റിപ്പോർട്ട് 

കാമ്പസിലല്ല, പുറത്താണ് കണ്ണൂര്‍ രാഷ്ട്രീയം തിളച്ചുമറിഞ്ഞത്

പി.എസ്. റംഷാദ്

കെ. സുധാകരന്റെ വെളിപ്പെടുത്തലിന്റെ പേരില്‍ കേസെടുക്കാനാണെങ്കില്‍ ഇപ്പോഴത്തേതിനേക്കാള്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ ഉണ്ടായത് കുറച്ചു മുന്‍പാണ്. പക്ഷേ, അതിന്റെ പേരില്‍ പ്രതിക്കൂട്ടിലാകേണ്ട എം.വി. രാഘവന്‍ ലോകത്തോടുതന്നെ വിട പറഞ്ഞതുകൊണ്ട് സുധാകരനും സി.പി.എമ്മിനും അതൊരു വിഷയമായില്ല. എങ്കിലും കണ്ണൂരിലെ രാഷ്ട്രീയ പോരിന്റെ നാള്‍വഴികളില്‍ പ്രധാനപ്പെട്ട ഒന്നുതന്നെയാണ് അതിലേയ്ക്ക് എത്തിച്ച കേസ്. പ്രമുഖ സി.പി.എം നേതാവ് ഇ.പി. ജയരാജനെ തീവണ്ടി യാത്രയ്ക്കിടയില്‍ വെടിവെച്ചു കൊല്ലാന്‍ ശ്രമിച്ച കേസിലെ പ്രതിയായിരുന്ന സുധാകരനെ അറസ്റ്റില്‍നിന്നു രക്ഷിക്കാന്‍ മന്ത്രി എം.വി. രാഘവന്‍ സ്വന്തം ഔദ്യോഗിക വസതിയില്‍ ഒളിപ്പിച്ചതാണ് സംഭവം. 1991-'96 കാലയളവിലെ യു.ഡി.എഫ് മന്ത്രിസഭയില്‍ അംഗമായിരുന്നു രാഘവന്‍. തിരഞ്ഞു വന്ന ആന്ധ്ര പൊലീസിനോട് സുധാകരന്‍ അവിടെ ഇല്ലെന്നു പറഞ്ഞു. ഒന്നിലധികം തവണ മന്ത്രിവസതിയിലെത്തിയ സ്പെഷ്യല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥരോട് ഈ നുണ ആവര്‍ത്തിച്ചു. പിന്നീട് സുരക്ഷിത സ്ഥലത്തേയ്ക്കു മാറാന്‍ മന്ത്രി തന്നെ സഹായിക്കുകയും ചെയ്തു. മൂല്യാധിഷ്ഠിത രാഷ്ട്രീയത്തിലും നിയമവാഴ്ചയോടുള്ള പ്രതിബദ്ധതയിലും വിട്ടുവീഴ്ചയില്ലാതിരുന്ന എ.കെ. ആന്റണിയായിരുന്നു അക്കാലത്ത് മുഖ്യമന്ത്രി എന്നതാണ് കൗതുകകരം. ചാരക്കേസില്‍ കെ. കരുണാകരന്‍ രാജിവച്ച ശേഷം ആന്റണി മുഖ്യമന്ത്രിയായ കാലം. 

1995-ലാണ് ട്രെയിന്‍ യാത്രയ്ക്കിടയില്‍ ജയരാജനു വെടിയേറ്റത്. ചണ്ഡീഗഡില്‍ സി.പി.എം പാര്‍ട്ടികോണ്‍ഗ്രസ് കഴിഞ്ഞു വരികയായിരുന്നു. സുധാകരന്‍ മാത്രമല്ല, അതില്‍ എം.വി. രാഘവനും പ്രതിയായത് കേരളത്തിനു സുപരിചിതമായ വിവരം. സുധാകരന്റെ പദ്ധതിയായിരുന്നു ജയരാജനെതിരായ വധശ്രമമെന്ന് സുധാകരന്റെ മുന്‍ ഡ്രൈവറും കണ്ണൂര്‍ നഗരസഭയില്‍ കോണ്‍ഗ്രസ് കൗണ്‍സിലറുമായിരുന്ന പ്രശാന്ത് ബാബു പിന്നീടു കാലം കുറേക്കഴിഞ്ഞു വെളിപ്പെടുത്തി. അത് പുതിയ വിവാദങ്ങളുടെ പശ്ചാത്തലത്തിലും ചര്‍ച്ചയായിട്ടുണ്ട്. കണ്ണൂര്‍ നടാലിലെ സുധാകരന്റെ വീട്ടില്‍വച്ചാണ് ഗൂഢാലോചന നടന്നതെന്നും സി.എം.പി നേതാവും സുധാകരന്റെ സുഹൃത്തുമായിരുന്ന അഡ്വ. ടി.പി. ഹരീന്ദ്രനും അവിടെയുണ്ടായിരുന്നുവെന്നുമാണ് പ്രശാന്ത് ബാബു പറഞ്ഞത്. 

കണ്ണൂരിലെ സി.പി.എം-കോണ്‍ഗ്രസ് പോരില്‍ എം.വി. രാഘവനും കോണ്‍ഗ്രസ് നേതാവ് എന്‍. രാമകൃഷ്ണനും മുഖാമുഖം നിന്ന കാലത്തിനുശേഷമുള്ള സമവാക്യമായിരുന്നു സി.പി.എം പുറത്താക്കിയ ശേഷം സി.എം.പി രൂപീകരിച്ച രാഘവനും രാമകൃഷ്ണനെ തള്ളിമാറ്റി ജില്ലയിലെ കോണ്‍ഗ്രസ് നേതാവായി മാറിയ സുധാകരനും തമ്മിലുള്ള ഗാഢ സൗഹൃദം. 1960-കളുടെ അവസാനം കണ്ണൂരില്‍ സി.പി.എമ്മിന്റെ ചോദ്യം ചെയ്യപ്പെടാത്ത നേതാവായി വളര്‍ന്ന എം.വി. രാഘവന് 1970-കളുടെ ആദ്യം ലഭിച്ച ലക്ഷണമൊത്ത കോണ്‍ഗ്രസ് എതിരാളിയായിരുന്നു രാമകൃഷ്ണന്‍. 1967-ല്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറിയും 1971-ല്‍ 30-ാം വയസ്സില്‍ ഡി.സി.സി പ്രസിഡന്റുമായ രാമകൃഷ്ണന്‍ കെ. കരുണാകരന്റെ അടുത്ത ആളായിരുന്നു. കരുണാകരന്‍ അന്ന് സി. അച്യുതമേനോന്‍ സര്‍ക്കാരില്‍ ആഭ്യന്തരമന്ത്രി. കൊലവിളി രാഷ്ട്രീയത്തിന്റെ ആള്‍രൂപമായിരുന്ന എം.വി. രാഘവന് അതേ നാണയത്തില്‍ മറുപടി നല്‍കുന്ന നേതാവായി വേഗം തന്നെ രാമകൃഷ്ണന്‍ മാറി. 11 വര്‍ഷം രാമകൃഷ്ണനായിരുന്നു ഡി.സി.സി പ്രസിഡന്റ്. 1980-കളുടെ ആദ്യം ഡി.സി.സി തെരഞ്ഞെടുപ്പില്‍ ബലപ്രയോഗത്തിലൂടെ ഭൂരിപക്ഷം നേടി കെ. സുധാകരന്‍ പ്രസിഡന്റായപ്പോഴാണ് രാമകൃഷ്ണന്‍ മാറിയത്. അധികകാലം ചെല്ലും മുന്‍പ് എം.വി. രാഘവന്‍ സി.പി.എമ്മില്‍നിന്നു പുറത്താവുകയും ചെയ്തു. സി.എം.പി രൂപീകരിച്ച് യു.ഡി.എഫില്‍ എത്തി കരുണാകരന്‍ മന്ത്രിസഭയില്‍ സഹകരണ മന്ത്രിയാകുമ്പോള്‍ രാമകൃഷ്ണന്‍ ആ മന്ത്രിസഭയില്‍ തൊഴില്‍ മന്ത്രിയായി. ഐ.എസ്.ആര്‍.ഒ ചാരക്കേസില്‍ രമണ്‍ശ്രീവാസ്തവയെ സംരക്ഷിച്ചു എന്ന ആരോപണമുയര്‍ത്തി കരുണാകരന്റെ രാജി എ ഗ്രൂപ്പ് ഉറപ്പാക്കിയപ്പോള്‍ രാമകൃഷ്ണനും രാജിവച്ചു. പിന്നീട് സി.പി.എം പിന്തുണയോടെ കോണ്‍ഗ്രസ് റിബല്‍ സ്ഥാനാര്‍ത്ഥിയായെങ്കിലും സുധാകരനോടു തോറ്റു. 
സുധാകരനും എം.വി. രാഘവനും കണ്ണൂരില്‍ സി.പി.എമ്മിനെതിരെ ഒറ്റക്കെട്ടായി മാറി. 1994 നവംബര്‍ 25-ന് പൊലീസ് വിലക്ക് വകവയ്ക്കാതെ കൂത്തുപറമ്പിലെത്തിയ രാഘവന്റെ ധാര്‍ഷ്ട്യത്തിന് ഇരകളായി പൊലീസ് വെടിവെയ്പില്‍ അഞ്ച് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ കൊല്ലപ്പെടുമ്പോഴും ഈ സൗഹൃദം മൂര്‍ധന്യത്തിലായിരുന്നു. അതിനു തൊട്ടുപിന്നാലെയായിരുന്നു ഇ.പി. ജയരാജന്‍ വധശ്രമം. 1990 മുതല്‍ '99 വരെ 14 സി.പി.എം പ്രവര്‍ത്തകരാണ് കണ്ണൂര്‍ ജില്ലയില്‍ കൊല്ലപ്പെട്ടത്. 16 കോണ്‍ഗ്രസ് പ്രവര്‍ത്തകരും.

കണ്ണൂര്‍ ജില്ലയിലെ രാഷ്ട്രീയ അക്രമങ്ങളുടെ തലസ്ഥാനം തലശ്ശേരിയും സമീപ പ്രദേശങ്ങളുമാണ്. അവിഭക്ത കമ്യൂണിസ്റ്റ് പാര്‍ട്ടിയിലെ പിളര്‍പ്പിനുശേഷമാണ് മറുപക്ഷത്തോട് വിട്ടുവീഴ്ചയില്ലാതെ ഏറ്റുമുട്ടുന്ന രീതി സ്വീകരിച്ചു തുടങ്ങിയത്. എന്നാല്‍, കോണ്‍ഗ്രസ്സുകാര്‍ അതിനു മുന്‍പും അക്രമത്തിനു മടിയില്ലാത്തവരായിരുന്നു എന്നാണ് അനുഭവം. അവരുമായി പ്രശ്‌നങ്ങള്‍ക്കും കുറവില്ലായിരുന്നു. പക്ഷേ, കൊടുക്കുന്നതിലുമധികം കൊള്ളുന്നതായിരുന്നു സ്ഥിതി. പ്രവര്‍ത്തകരുടെ എണ്ണം കുറവായിരുന്നതും ഇതിനു കാരണമായി. എം.വി. രാഘവന്‍ ഉള്‍പ്പെടുന്ന പുതിയ യുവ നേതൃനിരയാണ് മാറ്റം കൊണ്ടുവന്നത്. അടിക്കടി, വെട്ടിനു വെട്ട്. അപ്പോഴേയ്ക്കും പാര്‍ട്ടി സംഘടനയ്ക്കു മുന്‍പത്തേക്കാള്‍ കരുത്തും വന്നിരുന്നു. 

സമീപകാലത്ത് ഏറെ ചര്‍ച്ചചെയ്യപ്പെട്ടതാണ് ശ്രീ എമ്മിന്റെ മധ്യസ്ഥതയില്‍ സി.പി.എമ്മും ആര്‍.എസ്.എസ്സും തമ്മില്‍ നടത്തിയ ഒത്തുതീര്‍പ്പു ചര്‍ച്ച. കണ്ണൂരിലെ രാഷ്ട്രീയ വൈരത്തിനും പരസ്പരം ആയുധമെടുക്കുന്നതിനും അവസാനമുണ്ടാക്കുക എന്നതായിരുന്നു ആ ചര്‍ച്ചകളുടെ ഒറ്റവരി അജന്‍ഡ. ഒന്നാം പിണറായി സര്‍ക്കാരിന്റെ തുടക്കക്കാലത്ത് മുഖ്യമന്ത്രി പ്രത്യേക താല്പര്യമെടുത്താണ് ഈ ചര്‍ച്ചയ്ക്കു തുടക്കമിട്ടത്. ആഭ്യന്തര മന്ത്രിയും മുഖ്യമന്ത്രിയുമായ പിണറായി വിജയന് അത്തരമൊരു രാഷ്ട്രീയ സംഘര്‍ഷരഹിത സാഹചര്യത്തിനു മുന്‍കയ്യെടുക്കാന്‍ സ്വാഭാവിക ഉത്തരവാദിത്വവും അവകാശവുമുണ്ടുതാനും. കോടിയേരിയും പിണറായിയും സി.പി.എം പക്ഷത്തുനിന്നും കുമ്മനം രാജശേഖരനും എം. ഗോപാലന്‍ കുട്ടി മാസ്റ്ററും ആര്‍.എസ്.എസ് പക്ഷത്തുനിന്നും പങ്കെടുത്തു. പക്ഷേ, കോണ്‍ഗ്രസ്സുമായി അത്തരമൊരു ചര്‍ച്ചയ്ക്ക് ഒരിക്കലും സാധ്യത ഇല്ല എന്നതാണ് വസ്തുത. സി.പി.എമ്മുമായി കായികമായി എന്നല്ല സംഘടനാപരമായിത്തന്നെ പൊരുതാന്‍ ശേഷി നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന പാര്‍ട്ടിയാണ് കോണ്‍ഗ്രസ് എന്നതല്ല കാരണം. സംഘപരിവാറിന്റെ അക്രമോത്സുക വര്‍ഗ്ഗീയ രാഷ്ട്രീയത്തോട് സായുധമായി പോരടിച്ച് രക്തസാക്ഷികളുടെ എണ്ണം വര്‍ദ്ധിപ്പിക്കാന്‍ സി.പി.എമ്മിന് താല്പര്യമില്ല. അതേസമയം, രാഷ്ട്രീയമായി അവരോടു യാതൊരുവിധ വിട്ടുവീഴ്ചയ്ക്കും തയ്യാറുമല്ല. ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പു പ്രചരണരംഗത്ത് മുഖ്യമന്ത്രിയും പാര്‍ട്ടിയും ബി.ജെ.പിക്കെതിരെ കൃത്യമായി രാഷ്ട്രീയാക്രമണ മുന തിരിച്ചതു ശ്രദ്ധേയമാണ്. എന്നാല്‍, തങ്ങളുടെ ഭരണകാലത്ത് സംഘപരിവാറിന് പൊലീസിനെക്കൊണ്ട് കാര്യമായ പ്രശ്‌നങ്ങള്‍ ഉണ്ടാകില്ല എന്ന് ഒത്തുതീര്‍പ്പു ചര്‍ച്ചകളുടെ ഭാഗമായി വാക്കു കൊടുത്തിട്ടുണ്ടോ എന്നു സംശയം തോന്നിപ്പിക്കുന്ന വിധമായിരുന്നു കഴിഞ്ഞ അഞ്ചു വര്‍ഷവും കേരള പൊലീസിന്റെ മൃദു സമീപനം. നിരവധി സന്ദര്‍ഭങ്ങളില്‍ അത് പുറത്തുവരികയും വിമര്‍ശനവിധേയമാവുകയും ചെയ്തു. രണ്ടാം പിണറായി സര്‍ക്കാര്‍ വന്ന ശേഷം ബി.ജെ.പി നേതാക്കള്‍ ഉള്‍പ്പെട്ട കള്ളപ്പണ കവര്‍ച്ചാ കേസില്‍ പൊലീസ് സ്വീകരിക്കുന്ന വിട്ടുവീഴ്ച ഇല്ലാത്ത സമീപനമാണ് ഇതിന് അപവാദം. പക്ഷേ, ബി.ജെ.പി നേതൃത്വത്തെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്ന ഈ കേസില്‍ ആര്‍.എസ്.എസ്സിന് ബി.ജെ.പി നേതാക്കളോട് അതൃപ്തിയുണ്ട് എന്നതും കൂടി ചേര്‍ത്തു വായിക്കണം. 

യോജിപ്പും വിയോജിപ്പും 

''ആള്‍ബലവും അഭിപ്രായ പ്രകടനത്തിന്റെ ആശയപരമായ കരുത്തും ഉള്ളവര്‍ വാള്‍ബലത്തെ ആശ്രയിക്കേണ്ടതില്ല. ഈ വിഭാഗത്തില്‍പ്പെടുന്നവരാണ് പൊതുവേ ഇടതുപക്ഷം; സി.പി.ഐ.എം പ്രത്യേകിച്ചും.'' മാധ്യമ പ്രവര്‍ത്തകന്‍ എന്‍.പി. ഉല്ലേഖ് എഴുതിയ 'കണ്ണൂര്‍: പ്രതികാര രാഷ്ട്രീയത്തിന്റെ കാണാപ്പുറങ്ങള്‍' എന്ന പുസ്തകം പ്രകാശനം ചെയ്തു മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞതാണിത്, 2018-ല്‍, തന്റെ പ്രസ്ഥാനത്തേയും ജനിച്ചു വളര്‍ന്ന നാടിനേയും പ്രതികാര രാഷ്ട്രീയത്തിന്റെ പ്രതീകമായി ചിത്രീകരിക്കുന്നത് ഉള്‍പ്പെടെയുള്ള കാരണങ്ങളാല്‍ നൂറുമടങ്ങ് വിയോജിക്കുന്ന പുസ്തകം എന്നു വ്യക്തമാക്കിത്തന്നെയാണ് അദ്ദേഹം അതു പ്രകാശനം ചെയ്തത്. രണ്ടു കാരണങ്ങളാണ് അതിനു പറഞ്ഞത്, ഒന്ന്, ''ഞങ്ങള്‍ക്ക് അഭിപ്രായം പറയാന്‍ സ്വാതന്ത്ര്യം വേണം എന്നതുപോലെതന്നെയാണ് ഞങ്ങള്‍ക്കെതിരെ അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യവും വേണമെന്നത്. ഏറ്റവും പ്രിയപ്പെട്ട സഖാവ് പാട്യം ഗോപാലന്റെ മകനാണ് ഈ പുസ്തകം എഴുതിയത് എന്നത് രണ്ടാമത്തെ കാരണം.'' ഈ കൃതി ജനാധിപത്യപരമായ ഔന്നത്യത്തിന്റെ പേരില്‍ പ്രകാശനം ചെയ്തതായി പ്രഖ്യാപിക്കുന്നു എന്നു പറഞ്ഞാണ് ദീര്‍ഘമായ ആ പ്രസംഗം അവസാനിപ്പിക്കുന്നത്. 

ഇനി 2021 ജൂണിലേക്കു വരാം. മലയാള മനോരമ ആഴ്ചപ്പതിപ്പില്‍ കെ. സുധാകരന്റെ വിശദമായ അഭിമുഖം, 'വേറിട്ടൊരു ലീഡര്‍'. അണികള്‍ക്കായി ജീവന്‍പോലും കളയാന്‍ തയ്യാറുള്ള രാഷ്ട്രീയക്കാരന്‍, അടിച്ചാല്‍ തിരിച്ചടിക്കാന്‍ പറയുന്ന നേതാവ് എന്നീ വിശേഷണങ്ങളോടെയാണ് അതില്‍ സുധാകരനെ അവതരിപ്പിച്ചത്. കമ്യൂണിസ്റ്റുകാരെ ഒട്ടും ഇഷ്ടമില്ലാത്ത കോണ്‍ഗ്രസ്സുകാരന്‍ എന്നും പിണറായിയേയും കോടിയേരിയേയും കണ്ടാല്‍ മിണ്ടില്ല, മുഖം കൊടുക്കില്ല എന്നുമൊക്കെയുള്ള മേനിപറച്ചിലുകള്‍ക്കും വലിയ പ്രാധാന്യമാണ് കൊടുത്തത്. ''മര്യാദയെങ്കില്‍ മര്യാദ, അടിയെങ്കില്‍ തിരിച്ചടി എന്നതാണ് കെ. സുധാകരന്‍ എന്ന കോണ്‍ഗ്രസ് നേതാവിന്റെ കളരിയിലെ പ്രമാണം'' എന്നാണ് തുടക്കം തന്നെ. കയ്യൂക്കിന്റെ രാഷ്ട്രീയത്തെ മഹാസംഭവമാക്കുന്ന ഈ രീതിക്കൊത്ത മറുപടികള്‍ സുധാകരന്‍ തന്നെ വേണ്ടുവോളം അഭിമുഖത്തില്‍ കൊടുത്തിട്ടുമുണ്ട്. ''പത്താം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ മുതല്‍ കള്ളക്കേസുകളില്‍ എന്നെ പ്രതിയാക്കി കോടതി കയറ്റുന്ന പാര്‍ട്ടിയാണ് സി.പി.എം. എല്ലാം അടിപിടി കേസുകളായിരുന്നു. ഞാന്‍ സ്വപ്നത്തില്‍പ്പോലും കാണാത്ത കേസിലൊക്കെ എന്നെ പ്രതിയാക്കും. മജിസ്‌ട്രേട്ട് കോടതിയില്‍ എന്റെ പേരില്‍ 23 കേസ് ഉണ്ടായിരുന്നു.'' സുധാകരന്റെ വാക്കുകള്‍. തലശ്ശേരി ബ്രണ്ണന്‍ കോളേജില്‍ പഠിക്കുന്ന കാലത്തെ വിദ്യാര്‍ത്ഥി സംഘടനാ പോരിനെക്കുറിച്ചും കെ.എസ്.യു പ്രവര്‍ത്തകനായിരുന്ന ഫ്രാന്‍സിസിന്റെ പിച്ചാത്തിയെക്കുറിച്ചും പിണറായിയെ ആക്രമിച്ചതിനെക്കുറിച്ചുമൊക്കെ പറഞ്ഞ് ആവേശം കൊള്ളുന്ന കെ.പി.സി.സി പ്രസിഡന്റിനെയാണ് ആ അഭിമുഖത്തിലുടനീളം കാണുന്നത്. എ.കെ. ബാലനെ അടിച്ചെന്നും ചോദിക്കാനെത്തിയ പിണറായി വിജയനെ ചവിട്ടിവീഴ്ത്തിയെന്നുമൊക്കെ വിശദാംശങ്ങളുടെ അകമ്പടിയോടെ പറഞ്ഞു. 

ആഴ്ചപ്പതിപ്പ് പുറത്തിറങ്ങിയതിന്റെ അടുത്ത ദിവസം തന്നെ പിണറായി ഇതിനു മറുപടി പറഞ്ഞു. ജൂണ്‍ 18-നു വൈകുന്നേരം കൊവിഡ് വിശദാംശങ്ങള്‍ പറയാന്‍ വിളിച്ച വാര്‍ത്താ സമ്മേളനത്തില്‍ ആ കാര്യങ്ങള്‍ വിശദീകരിച്ചു കഴിഞ്ഞ് ചോദ്യത്തിന് ഉത്തരമായാണ് പിണറായി സുധാകരനോടു പ്രതികരിച്ചത്. തന്നെ ചവിട്ടി എന്നത് സുധാകരന്റെ മോഹമാണെന്നും ഫ്രാന്‍സിസ് തന്നെ മൈക്കുകൊണ്ട് അടിച്ചത് അതുപോലെതന്നെ ഇല്ലാക്കഥയാണെന്നും പിണറായി പറഞ്ഞു. പറയാന്‍ പാടില്ലാത്തതു പലതുമാണ് താന്‍ പറഞ്ഞതെന്നും തുടര്‍ച്ചയായി ഇങ്ങനെയൊക്കെ പറഞ്ഞുനടക്കുന്നതുകൊണ്ട് പ്രതികരിച്ചതാണ് എന്നും പറഞ്ഞ് അവസാനിപ്പിക്കുന്നതിനു മുന്‍പ് പഴയൊരു സംഭവംകൂടി മുഖ്യമന്ത്രി വെളിപ്പെടുത്തിയതോടെയാണ് കാര്യങ്ങള്‍ക്ക് അതുവരെയുണ്ടായിരുന്നതിലും പ്രാധാന്യം വന്നത്. തന്റെ രണ്ടു മക്കള്‍ സ്‌കൂള്‍ കുട്ടികളായിരിക്കെ അവരെ തട്ടിക്കൊണ്ടുപോകാന്‍ സുധാകരന്‍ പദ്ധതിയിട്ടിരുന്നു എന്നാണ് അദ്ദേഹം പറഞ്ഞത്. തന്നെ വന്നുകണ്ട് ഇക്കാര്യം അറിയിച്ചത് സുധാകരന്റെ അക്കാലത്തെ അടുത്ത സുഹൃത്താണെന്നും പറഞ്ഞു. ആ ആള്‍ ജീവിച്ചിരിപ്പില്ലാത്തതുകൊണ്ട് പേര് പറയുന്നില്ല. വിദ്യാര്‍ത്ഥികളായിരുന്ന കാലത്തെ വീരഗാഥകള്‍ പറഞ്ഞ് മുഖ്യമന്ത്രി സുധാകരനോടു മത്സരിക്കേണ്ടിയിരുന്നില്ല എന്ന വിമര്‍ശനം ഉയര്‍ന്നു. മറുപടി കൊടുത്തതു നന്നായി എന്ന അഭിപ്രായങ്ങളും സജീവം. പക്ഷേ, രാഷ്ട്രീയ വൈരത്തിന്റെ പേരില്‍ എതിര്‍പാര്‍ട്ടി നേതാവിന്റെ കുഞ്ഞുമക്കളെ തട്ടിക്കൊണ്ടുപോകാന്‍ പദ്ധതിയിടുന്ന, കേരളത്തിനു പരിചിതമല്ലാത്ത രാഷ്ട്രീയം സുധാകരന്‍ പയറ്റാന്‍ നോക്കി എന്നത് വേണ്ടത്ര ചര്‍ച്ചയില്‍ വന്നില്ല.

പിറ്റേന്ന് മുഖ്യമന്ത്രിക്കു മറുപടി പറയാന്‍ വാര്‍ത്താസമ്മേളനം നടത്തിയ സുധാകരന്‍ ഇതിനു വ്യക്തമായ മറുപടി നല്‍കിയില്ല. ആരോപണം അന്വേഷിക്കാന്‍ വെല്ലുവിളിക്കുകയും തട്ടിക്കൊണ്ടുപോകല്‍ പദ്ധതി പറഞ്ഞയാളുടെ പേര് വെളിപ്പെടുത്തണം എന്ന് ആവശ്യപ്പെടുകയുമാണ് ചെയ്തത്. മാത്രമല്ല, താന്‍ പിണറായിയെ ചവിട്ടിവീഴ്ത്തി എന്നതു പറയാത്ത കാര്യമാണെന്നും ഓഫ് ദ റെക്കോഡായി പറഞ്ഞ കാര്യങ്ങള്‍ കൂടി അഭിമുഖത്തില്‍ വന്നുവെന്നും ആരോപിച്ചു. എത്ര നേരം വേണമെങ്കിലും മറുപടി പറയാം എന്നാണ് തുടങ്ങിയതെങ്കിലും ഒരു മണിക്കൂര്‍ തികച്ച് അദ്ദേഹം ആ വാര്‍ത്താസമ്മേളനത്തില്‍ ഇരുന്നില്ല. മാധ്യമപ്രവര്‍ത്തകരുമായി ഒന്നും രണ്ടും പറഞ്ഞ് കോര്‍ത്ത് അവസാനിപ്പിക്കുകയായിരുന്നു. ആരോപണങ്ങള്‍ തെളിയിച്ചാല്‍ രാഷ്ട്രീയം അവസാനിപ്പിക്കാം എന്നാണ് സുധാകരന്‍ പറഞ്ഞത്. വാര്‍ത്താസമ്മേളനത്തില്‍ സുധാകരനൊപ്പം പങ്കെടുത്ത കണ്ണൂര്‍ ഡി.സി.സി സെക്രട്ടറി കണ്ടോത്ത് ഗോപി അടിയന്തരാവസ്ഥക്കാലത്ത് പിണറായി വിജയന്‍ തന്റെ കഴുത്തിനു നേരേ കൊടുവാളെടുത്തു വെട്ടിയെന്നും തടഞ്ഞതുകൊണ്ട് കൈമാത്രം മുറിഞ്ഞെന്നും പറഞ്ഞു. പൊലീസ് മൊഴിയെടുത്തെങ്കിലും കേസെടുത്തില്ല എന്നും കുറ്റപ്പെടുത്തി. സി.പി.എം നേതാക്കളേയും പ്രവര്‍ത്തകരേയും കോണ്‍ഗ്രസ്സുകാരും കെ. കരുണാകരന്റെ പൊലീസും വേട്ടയാടിയിരുന്ന കാലമാണ് അടിയന്തരാവസ്ഥ എന്നു ചൂണ്ടിക്കാട്ടി പല ഭാഗങ്ങളില്‍നിന്നും പ്രതികരണങ്ങള്‍ വന്നു. എം.എല്‍.എ ആയിട്ടുപോലും പൊലീസ് പിണറായിയെ അതിക്രൂരമായി മര്‍ദ്ദിച്ച കാലം. മാത്രമല്ല, ഗോപി പറയുന്ന സംഘര്‍ഷസ്ഥലത്ത് പിണറായി ഉണ്ടായിരുന്നില്ലെന്നു ചൂണ്ടിക്കാട്ടി ദൃക്സാക്ഷികളും പ്രതികരിച്ചു. സുധാകരന്റെ അഭിമുഖത്തോടുള്ള മുഖ്യമന്ത്രിയുടെ പ്രതികരണത്തെ വിമര്‍ശിച്ച കോണ്‍ഗ്രസ് നേതാക്കളും സുധാകരനെ പിന്തുണച്ചില്ല. പിണറായിയുടെ മക്കളെ തട്ടിക്കൊണ്ടുപോകാന്‍ സുധാകരന്‍ പദ്ധതിയിട്ട കാര്യം അറിയിച്ച കോണ്‍ഗ്രസ് നേതാവ് തന്നോടും അത് പറഞ്ഞിരുന്നതായി എ.കെ. ബാലനും വെളിപ്പെടുത്തി. ഫ്രാന്‍സിസ് പിണറായിയെ ആക്രമിച്ചെന്ന വാദം തെറ്റാണെന്ന് അന്തരിച്ച ഫ്രാന്‍സിസിന്റെ ഭാര്യ മേരിക്കുട്ടിയും മകന്‍ ജോബിയും മാധ്യമങ്ങളോടു പറഞ്ഞതാണ് മറ്റൊരു കാര്യം. സുധാകരന്‍ തിരുത്തിയില്ലെങ്കില്‍ നിയമനടപടി സ്വീകരിക്കുമെന്നും അവര്‍ പറഞ്ഞു. ഇതിനേക്കാളൊക്കെ സുധാകരനു തിരിച്ചടിയായിരിക്കുന്നത് വാര്‍ത്താസമ്മേളനത്തിലെ മറ്റൊരു വെളിപ്പെടുത്തലാണ്. കണ്ണൂര്‍ സേവറി ഹോട്ടലിലെ നാണുവിനെ അബദ്ധത്തില്‍ കോണ്‍ഗ്രസ്സുകാര്‍ കൊന്നുവെന്നതാണ് അത്. കേസില്‍ പുനരന്വേഷണം ആവശ്യപ്പെട്ടിരിക്കുകയാണ് നാണുവിന്റെ ഭാര്യ. 

പിണറായിക്കെതിരെ വ്യക്തിപരമല്ല തന്റെ വിമര്‍ശനങ്ങളെന്ന് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞെങ്കിലും പിറ്റേന്നുതന്നെ അത് തിരുത്തി. വിമര്‍ശനം വ്യക്തിപരം തന്നെയാണ് എന്ന് വ്യക്തമാക്കി ഫേസ്ബുക് പോസ്റ്റിടുകയാണ് ചെയ്തത്. സുധാകരന് എല്ലാ ദിവസവും മറുപടി പറയേണ്ടതില്ലെന്നും മുഖ്യമന്ത്രി നല്‍കിയ വിശദമായ മറുപടി മതിയെന്നും സി.പി.എം തീരുമാനിച്ചിടത്താണ് കാര്യങ്ങള്‍ ഇപ്പോള്‍ നില്‍ക്കുന്നത്. പക്ഷേ, കണ്ണൂരിലെ രാഷ്ട്രീയ വൈരത്തിന്റെ തിളപ്പ് ഇതോടെ അവസാനിക്കുമെന്ന് ആരും കരുതുന്നില്ല.

കണ്ണൂര്‍ രാഷ്ട്രീയം 

''ശിവസേന കമ്യൂണിസ്റ്റുകാരെ ഇല്ലാതാക്കാന്‍ ബോംബെയില്‍ എന്താണോ ചെയ്തത് അതിനു സമാനമായ കാര്യങ്ങളാണ് കണ്ണൂരില്‍ പ്രത്യേകിച്ച് തലശ്ശേരിയില്‍ നേട്ടം കൊയ്യാന്‍ ആര്‍.എസ്.എസ് കണക്കുകൂട്ടിയത്. ശിവസേനയ്ക്കതു സാധിച്ചു, ആര്‍എസ്എസ്സിനു സാധിച്ചില്ല'' - എന്‍.പി. ഉല്ലേഖ് പറയുന്നു. പിണറായി-സുധാകരന്‍ വാക്പോരിനു പിന്നാലെ നിരവധി നേതാക്കളും രാഷ്ട്രീയ, മാധ്യമപ്രവര്‍ത്തകരുമാണ് ഉല്ലേഖിന്റെ പുസ്തകം തേടുന്നത്. 2014-ല്‍ മോദി അധികാരത്തിലെത്തിയ ശേഷം, കണ്ണൂരിനെ ഹിന്ദുക്കളുടെ ശവപ്പറമ്പായി ചിത്രീകരിച്ച് സി.പി.എമ്മിനെതിരെ 'ചുവപ്പുഭീകരത' ആരോപിച്ച് ദേശീയ തലത്തില്‍ പ്രചാരണം നടത്തിയതിന്റെ കൂടി പശ്ചാത്തലത്തിലാണ് താന്‍ ഈ പുസ്തകത്തെക്കുറിച്ച് ആലോചിച്ചതും നിരവധിയാളുകളെ കണ്ടു സംസാരിച്ച് അതെഴുതിയതും. സി.പി.എമ്മിന്റെ അണികളിലും വോട്ടര്‍മാരിലും കൂടുതല്‍ ഹിന്ദുക്കളായിരിക്കുമ്പോള്‍ തന്നെയായിരുന്നു ഈ പ്രചരണം. അതേസമയം, സി.പി.എമ്മിന്റെ ചുരുക്കം ചില നേതാക്കള്‍ക്കൊഴികെ ജനങ്ങളില്‍ ആര്‍.എസ്.എസ് സൃഷ്ടിക്കുന്ന വിഭാഗീയതയുടെ ഭീകരതയെക്കുറിച്ച് ബോധ്യമുണ്ടായിട്ടില്ല എന്ന് ഉല്ലേഖ് നിരീക്ഷിക്കുന്നു. ''എല്ലാ ഹിന്ദുത്വ സംഘടനകളുടേയും മാതാവായ ആര്‍.എസ്.എസ്സിന് സ്വന്തം പ്രചാരണത്തിനായി സംസ്ഥാനത്ത് അക്രമം അഴിച്ചുവിടാനും മടിയില്ല. സി.പി.എമ്മിനേയും ആര്‍.എസ്.എസ്സിനേയും തുല്യമാക്കി താരതമ്യം ചെയ്തു എന്ന ആരോപണം തെറ്റാണ്. അക്രമത്തെ കണ്ണൂരിന്റെ രാഷ്ട്രീയത്തിലെ അവിഭാജ്യഘടകമാക്കിയതിലൂടെ, ആര്‍.എസ്.എസ്സിനെ നേരിടാനും അവരുടെ വ്യാജപ്രചരണങ്ങളെ ചെറുക്കാനും കഴിയുന്ന യുവനേതാക്കളെ സി.പി.എമ്മില്‍നിന്ന് അകറ്റിയ കണ്ണൂരിന്റെ പശ്ചാത്തലത്തില്‍ മാത്രമാണ് സി.പി.എമ്മിനോട് എതിര്‍പ്പ്. ചുവപ്പുഭീകരതയെക്കുറിച്ചുള്ള പ്രചാരണം തുറന്നുകാണിക്കുകയും പ്രതികാര കൊലപാതകങ്ങളെ സാധാരണമായി കാണുന്നത് അവസാനിപ്പിക്കാനുമാണ് ശ്രമം.''

1972 സെപ്റ്റംബര്‍ 23 അര്‍ദ്ധരാത്രിയാണ് എല്‍.ഡി.എഫ് കണ്‍വീനറും സി.പി.എമ്മിന്റെ പ്രമുഖ നേതാവുമായിരുന്ന അഴീക്കോടന്‍ രാഘവനെ തൃശൂരില്‍ വച്ചു കുത്തിക്കൊന്നത്. നക്‌സലൈറ്റുകളിലേക്കും കോണ്‍ഗ്രസ്സിലേക്കും അന്നത്തെ ആഭ്യന്തരമന്ത്രി കെ. കരുണാകരനിലേക്കും വരെ സംശയമുന നീണ്ട കൊലപാതകം. സി. അച്യുതമേനോന്‍ സര്‍ക്കാരിലെ ഉന്നതര്‍ക്കു പങ്കുള്ള അഴിമതിയുടെ തെളിവുകള്‍ അഴീക്കോടന്റെ കയ്യിലുണ്ടായിരുന്നു. അഴീക്കോടനുശേഷം കണ്ണൂര്‍ പയ്യാമ്പലം ശ്മശാനത്തില്‍ കുഴിമാടങ്ങളുടെ എണ്ണം ഞെട്ടിക്കുന്ന വേഗത്തിലാണ് വര്‍ദ്ധിച്ചത്. രാഷ്ട്രീയ കൊലകളായിരുന്നു കാരണം. രക്തസാക്ഷികളുടെ എണ്ണം വര്‍ദ്ധിച്ചു. ആര്‍.എസ്.എസ്സും സി.പി.എമ്മും തമ്മിലുള്ള സംഘട്ടനങ്ങളും കൊലകളും തലശ്ശേരിയേയും പാനൂരിനേയും കുപ്രസിദ്ധമാക്കി. അതിനു മുന്‍പൊരു കാലം, സി.പി.എം-കോണ്‍ഗ്രസ് സംഘര്‍ഷങ്ങളുടേതായിരുന്നു. അടിയന്തരാവസ്ഥക്കാലത്ത് കോണ്‍ഗ്രസ്സുകാര്‍ പൊലീസിനെ ഉപയോഗിച്ച് സി.പി.എമ്മിനെ വേട്ടയാടി. ക്രമേണ സംഘടനാപരമായി സി.പി.എമ്മിനായി മേല്‍ക്കൈ. ദുര്‍ബ്ബലമായ കോണ്‍ഗ്രസ് പിന്‍മാറുകയും ചെയ്തു. എങ്കിലും '90-കളുടെ അവസാനം കോണ്‍ഗ്രസ്സും സി.പി.എമ്മും തമ്മിലുള്ള ബന്ധം വളരെ മോശമായി. 

അഴീക്കോടനു മുന്‍പ് മൊയ്യാരത്ത് ശങ്കരന്റെ മരണമാണ് മലബാറിനെ നടുക്കിയ പ്രധാന രാഷ്ട്രീയ കൊലപാതകം; 1948-ല്‍. സ്വാതന്ത്ര്യസമര സേനാനിയും കോണ്‍ഗ്രസ് നേതാവും എഴുത്തുകാരനുമായിരുന്ന മൊയ്യാരത്ത് ശങ്കരന്‍ പിന്നീട് കമ്യൂണിസ്റ്റുകാരനായി. ഈ മാറ്റത്തില്‍ പ്രകോപിതരായ ചില നേതാക്കളുടെ ഗൂണ്ടകളും പൊലീസും ചേര്‍ന്ന് ലോക്കപ്പിലിട്ട് അദ്ദേഹത്തെ കൊല്ലുകയായിരുന്നു. കോണ്‍ഗ്രസ്സിനുവേണ്ടി പോരാടിയ മൊയ്യാരത്തിനെ അവര്‍ തന്നെ കൊന്നുകളഞ്ഞു എന്നാണ് പിന്നീട് ഇ.എം.എസ് ഇതിനേക്കുറിച്ചു പറഞ്ഞത്. 

മൊയ്യാരത്തിനുശേഷം കമ്യൂണിസ്റ്റു പാര്‍ട്ടി പ്രവര്‍ത്തകര്‍ പി.സി. അനന്തന്‍, പൂക്കോടന്‍ കുഞ്ഞമ്പു, വി. നാരായണന്‍ നമ്പ്യാര്‍ എന്നിവര്‍ കൊല്ലപ്പെട്ടു. 

1972 മുതല്‍ 2018 ഡിസംബര്‍ വരെയുള്ള കണക്കനുസരിച്ച് കണ്ണൂരിലെ രാഷ്ട്രീയ സംഘര്‍ഷങ്ങളില്‍ കൊല്ലപ്പെട്ട 200 പേരില്‍ 78 പേര്‍ സി.പി.എമ്മുകാരും 68 പേര്‍ ആര്‍.എസ്.എസ്-ബി.ജെ.പിക്കാരുമാണ്. സംഘപരിവാര്‍ പ്രചരിപ്പിക്കുന്ന ചുവപ്പുഭീകരതാ വാദം ദുര്‍ബ്ബലമാക്കുന്ന കണക്കുകള്‍. കോണ്‍ഗ്രസ്സുകാര്‍ 36, മുസ്ലിം ലീഗുകാര്‍ എട്ട്, സി.പി.ഐക്കാരും പോപ്പുലര്‍ ഫ്രണ്ടുകാരും രണ്ടു വീതം. കണ്ണൂരിലെ 193 രാഷ്ട്രീയ കൊലക്കേസുകളില്‍ 102 പ്രതികള്‍ സംഘപരിവാറില്‍നിന്നാണ്. സി.പി.എമ്മില്‍നിന്ന് 110 പേര്‍. അതിനുശേഷവും കൊലകളുണ്ട്. 

1969 ഏപ്രില്‍ 28-ന് ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ വാടിക്കല്‍ രാമകൃഷ്ണന്‍ കൊല്ലപ്പെട്ടതിനെത്തുടര്‍ന്നാണ് വൈരം വര്‍ദ്ധിച്ചത് എന്നാണ് അവരുടെ വാദം. വാടിക്കല്‍ രാമകൃഷ്ണന്‍ കൊലക്കേസില്‍ ആര്‍.എസ്.എസ് അനുഭാവി നല്‍കിയ മൊഴിയില്‍ പിണറായിയും പ്രതിയായി. കേസ് കോടതിയില്‍ തള്ളിപ്പോവുകയും ചെയ്തു. വിദ്യാര്‍ത്ഥി നേതാവായിരുന്ന കോടിയേരി ബാലകൃഷ്ണനു മര്‍ദ്ദനമേറ്റതിനെത്തുടര്‍ന്നാണ് വാടിക്കല്‍ രാമകൃഷ്ണന്‍ കൊല്ലപ്പെട്ടത് എന്നാണ് അക്കാലത്തെ പത്രവാര്‍ത്തകള്‍. സംഘട്ടനത്തില്‍ കോടിയേരിയും രാമകൃഷ്ണനും മറ്റൊരാളും ആശുപത്രിയിലുമായി. കല്ലുപണിക്കാര്‍ ഉപയോഗിക്കുന്ന മഴു ഉപയോഗിച്ചുള്ള ആക്രമണം കരുതിക്കൂട്ടിയുള്ളതായിരുന്നില്ല എന്നായിരുന്നു പത്രവാര്‍ത്തകള്‍. 2016 ഒക്ടോബറില്‍ ഒരു സംഘപരിവാര്‍ അനുകൂല ടി.വി ചാനല്‍ സംപ്രേഷണം ചെയ്ത വാര്‍ത്തയില്‍ രാമകൃഷ്ണനെ കൊന്നത് പിണറായി തന്നെയാണന്ന് ഉറപ്പിച്ചു പറഞ്ഞു. രാമകൃഷ്ണന്‍ വധക്കേസിലെ ദൃക്സാക്ഷികളായിരുന്ന ഉമേഷ്, ബാലകൃഷ്ണന്‍ എന്നിവരെ ഉദ്ധരിച്ചായിരുന്നു വാര്‍ത്ത. ഒന്നാമത്തെ സാക്ഷിക്ക് പിണറായി തന്നെയാണ് രാമകൃഷ്ണനെ കൊന്നതെന്ന് ഉറപ്പില്ല; രണ്ടാം സാക്ഷിയുടെ മൊഴിയില്‍ രാമകൃഷ്ണനെ പിക്കാസുകൊണ്ട് ആക്രമിച്ച സംഘത്തില്‍ പിണറായിയേയും കണ്ടത്രേ. എന്നാല്‍ കൗമാരക്കാരനായിരുന്ന അയാള്‍ക്ക് അക്രമികളെ തിരിച്ചറിയാന്‍ കഴിഞ്ഞിരുന്നില്ല. എന്നിട്ടും പിണറായി കൊന്നുവെന്ന് ചാനല്‍ ഉറപ്പിച്ചു. ഇ.എം.എസ് സര്‍ക്കാര്‍ സാക്ഷികളെ സ്വാധീനിച്ച് യുവജന നേതാവായിരുന്ന പിണറായിയെ രക്ഷിച്ചു എന്നും സ്ഥാപിച്ചു.

യുവജന ഫെഡറേഷനില്‍ പിണറായിയുടെ സീനിയറായിരുന്ന ഐ.വി. ശിവരാമനെ എന്‍.പി. ഉല്ലേഖ് ഉദ്ധരിക്കുന്നുണ്ട്. ചുറുചുറുക്കുള്ള പൊട്ടിത്തെറിക്കുന്ന തരത്തില്‍ പ്രതികരണശേഷിയുള്ള യുവാവ് എന്നാണ് പിണറായി വിജയനെക്കുറിച്ചു പറയുന്നത്. പിന്നീട് ദീര്‍ഘകാലം സി.പി.എമ്മിന്റെ മാടായി ഏരിയാ സെക്രട്ടറിയായിരുന്നു ശിവരാമന്‍. പിണറായിക്കൊപ്പം ബ്രണ്ണന്‍ കോളേജില്‍ പഠിച്ച, പിന്നീട് പിണറായിക്കൊപ്പം സി.പി.എം സംസ്ഥാന സമിതി അംഗമായിരുന്ന പാട്യം രാജനും ആ വിജയനെക്കുറിച്ചു പറഞ്ഞിട്ടുണ്ട്. കെ.എസ്.യുവുമായും എ.ബി.വി.പിയുമായും സംഘര്‍ഷം ഉണ്ടാകുമ്പോള്‍ സി.പി.എമ്മിന്റെ വിദ്യാര്‍ത്ഥി സംഘടനാ പ്രവര്‍ത്തകര്‍ക്ക് പരസ്യമായി പ്രതിരോധ മാര്‍ഗ്ഗങ്ങള്‍ ഉപദേശിച്ചു നല്‍കാന്‍ പോലും മടിക്കാത്ത നേതാവ്. 

അതേസമയം, സി.പി.എം-ആര്‍.എസ്.എസ് സംഘര്‍ഷത്തിന്റെ ആദ്യ ഇര വാടിക്കല്‍ രാമകൃഷ്ണനല്ല എന്നും മാവൂര്‍ ഗ്വാളിയോര്‍ റയോണ്‍സിലെ തൊഴിലാളിയായിരുന്ന പി.പി. സുലൈമാന്‍ ആയിരുന്നുവെന്നും കോഴിക്കോട്ടെ പഴയകാല രാഷ്ട്രീയ പ്രവര്‍ത്തകര്‍ പറയുന്നു. 1968 ഏപ്രില്‍ 28-ന് ആര്‍.എസ്.എസ്സുകാരാണ് സുലൈമാനെ കൊന്നത്. കോഴിക്കോട് ജില്ലാ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോയുടെ രേഖകളില്‍ ആ കൊലയുണ്ട്. സി.പി.എം യൂണിയന്‍ നേതാവായിരുന്നു സുലൈമാന്‍. 

ആര്‍.എസ്.എസ് അതിന്റെ കൂര്‍ത്ത പല്ലുകള്‍ പുറത്തുകാണിച്ചു തുടങ്ങിയപ്പോള്‍, കോണ്‍ഗ്രസ്സിനെ വിമര്‍ശിച്ചുകൊണ്ടിരുന്ന സി.പി.എമ്മിന്റെ യുവനേതാവ് എന്ന നിലയില്‍ അത് വിളിച്ചുപറയണമെന്ന് പിണറായി ആഗ്രഹിച്ചു എന്നാണ് അദ്ദേഹത്തിനൊപ്പം വളര്‍ന്ന പല നേതാക്കളും പറയുന്നത്. പക്ഷേ, അതത്ര എളുപ്പമായിരുന്നില്ല. കാരണം ചെറിയൊരു ഭയം അന്നത്തെ തങ്ങളുടെ പാര്‍ട്ടിക്കാര്‍ക്ക് ഉണ്ടായിരുന്നതായി പിണറായിത്തന്നെ ഉല്ലേഖിന്റെ പുസ്തകത്തില്‍ ഉദ്ധരിക്കുന്നു. ആര്‍.എസ്.എസ്സുകാരുടെ ആയോധനവൈഭവത്തെക്കുറിച്ചുള്ള നിറം പിടിപ്പിച്ച കഥകളായിരുന്നു പേടിക്കു കാരണം. 
 
എം.വി.ആര്‍. കാലം 

കണ്ണൂരിലെ സംഘര്‍ഷകാലത്തെക്കുറിച്ചും അതില്‍ സ്വന്തം റോള്‍ എന്തായിരുന്നുവെന്നും എം.വി. രാഘവന്‍ നേരിട്ടുതന്നെ വിശദീകരിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ ആത്മകഥ 'ഒരു ജന്മം' ഒന്നും പരാമര്‍ശിക്കാതിരിക്കുന്നില്ല. ''ഇ.എം.എസ്സിന്റെ നേതൃത്വത്തിലുള്ള സപ്തകക്ഷി മുന്നണി ഭരണത്തിലെ ഭക്ഷ്യക്കമ്മി പ്രശ്‌നത്തില്‍ കെ.എസ്.യുവിനെക്കൊണ്ട് കോണ്‍ഗ്രസ് സമരം അഴിച്ചുവിട്ടിരിക്കുന്ന സമയമായിരുന്നു അത്. ഈ സമരത്തിന്റെ ഭാഗമായി പയ്യന്നൂര്‍ കോളേജിനു സമീപം എ.വി. കുഞ്ഞമ്പുവിനെ തടഞ്ഞ് മരക്കിഴങ്ങ് കാഴ്ചവച്ച് ആക്ഷേപിച്ചു. ഇതിനുശേഷം അവര്‍ വന്നത് ഞങ്ങളുടെ പഠനക്ക്യാമ്പ് നടക്കുന്ന സ്ഥലത്തേക്കാണ്. എന്നാല്‍, ഞങ്ങള്‍ അവരെ അല്പം ബലം പ്രയോഗിച്ചുതന്നെ ഓടിച്ചു'' എന്നു മിതമായ ഭാഷയിലാണ് വിശദീകരണം. സി.പി.എമ്മിനു സന്നദ്ധസേന ഉണ്ടാക്കാന്‍ താന്‍ നടത്തിയ ശ്രമങ്ങളും എം.വി. രാഘവന്‍ പറയുന്നുണ്ട്. പ്രവര്‍ത്തകര്‍ക്ക് അച്ചടക്കസ്വഭാവവും പാര്‍ട്ടിബോധവും പകര്‍ന്നു നല്‍കാനും അടിതടവിലും തോക്ക് കൈകാര്യം ചെയ്യുന്നതിലും പരിശീലനം നല്‍കാനും തീരുമാനിച്ചു എന്നാണ് പറയുന്നത്. പരിശീലനത്തിനു സിലബസ് തയ്യാറാക്കി. മാനന്തവാടിയിലെ കാട്ടിക്കുളം എന്ന സ്ഥലത്ത് ക്യാമ്പ് നടത്താനായിരുന്നു തീരുമാനം. 'സിലബസ്' വിശദീകരിച്ച രാഘവനോട് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി സി.എച്ച്. കണാരന്‍ പറഞ്ഞത് അടിയും വെടിയും ഒച്ചയുമൊന്നും വേണ്ടെന്നും വെറും ലെഫ്റ്റും റൈറ്റും മതിയെന്നുമാണ്. ഏതായാലും കാട്ടിക്കുളത്ത് ക്യാമ്പ് നടന്നു. ഇ.എം.എസ് ഉള്‍പ്പെടെ ക്ലാസ്സെടുക്കാന്‍ എത്തി. പാട്യം ഗോപാലനും എം.വി.ആറും ക്ലാസ്സുകളെടുത്തു. ക്യാമ്പില്‍ പങ്കെടുത്തവരില്‍ പിണറായി വിജയനും നക്‌സല്‍ നേതാവായി പിന്നീടു മാറിയ എ. വര്‍ഗ്ഗീസും ഉള്‍പ്പെടുമെന്ന് രാഘവന്‍ എഴുതുന്നു. പാര്‍ട്ടിയുടെ വളര്‍ച്ച വിരുദ്ധന്മാര്‍ക്ക് സഹിക്കാന്‍ കഴിയുന്നതായിരുന്നില്ലെന്ന് അദ്ദേഹം വിശദീകരിക്കുന്നു: ''പാര്‍ട്ടി പ്രവര്‍ത്തകരെ ആക്രമിക്കാന്‍ പലയിടത്തും ശ്രമമുണ്ടായി. ഒരിക്കല്‍ ചെറുകുന്നില്‍ പാര്‍ട്ടി വോളണ്ടിയര്‍മാരെ ആര്‍.എസ്.എസ് ശാഖയില്‍ പങ്കെടുത്തവര്‍ ആക്രമിച്ചു. അങ്ങോട്ടുമിങ്ങോട്ടും അടിയായി. ഇരുഭാഗത്തും ചില്ലറ പരിക്കുകളുണ്ടായി. അടുത്ത ദിവസം പ്രതിഷേധ പ്രകടനങ്ങള്‍ നടന്നു.'' 

പ്രകടനവും പൊതുയോഗവും കഴിഞ്ഞ് കാറില്‍ മടങ്ങുമ്പോള്‍ ഉണ്ടായ ഒരു സംഭവം അക്കാലത്ത് ആര്‍.എസ്.എസ്സിന്റെ സജീവ സാന്നിധ്യത്തിനും സി.പി.എം അണികളുടെ അവരോടുള്ള വിട്ടുവീഴ്ചയില്ലാത്ത മനോഭാവത്തിനും അതിനു നേതാക്കള്‍ നല്‍കിയിരുന്ന പിന്തുണയ്ക്കും മികച്ച ഉദാഹരണമാണ്. അരയാക്കണ്ടി അച്യുതന്‍, കെ.കെ. നാണു, കെ.സി. നന്ദനന്‍, എ. ബാലകൃഷ്ണന്‍ എന്നിവര്‍ കാറിലുണ്ടായിരുന്നു. പാപ്പിനിശ്ശേരി റെയില്‍വേ ഗേറ്റിനു സമീപം എത്തിയപ്പോള്‍ അവിടെ ബസുകാത്ത് കുറേ ആര്‍.എസ്.എസ്സുകാര്‍ നില്‍ക്കുന്നു. ക്യാമ്പ് കഴിഞ്ഞു മടങ്ങുന്നവരാണ്. പെട്ടെന്നായിരുന്നു അരയാക്കണ്ടിയുടെ അഭിപ്രായം വന്നത്. എം.വി.ആറിന്റെ നാട്ടില്‍ വന്നിട്ട് ആയുധപ്രദര്‍ശനവും നടത്തി ഇവരങ്ങനെ പോകുന്നത് നാണക്കേടാണ്. നാലാളേയും ഒരു തോര്‍ത്തും കിട്ടിയാല്‍ ഇവരെ നേരിട്ടോളാം. ''ഞാന്‍ എതിര്‍പ്പൊന്നും പ്രകടിപ്പിച്ചില്ല. കെ.കെ. നാണു കാറെടുത്തു പോയി ദിവാകരന്‍, തൂത്തി നാരായണന്‍, യൂസഫ് തുടങ്ങിയവരെ കൂട്ടിക്കൊണ്ടു വന്നു. തോര്‍ത്ത് തലയില്‍ക്കെട്ടിയ അരയാക്കണ്ടിയുടെ നേതൃത്വത്തിലുള്ള അഞ്ചു പേര്‍ നിമിഷങ്ങള്‍ക്കകം തന്നെ മുപ്പത്തിയഞ്ചോളം വരുന്ന ആര്‍.എസ്.എസ്സുകാരെ ഓടിച്ചു. അവരുടെ പക്കലുണ്ടായിരുന്ന വടിവാളും മറ്റായുധങ്ങളുമായിട്ടാണ് അരയാക്കണ്ടിയും മറ്റു സഖാക്കളും മടങ്ങിവന്നത്. ആ ആയുധങ്ങള്‍ പാര്‍ട്ടി ഓഫീസില്‍ കൊണ്ടുവന്ന് എനിക്ക് സമ്മാനിച്ചു'' എന്ന് രാഘവന്‍.

ഇങ്ങനെ താന്‍ അറിഞ്ഞും അറിയാതെയുമുള്ള നിരവധി സംഭവങ്ങളുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നുണ്ട്. കണ്ണൂരിലെ പാര്‍ട്ടിയില്‍ ഒരു വിഭാഗത്തിനിടയില്‍ നക്‌സലൈറ്റ് ആശയങ്ങള്‍ ശക്തിപ്പെട്ടതും എം.വി. രാഘവന്റെ നേതൃത്വത്തിലാണ് അമര്‍ച്ച ചെയ്തത്. അതിന്റെ ഭാഗമായി വിശദീകരണം ചോദിക്കാതെയുള്ള പുറത്താക്കല്‍ നടപടികള്‍ പോലുമുണ്ടായി. സംസ്ഥാന സെക്രട്ടറി സി.എച്ച്. കണാരനും ഇ.എം.എസ്സും നല്‍കിയ നിര്‍ദ്ദേശവും അതുതന്നെയായിരുന്നു. കെ.സി. നന്ദനന്‍, എ. ബാലകൃഷ്ണന്‍, അരയാക്കണ്ടി അച്യുതന്‍, കാന്തലോട്ട് കരുണന്‍ എന്നിവരെ അങ്ങനെയാണ് പുറത്താക്കിയത്. കെ.പി.ആര്‍. ഗോപാലനേയും എ.വി. ആര്യനേയും പിന്നീടു പുറത്താക്കി. അതിവിപ്ലവകാരികളായി ഇവര്‍ മാറി എന്നായിരുന്നു വിലയിരുത്തിയതും നടപടിക്കു കാരണമായതും; വയനാട്ടില്‍ കര്‍ഷകരെ സംഘടിപ്പിക്കാന്‍ എം.വി. രാഘന്റെ നിര്‍ദ്ദേശപ്രകാരം പോയ വര്‍ഗ്ഗീസ് ആ ദൗത്യം ഭംഗിയായി നിര്‍വ്വഹിച്ചു. വടക്കന്‍ വയനാട്ടിലെ കര്‍ഷകര്‍ക്കിടയില്‍ സി.പി.എമ്മിന്റെ സ്വാധീനം വര്‍ദ്ധിക്കുകയും വര്‍ഗ്ഗീസ് കര്‍ഷകരുടെ പ്രിയങ്കരനായ നേതാവായി മാറുകയും ചെയ്തു. വര്‍ഗ്ഗീസ് നക്‌സലൈറ്റ് ആശയത്തില്‍ ആകൃഷ്ടനായതറിഞ്ഞ് എത്തിയ എം.വി.ആര്‍. ഏരിയ കമ്മിറ്റി യോഗം വിളിച്ചു. രാഘവന്‍ പഴയ രാഘവനല്ലെന്നും പുത്തന്‍ റിവിഷനിസ്റ്റാണെന്നും ആരോപിച്ച വര്‍ഗ്ഗീസിന്റെ നേതൃത്വത്തില്‍ ഭൂരിപക്ഷം പേരും ഇറങ്ങിപ്പോയി. എങ്കിലും പിന്നീട് രാഘവന്‍ വര്‍ഗ്ഗീസുമായി ദീര്‍ഘനേരം സംസാരിച്ചു. അദ്ദേഹം പാര്‍ട്ടിയില്‍ തുടര്‍ന്നു പ്രവര്‍ത്തിക്കാനും തയ്യാറായി. പക്ഷേ, അത് നീണ്ടുനിന്നില്ല. 

ഏതാനും ദിവസം കഴിഞ്ഞ് കണ്ണൂരിലെത്തിയ വര്‍ഗ്ഗീസ് ആദ്യം കണ്ടത് കാന്തലോട്ട് കരുണനെയാണ്. റിവിഷനിസ്റ്റ് ആകുകയാണോ, വിപ്ലവം വേണ്ടേ തുടങ്ങിയ കരുണന്റെ ചോദ്യങ്ങള്‍ക്കു മുന്‍പില്‍ വര്‍ഗ്ഗീസ് വീണു എന്നാണ് എം.വി.ആറിന്റെ നിരീക്ഷണം. അദ്ദേഹത്തെ കാണാതെതന്നെ വര്‍ഗ്ഗീസ് വയനാട്ടിലേക്കു മടങ്ങുകയും ചെയ്തു. പിന്നീട് വര്‍ഗ്ഗീസ് വയനാട്ടിലെ 'അടിയോരുടെ പെരുമന്‍' ആയി വളര്‍ന്നതും 1970 ഫെബ്രുവരി 18-ന് പൊലീസ് അദ്ദേഹത്തെ കസ്റ്റഡിയിലെടുത്ത് വെടിവെച്ചുകൊന്നതും ചരിത്രം. വര്‍ഗ്ഗീസിന്റെ രക്തസാക്ഷി ദിനം ആചരിക്കുന്നത് സി.പി.ഐ (എം.എല്‍) വിഭാഗങ്ങളാണ്. അദ്ദേഹത്തിന്റെ വീരേതിഹാസം സി.പി.എം പാടി നടക്കുന്നുമില്ല. സ്വാഭാവികം. ''എന്നാല്‍, പഴയകാലത്ത് പുറത്തെ തിളച്ചുമറിഞ്ഞ രാഷ്ട്രീയത്തിനും അപ്പുറത്ത് കാമ്പസില്‍ ഉണ്ടായ കായികമായ ഇടപെടലുകള്‍ ആഹ്ലാദത്തോടെ അയവിറക്കുന്നത് നല്ല രാഷ്ട്രീയമല്ല'' എന്ന വികാരം ശക്തമാണ്. കേരളം നേരിടുന്ന വെല്ലുവിളികള്‍ക്ക് ഈ പോരുമായി ബന്ധവും പരിഹാരവുമില്ല എന്നതാണ് അത്തരം അഭിപ്രായങ്ങളുടെ തുടര്‍ച്ച. 

ഇടതുപക്ഷം ആരോടാണ് പ്രതികാരം കാട്ടിയിട്ടുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ചോദിച്ചത് പുസ്തകപ്രകാശന പ്രസംഗത്തിലാണ്. ഉള്ളടക്കത്തോടു ശക്തമായി വിയോജിച്ചുകൊണ്ടുതന്നെ, തന്റെ രാഷ്ട്രീയ മാര്‍ഗ്ഗദര്‍ശികളില്‍ പ്രധാന സ്ഥാനത്ത് അദ്ദേഹം കാണുന്ന പാട്യം ഗോപാലന്റെ മകന്‍ എഴുതിയതാണ് എന്ന പരിഗണനകൂടി വച്ച് അത് പ്രകാശനം ചെയ്യാന്‍ പിണറായി തയ്യാറായതിലെ ജനാധിപത്യബോധം നിസ്സാരമല്ല. അതുകൊണ്ടുതന്നെയാണ് ആ പ്രസംഗത്തില്‍നിന്ന് വീണ്ടും ഉദ്ധരിക്കുന്നത്. പ്രതികാര രാഷ്ട്രീയം എന്താണെന്ന് ഇന്ത്യയില്‍ നാം പല ഘട്ടങ്ങളില്‍ കണ്ടിട്ടുണ്ട് എന്ന് ചൂണ്ടിക്കാട്ടി, 1984-ല്‍ ഇന്ദിരാഗാന്ധി വധത്തിനു ശേഷമുണ്ടായ സിഖ് കൂട്ടക്കൊലയേയും 1992-ല്‍ ബാബറി മസ്ജിദ് തകര്‍ത്തതിനു പിന്നാലെ രാജ്യത്തിന്റെ പല ഭാഗത്തും വര്‍ഗ്ഗീയ വേട്ടയാടല്‍ നടന്നതും 2002-ലെ ഗുജറാത്ത് വംശഹത്യയും അദ്ദേഹം ഓര്‍മ്മിപ്പിക്കുന്നു. ''ഇതൊക്കെയായിരുന്നു ഇന്ത്യ കണ്ട നിഷ്ഠുരമായ പ്രതികാര രാഷ്ട്രീയം. ഇങ്ങനെ എന്തെങ്കിലും കണ്ണൂരില്‍ ഉണ്ടായോ?'' പിണറായി ചോദിക്കുന്നു. 

ഇപ്പോഴുണ്ടായ അനവസരത്തിലെ കണ്ണൂര്‍ വീരവാദം മുഴക്കലില്‍ രണ്ടു പേര്‍ക്കും തുല്യ ഉത്തരവാദിത്വമുണ്ട് എന്ന് 'ഇടതുപക്ഷവും കണ്ണൂരും' എന്ന പുസ്തകം എഴുതിയ ടി. ശശിധരന്‍ ചൂണ്ടിക്കാണിക്കുന്നു. കോളേജ് അദ്ധ്യാപകനായി വിരമിച്ച അദ്ദേഹവും കണ്ണൂരിലെ രാഷ്ട്രീയത്തിന്റെ സവിശേഷതകളെക്കുറിച്ച് ആഴത്തില്‍ പഠിക്കാനാണ് ശ്രമിച്ചത്'' സുധാകരന്‍ പഴയ വിഷയം കൊണ്ടുവന്നു തുടങ്ങിവച്ചു, പിണറായി പ്രതികരിച്ചു: ''രണ്ടു പേരും പക്വത കാണിക്കേണ്ടിയിരുന്നു. 

പഴയകാല കാമ്പസ് പ്രശ്‌നത്തെ ഇന്നത്തെ കാലത്തേയ്ക്കു വലിച്ചിഴക്കേണ്ട കാര്യമില്ല. കൊവിഡ് പോലെ വലിയ വിഷയങ്ങളുണ്ട് നമുക്ക് വേവലാതിപ്പെടാനും ചര്‍ച്ച ചെയ്യാനും. അതിനിടയിലേക്ക് ഇത്തരം വിഷയം കൊണ്ടുവന്ന് ചര്‍ച്ചയാക്കാതിരിക്കാന്‍ പക്വതയുള്ള നേതൃത്വമാണ് വേണ്ടത്'' -അദ്ദേഹം പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പോണ്‍ വീഡിയോ വിവാദം: പ്രജ്വല്‍ രേവണ്ണക്കെതിരെ പാര്‍ട്ടി നടപടി; സസ്‌പെന്‍ഷന്‍

സിവില്‍ സര്‍വീസ് പ്രിലിമിനറി പരീക്ഷയുമായി 'ക്ലാഷ്'; യുജിസി നെറ്റ് പരീക്ഷ നീട്ടിവെച്ചു

'ഭാഷയൊക്കെ മറന്നു, സോറി'- ഇടവേളയ്ക്ക് ശേഷം മ്യൂണിക്കില്‍ തിരിച്ചെത്തി ആന്‍സലോട്ടി

'ജീവിതം രണ്ട് വഞ്ചികളിലായിരുന്നു, ഒരെണ്ണം മുക്കി യാത്ര എളുപ്പമാക്കി'; നടി അമൃത പാണ്ഡെ മരിച്ച നിലയില്‍

'കുറഞ്ഞ ചെലവില്‍ അമേരിക്കയ്ക്ക് വെളിയില്‍ നിന്ന് ആളുകളെ റിക്രൂട്ട് ചെയ്യും'; പൈത്തണ്‍ ടീം ഒന്നടങ്കം പിരിച്ചുവിട്ട് ഗൂഗിള്‍