കാട്ടാക്കടയിൽ മണ്ണ് മാഫിയ അടിച്ചു കൊന്ന സം​ഗീതിന്റെ വീട്ടിൽ ഫൊറൻസിക് ഉദ്യോ​ഗസ്ഥർ‌ തെളിവെടുക്കുന്നു

2011-ല്‍ ആലുവയിലും പൊലീസിനു നേരെ ഇതേവിധം ആക്രമണ ശ്രമമുണ്ടായിരുന്നു. ആലുവ എ.എസ്.പി ആയിരുന്ന ജെ. ജയനാഥ് ആണ് വധശ്രമത്തില്‍നിന്നു രക്ഷപ്പെട്ടത്. ടിപ്പര്‍ ലോറിയില്‍ അനധികൃതമായി മണല്‍ കടത്തുന്നതു പിടികൂടാന്‍ ശ്രമിച്ചപ്പോഴായിരുന്നു സംഭവം. നിര്‍ത്താതെ പോയ ടിപ്പറിനെ ജയനാഥ് പിന്തുടര്‍ന്നു. മണല്‍ മുഴുവന്‍ റോഡിനു നടുവിലേയ്ക്കു ചൊരിഞ്ഞാണ് പൊലീസ് ജീപ്പുതന്നെ മണലിനടിയില്‍ ആക്കാന്‍ ടിപ്പര്‍ ഡ്രൈവര്‍ ശ്രമിച്ചത്. ജീപ്പ് മറിഞ്ഞെങ്കിലും എ.എസ്.പി രക്ഷപ്പെട്ടു. 2005-ല്‍ ആലുവ സി.ഐ എം.എന്‍. രമേശാണ് മണല്‍ മാഫിയ ഉന്നംവച്ച മറ്റൊരു പൊലീസ് ഉദ്യോഗസ്ഥന്‍. മണല്‍ കടത്തിയ ടിപ്പറിനെ രമേശും സഹപ്രവര്‍ത്തകരും പിന്തുടരുന്നതിനിടെ ടിപ്പര്‍ പെട്ടെന്നു തിരിച്ച് പൊലീസ് വാഹനത്തെ ഇടിച്ചു. പൊലീസുകാര്‍ ചാടി രക്ഷപ്പെട്ടെങ്കിലും വണ്ടി തകര്‍ന്നു. രണ്ട് സംഭവങ്ങളിലും പ്രതികള്‍ക്കു ശിക്ഷ വാങ്ങിക്കൊടുക്കാന്‍ പൊലീസിനു കഴിഞ്ഞില്ല.

കാട്ടാക്കടയിലെ പൊലീസ് പക്ഷേ, ആലുവയിലേയും മുക്കത്തേയും പൊലീസിനെപ്പോലെയല്ല പ്രവര്‍ത്തിച്ചത്. സംഭവത്തില്‍ സമയോചിതമായി ഇടപെടുന്നതില്‍ പൊലീസിനു വീഴ്ചപറ്റിയതായി റൂറല്‍ ജില്ലാ പോലീസ് മേധാവി പി. അശോക് കുമാര്‍ സമ്മതിക്കുകയും ചെയ്തു. രാത്രി 11.45-ഓടെ സംഗീതും ഭാര്യ സംഗീതയും പലവട്ടം ഫോണില്‍ സ്റ്റേഷനില്‍ വിളിച്ചെങ്കിലും വെറും 20 മിനിറ്റുകൊണ്ട് എത്താവുന്ന സ്ഥലത്ത് പൊലീസ് എത്തിയത് ഒന്നേമുക്കാലോടെയാണ്. അപ്പോഴേയ്ക്കും പ്രതികള്‍ സംഗീതിനെ ഇടിച്ചുവീഴ്ത്തി വാഹനങ്ങളുമായി രക്ഷപ്പെട്ടിരുന്നു. അക്രമികളും മണ്ണുമാന്തിയന്ത്രവും ടിപ്പറുകളും പോയെന്ന് ഉറപ്പുവരുത്തിയ ശേഷമാണ് പൊലീസ് എത്തിയത് എന്ന് ആരോപിച്ചു നാട്ടുകാര്‍ പൊലീസിനെതിരെ പ്രതിഷേധിക്കുകയും ചെയ്തു. 

പ്രാദേശികമായി ആളുകളുടെ ചെറുത്തുനില്‍പ്പിനുള്ള ഇച്ഛാശക്തിയും അഴിമതിക്കാരല്ലാത്ത രാഷ്ട്രീയ പ്രവര്‍ത്തകരുടെ ഇടപെടലും മൂലം ഖനന മാഫിയ തോറ്റുമടങ്ങേണ്ടിവന്ന സംഭവങ്ങളുമുണ്ട്. തിരുവനന്തപുരം ജില്ലയിലെ വെള്ളറട ഉദാഹരണം. പഞ്ചായത്തിലെ യു.ഡി.എഫ് ഭരണസമിതി ക്വാറിക്ക് അനുമതി കൊടുത്തു. എന്നാല്‍, പിന്നീട് നടന്ന തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ ആളുകള്‍ പറഞ്ഞുകൊണ്ടുതന്നെ യു.ഡി.എഫിനെ തോല്‍പ്പിച്ചു. അധികാരത്തിലെത്തിയ എല്‍.ഡി.എഫ് വെള്ളറട പഞ്ചായത്തില്‍ ക്വാറി വേണ്ട എന്നു തീരുമാനിച്ചു. 

മാഫിയ വലിയ വിലയ്ക്കു ഭൂമി വാങ്ങി കരമണല്‍ ഖനനം ആഘോഷിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു തിരുവനന്തപുരത്ത് നെയ്യാറിന്റെ തീരത്ത്. പുഴയേയും മനുഷ്യനേയും നശിപ്പിച്ചു. മണലൂറ്റു തൊഴിലാളികള്‍ത്തന്നെ ശ്വാസകോശ രോഗികളായി മാറി. പ്രക്ഷോഭങ്ങളെ തുടര്‍ന്ന് മണല്‍ മാഫിയയ്‌ക്കെതിരെ നടപടിയെടുക്കാതെ പൊലീസിനു നില്‍ക്കാന്‍ വയ്യാത്ത സ്ഥിതിയുണ്ടായി. എന്നാല്‍, പൊലീസ് മണല്‍ ലോറികളുള്‍പ്പെടെ പിടിച്ചാലും മാഫിയയെ പേടിച്ചു കേസില്‍ സാക്ഷിയാകാന്‍ ആളുകള്‍ മടിച്ചു. പക്ഷേ, പുഴ സംരക്ഷണവേദി പ്രവര്‍ത്തകര്‍ സാക്ഷി പറയാന്‍ തയ്യാറായി. 16 കേസുകള്‍ ഇപ്പോഴും നടക്കുന്നു. 

ചെറുത്തുനില്‍പ്പുകളും കൂട്ടായ്മകളും

തിരുവനന്തപുരത്ത് ഉഴമലയ്ക്കല്‍ പഞ്ചായത്തിലെ മങ്ങാട്ടുപാറയില്‍ പാറ ഖനന അനുമതിക്കെതിരെ നാട്ടുകാരുടെ ഇടപെടലിനു ഫലമുണ്ടായി. ഖനനം സ്വകാര്യ വ്യക്തിക്ക് റവന്യൂ വകുപ്പ് നിരാക്ഷേപ പത്രം (എന്‍.ഒ.സി) നല്‍കിയതിനെ തുടര്‍ന്നാണ് ഖനനം തുടങ്ങിയത്. ഇതു നിര്‍ത്തിവയ്ക്കാനുള്ള കളക്ടറുടെ ഉത്തരവ് ഉഴമലയ്ക്കല്‍ പഞ്ചായത്തിനു ലഭിച്ചു. 10 വര്‍ഷത്തേയ്ക്കാണ് 5.71 ഹെക്റ്റര്‍ സ്ഥലത്തെ പാറ പൊട്ടിക്കാന്‍ 2018 മെയ് 15-നാണ് അനുമതി നല്‍കിയത്. അനുമതി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പഞ്ചായത്ത് പ്രസിഡന്റ് എ. റഹീം സര്‍ക്കാരിനു പരാതി നല്‍കി. നിരാക്ഷേപ സാക്ഷ്യപത്രം റദ്ദാക്കരുതെന്ന് ആവശ്യപ്പെട്ട് ഖനനം നടത്താന്‍ അനുമതി ലഭിച്ച വ്യക്തിയും അപേക്ഷ നല്‍കി. ഇതോടെ പരാതികളില്‍ സമഗ്ര അന്വേഷണം നടത്താനും അന്വേഷണ റിപ്പോര്‍ട്ടില്‍ തീരുമാനം എടുക്കുന്നതുവരെ അനുമതി മരവിപ്പിക്കാനും സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചു. ഇനി ഒരു ഉത്തരവ് ഉണ്ടാകുന്നതുവരെ ഇതില്‍ തുടര്‍നടപടികള്‍ സ്വീകരിക്കാന്‍ പാടില്ല എന്നാണ് കളക്ടറുടെ ഉത്തരവില്‍ പറയുന്നത്. ഖനന അനുമതി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് എസ്. ശബരീനാഥന്‍ എം.എല്‍.എയും സര്‍ക്കാരിനു നിവേദം നല്‍കിയിരുന്നു. അതേസമയം, വാണിയംപാറയിലെ പാറ ഖനനത്തിനു നല്‍കിയ നിരാക്ഷേപ പത്രം ഇപ്പോഴും നിലനില്‍ക്കുകയാണ്.

മലപ്പുറം മാറഞ്ചേരി പഞ്ചായത്തിലെ പുറങ്ങ്, പുളിക്കക്കടവ് മേഖലയില്‍ നാട്ടുകാരെ ഭീഷണിപ്പെടുത്തിയാണ് ഭൂമാഫിയ അഴിഞ്ഞാടിയിരുന്നത്. പുറങ്ങ്, പുളിക്കക്കടവ് മേഖലയില്‍ കോള്‍പാടങ്ങള്‍ വ്യാപകമായി മണ്ണിട്ട് നികത്തി. പാലക്കാട് ജില്ലയിലെ തൃത്താല, പട്ടാമ്പി, മലപ്പുറം ജില്ലയിലെ വളാഞ്ചേരി എന്നിവിടങ്ങളില്‍നിന്നാണ് ടിപ്പറുകളില്‍ പാടശേഖരങ്ങള്‍ നികത്തുന്നതിനു മണ്ണ് എത്തിക്കുന്നത് എന്നു നാട്ടുകാര്‍ പറയുന്നു. ബിയ്യം കായലില്‍ തോട്ടിലൂടെ ഉപ്പുവെള്ളം കയറുന്നതിനാല്‍ പുറങ്ങ്, പുളിക്കക്കടവ് മേഖലയില്‍ ഏക്കര്‍ കണക്കിനു പാടങ്ങളാണ് തരിശിട്ടിരിക്കുന്നത്. കുടിവെള്ളക്ഷാമവും രൂക്ഷം. തരിശിട്ട പാടങ്ങള്‍ കുറഞ്ഞ വിലയ്ക്കു വാങ്ങുകയും തെങ്ങുതൈകള്‍ വെക്കുകയും പിന്നീട് മണ്ണിട്ട് നികത്തുകയുമാണ് ചെയ്യുന്നത്. പ്രതിഷേധിച്ചാല്‍ വീട്ടില്‍ കയറിപ്പോലും ഭീഷണിപ്പെടുത്തും. പരാതികള്‍ വ്യാപകമായപ്പോള്‍ കഴിഞ്ഞ ദിവസം പാടശേഖരം മണ്ണിട്ട് നികത്താനുള്ള ശ്രമം റവന്യൂ അധികൃതരും പൊലീസും തടഞ്ഞു. മണ്ണുമാന്തിയന്ത്രം പെരുമ്പടപ്പ് പൊലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തു. പ്രളയകാലത്ത് ഒരു പരിധിവരെ വെള്ളപ്പൊക്കം തടഞ്ഞുനിര്‍ത്തിയ പാടങ്ങളാണ് ഭൂമാഫിയ നികത്തുന്നത്.

കോഴിക്കോട് ജില്ലയിലെ വടകര ആയഞ്ചേരി പഞ്ചായത്തിലെ ബാവുപ്പാറ കിഴക്കേമലയിലെ കരിങ്കല്‍ ക്വാറി പ്രവര്‍ത്തിച്ചത് നിയമവിരുദ്ധമായാണ് എന്നു ഹൈക്കോടതി കണ്ടെത്തി. ചെറുകിട ക്വാറി അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി എം.കെ. ബാബുവിന്റെ ഉടമസ്ഥതയിലുള്ളതാണ് ഈ പാറമട. ഉടമയ്‌ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കാന്‍ മൈനിംഗ് ആന്‍ഡ് ജിയോളജി വകുപ്പിനുള്‍പ്പെടെ കോടതി നിര്‍ദ്ദേശവും നല്‍കി. നാട്ടുകാരുടെ നിയമപരമായ ഇടപെടലാണ് ഫലം കണ്ടത്. 2019 ജനുവരിയിലാണ് നാട്ടുകാര്‍ സമരത്തിനും നിയമപോരാട്ടത്തിനും തുടക്കം കുറിച്ചത്. ജൂലൈയില്‍ കളക്ടര്‍ ക്വാറി സന്ദര്‍ശിച്ചു. രാപ്പകലില്ലാത്ത ടിപ്പര്‍ ഓട്ടം റോഡ് തകര്‍ത്തതും പരിസ്ഥിതിയെ തകര്‍ക്കുന്ന ഗുരുതര നിയമ ലംഘനങ്ങളും കളക്ടര്‍ നേരിട്ടു കണ്ടു. ക്വാറിയുടെ പ്രവര്‍ത്തനം നിര്‍ത്തിവെയ്ക്കാന്‍ ജിയോളജി വകുപ്പിനു നിര്‍ദ്ദേശവും നല്‍കി. തൊട്ടുപിന്നാലെ മഴക്കാലത്ത് ക്വാറിയില്‍നിന്നു കല്ലും മണ്ണും ഒഴുകി വന്നത് വീടുകള്‍ക്കു വന്‍തോതില്‍ ഭീഷണിയായി. പല കുടുംബങ്ങളേയും മാറ്റിത്താമസിപ്പിക്കേണ്ടിവന്നു. ഇതോടെ വടകര തഹസില്‍ദാരും ക്വാറി ഉടമയ്ക്ക് സ്റ്റോപ്പ് മെമോ നല്‍കി. നിലവില്‍ ക്വാറി പ്രവര്‍ത്തിക്കുന്നില്ല. തൊട്ടുപിന്നാലെയാണ് അനുകൂലമായ കോടതി വിധിയും ഉണ്ടായത്. നിയമലംഘനങ്ങള്‍ നടത്തുകയും ജീവനു ഭീഷണിയുണ്ടാക്കുന്നവിധം ക്വാറി പ്രവര്‍ത്തിപ്പിക്കുകയും ചെയ്ത ക്വാറി ഉടമയ്‌ക്കെതിരെ നടപടിയെടുപ്പിക്കാന്‍ വിവിധ വകുപ്പുകളെ സമീപിക്കാനാണ് സമരസമിതിയുടെ തീരുമാനം.

പത്തനംതിട്ട ജില്ലയിലെ കടമ്മനിട്ട അന്ത്യാളന്‍കാവിലാണ് വന്‍തോതിലുള്ള മണ്ണെടുപ്പ്. 2016 ഫെബ്രുവരിയില്‍ രണ്ടരയേക്കര്‍ ഭൂമി സ്വകാര്യ ഗ്രൂപ്പ് വാങ്ങിയതാണ്. എട്ടുപേരുടെ പേരിലാണ് ഉടമസ്ഥത. വീടുവയ്ക്കുന്നതിനു മണ്ണെടുക്കാന്‍ അവരില്‍ ഓരോ ആളെക്കൊണ്ടും അപേക്ഷ കൊടുപ്പിക്കുകയാണെന്നു സമീപവാസിയായ മോഹന്‍ദാസ് പറയുന്നു. വീടിനുവേണ്ടി മണ്ണെടുക്കാന്‍ അനുമതി വാങ്ങിയെടുക്കും; അതില്‍ക്കൂടുതല്‍ മണ്ണിടിക്കും. അങ്ങനെ ഒരു കുന്ന് മുഴുവന്‍തന്നെ ഇല്ലാതായിക്കൊണ്ടിരിക്കുന്നു. മോഹന്‍ദാസിന്റെ വീടിന്റെ മതിലുകള്‍ ഇടിഞ്ഞുതാണു. പ്രദേശത്തെ സ്ഥിതി നേരിട്ടു കാണുകതന്നെ വേണം അതിന്റെ ഭയാനകത അറിയാന്‍. ആദ്യം പതിന്നാലര സെന്റിലെ മണ്ണെടുക്കാന്‍ ലഭിച്ച അനുമതി ഉപയോഗിച്ച് അര ഏക്കറിലെ മണ്ണാണ് എടുത്തത്. ഇതുവരെ വീടുവച്ചിട്ടില്ല. 2018 മാര്‍ച്ചില്‍ മറ്റൊരു അപേക്ഷ കൊടുത്ത് വീടുവയ്ക്കാന്‍ മണ്ണെടുപ്പിന് അനുമതി വാങ്ങി. മണ്ണെടുപ്പ് തുടരുന്നു, ഇതുവരെ വീടുവച്ചിട്ടില്ല. പേരിനൊരു തറ കെട്ടിയിട്ടുണ്ട്. ആ തറയില്‍ ഒരു കോഴിക്കൂട് പണിയാന്‍പോലും പറ്റില്ല എന്നാണ് നാട്ടുകാരിലൊരാള്‍ പറഞ്ഞത്. അധികൃതരുടെ കണ്ണുവെട്ടിക്കാനല്ല, അവരുടെ നിര്‍ദ്ദേശപ്രകാരം ചെയ്യുന്ന കുതന്ത്രമാണ് ഇത്. ജിയോളജി വകുപ്പിന്റേയും പൊലീസിന്റേയും ഒത്താശയോടെയാണ് ഇതെല്ലാം നടക്കുന്നതെന്ന് കോണ്‍ഗ്രസ്സ് ബ്ലോക്ക് ജനറല്‍ സെക്രട്ടറി ഡേവിഡ് പറയുന്നു. ഇതിനെതിരേ സമരത്തിന് ഇറങ്ങിയ നാട്ടുകാരെയാണ് കഴിഞ്ഞ ദിവസം ആക്രമിച്ചത്. എങ്കിലും സമരം ശക്തമാക്കാനാണ് തീരുമാനം.

ആലുവയിൽ 2011ൽ അനധികൃത മണൽ ലോറി പിന്തുടർന്ന എഎസ്പി ജയനാഥിനെ മണൽ മാഫിയ അപായപ്പെടുത്താൻ ശ്രമിച്ചപ്പോൾ. ജയനാഥ് അന്ന് തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്

നിരവധി ഒറ്റപ്പെട്ട സമരങ്ങള്‍ കേരളമാകെ നടക്കുന്നുണ്ടെങ്കിലും പരിസ്ഥിതി സംരക്ഷണം പൊതുവിഷയമായി ഉയര്‍ത്തിക്കൊണ്ടുവരാന്‍ കഴിയുന്നില്ലെന്നു പരിസ്ഥിതി പ്രവര്‍ത്തകന്‍ ഇ.പി. അനില്‍ ചൂണ്ടിക്കാണിക്കുന്നു. ''ചില സമരങ്ങള്‍ വിജയിക്കുന്നു, ചിലത് അടിച്ചമര്‍ത്തപ്പെടുന്നു. പക്ഷേ, ഏകോപനം സാധ്യമാകുന്നില്ല'' - അദ്ദേഹം പറയുന്നു. കേരളത്തിലെ പരിസ്ഥിതി കൂട്ടായ്മകള്‍ ഒന്നിച്ചു ചേര്‍ന്ന് പൊതുവേദി രൂപീകരിക്കാന്‍ സജീവ ശ്രമങ്ങള്‍ നടന്നിരുന്നു. ഇതിന്റെ ഭാഗമായി മലപ്പുറം ജില്ലയിലെ തിരുന്നാവായയിലും പിന്നീട് തിരുവനന്തപുരത്തും യോഗങ്ങള്‍ ചേര്‍ന്നു. പക്ഷേ, എങ്ങുമെത്തിയില്ല; അത്തരം ആലോചനകള്‍ ഇപ്പോള്‍ നിലച്ച സ്ഥിതിയാണ്. പരിസ്ഥിതി സംരക്ഷണ ലക്ഷ്യങ്ങളെക്കുറിച്ചും അതിന്റെ ആവശ്യകതയെക്കുറിച്ചും ഒരു കരട് രൂപരേഖ തയ്യാറാക്കിയിരുന്നു. ഇടപെടല്‍ അനിവാര്യമായ ഇരുപതോളം മേഖലകളെക്കുറിച്ചുള്ള പൊതുനിലപാട് അതില്‍ വ്യക്തമാക്കുകയും ചെയ്തു. എന്നാല്‍, ഇതു ചര്‍ച്ച ചെയ്യുന്നതിനു പിന്നീട് ഒന്നിച്ചിരിക്കാന്‍പ്പോലും കഴിയാത്തവിധം ആഭ്യന്തര പോര് രൂക്ഷമായി.  സംസ്ഥാനതലത്തിലെ ഏകോപിത പരിസ്ഥിതി സംരക്ഷണ മുന്നേറ്റം അങ്ങനെ തുടക്കത്തിലേ പൊളിഞ്ഞു. പശ്ചിമഘട്ട സംരക്ഷണ ഏകോപന സമിതിയാണ് ഈ നീക്കങ്ങള്‍ക്കു ചുക്കാന്‍ പിടിച്ചത്. എല്ലാ സംഘടനകളേയും ഏകോപിപ്പിക്കുക എന്ന ലക്ഷ്യവും കൂടി മുന്നില്‍വച്ചാണ് പശ്ചിമഘട്ട രക്ഷായാത്ര നടത്തിയത്. ഫലമുണ്ടായില്ല.

പരിസ്ഥിതിയെ തകര്‍ക്കുന്ന മാഫിയകള്‍ക്കെതിരെ പൊരുതാന്‍ പൊതുവേദി ഉണ്ടാകാത്തതിലെ വിഷമം പശ്ചിമഘട്ട സംരക്ഷണ ഏകോപന സമിതി ജനറല്‍ കണ്‍വീനര്‍ ബാബുജിയും കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് പരിസ്ഥിതി സംരക്ഷണ ഇടപെടലുകള്‍ നടത്തിയ 'ഹരിത സാമാജികരി'ല്‍ ഒരാളായ വി.ടി. ബല്‍റാം എം.എല്‍.എയും പങ്കുവയ്ക്കുന്നു. ''പൊതുവേദിക്കു വേണ്ടിയുള്ള ശ്രമങ്ങള്‍ ഇപ്പോള്‍ വിജയിച്ചില്ലെങ്കിലും വിജയിക്കുകതന്നെ ചെയ്യും. കാരണം, അതു നാടിന്റെ ആവശ്യമാണ്'' - ബാബുജി പറയുന്നു. ''പരിസ്ഥിതി പ്രശ്‌നങ്ങളില്‍ ഇടപെടാന്‍ ഏകീകൃത രൂപമില്ല എന്നത് ദൗര്‍ഭാഗ്യകരമായ പ്രശ്‌നം തന്നെയാണ്. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ഞങ്ങള്‍ ഭരണപക്ഷത്തിരുന്ന് ഇത്തരം കാര്യങ്ങള്‍ തന്നെയാണ് പറഞ്ഞത്. അതിനെ പ്രത്യേക നീക്കമായി വ്യാഖ്യാനിക്കാനുള്ള ശ്രമമുണ്ടായി. പ്രതിപക്ഷത്തിരുന്നും ഇപ്പോഴും അതേ കാര്യങ്ങള്‍ പറഞ്ഞുകൊണ്ടിരിക്കുന്നു. ഇപ്പോഴത്തെ ഭരണപക്ഷത്ത് അങ്ങനെ വിഷയാധിഷ്ഠിതമായി വിമര്‍ശിക്കുന്നവര്‍ ഇല്ല; അവര്‍ക്ക് അത്തരമൊരു കൂട്ടായ്മയെക്കുറിച്ചു ചിന്തിക്കാന്‍പോലും കഴിയില്ല'' എന്ന് വി.ടി. ബല്‍റാം.

ഉമ്മന്‍ ചാണ്ടി സര്‍ക്കരിന്റെ കാലത്ത് നെയ്യാര്‍ മുതല്‍ ചന്ദ്രഗിരിപ്പുഴ വരെ 'ഹരിത സാമാജികര്‍' പരിസ്ഥിതി സംരക്ഷണ യാത്ര പ്രഖ്യാപിച്ചിരുന്നു. വി.ടി. ബെല്‍റാം, ഹൈബി ഈഡന്‍, വി.ഡി. സതീശന്‍, ടി.എന്‍. പ്രതാപന്‍, കെ.എം. ഷാജി എന്നിവരാണ് ഹരിത സാമാജികരായി അറിയപ്പെട്ടത്. യാത്ര തുടങ്ങിയത് തിരുവനന്തപുരത്ത് നെയ്യാറിന്റെ തീരത്തുനിന്ന്. പ്രശസ്ത പരിസ്ഥിതി പ്രവര്‍ത്തക മേധാ പട്കര്‍ ആയിരുന്നു ഉദ്ഘാടനം. പക്ഷേ, യാത്ര പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ല. സര്‍ക്കാരിനുമേല്‍ പലവിധ സമ്മര്‍ദ്ദമുണ്ടായി. അതിന്റെ തുടര്‍ച്ചയായി പാര്‍ട്ടിയുടേയും മുന്നണിയുടേയും സമ്മര്‍ദ്ദം എം.എല്‍.എമാരും അഭിമുഖീകരിക്കേണ്ടിവന്നു. യാത്ര ഇടയ്ക്കു നിര്‍ത്തുക മാത്രമല്ല, ആ കൂട്ടായ്മ പൊളിഞ്ഞുപോവുകയും ചെയ്തു. 

പ്രകടനപത്രിക പറഞ്ഞതും ധവളപത്രം പറയാത്തതും 

2016-ലെ നിയമസഭാ തെരഞ്ഞെടുപ്പ് പ്രകടനപത്രികയില്‍ പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്കു വലിയ പ്രാധാന്യമാണ് ഇടതുമുന്നണി നല്‍കിയത്. ഖനനം പൊതുമേഖലയിലാക്കും എന്ന വ്യക്തമായ സൂചനയായിരുന്നു അതില്‍ മുഖ്യം. ''ശാസ്ത്രീയമായ പഠനത്തിന്റേയും സാമൂഹിക നിയന്ത്രണത്തിന്റേയും അടിസ്ഥാനത്തിലേ പാറ, മണല്‍ ഖനനം നടത്താന്‍ അനുമതി നല്‍കുകയുള്ളു. നദീതട മണലിന്റെ അമിത ചൂഷണം ഒഴിവാക്കുന്നതിനായി ശേഷി പഠനവും നിയന്ത്രണവും കൊണ്ടുവരും'' എന്നും, ''കേരളത്തിന്റെ ഖനിജങ്ങള്‍ പൊതു ഉടമസ്ഥതയിലാക്കുകയും ഖനനത്തിനു ശക്തമായ സാമൂഹിക നിയന്ത്രണ സംവിധാനം കൊണ്ടുവരികയും ചെയ്യും'' എന്നുമായിരുന്നു വാഗ്ദാനം. പരിസ്ഥിതി ധവളപത്രം പ്രസിദ്ധീകരിക്കും എന്നും വ്യക്തമാക്കിയിരുന്നു. ധവളപത്രം ഇറക്കിയെങ്കിലും ഖനിജങ്ങള്‍ പൊതു ഉടമസ്ഥതയിലാക്കുന്നതും ഖനനത്തിനു സാമൂഹിക നിയന്ത്രണം കൊണ്ടുവരുന്നതും സൗകര്യപൂര്‍വ്വം മാറ്റിവച്ചു. 

2018 മേയില്‍ സംസ്ഥാന സര്‍ക്കാര്‍ പുറത്തിറക്കിയ പരിസ്ഥിതി ധവളപത്രം പ്രകടനപത്രികയിലെ വാഗ്ദാനത്തെക്കുറിച്ചു നിശ്ശബ്ദത പാലിച്ചു. പുഴകള്‍ക്കു ഭീഷണി സൃഷ്ടിക്കുന്ന കാര്യങ്ങളില്‍ ഒന്നായി മണലെടുപ്പിനെക്കുറിച്ച് അതില്‍ പറയുന്നുണ്ട്. നിര്‍മ്മാണ ആവശ്യങ്ങളുടെ പേരില്‍ വിവേചനരഹിതമായ മണല്‍ ഖനനമാണ് നടക്കുന്നത് എന്നും സമ്മതിക്കുന്നു. നിര്‍മ്മാണ മേഖലയുടെ ആവശ്യങ്ങള്‍ കൂടി കണക്കിലെടുത്തുകൊണ്ട് ഈ പ്രശ്‌നത്തെ അഭിസംബോധന ചെയ്യണം എന്നാണ് നിര്‍ദ്ദേശം. നെല്‍പ്പാടങ്ങളുടെ വ്യാപ്തി വന്‍തോതില്‍ കുറഞ്ഞു എന്നാണ് കണക്കുകളുടെ അടിസ്ഥാനത്തിലുള്ള മറ്റൊരു വെളിപ്പെടുത്തല്‍. '1965ല്‍ 7.5 ലക്ഷം ഹെക്റ്റര്‍ ആയിരുന്ന നെല്‍പ്പാടങ്ങള്‍ 2014-15ല്‍ 1.9 ലക്ഷം ഹെക്റ്ററായി കുറഞ്ഞു.'' പിന്നീട് എത്ര കുറഞ്ഞു എന്നും ഇപ്പോള്‍ നെല്‍പ്പാടങ്ങള്‍ എത്രയുണ്ട് എന്നും ഇനിയും കുറേക്കാലം കഴിഞ്ഞാകും കണക്കുകള്‍ പുറത്തുവരിക. അപ്പോള്‍ ഒരുപക്ഷേ, പാടങ്ങള്‍ തന്നെ ഉണ്ടായെന്നു വരില്ല; നികത്തിയ പാടങ്ങള്‍ കണ്ടെത്താനും പാടുപെടേണ്ടിവരാം.

പരിസ്ഥിതി സംരക്ഷണ കര്‍മ്മപരിപാടിയുടെ പുരോഗതി വിലയിരുത്തുന്നതിനു പ്രത്യേക സമിതി രൂപീകരിക്കും എന്നും വിവിധ വകുപ്പുകളുടെ സഹകരണത്തോടെ പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ നടത്തുമെന്നും ധവളപത്രം വ്യക്തമാക്കിയിട്ട് രണ്ടു വര്‍ഷമാകാന്‍ പോകുന്നു. ഇതിനിടയിലാണ് കേരളത്തെ കീഴ്മേല്‍ മറിച്ച രണ്ട് പ്രളയങ്ങള്‍ ഉണ്ടായത്. കര്‍മ്മപരിപാടിയും അവലോകന സമിതിയും പ്രവര്‍ത്തനങ്ങളും എന്തായി എന്നു സര്‍ക്കാര്‍ പറയേണ്ടതാണ്. 

നദീതീര സംരക്ഷണ, മണല്‍വാരല്‍ നിയന്ത്രണനിയമം ലംഘിക്കുന്നവര്‍ക്കുള്ള പിഴ 25,000 രൂപയില്‍നിന്ന് അഞ്ചുലക്ഷം രൂപയായി ഉയര്‍ത്തുന്നതിനു നിയമഭേദഗതി കൊണ്ടുവരാന്‍ ജനുവരി 29-നു ചേര്‍ന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചിട്ടുണ്ട്. ഇതിന്റെ കരട് ബില്‍ മന്ത്രിസഭ അംഗീകരിച്ചു. തുടര്‍ച്ചയായ നിയമലംഘനത്തിന് ഓരോ ദിവസത്തേക്കും അധികമായി ചുമത്തുന്ന പിഴ 1,000 രൂപയില്‍നിന്ന് 50,000 രൂപയായി വര്‍ധിപ്പിക്കും. ''മണല്‍മാഫിയയെ നിലയ്ക്കു നിര്‍ത്താനുള്ള ചുവടുവയ്പുകളുടെ ഭാഗമാണ് ഇതെങ്കില്‍ മണ്ണ്, പാറ പൊട്ടിക്കല്‍ മാഫിയകളെ നിയന്ത്രിക്കാന്‍ ഇതിനേക്കാളൊക്കെ പ്രഹരശേഷിയുള്ള നടപടികള്‍ക്കു സര്‍ക്കാര്‍ തയ്യാറാവുകയാണ് വേണ്ടത്. പക്ഷേ, ഡോ. ടി.എം. തോമസ് ഐസക്കിന്റെ ഇപ്പോഴത്തെ ബജറ്റിലും ഖനന മേഖലയെ തൊട്ടിട്ടില്ല. നികുതി നിര്‍ദ്ദേശങ്ങളില്‍നിന്നും അവരെ ഒഴിവാക്കിയിരിക്കുകയാണ്'' - പ്രൊഫ. പി.ജെ. ജെയിംസ് ചൂണ്ടിക്കാട്ടുന്നു.

2009-ല്‍ വി.എസ്. അച്യുതാനന്ദന്‍ സര്‍ക്കാര്‍ കൊണ്ടുവന്ന പരിസ്ഥിതി നയം കേരളത്തില്‍ നിലവിലുണ്ട്. ഖനനവും പാറ പൊട്ടിക്കലും സംബന്ധിച്ച് അതില്‍ പറഞ്ഞിരിക്കുന്ന കര്‍മ്മപരിപാടികള്‍ അതേവിധം നടപ്പാക്കിയാല്‍ത്തന്നെ കേരളം ഈ മാഫിയകളുടെ ഭീഷണി മറികടക്കും. പക്ഷേ, അങ്ങനെയല്ല നടക്കുന്നത്. ഖനനത്തിന്റേയും പാറ പൊട്ടിക്കലിന്റേയും കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ 'തന്ത്രം' എന്താണ് എന്നു പരിസ്ഥിതി നയത്തില്‍ പറയുന്നത് ഇങ്ങനെ: ''ഖനനവും പാറ പൊട്ടിക്കലും അത്യാവശ്യ കാര്യങ്ങള്‍ക്കു മാത്രമായി നിയന്ത്രിച്ചു പാരിസ്ഥിതികാഘാതങ്ങള്‍ പരമാവധി കുറയ്ക്കുക; അതും വ്യക്തമായി നിര്‍വ്വചിക്കപ്പെട്ട നടപടികള്‍ പാലിച്ചു മാത്രം.'' പക്ഷേ, മാഫിയ അവരുടെ ആവശ്യത്തിനു ഖനനം നടത്തുന്നു, നിയന്ത്രിക്കാന്‍ സര്‍ക്കാരിനു കഴിയുന്നുമില്ല. കേരളം വീണ്ടും വീണ്ടും പുതിയ ദുരന്തങ്ങളെ പേടിയോടെ കാത്തിരിക്കുന്ന നാടായി മാറുന്നു.
.............................

ദുരന്തം വരുത്തുന്നവര്‍ക്ക് പ്രളയ സെസ് ചുമത്തണം  

ഇ.പി. അനില്‍ 
(പരിസ്ഥിതി പ്രവര്‍ത്തകന്‍) 

ഏകദേശം 80000 കോടി മുതല്‍ ഒരു ലക്ഷം കോടി രൂപയോളമാണ് പ്രതിവര്‍ഷം ക്വാറിയുമായി ബന്ധപ്പെട്ടു നടക്കുന്ന സാമ്പത്തിക ഇടപാട്. എന്നാല്‍, യഥാര്‍ത്ഥത്തില്‍ പ്രവര്‍ത്തിക്കുന്ന ക്വാറികളുടെ ചെറിയ എണ്ണത്തില്‍നിന്നു മാത്രമാണ് കേരള സര്‍ക്കാരിനു വരുമാനം ലഭിക്കുന്നത്. ഒരു ടണ്‍ പാറ പൊട്ടിക്കാന്‍ ജിയോളജി വകുപ്പിനു കൊടുക്കേണ്ടത് വെറും 74 രൂപ മാത്രമാണ്. പഞ്ചായത്ത് ലൈസന്‍സിനുവേണ്ടി പരമാവധി കൊടുക്കേണ്ടത് 10,000 രൂപ. തൊഴില്‍ക്കരം 2500 രൂപ. സര്‍ക്കാര്‍ കണക്കനുസരിച്ച് 774 ക്വാറികളാണുള്ളത്. യഥാര്‍ത്ഥത്തില്‍ ആറായിരത്തോളം ക്വാറികളുണ്ട് എന്നാണ് പരിസ്ഥിതി പ്രവര്‍ത്തകരുടെ കണക്ക്. 

ഡാര്‍ളി അമ്മൂമ്മ : ചെറുത്തുനില്‍പ്പിന്റെ പ്രതീകം

മണല്‍ മാഫിയയ്‌ക്കെതിരെ ഒറ്റയാള്‍ പോരാട്ടം നടത്തിയ നെയ്യാറ്റിന്‍കരയിലെ ഡാര്‍ളി അമ്മൂമ്മ ചെറുത്തുനില്‍പ്പുകളുടെ പ്രതീകമായി സംസ്ഥാനതലത്തില്‍ ശ്രദ്ധ നേടിയിരുന്നു. ഓലത്താന്നിയില്‍ നെയ്യാറിന്റെ കരകളിടിച്ച് മണല്‍വാരലിനെതിരെ ഒറ്റയ്ക്കു സമരം ചെയ്താണ് ഡാര്‍ലി അമ്മൂമ്മ ശ്രദ്ധേയയായത്. നെയ്യാറ്റിന്‍കര ആയുര്‍വ്വേദ ആശുപത്രിയില്‍നിന്നു ക്ലാസ്സ് ഫോര്‍ ജീവനക്കാരിയായി വിരമിച്ച ഡാര്‍ലി അമ്മൂമ്മയുടെ ഭര്‍ത്താവ് നേരത്തെ മരിച്ചു. മക്കളില്ല. കുടുംബവിഹിതമായി കിട്ടിയതാണ് വീടും സ്ഥലവും. പെന്‍ഷനാണ് ഏക വരുമാനം. വീടിനു ചുറ്റുമുള്ള സ്ഥലം മണല്‍ മാഫിയ കുഴിച്ചു. അതോടെ അവരുടെ 15 സെന്റ് ഭൂമിയും വീടും തുരുത്തില്‍പ്പെട്ടതുപോലെയായി. ഒറ്റപ്പെട്ടിട്ടും ഡാര്‍ളി അമ്മൂമ്മ വീടു വിടാനോ സ്ഥലം മണല്‍വാരുന്നതിനു വിട്ടുനല്‍കാനോ തയ്യാറായില്ല. അമ്മൂമ്മയുടെ ഉറച്ച നിലപാടിനു നാട്ടുകാരുടേയും സര്‍ക്കാരിന്റേയും പിന്തുണ ലഭിച്ചു. ഒറ്റപ്പെട്ട ജീവിതം സുരക്ഷിതമല്ലാത്തതുകൊണ്ട് മറ്റൊരിടത്ത് ഭൂമി കൊടുക്കാമെന്ന് ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ പറഞ്ഞു. കെ.പി.സി.സി വീടുവച്ച് കൊടുക്കാമെന്ന് കെ.പി.സി.സി പ്രസിഡന്റായിരുന്ന വി.എം. സുധീരനും വാഗ്ദാനം ചെയ്തു. പക്ഷേ, വേറെ സ്ഥലത്തേയ്ക്കു മാറാന്‍ അവര്‍ തയ്യാറായില്ല. 

കനത്ത മഴയില്‍ ഡാര്‍ളി അമ്മൂമ്മയുടെ വീട്ടിലേയ്ക്കുള്ള നടപ്പാലം തകര്‍ന്നു. നാട്ടുകാര്‍ താല്‍ക്കാലിക നടപ്പാലം പണിതുകൊടുത്തെങ്കിലും പിന്നീട് അതും തകര്‍ന്നു. അതിനിടെ വീട് തകര്‍ന്നെങ്കിലും സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ അറ്റകുറ്റപ്പണി ചെയ്തുകൊടുത്തു. ക്രമേണ മാനസികാസ്വാസ്ഥ്യങ്ങള്‍ പ്രകടിപ്പിച്ച അമ്മൂമ്മയെ പൊലീസും നാട്ടുകാരും ചേര്‍ന്നു പരണിയത്തുള്ള അനുജത്തിയുടെ വീട്ടിലേയ്ക്കു മാറ്റി. അവിടെയാണ് അവര്‍ ഇപ്പോള്‍. 

പരിസ്ഥിതി നയം ശക്തം; പക്ഷേ, നോക്കുകുത്തി 

ഖനനത്തിനും പാറ പൊട്ടിക്കലിനും അനുമതി നല്‍കുന്നതിനു മുന്‍പ് അംഗീകൃത സ്ഥാപനത്തിന്റെ നേതൃത്വത്തിലുള്ള പാരിസ്ഥിതികാഘാത പഠനം നിര്‍ബന്ധമാക്കണം എന്നാണ് പരിസ്ഥിതിനയത്തിലെ കര്‍മ്മപരിപാടികളില്‍ ആദ്യത്തേത്. പക്ഷേ, നടപ്പാകാറില്ലെന്നു മാത്രം. പാരിസ്ഥിതികാഘാത പഠനം നടത്തിയാല്‍ കേരളത്തിലെ ഒരൊറ്റയിടത്തും നിയമവിരുദ്ധ ഖനനവും പാറ പൊട്ടിക്കലും നടക്കില്ല എന്നു പരിസ്ഥിതി പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടുന്നു. ഖനനം കഴിഞ്ഞ് ഉപേക്ഷിക്കപ്പെട്ട ഭൂമി അതിനുത്തരവാദികളെക്കൊണ്ടുതന്നെ പുനരുജ്ജീവിപ്പിക്കുന്നതിനു  വ്യവസ്ഥ ഉണ്ടാക്കുക, ഖനനം നടന്ന സ്ഥലം മണ്ണിട്ട് മൂടി മരങ്ങള്‍ നടുന്നുവെന്ന് ഉറപ്പാക്കുക, ഖനനം നടന്നുകൊണ്ടിരിക്കുമ്പോള്‍ത്തന്നെ ആ സ്ഥലത്ത് അതിന്റെ പാരിസ്ഥിതിക പുനരുജ്ജീവനം ഉറപ്പു വരുത്തുന്നതിനു മലിനീകരണ നിയന്ത്രണ ബോര്‍ഡ് പോലുള്ള അംഗീകൃത സ്ഥാപനങ്ങള്‍ നിര്‍ദ്ദേശിക്കുന്ന പരിസ്ഥിതി പരിപാലന നടപടികള്‍ ഉറപ്പാക്കുക, കുന്നുകളിലെ ഖനനവും പാറ പൊട്ടിക്കലും തടയുക, പുഴകളിലേയും ചിറ്റാറുകളിലേയും മണല്‍ ഖനനം, നെല്‍പ്പാടങ്ങളിലെ കളിമണ്‍ ഖനനം എന്നിവ ശാസ്ത്രീയ പഠനങ്ങളുടെ അടിസ്ഥാനത്തില്‍ കര്‍ശനമായി നിയന്ത്രിക്കുക, പുഴയിലെ മണല്‍ ഉള്‍പ്പെടെയുള്ള അമൂല്യ പ്രകൃതിവിഭവങ്ങളിന്മേല്‍ വര്‍ധിച്ചു വരുന്ന ആവശ്യങ്ങളുടെ സമ്മര്‍ദ്ദം കുറയ്ക്കുന്നതിനു ബദല്‍ നിര്‍മ്മാണ സാമഗ്രികളും പരിസ്ഥിതി സൗഹൃദ നിര്‍മ്മാണ രീതികളും പ്രോത്സാഹിപ്പിക്കുക, ആറ്റുമണല്‍ ഖനനത്തിന്റെ ദോഷവശങ്ങളെക്കുറിച്ചു പ്രചാരം നല്‍കുക, ഖനനത്തില്‍ നിന്നുണ്ടാകുന്ന ഉപ ഉല്പന്നങ്ങളും പാഴ് വസ്തുക്കളും പരിസ്ഥിതിക്കു ദോഷം വരാത്തവിധം സുരക്ഷിതമായി നിര്‍മ്മാര്‍ജ്ജനം ചെയ്യുക എന്നിങ്ങനെയാണ് പരിസ്ഥിതി നയത്തിലെ കര്‍മപരിപാടികള്‍. ഇതില്‍ ഒന്നുപോലും നടപ്പാക്കപ്പെടുന്നില്ല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് സുതാര്യവും നീതിപൂര്‍വവുമായ വോട്ടെടുപ്പ് നടന്നില്ല; തെരഞ്ഞെടുപ്പ് കമ്മീഷന് വിഡി സതീശന്റെ പരാതി

ജയം മാത്രം രക്ഷ; ഗുജറാത്തിനെതിരെ ബംഗളൂരു ആദ്യം ബൗള്‍ ചെയ്യും

ലഭ്യത കൂടി, ആറ് രാജ്യങ്ങളിലേയ്ക്ക് സവാള കയറ്റുമതി ചെയ്യാന്‍ അനുമതി

പന്തെറിഞ്ഞത് 8 പേര്‍! ന്യൂസിലന്‍ഡിനെതിരെ പാകിസ്ഥാന് അപൂര്‍വ നേട്ടം

വാഹനത്തിന് സൈഡ് കൊടുത്തില്ല, കെഎസ്ആര്‍ടിസി ബസ് തടഞ്ഞ് മേയര്‍ ആര്യാ രാജേന്ദ്രന്‍, ഡ്രൈവര്‍ക്കെതിരെ കേസ്