കഥ

'സര്‍പ്പപുരാണം'- പ്രദീപ് ഭാസ്‌കര്‍ എഴുതിയ കഥ

പ്രദീപ് ഭാസ്‌കര്‍

86 വയസ്സ് തികഞ്ഞ അന്ന് വൈകുന്നേരം ഏകദേശം നാലര മണിക്ക് രാഘവന്‍ മരിച്ചു പോയതോടെയാണ് അയാളുടെ വീടിന്റെ ഉമ്മറക്കോലായിലെ മൂന്നാള്‍ പിടിച്ചാലും അനങ്ങാത്ത കാഞ്ഞിര മരത്തടിയും അതില്‍ കെട്ടിയ ചങ്ങലയും അനാഥമായത്. 

രാഘവന് 24 വയസ്സുള്ള കാലത്ത് ഒരു വെള്ളിയാഴ്ച സന്ധ്യയ്ക്ക് കോലായില്‍ സ്ഥാനം പിടിച്ചതായിരുന്നു ആ മരത്തടി. അന്ന് ആയില്യമായിരുന്നു. രാവിലെ ഒരു ഏഴു മണി ആയിക്കാണും. പറമ്പിന്റെ മൂലയില്‍ പണ്ടുണ്ടായിരുന്നെന്ന് പറയപ്പെടുന്ന സര്‍പ്പക്കാവിന്റെ സ്ഥാനത്തുള്ള കുളക്കരയിലെ പ്രതിഷ്ഠകളൊന്നുമില്ലാത്ത ചെങ്കല്‍ത്തറയില്‍ ചെറിയ ഒരു വിളക്കു കത്തിച്ചുവെച്ച് അയാളുടെ അമ്മ നാരായണി തിരിച്ചു നടക്കുകയായിരുന്നു. നടപ്പിനിടയില്‍ പടര്‍ന്നുപന്തലിച്ച പാലമരച്ചോട്ടിലിരുന്ന് കളിക്കുന്ന അടുത്ത വീട്ടിലെ മത്തായിയുടെ മകള്‍ ഗ്രേസിയെ കണ്ട് നാരായണി പകച്ചുനിന്നു. ''എടാ രാഘവോ'' എന്നുള്ള അമ്മയുടെ ചിലമ്പിച്ച ശബ്ദത്തിലുള്ള വിളി കേട്ടാണയാള്‍ വീടിനു പുറത്തേയ്ക്ക് ഇറങ്ങിവന്നത്. ഗ്രേസിയുടെ പുറകില്‍ പത്തിവിടര്‍ത്തിയാടുന്ന കുഞ്ഞുമൂര്‍ഖനെ കണ്ട് അയാളുടെ കണ്ണുകള്‍ ചുളിഞ്ഞു. എറക്കാലിയില്‍ തിരുകിവെച്ചിട്ടുണ്ടായിരുന്ന പോത്തിനെ തല്ലുന്ന പാണല്‍വടിയെടുത്ത് അയാള്‍ നിമിഷങ്ങള്‍ കൊണ്ട് തിരിച്ചെത്തി. പൂച്ചക്കാലില്‍ ഒച്ചയനക്കമില്ലാതെ ഗ്രേസിയുടെ പുറകിലെത്തിയ രാഘവന്‍ ഒറ്റയടിക്കുതന്നെ കുഞ്ഞുമൂര്‍ഖനെ കൊന്ന് പാണല്‍വടികൊണ്ടുതന്നെ പാലച്ചോട്ടിലൊരു ചെറിയ കുഴിയുണ്ടാക്കി അതിനെ കുഴിച്ചിട്ട് തിരിച്ചു നടന്നു. ''നോക്കിയൊക്കെ കളിക്ക് കൊച്ചേ''യെന്ന് പതിഞ്ഞ ശബ്ദത്തില്‍ ഗ്രേസിയോട് പറഞ്ഞുകൊണ്ട് നാരായണിയും അയാള്‍ക്കു പുറകേ വീട്ടിലേയ്ക്ക് പോയി.

ഉച്ചയായി. പാടത്ത് വെള്ളം തിരിക്കാന്‍ പോയി തിരിച്ചു നടക്കുന്നതിനിടയില്‍ രാഘവന് തന്റെ ശരീരമാകെ പൊള്ളുന്നതുപോലെ തോന്നുന്നുണ്ടായിരുന്നു. ശരീരത്തിന്റെ ഓരോ അണുവിലും അയാള്‍ക്ക് നീറ്റലെടുക്കുന്നുണ്ടായിരുന്നു. വേച്ചുപോകുന്ന കാലുകളോടെ കുണ്ടനിടവഴിയിലെ ഉരുളന്‍ കല്ലുകള്‍ക്കു മീതെ അയാള്‍ വളരെ വേഗം വീട്ടിലേയ്ക്ക് നടന്നു. നടത്തത്തിനിടയില്‍ വരണ്ടുപോകുന്ന നാവ് കൂര്‍പ്പിച്ചുപിടിച്ച ചുണ്ടുകള്‍ക്കിടയിലൂടെ പുറത്തേയ്ക്ക് നീട്ടിയിളക്കി അയാള്‍ ഒരു പ്രത്യേക താളത്തില്‍ ചൂളംവിളിക്കുന്നുമുണ്ടായിരുന്നു. ഏതോ പ്രേതകഥയിലെ ക്രൂരനായ കഥാപാത്രത്തിന്റേതുപോലെ അയാളുടെ കണ്ണുകള്‍ ചുവന്നു തുടുത്തിരുന്നു.

കുത്തനെയുള്ള എടുപ്പുകല്ലുകളില്‍ ചവിട്ടി നന്നേ ആയാസപ്പെട്ട് രാഘവന്‍ പൊക്കത്തിലുള്ള തിട്ടയിലെ വീടിന്റെ മുറ്റത്തേയ്ക്ക് കയറി. തെക്കേ മൂലയിലെ തെങ്ങിന്‍ചോട്ടില്‍ വെച്ചിട്ടുള്ള സിമന്റ് തൊട്ടിയിലെ വെള്ളമെടുത്ത് കയ്യും കാലും മുഖവും കക്ഷവും കഴുകി തലയില്‍ കെട്ടിയ തോര്‍ത്തഴിച്ചയാള്‍ ഒന്ന് ആഞ്ഞ് കുടഞ്ഞു. പതിവുപോലെ തുറന്നിട്ട അടുക്കളവാതിലിന്റെ പടിയില്‍ ഇരിക്കുന്നതിനിടയില്‍ അയാള്‍ മുഖവും കക്ഷവും നന്നായി അമര്‍ത്തിത്തുടച്ചു. നാരായണി ഒരു കിണ്ണം നിറയെ ചോറും ചട്ടിയില്‍ പകുതിയോളം മത്തിക്കറിയും വലിയൊരു ഓട്ടുമൊന്തയില്‍ നിറയെ വെള്ളവും അയാള്‍ക്കു മുന്നില്‍ കൊണ്ടുവച്ചു. പരവേശം മൂത്തിരുന്ന അയാള്‍ മൊന്തയിലെ വെള്ളം മുഴുവന്‍ ഒറ്റവലിക്ക് കുടിച്ചുതീര്‍ത്ത് തലകുനിച്ചിരുന്നു.

''എന്താടാ ചെക്കാ?''
നാരായണിയുടെ ചോദ്യത്തിനുത്തരമായി അയാളവരെ പകപ്പോടെ നോക്കി.
''കണ്ണൊക്കെ ചൊകചൊകാന്ന്ണ്ടല്ലോ. തന്തേടെപ്പോലെ നീയും പട്ടാപ്പകല്‍ കുടി തൊടങ്ങീല്ലേ?'' നാരായണിക്ക് ദേഷ്യം വന്നു.
''ഈ വയസ്സാങ്കാലത്തും ബാക്കീള്ളോന്റെ ഗതികേട്. കുടിച്ചുകുടിച്ചാണങ്ങേര് നല്ല പ്രായത്തില്‍ ചത്തുപോയത്.'' പിറുപിറുത്തുകൊണ്ട് നാരായണി തിരിച്ചു നടന്നു.

ഒരിക്കലും ദേഷ്യപ്പെടാത്ത രാഘവന് ഒരിക്കലുമില്ലാത്തവിധം ദേഷ്യം ഇരച്ചുകയറി. ''പോ തള്ളേ''യെന്ന് ഉറക്കെപ്പറഞ്ഞുകൊണ്ട് ചാടിയെഴുന്നേറ്റ രാഘവന്‍ ചോറിന്റെ കിണ്ണമെടുത്ത് പുറത്തേയ്ക്കും മീന്‍ചട്ടിയെടുത്ത് അടുക്കളയിലേയ്ക്കും വലിച്ചെറിഞ്ഞ് നാരായണിയെ ക്രൂരമായി നോക്കി.
''ദേ, ചെക്കാ. കള്ളുകുടിച്ചാ വയറ്റീ കെടക്കണം. ഒരു കൊച്ചിന്റെ തന്തയാന്ന്ള്ള വിചാരം പോലൂല്ല.'' നാരായണി ശബ്ദമുയര്‍ത്തി.
രാഘവന്‍ അതൊന്നും കേള്‍ക്കുന്നുണ്ടായിരുന്നില്ല. അയാള്‍ക്ക് തന്റെ ദേഹത്ത് എന്തൊക്കെയോ അരിച്ചുകേറുന്നതുപോലെ തോന്നുന്നുണ്ടായിരുന്നു. അയാള്‍ ആയാസപ്പെട്ട് അവയെ കുടഞ്ഞുകളയാന്‍ ശ്രമിക്കുന്നുമുണ്ടായിരുന്നു. അയാള്‍ക്ക് തല വല്ലാതെ പെരുത്തു കേറുന്നുമുണ്ടായിരുന്നു. സഹികെട്ടയാള്‍ ഉറക്കെ ചൂളംവിളിച്ചുകൊണ്ട് മുറ്റത്തേയ്ക്ക് ഓടിയിറങ്ങി. പുറകെ ചൂളംവിളി കൂക്കിവിളിയും അട്ടഹാസവുമൊക്കെയായി മാറി. ദേഹത്ത് അരിച്ചു കേറുന്നവയെ തട്ടിക്കളഞ്ഞുകൊണ്ട് അയാള്‍ പുരയ്ക്ക് ചുറ്റും പലവട്ടം വലം വച്ചുകൊണ്ടിരുന്നു. ഇടയിലെപ്പോഴോ അയാളുടെ ഉടുമുണ്ട് ഊരിപ്പോയിരുന്നു. അവസാനം തളര്‍ന്നയാള്‍ മെലിഞ്ഞ ശബ്ദത്തില്‍ ചൂളംവിളിച്ചുകൊണ്ടും അണച്ചുകൊണ്ടും ഉമ്മറക്കോലായില്‍ വന്നിരുന്നു.

അപ്പോഴയാളുടെ ലിംഗത്തിലായിരുന്നു എന്തോ അരിച്ചുകൊണ്ടിരുന്നത്. അയാളുടെ ലിംഗത്തിലെ അദൃശ്യനായ ഒരു പാമ്പിന്റെ വഴുവഴുത്ത സാന്നിദ്ധ്യം ഒരേസമയം ഭയവും അസ്വസ്ഥതയും അവാച്യമായ ഒരു സുഖവും അനുഭവിപ്പിക്കുന്നുണ്ടായിരുന്നു. നിമിഷങ്ങള്‍ക്കകം അയാളുടെ ലിംഗം സര്‍പ്പരൂപത്തില്‍ ഉദ്ധരിച്ചു നിന്നു. അയാളതിനെ ഒരു നിമിഷം സാകൂതം നോക്കുകയും അടുത്ത നിമിഷം ഭയപ്പെട്ട് തന്റെ ലിംഗത്തില്‍ ചുറ്റിയിഴയുന്ന പാമ്പിനെ കുടഞ്ഞു കളയാനായി ഉദ്ധരിച്ച ആ മാംസദണ്ഡിനെ മുറുകെ കുടഞ്ഞുകൊണ്ട് വീണ്ടും പുരക്ക് ചുറ്റും ഓടാന്‍ തുടങ്ങി.
''അയ്യോ, ആരേലും ഓടിവരണേ. ഈ ചെക്കന് കള്ളുകുടിച്ച് വട്ടായേ'' എന്നുള്ള നാരായണിയുടെ അലറിക്കരച്ചില്‍ കേട്ടാണ് അയല്‍പക്കത്തെ മത്തായിയും അയാളുടെ അനിയന്‍ വറീതും അങ്ങോട്ടേയ്ക്ക് ഓടിയെത്തിയത്. വന്നപാടെ വറീത് രാഘവനെ പുറകില്‍നിന്നു മുറുകെപ്പിടിച്ച് കൈകള്‍ തോര്‍ത്തുകൊണ്ട് മുറുകെക്കെട്ടി. കയ്യനക്കാന്‍ വയ്യാതെ താഴേയ്ക്ക് വേച്ചുവീണ രാഘവന്റെ കാലുകളും വറീത് കെട്ടിയിട്ടു. രാഘവന്‍ മണ്ണില്‍ക്കിടന്ന് പുളഞ്ഞുകൊണ്ട് നിര്‍ത്താതെ ചൂളംവിളിച്ചുകൊണ്ടിരുന്നു.

''പൊലയാടിമോനേ, പട്ടാപ്പകല് കള്ളുമോന്തി തന്തയില്ലായ്മ കാട്ടുന്നോടാ''യെന്ന് മുരണ്ടുകൊണ്ട് വറീത് രാഘവന്റെ കരണക്കുറ്റി നോക്കി വീശിയടിച്ചു. രാഘവന്‍ അയാളെ ഒന്നു തുറിച്ചുനോക്കി ചൂളംവിളിയുടെ ശക്തി കൂട്ടി. ''ഇതെന്തോ കഞ്ചാവാന്നാ തോന്നണേ''യെന്ന് വറീത് ആത്മഗതം പറഞ്ഞു.

''ഈ ചെക്കന്‍ കള്ളു മോന്തണത് ഞാനിതുവരെ കണ്ടട്ടില്ലല്ലോ. വല്ലപ്പഴും ഒരു കട്ടന്‍, ബീഡി വലിച്ചാലായി. നീയിങ്ങ് മാറ്, എന്ത് പണ്ടാറാന്ന് ഞാനൊന്ന് നോക്കട്ടെ'' ദേഷ്യപ്പെട്ട് നില്‍ക്കുന്ന വറീതിനെ പിടിച്ചുമാറ്റി മത്തായി രാഘവന്റെ മുഖത്തേയ്ക്ക് കുനിഞ്ഞ് അയാളുടെ വായ മണത്തു നോക്കി. 
''ഹേയ്, ഇത് കള്ളൊന്നുമല്ല. കഞ്ചാവുമല്ല. നട്ടുച്ചയ്ക്കുള്ള പാടമല്ലേ, ചെക്കനിത് എന്തോ കണ്ട് പേടിച്ചതാന്നാ തോന്നണേ.'' മത്തായി അയാളുടെ നാട്ടറിവ് പ്രകടമാക്കി.

പേടിയാണെങ്കില്‍പ്പിന്നെ വെള്ളത്തൂവലുകാര്‍ക്ക് ഒറ്റവഴിയേ ഉള്ളൂ. ടൗണിലെ മസ്ജിദിന്റെ പുറകില്‍ താമസിക്കുന്ന കേശവന്‍ കണിയാനാണത്.
കേശവക്കണിയാന്‍ ഉമ്മറക്കോലായില്‍ കൂനിക്കൂടിയിരുന്ന് കളം വരച്ച പലകയില്‍ കവടി നിരത്തുന്നത് നാരായണിയും മത്തായിയുടെ കെട്ട്യോള്‍ മറിയാമ്മയും ആകാംക്ഷയോടെ നോക്കി നിന്നു. കവടിയുടെ കിരുകിരു ശബ്ദത്തെ അസ്വസ്ഥമാക്കിക്കൊണ്ട് ഉയര്‍ന്ന രാഘവന്റെ ചൂളംവിളിയുടെ ഉറവിടത്തിലേയ്ക്ക് വറീത് തന്റെ കഴുത്തിലെ തോര്‍ത്തെടുത്ത് തിരുകി അതിനെ നിശ്ശബ്ദമാക്കി. 

കൊത്തുകൂടിയ കോഴികളുടെ പപ്പുപോലെ ചിതറിനില്‍ക്കുന്ന നരച്ചമുടികളെ മൃദുവായി തഴുകിക്കൊണ്ട് അനന്തതയിലേയ്ക്ക് നോക്കിയിരുന്ന് കേശവക്കണിയാന്‍ കുറച്ചുനേരത്തേയ്ക്ക് ചിന്തയിലാണ്ടു. മത്തായിയും വറീതും പിന്നെ തൊട്ടടുത്തുള്ള മറ്റു ചിലരും ആകാംക്ഷയോടെ കണിയാന്റെ വാക്കുകള്‍ക്കുവേണ്ടി കാത്തുനിന്നു. അവരുടെയിടയില്‍നിന്ന് ഗ്രേസി മാത്രം മണ്ണില്‍ക്കിടന്ന് പുളയുന്ന രാഘവനെ കൗതുകത്തോടെ നോക്കിനിന്നു.

''ഊം, ഇവിടാരോ ഈയടുത്ത് ഒരു സര്‍പ്പക്കുഞ്ഞിനെ കൊന്നട്ട്ണ്ടല്ലോ.'' കേശവക്കണിയാന്‍ പലകയിലേയ്ക്ക് ഉറ്റുനോക്കിക്കൊണ്ട് വെളിപ്പെട്ടു. ''ഒറപ്പാണ്, സര്‍പ്പശാപമാണ്.'' കണ്ണടച്ചിരിക്കുന്ന കണിയാന്റെ ഉറച്ച ശബ്ദം കേട്ട് നാരായണിക്ക് കരച്ചിലടക്കാന്‍ പറ്റിയില്ല. ഏങ്ങലടിക്കുന്ന അവരെ ചേര്‍ത്തുപിടിച്ച് ആശ്വസിപ്പിക്കാന്‍ മറിയാമ്മ ശ്രമിച്ചു. എല്ലാവരും നിശ്ശബ്ദരായി അവരെ നോക്കിനിന്നു.
''ഇങ്ങനെ നിന്നിട്ട് ഒരു കാര്യോല്ലല്ലോ. എന്താ ഒരു പോംവഴി കണിയാനേ?'' തെങ്ങുകേറ്റക്കാരന്‍ മൊയ്തുവാണ് ആ നിശ്ശബ്ദതയെ തകര്‍ത്തത്.
''ഒരു വഴിയുമില്ല.'' കേശവക്കണിയാന്‍ നെടുവീര്‍പ്പോടെ പറഞ്ഞു. ''കുഞ്ഞിനെ കൊന്നാ ആരാ സഹിക്ക്യാ മാപ്ലേ? നിങ്ങള് സഹിക്ക്യോ? ഞാനാണെങ്കിലും സഹിക്കില്ല. അപ്പോപ്പിന്നെ സര്‍പ്പങ്ങള്‍ടെ കാര്യം പറയാനില്ല. അവരുടെ ഓര്‍മ്മ ഏഴു തലമുറകള്‍ വരെ കൈമാറുമെന്നാണ് കേട്ടട്ട്ള്ളത്.'' കേശവക്കണിയാന്‍ വീണ്ടും ചിന്തയിലാണ്ടു. അയാള്‍ വീണ്ടും കവടി നിരത്തി. ''ഇതിങ്ങനെ ഒരു അഞ്ചു മാസമൊക്കെ നീണ്ടുനിക്കും. പിന്നെ മാറും. അടുത്ത കൊല്ലം ഇതേ സമയം വീണ്ടും വരും. ചാവണ വരെ സഹിക്കേ താരോള്ളൂ.''
തലകറങ്ങി ചെരിഞ്ഞ നാരായണിയെ മറിയാമ്മ താങ്ങിപ്പിടിച്ച് അകത്തേയ്ക്ക് കൊണ്ടുപോയി.
''ഒരു കാര്യം മറക്കണ്ട മത്തായീ. കെട്ടീട്ടേക്കണം. സര്‍പ്പത്തിന്റെ സ്വഭാവമായിരിക്കും. അക്രമമുണ്ടാക്കും.'' സഞ്ചിയും തൂക്കി മുറ്റത്തേക്കിറങ്ങുന്നതിനിടയില്‍ കണിയാന്‍ ഓര്‍മ്മിപ്പിച്ചു.

വറീതാണ് ചങ്ങലയും രണ്ട് താഴുകളും വാങ്ങിക്കൊണ്ട് വന്നത്. പാലമരച്ചോട്ടില്‍ കിടക്കുന്ന പണ്ടെങ്ങോ വെട്ടിയ കാഞ്ഞിരത്തിന്റെ കടഭാഗം മത്തായിയും നാലഞ്ചു പേരും ചേര്‍ന്ന് ഉരുട്ടിക്കൊണ്ട് വന്ന് ഉമ്മറത്തേയ്ക്ക് കേറ്റിയിട്ടു. മൊയ്തുവും വറീതും ചേര്‍ന്ന് രാഘവനെ എടുത്ത് അതിനടുത്ത് കിടത്തി. മറ്റുള്ളവര്‍ ചേര്‍ന്ന് പൊക്കിപ്പിടിച്ച മരത്തടിയില്‍ വറീത് ചങ്ങലയുടെ ഒരു വശം താഴിട്ട് പൂട്ടി. മറ്റേ വശം രാഘവന്റെ വലത്തേ കാലില്‍ മുറുക്കി അതും താഴിട്ട് പൂട്ടി കാലില്‍ കെട്ടിയ തോര്‍ത്തഴിക്കുമ്പോള്‍ വറീതിന്റെ കണ്ണുകള്‍ നിറയുന്നുണ്ടായിരുന്നു.
''ശെയ്ത്താനേ'' കയ്യിലെ തോര്‍ത്ത് അഴിക്കുന്നതിനിടയില്‍ തന്റെ കയ്യില്‍ പിടിച്ച് കമ്മിയ രാഘവനെ ചവിട്ടാനായി കാലുയര്‍ത്തിയ മൊയ്തുവിനെ മത്തായി പിടിച്ചുമാറ്റി.

''ഇയാളിതെന്താ മാപ്ലേ കാട്ടണത്? വയ്യാത്ത ചെക്കനാണ്. നമ്മളല്ലേ അവനെ നോക്കേണ്ടത്?'' മത്തായി അയാളെ ഓര്‍മ്മപ്പെടുത്തി.
പ്രസവത്തിനായി വീട്ടിലേയ്ക്ക് പോയിരുന്ന രാഘവന്റെ ഭാര്യ രാധാമണി രണ്ടു മാസം പ്രായമായ കുഞ്ഞിനേയും തോളിലേറ്റി തിരികെയെത്തി. അവളയാളെ കരുണയോടെ പരിചരിച്ചു കൊണ്ടിരുന്നു. സങ്കടത്തോടൊപ്പം കുറ്റബോധം കൂടിയായപ്പോള്‍ ഗ്രേസിയുടെ കുടുംബം അവരുടെ വീടും പറമ്പുമൊക്കെ കുമാരന്‍ വൈദ്യര്‍ക്ക് വിറ്റ് ദൂരെയൊരു ദിക്കിലേയ്ക്ക് താമസം മാറ്റി. മത്തായി മാത്രം മരിക്കും വരെ രാഘവനെ കാണാനായി ഇടയ്ക്ക് വന്നുപോയി. വൈകാതെ രാഘവന്റെ ഭ്രാന്ത് അയാള്‍ക്കും ചുറ്റുമുള്ളവര്‍ക്കും ഒരു പുതുമയുമില്ലാത്തതായി.
വര്‍ഷത്തില്‍ അഞ്ചു മാസം അയാളുടെ വലത്തേ കാല്‍ ചങ്ങലയില്‍ ഞെരിഞ്ഞമര്‍ന്നു. ബാക്കി ഏഴു മാസം അയാള്‍ പാടത്തും പറമ്പിലും എല്ലുമുറിയെ പണിയെടുത്തു. ആറേഴ് വര്‍ഷങ്ങള്‍ കഴിഞ്ഞതോടെ ചങ്ങലയുടെ കടുപ്പിച്ച പിടുത്തത്തില്‍ ഏതോ ഒരു ഞരമ്പ് ചതഞ്ഞ് ചോരയോട്ടം നിലച്ചപ്പോള്‍ രാഘവന്റെ വലത്തേ കാലിന് ഒരു ഞൊണ്ട് വന്നു. പിന്നെയുള്ള കാലം മുഴുവന്‍ അയാള്‍ വലത്തേ കാല്‍ ആയാസപ്പെട്ട് വലിച്ചുവെച്ച് ഞൊണ്ടിയാണ് നടന്നിരുന്നത്.

അങ്ങനെ രാഘവന്‍ മരിച്ചതിന്റെ നാലാം നാള്‍ അറുപത്തിരണ്ട് കൊല്ലമായി ഉമ്മറത്ത് കിടക്കുന്ന കാഞ്ഞിരത്തടി എടുത്തുമാറ്റാന്‍ വേണ്ടി ആളെ അന്വേഷിച്ചിറങ്ങിയതായിരുന്നു അയാളുടെ മകന്‍ സുബ്രഹ്മണ്യന്‍.

''എന്റെ സുപ്രാ, അതവടെ കെടന്നോട്ടെ.'' രാഘവന്റെ കൂട്ടുകാരനായ കുഞ്ഞഹമ്മദ് അയാളെ ഉപദേശിച്ചു. ''നിന്റച്ചന്റെ ഒരു പടം പോലുമില്ലാത്തതാ. അതൊരോര്‍മ്മയായി അവടെ കെടന്നോട്ടെ. നിനക്കതോണ്ട് പ്രത്യേകിച്ച് ശല്ല്യോന്നൂല്ലല്ലോ.'' 
കുഞ്ഞുന്നാളില്‍ കുന്നിന്‍മോളിലെ ദേവീടമ്പലത്തിന്റെ മുന്‍പിലെ ഉയരമുള്ള ഒറ്റമരം ഇടിമിന്നലേറ്റ് കത്തുന്നത് കണ്ട് പേടിച്ചതായിരുന്നു രാഘവന്‍. കാമറയുടെ ഫ്‌ലാഷ് കാണുമ്പോഴെല്ലാം അയാള്‍ക്ക് ആ പേടി ഓര്‍മ്മവന്നിരുന്നതിനാല്‍ അയാള്‍ ഒരിക്കലും ഫോട്ടോ എടുക്കാന്‍ സമ്മതിച്ചിരുന്നില്ല. എന്തിന്, എവിടെയെങ്കിലും കാമറ കണ്ടാല്‍ അയാള്‍ ഉടനെ അവിടെനിന്നും എങ്ങോട്ടെങ്കിലും പോകുമായിരുന്നു. അങ്ങനെ ഒറ്റ ചിത്രംപോലും ഇല്ലാത്ത തന്റെ അച്ഛന്റെ ഓര്‍മ്മയായി കാഞ്ഞിരത്തടി അവിടെത്തന്നെ ഇടാന്‍ സുപ്രന്‍ തീരുമാനിച്ചു.

ഏകദേശം രണ്ടു മാസങ്ങളങ്ങനെ കടന്നുപോയി. ഒരു രാത്രി മുന്‍വശത്തെ വാതിലിന്റെ തുരുമ്പ് പിടിച്ച ഓടാമ്പല്‍ വലിച്ചുതുറക്കുന്നതിന്റെ ശബ്ദം കേട്ടാണ് സുപ്രന്‍ ഞെട്ടിയുണര്‍ന്നത്. വാതില്‍ തുറന്നപ്പോഴുള്ള തുരുമ്പിച്ച വിജാഗിരിയുടെ നേര്‍ത്ത ഞരക്കവും തൊട്ടുപുറകെ വാതില്‍ അടച്ചപ്പോള്‍ അതിനിടയില്‍ കുടുങ്ങിപ്പോയ ഒരു പല്ലിയുടെ അവസാന ശ്വാസംവലിക്കുമ്പോഴുള്ള കീകീ ശബ്ദവും അര്‍ദ്ധരാത്രിയുടെ കനത്ത നിശ്ശബ്ദതയില്‍ അയാള്‍ വ്യക്തമായി കേട്ടു. അയാള്‍ക്ക് പേടി തോന്നുന്നുണ്ടായിരുന്നു. ബോധംകെട്ടുറങ്ങുന്ന ഭാര്യയേയും മകളേയും ഉണര്‍ത്താതെ അയാള്‍ പായയില്‍ നിന്നെഴുന്നേറ്റ് മുറിയുടെ മൂലയില്‍ മങ്ങിക്കത്തുന്ന മൊട്ടവിളക്കെടുത്ത് തിരി നീട്ടി മുറിക്കു പുറത്തേയ്ക്ക് നടന്നു. അടുക്കളയും അതിനടുത്ത മുറിയും പരിശോധിച്ച് അമ്മ കിടക്കുന്ന മുറിയില്‍ എത്തിയപ്പോള്‍ അമ്മ അവിടെയില്ലെന്ന് കണ്ട് അയാള്‍ക്ക് വല്ലാത്തൊരാധി തോന്നി. ഉടനെ, അയാളുടെ ഉയര്‍ന്ന ശ്വാസഗതിയാണോ എന്നുറപ്പില്ല, അപ്രതീക്ഷിതമായ ഒരു കാറ്റ് മൊട്ടവിളക്ക് ഊതിക്കെടുത്തി. അയാള്‍ക്ക് വല്ലാത്ത ഭയം തോന്നി.

വിളക്ക് കത്തിച്ചു പോകാമെന്ന് ആദ്യം കരുതിയെങ്കിലും എന്തോ, ഉടന്‍ തന്നെ അയാള്‍ തീരുമാനം മാറ്റി. ശ്രദ്ധയോടെ ശബ്ദമൊട്ടുമില്ലാതെ ചാരിയിട്ടിരുന്ന മുന്‍വാതില്‍ തുറന്ന് അയാള്‍ ഉമ്മറത്തേയ്ക്ക് കടന്നു. പുറത്ത് ഇരുട്ട് പൂത്തുലഞ്ഞ് നിന്നിരുന്നു. അയാള്‍ക്കു മുന്നില്‍ ലോകം കറുത്തിരുണ്ട് നിന്നു. പക്ഷേ, ഒന്നുരണ്ട് നിമിഷം കഴിഞ്ഞതോടെ നാട്ടുവെളിച്ചത്തിന്റെ കരുണയില്‍ ചുറ്റുമുള്ളതെല്ലാം അയാള്‍ക്ക് മുന്നില്‍ തെളിഞ്ഞുവന്നു.

വെളുത്ത മുണ്ടും വെളുത്ത ബ്ലൗസും ധരിച്ച അമ്മയെ അയാള്‍ക്ക് അപ്പോള്‍ വ്യക്തമായി കാണാമായിരുന്നു. രാധാമണി നിലത്തുനോക്കി ശ്രദ്ധയോടെ നടന്നിരുന്നത് കുളക്കരയിലേയ്ക്കായിരുന്നു. ഇരുട്ടത്ത് തപ്പിത്തടഞ്ഞ് നടക്കുന്ന അവരുടെ പോക്ക് കണ്ട് സുപ്രന് ഉള്ളില്‍നിന്ന് ഒരാന്തലുണ്ടായി. പെട്ടെന്നു വിളിച്ചാല്‍ പേടിച്ചുപോയാലോ എന്നോര്‍ത്ത് അയാള്‍ അമ്മയുടെ പുറകില്‍ അവരറിയാതെ മെല്ലെ നടന്നു. അവരാദ്യം കുളക്കരയിലെത്തി അവിടെയെല്ലാം സൂക്ഷ്മമായി പരിശോധിച്ച് വീടിന്റെ പുറകിലേയ്ക്ക് നടന്നു. ഓരോ അടിയിലും സൂക്ഷ്മതയോടെ നോക്കി അടുക്കളവശത്തെത്തിയ അവര്‍ അടുക്കള വാതിലിന്റെ ചിതല്‍ പിടിച്ചുണ്ടായ വിള്ളലുകളില്‍ വിരലുകള്‍കൊണ്ട് പരതിനോക്കിയതിനുശേഷം മുന്‍വശത്തേയ്ക്ക് നടന്നു. എറക്കാലിയിലും ഉമ്മറത്തുമെല്ലാം അവര്‍ എന്തോ ശ്രദ്ധയോടെ തിരയുന്നുണ്ടായിരുന്നു. പിന്നെ ശബ്ദമുണ്ടാക്കാതെ അകത്തേയ്ക്ക് കടന്ന് വാതിലടക്കാന്‍ തുടങ്ങിയ അവരെ സുപ്രന്‍ മെല്ലെ വിളിച്ചു.
''അമ്മേ'' ശബ്ദം കേട്ടവര്‍ പുറത്തേയ്ക്ക് ശ്രദ്ധിച്ചു നോക്കി.

''നീയോ? ഞെട്ടിപ്പോയല്ലോ മന്‍ഷ്യന്‍. ഇതെന്താ ഈ പാതിരാത്രി നീ ഉമ്മറവാതിലും തൊറന്നിട്ട് പൊറത്തിറങ്ങി നിക്കണേ?''
''തന്തേടെപോലെ ചെക്കനും പ്രാന്തായെന്നാ തോന്നണേ'' എന്നു പിറുപിറുത്തുകൊണ്ട് അകത്തേയ്ക്ക് പോകുന്ന രാധാമണിയെ നോക്കി ഒന്നും പറയാനാകാതെ സുപ്രന്‍ അദ്ഭുതപ്പെട്ട് നിന്നു. എത്രയാലോചിച്ചിട്ടും അയാള്‍ക്ക് അമ്മയുടെ ആ നടപ്പിന്റെ അര്‍ത്ഥം പിടികിട്ടിയില്ല.
അന്ന് രാത്രി അയാള്‍ ഉറങ്ങാതെ കാത്തിരുന്നു. പക്ഷേ, അന്നൊന്നും സംഭവിച്ചില്ല. പിറ്റേന്നും ഒന്നും സംഭവിച്ചില്ല. ''ഏയ്, ഇനി കുഴപ്പമൊന്നും ഉണ്ടാവില്ല. അന്നെന്തോ ഒറക്കപ്പിച്ചായിരുന്നിരിക്കും'' എന്ന് സ്വയം ആശ്വസിപ്പിച്ച് മൂന്നാം ദിവസം രാത്രി അയാള്‍ പകുതി മനസ്സോടെ ഉറങ്ങാന്‍ കിടന്നു. രണ്ടു ദിവസത്തെ ഉറക്കക്ഷീണം ഉള്ളതുകൊണ്ട് അയാള്‍ക്ക് സ്വയം നിയന്ത്രിക്കാന്‍ പറ്റാത്തവിധം ഉറക്കം വന്നു. മയക്കത്തിലേയ്ക്ക് വളരെ വേഗം വഴുതിവീണ അയാളെ ഞെട്ടിയുണര്‍ത്തിക്കൊണ്ട് ഉമ്മറവാതില്‍ ഞെരങ്ങിത്തുറന്നു. ക്ഷീണമുണ്ടെങ്കിലും അയാള്‍ ചാടിയെഴുന്നേറ്റ് മുന്നിലേയ്ക്ക് ചെല്ലുമ്പോഴേയ്ക്കും രാധാമണി കുളക്കരയിലേയ്ക്കുള്ള നടത്തം തുടങ്ങിയിരുന്നു. ഇന്നിത് എന്താണെന്ന് ഉറപ്പിക്കണം എന്നു മനസ്സില്‍ കരുതി അയാള്‍ വളരെ വേഗം അമ്മയുടെ അടുത്തേയ്ക്ക് നടന്നു. 

''അമ്മയെന്താണിവടെ നിക്കണത്?'' കുളക്കരയില്‍ നില്‍ക്കുന്ന രാധാമണിയുടെ തോളില്‍ മെല്ലെ തൊട്ടുകൊണ്ട് അയാള്‍ ആകാംക്ഷയോടെ ചോദിച്ചു. രാധാമണി ഞെട്ടിപ്പോയി. ഞെട്ടലിന്റെ ആന്തലോടെ തിരിഞ്ഞു നോക്കിയ അവര്‍ പൊട്ടിക്കരഞ്ഞു. ''എടാ, വേഗം പോ. അകത്തേക്ക് പോ. പാമ്പുണ്ടിവടെ, പാമ്പ്'' കരച്ചിലിനിടയിലും രാധാമണി അയാളെ ശകാരിച്ചു. സുപ്രന്‍ എന്തു പറയണമെന്നറിയാതെ അവരെ തോളില്‍ ചേര്‍ത്തുപിടിച്ചുകൊണ്ട് വീട്ടിലേയ്ക്ക് നടന്നു.

''അമ്മയെന്തിനാണ് കരഞ്ഞത്?'' മൊന്തയിലെ വെള്ളം അമ്മയ്ക്ക് കൊടുക്കുന്നതിനിടയില്‍ അയാള്‍ ചോദിച്ചു.
''ആ, ആര്‍ക്കറിയാം. എനിക്കെന്തോ ഒരു പേടി തോന്നി.'' അവര്‍ ആലോചനയൊന്നുമില്ലാതെ പറഞ്ഞു.
''എന്നാലും, ഒന്നോര്‍ത്ത് നോക്ക്. എന്തിനാ കൊളക്കരേല് പോയേന്ന്.'' അയാള്‍ അവരെ വീണ്ടും സംസാരിക്കാന്‍ പ്രോത്സാഹിപ്പിച്ചു. ''ചെലപ്പോ വല്ല സ്വപ്നോം കണ്ടട്ട് പറ്റീതാവും. പാമ്പിണ്ടെന്നൊക്കെ പറയണിണ്ടായിരുന്നു.''
''സ്വപ്നോന്നുമല്ലടാ'' കുറച്ചു നേരമങ്ങനെ ആലോചിച്ചിരുന്നതിനു ശേഷം രാധാമണി പറഞ്ഞു.: ''സത്യായിട്ടും ഞാനൊരു പാമ്പുങ്കുഞ്ഞിനെ ഇവടെ കണ്ടതാ.'' അവര്‍ പിന്നെയും കുറച്ചു നേരം നിശ്ശബ്ദയായി. ''എന്നെ കണ്ടതോടെ അത് പൊറത്തേയ്‌ക്കൊരു പാച്ചില്. എവടെയാ പോയി ഒളിക്കുന്നേന്ന് ആര്‍ക്കറിയാം. ഇവടൊരു കൊച്ചുള്ളതാ. പോയി നോക്കാതെ എന്തു ചെയ്യാനാ.'' രാധാമണി ഒരു ദീര്‍ഘനിശ്വാസത്തോടെ തുടര്‍ന്നു. ''നീ ഇന്നുതന്നെ ആ ചൊമരിലും വാതിലിന്റെ അടുത്തൊക്കേള്ള ആ വിള്ളലൊക്കെ ചെളിതേച്ച് അടച്ചേക്കണം. അതിന്റെടേലൊക്കെ കേറീരുന്നാ ആരറിയാനാ.'' അവരുടെ വാക്കുകളിലപ്പോള്‍ ഭയത്തിന്റെ കിതപ്പുകളുണ്ടായിരുന്നു.
''ആ, അത് ഞാന്‍ കാലത്ത് തന്നെ ചെയ്‌തേക്കാം. ഇപ്പോ പോയി അമ്മ കെടന്നൊറങ്ങ്.'' സുപ്രന്‍ അവരെ സമാധാനിപ്പിച്ച് ഉറങ്ങാന്‍ വിട്ടു. അച്ഛനില്‍നിന്നും അമ്മയിലേയ്ക്കുള്ള സര്‍പ്പത്തിന്റെ പകരല്‍ അയാളെ ആകെ ഭയപ്പെടുത്തി. 'ഇനിയാരാണാവോ' 'എങ്ങനെയാണാവോ' എന്നൊക്കെയോര്‍ത്തോര്‍ത്ത് ഉമ്മറത്തിരുന്ന അയാള്‍ക്ക് അന്നും ഉറങ്ങാനായില്ല.

''പൊന്നു സുജാതേ, എന്റെ മുന്നില് വേറൊരു വഴീമില്ല. നിനക്ക് വല്ലതും തോന്നണ്ണ്ടെങ്കില്‍ പറയ്.'' പാടത്തുനിന്നും ഉച്ചയൂണിനെത്തിയ സുപ്രന്‍ ഭാര്യയെ കാര്യങ്ങള്‍ ധരിപ്പിക്കാന്‍ ആവതു ശ്രമിച്ചു. സമപ്രായക്കാരിയായ സുജാതയെ അയാള്‍ പ്രണയിച്ച് വിവാഹം കഴിച്ചതായിരുന്നു. അതുകൊണ്ടുതന്നെ അവളോട് ആലോചിക്കാതെയോ അവള്‍ക്ക് കൂടി സമ്മതമില്ലാതെയോ അയാള്‍ ഒരു കാര്യവും ചെയ്യാറില്ലായിരുന്നു. അന്നു രാത്രി മുതല്‍ താന്‍ അമ്മയുടെ മുറിയിലാണ് ഉറങ്ങുന്നതെന്നു പറഞ്ഞത് അവള്‍ക്കു പൂര്‍ണ്ണമായും ഉള്‍ക്കൊള്ളാന്‍ സാധിച്ചിരുന്നില്ല. ''എത്ര കഷ്ടപ്പെട്ടാണ് അവരെന്നെ വളര്‍ത്ത്യേന്നോ. ഇത്രേം വയസ്സായില്ലേ. മാത്രോമല്ല ദെണ്ണളക്കോം. ഇനി കൂടിപ്പോയാ ഒരു രണ്ടു കൊല്ലം കൂടി കാണ്വായിരിക്കും. അതുവരെ അവരെ നന്നായി നോക്കേണ്ടത് നമ്മടെ കടമയാ. മറക്കണ്ട.'' അത്രനേരം ദയനീയമായി സംസാരിച്ചുകൊണ്ടിരുന്ന അയാള്‍ സ്വരം മാറ്റി അല്പം കടുപ്പിച്ച് പറഞ്ഞതോടെ സുജാത മയപ്പെട്ടു.

അച്ഛന്‍ കിടന്നിരുന്ന ഈട്ടിക്കട്ടിലായിരുന്നു സുപ്രന്റെ വീട്ടില്‍ ആകെയുണ്ടായിരുന്ന കട്ടില്‍. അച്ഛന്‍ മരിച്ചപ്പോള്‍ മുതല്‍ അമ്മയായിരുന്നു അതില്‍ കിടന്നിരുന്നത്. അങ്ങനെ സുപ്രന്‍ അന്നുമുതല്‍ അമ്മയുടെ കൂടെ കട്ടിലില്‍ ഉറങ്ങാന്‍ തുടങ്ങി. ഉറങ്ങുന്നതിന് മുന്‍പ് അയാളവരുടെ വലതുകൈ തന്റെ ഇടതുകയ്യില്‍ തോര്‍ത്തുകൊണ്ട് മുറുകെക്കെട്ടി. പരിചിതമല്ലാത്ത കട്ടിലിലുറക്കവും കയ്യില്‍ക്കെട്ടിയ തോര്‍ത്തിന്റെ മുറുക്കവും അയാളുടെ ഉറക്കത്തെ നേരിയ രീതിയില്‍ അസ്വസ്ഥമാക്കിയെങ്കിലും അമ്മയിറങ്ങിപ്പോവാന്‍ ശ്രമിച്ചാല്‍ താന്‍ ഉടനെ അറിയുമല്ലോ എന്ന സമാധാനത്തോടെ അയാള്‍ ധൈര്യമായി കിടന്നു. ഒപ്പം, കുഞ്ഞുന്നാളിലെ അമ്മയോടൊപ്പമുള്ള കിടത്തത്തിന്റെ സുഖമുള്ള ഓര്‍മ്മകളില്‍ അയാള്‍ക്ക് ആനന്ദം തോന്നുകയും ചെയ്തു. അമ്മയുടെ മണം അയാള്‍ക്ക് ഒരു പ്രത്യേക തരത്തിലുള്ള ശാന്തി പകര്‍ന്നു. അങ്ങനെ സുജാതയും മകള്‍ സുമയും അന്നുമുതല്‍ സുപ്രനെക്കൂടാതെ ഉറങ്ങിത്തുടങ്ങി.

സുമയ്ക്കപ്പോള്‍ നാലു വയസ്സായിരുന്നു. ഏറെക്കാലത്തെ കാത്തിരിപ്പിനുശേഷമുണ്ടായ കുഞ്ഞായതിനാല്‍ സുപ്രനവളെ വല്ലാതെ ലാളിച്ചാണ് വളര്‍ത്തിയിരുന്നത്. തങ്കമ്മയാശാത്തിയുടെ അടുത്ത് മണലെഴുത്തിന് കൊണ്ടാക്കിയെങ്കിലും തിരികെ വീട്ടിലേയ്ക്ക് പോകണമെന്നു പറഞ്ഞ് അവള്‍ എപ്പോഴും കരച്ചിലോടു കരച്ചിലായിരുന്നു. അക്ഷരങ്ങള്‍ എഴുതിപ്പഠിക്കുന്നതിലൊന്നും അവള്‍ക്ക് ഒട്ടും താല്പര്യമുണ്ടായിരുന്നില്ല. അങ്ങനെ സ്ഥിരം കരച്ചിലായതോടെ ഇനിയവളെ അങ്ങോട്ട് വിടേണ്ടെന്ന് സുപ്രന്‍ തീരുമാനിച്ചു. അയാളുടെ തീരുമാനം കേട്ട് ''ഇങ്ങനെ കൊഞ്ചിപിള്ള്യായിട്ട് വളര്‍ത്ത്യാ അവളെ കെട്ടണോന്റെ കഷ്ടപ്പാടാരിക്കും'' എന്ന് സുജാത കലിതുള്ളിയപ്പോള്‍ മകളെ ചേര്‍ത്തുപിടിച്ച് ചിരിച്ചതല്ലാതെ സുപ്രന്‍ മറുത്തൊന്നും പറഞ്ഞില്ല.

സുപ്രന്‍ പാടത്ത് പോയാല്‍ പിന്നെ സുമ പറമ്പിലൊക്കെ കറങ്ങിനടക്കും. ചുറ്റുപാടൊന്നും അവളുടെ പ്രായത്തിലുള്ള കുഞ്ഞുങ്ങള്‍ ഇല്ലായിരുന്നതുകൊണ്ട് അവള്‍ക്ക് കളിക്കാന്‍ കൂട്ടുകാരാരും ഇല്ലായിരുന്നു. മരങ്ങളും കിളികളും പൂക്കളുമൊക്കെയായിരുന്നു അവളുടെ കൂട്ടുകാര്‍. അവരോടവള്‍ തനിക്കറിയാവുന്ന ഭാഷയില്‍ വിശേഷങ്ങള്‍ പറഞ്ഞുകൊണ്ടിരുന്നു. ഇടയ്ക്ക് ആകാശത്തേയ്ക്ക് നോക്കി ഒന്നും മിണ്ടാതെ അനങ്ങാതെ ഇരിക്കുന്നതു കാണാം. ഇടയ്ക്ക് ഏതെങ്കിലുമൊരു മരത്തിനെ കെട്ടിപ്പിടിച്ച് ഏതോ ഭാഷയില്‍ അതിനു പാട്ടുപാടി കൊടുക്കുന്നത് കാണാം. ഇടയ്ക്ക് മരത്തിന്റെ കൊമ്പിലിരിക്കുന്ന കിളികളെ നോക്കിയിരുന്ന് അവരെ കൊഞ്ചിക്കുന്നത് കാണാം. ഇടയ്ക്ക് പൂക്കളെ അരുമയോടെ തൊട്ട് കിന്നാരം പറയുന്നത് കാണാം. ഇതിനൊക്കെയിടയില്‍ മണ്ണുവാരി കളിക്കലായിരുന്നു അവളുടെ പ്രധാന വിനോദം. മണ്ണു കുഴച്ച് ഏതൊക്കെയോ രൂപങ്ങള്‍ ഉണ്ടാക്കുന്നത് അവള്‍ക്ക് വലിയ ഇഷ്ടമായിരുന്നു. എങ്കിലും പലപ്പോഴും രസമുള്ള മറ്റൊരു കളിയായിരുന്നു അവള്‍ കളിച്ചിരുന്നത്; ആദ്യമൊരു കുഴിയുണ്ടാക്കും. പിന്നെ അതിനടുത്ത് മറ്റൊന്നുകൂടി. എന്നിട്ട് രണ്ടാമത്തേത് കുഴിക്കുമ്പോള്‍ കിട്ടുന്ന മണ്ണുകൊണ്ട് ആദ്യത്തെ കുഴി മൂടും. പിന്നെ മൂന്നാമത്തേതുകൊണ്ട് രണ്ടാമത്തെ കുഴി. പിന്നെ നാലാമത്തേതുകൊണ്ട് മൂന്നാമത്തെ കുഴി. അതിങ്ങനെ ക്ഷീണിക്കുന്നതുവരെ തുടരും. അല്ലെങ്കില്‍ സുപ്രന്‍ വരുന്നതുവരെ തുടരും. സുജാതയ്ക്ക് ഇതൊക്കെ കാണുമ്പോള്‍ വലിയ ആധിയായിരുന്നു. ''ഒരു പെങ്കൊച്ചല്ലേ, ഇവള്‍ക്കിത്ര ചെറുപ്പത്തിലേ പ്രാന്ത് പിടിച്ചാ ഇതെങ്ങനെ ജീവിക്കും എന്റെ ദേവീ'' എന്നവള്‍ ഇടയ്ക്കിടെ പിറുപിറുക്കുന്നത് കേള്‍ക്കുമ്പോഴെല്ലാം ''ഏയ്, ഇതതൊന്ന്വല്ല സുജാതേ. അവള് കളിക്കണതാണ്'' എന്ന് സുപ്രന്‍ അവളെ സമാധാനിപ്പിച്ചുകൊണ്ടിരുന്നു. എങ്കിലും അവളായിരിക്കുമോ അടുത്തത് എന്ന് അയാള്‍ക്ക് വലിയ പേടിയുമുണ്ടായിരുന്നു.

അങ്ങനെയൊരു ദിവസം മഴ തോര്‍ന്ന ഇളംവെയില്‍ തെളിഞ്ഞ നേരത്ത് പാലമരച്ചോട്ടിലെ കുഴഞ്ഞുകിടക്കുന്ന മണ്ണില്‍ കളിച്ചുകൊണ്ടിരുന്ന സുമയുടെ അടുത്തേയ്ക്ക് ''കേറിപ്പോ കൊച്ചേ, വല്ല ചൊറീം പിടിക്കും'' എന്നു വഴക്കു പറഞ്ഞുകൊണ്ട് എത്തിയ രാധാമണി കാലുവഴുതി വീണു. കുമാരന്‍ വൈദ്യരുടെ എണ്ണയും കുഴമ്പുമൊന്നും ഏശാതെ, എഴുന്നേല്‍ക്കാന്‍ വയ്യാതെ കിടപ്പിലായതിന്റെ മൂന്നാം നാള്‍ സുപ്രന്‍ അവരെ നഗരത്തിലെ ആശുപത്രിയില്‍ കൊണ്ടുപോയി. ഇടുപ്പെല്ലിനായിരുന്നു ഒടിവ്. ''എണ്‍പത് കഴിഞ്ഞതല്ലേ. ഈ പ്രായത്തിലിനി ഓപ്പറേഷനൊക്കെ വലിയ ബുദ്ധിമുട്ടാണ്. ഇനിയഥവാ ചെയ്താലും ശരിയാവുമെന്ന് ഒട്ടും പ്രതീക്ഷയുമില്ല. വേണമെങ്കില്‍ വേദനക്കൊരു ഗുളിക കുറിച്ചു തരാം'' എന്ന ഡോക്ടറുടെ വാക്കുകള്‍ കേട്ട് സുപ്രന്‍ സങ്കടത്തോടെ അവരെ തിരികെ വീട്ടിലേയ്ക്ക് കൊണ്ടുപോന്നു. ഈട്ടിക്കട്ടിലില്‍ മൂന്നുമാസം അനങ്ങാന്‍ വയ്യാതെ ആ കിടപ്പ് കിടന്ന രാധാമണി ഒരു ദിവസം രാത്രി ആരോരുമറിയാതെ ഉറക്കത്തില്‍ മരിച്ചുപോയി.
അതോടെ ഇനിയാര്, ഇനിയെന്ത് എന്നൊക്കെയോര്‍ത്ത് സുപ്രന് ആധി കൂടുകയും ഉറക്കം കുറയുകയും ചെയ്തു. പല രാത്രികളും അയാള്‍ ഉമ്മറപ്പടിയിലിരുന്ന് നേരം വെളുപ്പിച്ചു.

അങ്ങനെ ഒരു മാസം കഴിഞ്ഞു കാണും. ഒരു ദിവസം വൈകുന്നേരം കളികഴിഞ്ഞ് ചെളിയിലാറാടി വന്ന സുമയെ കുളിപ്പിക്കുന്നതിനിടയിലാണ് സുജാത അവളുടെ വലത്തേ കൈത്തണ്ടയിലെ ചൊറിഞ്ഞു തടിച്ച പാട് കണ്ടത്. കുളിപ്പിച്ചതിനുശേഷം സുജാത കുഞ്ഞിന്റെ കയ്യിലെ പാട് കണ്ടിടത്ത് ചുവന്ന തുളസിയുടെ ഇല ചതച്ച് പിഴിഞ്ഞെടുത്ത നീര് തേച്ചുപിടിപ്പിച്ചു. അതോടെ ചൊറിച്ചില്‍ മാറി. ചൊറിച്ചില്‍ മാറിയെങ്കിലും പിറ്റേന്ന് അവിടം കറുത്ത് തടിച്ചിരുന്നു. അന്നുമവള്‍ തുളസിയില നീര് തേച്ചുപിടിപ്പിച്ചു. പക്ഷേ, രണ്ടു ദിവസം കഴിഞ്ഞതോടെ ആ പാട് വട്ടത്തിലുള്ള ചൊറിയായി മാറി. കുമാരന്‍ വൈദ്യന്‍ കൊടുത്ത മരുന്ന് ദിവസവും തേച്ച് പിടിപ്പിക്കുകയും രക്തശുദ്ധിക്കുള്ള കഷായം കുടിപ്പിക്കുകയും ചെയ്‌തെങ്കിലും അത് കുറഞ്ഞില്ലെന്നു മാത്രമല്ല, സുമയുടെ ശരീരത്തിന്റെ പല ഭാഗങ്ങളിലും മെല്ലെ മെല്ലെ പുതിയ ചൊറിപ്പാടുകള്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങി. വൈകാതെ അതവളുടെ ശരീരം മുഴുവന്‍ ബാധിച്ചു. കടിയും ചൊറിച്ചിലും മൂലം കുഞ്ഞ് രാത്രി മുഴുവന്‍ ഉറങ്ങാതെ ഏങ്ങിക്കരഞ്ഞുകൊണ്ടിരുന്നു. പിന്നെയെപ്പൊഴോ ചൊറിച്ചില്‍ ഇല്ലാതായി. ചൊറി പക്ഷേ, തുടര്‍ന്നു.

പതിയെപ്പതിയെ അവളുടെ തൊലിപ്പുറം മീന്‍ചെതുമ്പല്‍പോലെയായി. അതിന് ചാരനിറമായിരുന്നു. എങ്കിലുമവള്‍ മണ്ണില്‍ കളിക്കുന്നത് നിര്‍ത്താന്‍ കൂട്ടാക്കിയില്ല. ''വെറുത്യല്ല ചൊറി മാറാത്തത് ജന്തൂ'' എന്ന് സുജാത ചീത്തവിളിക്കുമ്പോഴെല്ലാം ''നീ പോടീ, പിള്ളേര് മണ്ണെന്താന്ന് അറിഞ്ഞ് വളരണം. മണ്ണീ കളിച്ചിട്ടൊന്ന്വല്ല കൊച്ചുപിള്ളേര്‍ക്ക് ചൊറി വരണത്. ഇതിപ്പോ മരുന്ന്ണ്ടല്ലോ, കൊറച്ചൂസം കഴിഞ്ഞാ മാറിക്കോളും'' എന്നു പറഞ്ഞ് സുപ്രന്‍ സുമയുടെ കളിയെ പ്രോത്സാഹിപ്പിച്ചിരുന്നു.

അങ്ങനെയൊരു ദിവസം സുപ്രന് പാടത്ത് പണിയൊന്നുമില്ലായിരുന്നു. കാടുപിടിച്ച് കിടക്കുന്ന കുളക്കര വൃത്തിയാക്കാന്‍ അയാള്‍ രാവിലെത്തന്നെ പറമ്പിലിറങ്ങി. കൂടെ സുമയും. അയാള്‍ കാട് വെട്ടുന്നതിനിടയില്‍ അവള്‍ കുളക്കരയില്‍ വലിയ അത്തിമരച്ചോട്ടില്‍ കുഴികളുണ്ടാക്കി കളിച്ചുകൊണ്ടിരുന്നു. ''സൂക്ഷിക്കണേ മോളേ, നെറയെ പാണല്‍ക്കുറ്റിളാ. കാല് മുറിയാതെ നോക്കണം'' എന്ന സുപ്രന്റെ ഉപദേശം തലകുലുക്കി കേട്ടുകൊണ്ട് അവള്‍ കുഴിയുണ്ടാക്കിക്കൊണ്ടിരുന്നു. ''അച്ചാ, ദേ ഒരു പാമ്പ്'' എന്നുള്ള മകളുടെ പറച്ചില്‍ കേട്ടാണയാള്‍ ഞെട്ടി ത് നോക്കിയത്. അരിവാള്‍ താഴേയ്‌ക്കെറിഞ്ഞ് ഓടിക്കിതച്ച് അവളുടെ അടുത്തെത്തിയപ്പോഴാണ് അതൊരു പാമ്പിന്റെ പ്രതിമയായിരുന്നു. പണ്ടവിടെ ഉണ്ടായിരുന്നെന്നു കേട്ടിട്ടുള്ള സര്‍പ്പക്കാവിലെയായിരിക്കും, കുഴിയുടെ വശങ്ങളില്‍ മറ്റൊരു പ്രതിമയുടെ തലഭാഗവും കാണാനുണ്ടായിരുന്നു. അയാള്‍ തൂമ്പയെടുത്ത് കുഴി വലുതാക്കി. ആറു പ്രതിമകളുണ്ടായിരുന്നു മണ്ണിനടിയില്‍. വല്ലാതെ പേടി തോന്നിയ അയാള്‍ മകളെയുമെടുത്ത് വേഗം വീട്ടിലേയ്ക്ക് നടന്നു.

''അതെ, സര്‍പ്പക്കാവിന്റേയാണ്.'' പ്രതിമകള്‍ സൂക്ഷ്മമായി പരിശോധിച്ചുകൊണ്ട് കേശവക്കണിയാന്റെ മകന്‍ ശങ്കരന്‍ കണിയാന്‍ പിറുപിറുത്തു.
''ഇനീപ്പോ ഇത് എന്താ ചെയ്യണേ? വല്ല കൊഴപ്പോമൊണ്ടോ?'' സുപ്രന്‍ വിനീതനായി.
''തറ കെട്ടി പ്രതിഷ്ഠ വെക്കണം. അല്ലാതെന്താ. ഇതിപ്പോ കണ്ടിട്ട് ഉപപ്രതിഷ്ഠകളാ. ഒരു മുഖ്യപ്രതിഷ്ഠ ഉണ്ടാക്കിക്കണം. ബാക്കിയൊക്കെ ഞാന്‍ ചെയ്തു തന്നേക്കാം.'' ഉമ്മറത്തിരുന്ന് വെറ്റിലയില്‍ ചുണ്ണാമ്പ് തേക്കുന്നതിനിടയില്‍ ശങ്കരന്‍ കണിയാന്‍ അലക്ഷ്യമായി പറഞ്ഞു. ''പിന്നെ, പാമ്പുമേക്കാട് പോയി ഒരു സര്‍പ്പബലി നടത്തണം.'' മുറുക്കിച്ചുവന്ന കണിയാന്റെ ചുണ്ടുകളുടെ ചലനത്തെ അച്ഛന്റെ കയ്യില്‍ തൂങ്ങി ചാഞ്ചാടി സുമ കൗതുകത്തോടെ നോക്കിനിന്നു. ''ഈ ചൊറിയൊക്കെ അതിന്റ്യാവും. ഒക്കെ മാറിക്കോളും, ഇത് ചെയ്താല്‍.'' സ്‌നേഹത്തോടെ അവളുടെ തിളങ്ങുന്ന കണ്ണുകളിലേയ്ക്ക് ഒരു നിമിഷം പാളിനോക്കി പുഞ്ചിരിച്ചതിനുശേഷം മുറ്റത്തേയ്ക്ക് നീട്ടിത്തുപ്പിക്കൊണ്ട് കണിയാന്‍ പോകാനായി എഴുന്നേറ്റു.

ഉച്ചയായിരുന്നു. മഴയൊന്നു തോര്‍ന്നിട്ടുണ്ടായിരുന്നു. വെള്ളത്തൂവലിലെ ഏറ്റവും ഉയര്‍ന്ന പ്രദേശമായ ശെല്ല്യാമ്പാറയിലെ ആ കുന്നിന്റെ മുകളിലെ ആളനക്കമില്ലാത്ത ദേവീക്ഷേത്രത്തിലേയ്ക്ക് നോക്കിയപ്പോള്‍ അമ്പലത്തില്‍ പോകുന്നതിലൊന്നും വലിയ വിശ്വാസമില്ലാഞ്ഞിട്ടും സുപ്രന്റെയുള്ളില്‍നിന്നും ചുട്ടുപൊള്ളുന്ന ഒരു ദീര്‍ഘനിശ്വാസമുയര്‍ന്നു. കുന്നിന്റെ പള്ളയില്‍ അരഞ്ഞാണംപോലെ കിടക്കുന്ന ഒറ്റയടിപ്പാതയിലൂടെ കുന്നിന്റെ പടിഞ്ഞാറേ ചെരുവിലേയ്ക്ക് ആയാസപ്പെട്ട് നടക്കുന്നതിനിടയില്‍ സുപ്രന്‍ രാഘവനെ ഓര്‍ത്തു. കുന്നിന്മുകളില്‍നിന്നും എരുമകള്‍ക്കുള്ള പുല്ലുപറിച്ച് വലിയ കെട്ടുകളാക്കി അതില്‍ വലിയ കെട്ട് തലയില്‍ വച്ചും ചെറിയ കെട്ട് ഇടത്തെ കയ്യില്‍ തൂക്കിപിടിച്ചും ഇടത്തെ കക്ഷത്തില്‍ പുല്ല് മാടിപ്പിടിക്കാനുള്ള വടിയും അരിവാളും താഴെപ്പോകാതെ ഞെക്കിപ്പിടിച്ചും ഞൊണ്ടിഞൊണ്ടി കുന്നിറങ്ങുന്ന രാഘവന്റെ മങ്ങിയ രൂപം സുപ്രന്റെ ഓര്‍മ്മയില്‍ തെളിഞ്ഞുവന്നു. ആയാസപ്പെട്ട് നടക്കുന്നതിനിടയില്‍ വലത്തേ കൈകൊണ്ട് എളിയില്‍നിന്നും ബീഡി തപ്പിയെടുത്ത് ചുണ്ടില്‍ വച്ച് ''ടാ സുപ്രാ. നീയീ തീപ്പെട്ടിയൊന്ന് കത്തിച്ചേ'' എന്ന് ബീഡി കടിച്ചുപിടിച്ച ചുണ്ടുകള്‍ക്കിടയിലൂടെ ചതഞ്ഞ ശബ്ദത്തില്‍ രാഘവന്‍ പറയുന്നത് സുപ്രന്റെ ചെവികളില്‍ മുഴങ്ങി. രാഘവന്റെ വലതു കയ്യിലെ എരിയുന്ന ബീഡിയും ചുണ്ടില്‍ നിന്നൂതിവിടുന്ന കനത്ത പുകയും ഓര്‍ത്തപ്പോള്‍ തനിക്ക് ചുറ്റും ബീഡിമണം ഉയരുന്നതായി സുപ്രനു തോന്നി. പോക്കറ്റില്‍നിന്നും ഒരു ബീഡിയെടുത്ത് കത്തിച്ച് ആഞ്ഞുവലിച്ച് അയാള്‍ കരിങ്കല്ല് കൊത്തുന്ന മോഹനന്റെ വീട്ടിലേയ്ക്ക് കുന്നുകയറി.

''മോഹനഞ്ചേട്ടാ, എനിക്കൊരു സര്‍പ്പത്തിന്റെ വല്ല്യ പ്രതിമ വേണം.''
''അതെന്തിനാടാ സുപ്രാ?''
''തറ കെട്ടി പ്രതിഷ്ഠ വച്ചാ എല്ലാ പ്രശ്‌നങ്ങളും തീരുംന്നാ നമ്മടെ ശങ്കരന്‍ കണിയാന്‍ പറയണത്.''
''അതിനെനിക്ക് പ്രതിമയൊണ്ടാക്കാന്‍ അറിഞ്ഞിട്ട് വേണ്ടേ?''
''നിങ്ങള് കരിങ്കല്ല് കൊത്തണ ആളല്ലേ? അപ്പോപ്പിന്നെ അറിയാണ്ടിരിക്ക്യോ?''
''കരിങ്കല്ലൊക്കെ കൊത്തും, അതൊക്കെ ശരിയാണ്. പ്രതിമയൊണ്ടാക്കലൊക്കെ വല്ല്യ പാടാണ്. പണ്ടെങ്ങാണ്ട് കല്ലുകൊത്ത് പടിക്കണ കാലത്ത് അച്ചന്‍ ഏതാണ്ടൊക്കെ പറഞ്ഞു തന്നിട്ട്ണ്ട്. എന്നാലും ഞാനിന്നു വരെ ചെയ്തു നോക്കീട്ടില്ല ആ പണി. ഇവടെപ്പിന്നെ അതിന്റെ ആവശ്യോം ഇല്ലല്ലോ. ഇവടാര്‍ക്കാ പ്രതിമ വേണ്ടത്? എല്ലാവര്‍ക്കും വേണ്ടത് അതിര്‍ത്തിക്കല്ലാണ്. പിന്നെ വല്ല അമ്മി, ആട്ടുകല്ല്, ഒരല് അങ്ങനെ വല്ലോം ആയിരുന്നെങ്കി ഒരു കൈ നോക്കാരുന്നു. അല്ലാണ്ടെ ഈ പ്രതിമാന്നൊക്കെ പറയുമ്പോ, ഏയ്, അത് ശരിയാവില്ല സുപ്രാ. അതിന് ഭയങ്കര കൈത്തഴക്കം വേണം.''
''ഇത്ര പേടിയാണോ നിങ്ങക്ക്?''
''പേടിയൊന്നുമല്ല ചെക്കാ. നന്നായില്ലെങ്കി നാണക്കേടാകും. ഈ വയസ്സാങ്കാലത്ത് ഇനി നാണം കെടാനൊന്നും വയ്യ മോനേ, അതോണ്ടാ. നീ വേറാരേങ്കിലും നോക്ക്.''
സുപ്രന്‍ അയാളെ വിടാന്‍ ഭാവമില്ലായിരുന്നു. അയാളുടെ നിര്‍ബ്ബന്ധം സഹിക്കവയ്യാതെ അവസാനം മോഹനന്‍ ''രാഘവന്റെ ചെക്കനായിപ്പോയില്ലേ. ഒരു കൈ നോക്കാം. നീ രണ്ടുമൂന്ന് ദിവസം കഴിഞ്ഞ് വാ'' എന്ന് ഒത്തുതീര്‍പ്പിലെത്തി.
''അതൊട്ടും ശരിയായില്ല, മനുഷ്യമാര്ടെ മോന്തപോലായിപ്പോയി. ഞാന്‍ ഒന്നൂടി ചെയ്യ്ന്നണ്ട് നീ പോയിട്ട് വാ.'' മൂന്നാം ദിവസം ഉച്ചയ്ക്ക് പാടത്തെ പണികേറിയ പാടേ ഊണുപോലും കഴിക്കാതെ അയാളുടെ അടുത്തേയ്ക്ക് ചെന്ന സുപ്രനെ നാണിച്ച ഒരു ചിരിയോടെ മോഹനന്‍ അറിയിച്ചു.

അടുത്ത വരവിനും ''ഏയ്, ഇതും ശരിയായീല്ല. എനിക്ക് തന്നെ നാണം തോന്നണ്ണ്ട്.'' മോഹനന്‍ അയാളുടെ മുഖത്തുപോലും നോക്കാതെയാണത് പറഞ്ഞത്. ''എന്തായാലും ഒന്നീ പെഴച്ചാ മൂന്നില് ന്നല്ലേ. അതോണ്ട് ഞാന്‍ ഒന്നൂടി നോക്കും. അതും പറ്റീല്ലെങ്കി നീ വേറെ ആളെ നോക്കിക്കോണം.''

പാടത്ത് പിടിപ്പത് പണിയുണ്ടായിരുന്നതുകൊണ്ട് കുറച്ചു ദിവസത്തേയ്ക്ക് സുപ്രന്‍ തിരക്കിലായിരുന്നു. ഒരാഴ്ച കഴിഞ്ഞാണ് മോഹനനെ കാണാനായി സുപ്രന്‍ വീണ്ടും പോയത്. മരുന്നുവച്ചുകെട്ടിയ ഇടത്തേ കൈ മടിയില്‍ വച്ച് എന്തോ ചിന്തയിലാണ്ട് ബീഡി വലിച്ചിരിക്കുകയായിരുന്നു മോഹനന്‍. സുപ്രനെ കണ്ടതോടെ അയാള്‍ക്ക് വല്ലാതെ ദേഷ്യം വന്നു.
''പറ്റില്ല പറ്റില്ലാന്ന് ഞാന്‍ പലവട്ടം പറഞ്ഞതാ. വെര്‍തെ മനുഷ്യനെ പ്രാന്താക്കാതെ പോ ചെക്കാ.''
''ഹാ, അതിന് ഞാനെന്ത് ചെയ്തിട്ടാ ചേട്ടാ? നിങ്ങള് കാര്യം പറ.'' സുപ്രന്‍ കാര്യമറിയാതെ പകച്ചുനിന്നു.
''ഒന്നൂല്ലാ, പാങ്ങില്ലാത്ത പണിയല്ലേ. ഉളികൊണ്ട് കയ്യൊന്ന് മുറിഞ്ഞതാ. നീയിരിക്ക്.'' അയാളുടെ പകപ്പ് കണ്ടപ്പോള്‍ മോഹനന്‍ ഒന്നടങ്ങി. ''പിന്നെ ഞാനൊരു കാര്യം ചോദിക്കട്ടെ? ഈ പ്രതിമ അന്വേഷിച്ച് നടക്കണ നേരത്ത് ആ കാഞ്ഞിരമുട്ടി എടുത്ത് പ്രതിഷ്ഠിച്ചാ പോരെ അവടെ?''
''അതെങ്ങനെ ശരിയാവും? പ്രതിമ വേണം ന്നാണ് കണിയാന്‍ പറഞ്ഞത്'' സുപ്രന് ദേഷ്യം വന്നു.
''ഹാ, നീയിങ്ങനെ ചൂടാവാതെ ചെക്കാ. ഞാന്‍ കാര്യായിട്ട് പറഞ്ഞതാ'' മോഹനന്‍ അടുത്ത ബീഡിക്ക് തീ പിടിപ്പിച്ചു. ''ആ മരം സര്‍പ്പക്കാവില്‍ നിന്നേരുന്നതാന്നാണ് രാഘവന്‍ പറഞ്ഞ് കേട്ടിട്ട്ള്ളത്. നീ കണിയാനോടൊന്ന് ചോദിച്ചു നോക്ക്. എന്നട്ട് തീരുമാനിക്കാം എന്ത് വേണം ന്ന്.''
മടിച്ചുമടിച്ചാണ് സുപ്രന്‍ ശങ്കരന്‍ കണിയാനെ കാണാനായി ചെന്നത്. നടന്ന കാര്യങ്ങളൊക്കെ അയാള്‍ വിശദമായി കണിയാനെ ധരിപ്പിച്ചു. ഒപ്പം മോഹനന്റെ ഉപദേശവും. കണിയാന്‍ ഒന്ന് ഇരുത്തി മൂളി.

''വയസ്സായ ആളുകളല്ലേ. അറിഞ്ഞുകൊണ്ടാവില്ല, അവരുടെ വാക്കുകള്‍ ചെലപ്പോള്‍ ചെല സൂചനകളാവും. നോക്കാം.'' കണിയാന്‍ പലകയില്‍ കവടി നിരത്തി. അയാളുടെ മുഖത്ത് ചിരി പരക്കുന്നത് കണ്ട് സുപ്രന്‍ ആകാംക്ഷയോടെ നിന്നു. ''മതിയെടോ, അതുതന്നെ മതി.'' പലകയിലെ എണ്ണം നോക്കി പൂര്‍ണ്ണമായും തൃപ്തനായ കണിയാന്‍ പുഞ്ചിരിച്ചു. ''തന്റെ അച്ഛന്‍ അനുഭവിച്ച വേദന മുഴുവന്‍ കണ്ട സാധനമാണത്. മാത്രോമല്ല, സര്‍പ്പക്കാവില്‍ ഒണ്ടായിരുന്ന മരമാണതെന്നല്ലേ പറഞ്ഞത്. അതിലായിരുന്നിരിക്കും ചെലപ്പോ സര്‍പ്പം വാണിരുന്നത്. ഒറപ്പായും സര്‍പ്പങ്ങളാവും മോഹനനെക്കൊണ്ട് അങ്ങനെ തോന്നിപ്പിച്ചത്. അപ്പൊപ്പിന്നെ അതുതന്നെ മതി.'' ശങ്കരന്‍ കണിയാന്റെ ആത്മവിശ്വാസം കണ്ടപ്പോഴാണ് സുപ്രന് ശ്വാസം നേരെ വീണത്.

''അടുത്ത വെള്ളിയാഴ്ച ആയില്ല്യാണ്. അന്നു രാത്രി തന്ന്യാവട്ടെ.'' ശങ്കരന്‍ കണിയാന്‍ പറച്ചിലിനിടയില്‍ പ്രതിഷ്ഠയ്ക്ക് വേണ്ട സാധനങ്ങളുടെ കുറിപ്പെഴുതിക്കൊണ്ടിരുന്നു. ''തറയുടെ ഒത്ത നടുക്ക് ആ തടി കുത്തിനിര്‍ത്താന്‍ പറ്റിയ ഒരു ഓട്ടയുണ്ടാക്കണം. എന്നട്ട് തടിയെടുത്ത് വെറുതെ അതിലെറക്കി വച്ചേക്ക്. ഒറപ്പിക്കണ്ട, അത് ഞാന്‍ വന്ന്ട്ടാവാം.''
''ആ, സുപ്രാ. മഴക്കാലമാണ്. കാറ്റുമുണ്ടാകും. ഒരു കൂര കൂടി കെട്ടിക്കോ അതിന്റെ മോളില്‍. മൂന്ന് വശവും അരക്കൊപ്പം മറച്ചേക്ക്. അപ്പോപ്പിന്നെ വെളക്കും കെടില്ല.'' പുറത്തേക്കിറങ്ങിയ സുപ്രനെ ശങ്കരന്‍ കണിയാന്‍ പ്രത്യേകം ഓര്‍മ്മിപ്പിച്ചു.

തറയില്‍ ഓട്ടയുണ്ടാക്കിയതിന്റെ പിറ്റേ ദിവസം രാവിലെ കുമാരന്‍ വൈദ്യരുടെ മകന്‍ രാമനേയും മൊയ്തുവിന്റെ മകന്‍ സെയ്താലിയേയും സഹായത്തിനു വിളിച്ചു. അവര്‍ മൂന്നുപേരും ചേര്‍ന്നു കാഞ്ഞിരത്തടിയുമെടുത്ത് കുളക്കരയിലെ കൂരയിലേയ്ക്ക് കടന്നതേ രാഘവന്റെ കാലിനെ ഞെരിച്ചിരുന്ന ചങ്ങലയുടെ തുമ്പ് തടിയില്‍ നിന്നൂര്‍ന്ന് താഴേയ്ക്ക് വീണതിന്റെ 'ഛ്ലും' ശബ്ദം കേട്ട് ഒരു ചേരപ്പാമ്പ് വാണം വിട്ടപോലെ പുറത്തേയ്ക്ക് പാഞ്ഞുപോയി. ''എന്തൊരു ഞെട്ടലാണ്‍ടാ? പണ്ടാറത്തടി ഇപ്പൊ കാലില് വീണേനെ.'' ഞെട്ടിത്തെറിച്ച സുപ്രനെ നോക്കി സെയ്താലി മുരണ്ടു. സുപ്രന്‍ ഒന്നും പറഞ്ഞില്ല, അയാള്‍ സെയ്താലിയെ നോക്കി ദയനീയമായി ചിരിച്ചു. അദ്ഭുതമതൊന്നുമല്ല, കാഞ്ഞിരത്തടി തറയിലെ ഓട്ടയില്‍ ഇറക്കിവച്ചതിന്റെ പിറ്റേന്ന് മുതല്‍ കുമാരന്‍ വൈദ്യന്റെ മരുന്നിനു ഫലം കണ്ടുതുടങ്ങി. അന്നു രാവിലെ സുമയെ കുളിപ്പിച്ച് തോര്‍ത്തുമ്പോള്‍ സുജാത ഒരു നിമിഷം പേടിച്ചുപോയി. തോര്‍ത്തില്‍ നിറയെ അവളുടെ ദേഹത്തെ ചെതുമ്പലുകളായിരുന്നു. ചെതുമ്പലുകള്‍ പൊഴിഞ്ഞ് അവളുടെ തൊലിക്ക് നേര്‍ത്തൊരു ചുവപ്പുരാശി വീണിരുന്നു. ഭയന്ന് കരഞ്ഞുകൊണ്ട് കുഞ്ഞിനെയുമെടുത്ത് കുമാരന്‍ വൈദ്യന്റെയടുത്ത് ഓടിക്കിതച്ചെത്തിയ സുജാതയെ രോഗം മാറുന്നതാണെന്നും ഇനി വേറൊരു മരുന്നിലേയ്ക്ക് മാറാമെന്നും പറഞ്ഞ് വൈദ്യര്‍ പുതിയ മരുന്നുകള്‍ കൊടുത്ത് സമാധാനിപ്പിച്ച് തിരിച്ചയച്ചു. 

വെള്ളിയാഴ്ച സന്ധ്യയായി. മഴ ചാറുന്നുണ്ടായിരുന്നു. വീശിയടിക്കുന്ന കാറ്റില്‍ മരങ്ങള്‍ ചൂളംവിളിച്ചു. രണ്ടു ദിവസമായി നിര്‍ത്താതെ പെയ്യുന്ന മഴയില്‍ ഭൂമിയാകെ തണുത്ത് വിറച്ച് കിടന്നു. ഉമ്മറത്തെ മൊട്ടവിളക്കിന്റെ വെളിച്ചത്തില്‍ സുപ്രനും സുജാതയും പരസ്പരം മിണ്ടാതെ എന്തൊക്കെയോ ഓര്‍ത്തിരുന്നു. മിന്നലില്‍ തെളിഞ്ഞുകാണുന്ന മരങ്ങളുടെ നൃത്തം ചെയ്യുന്ന കൊമ്പുകളിലേയ്ക്ക് നോക്കി സുമ അവര്‍ക്ക് തിരിയാത്ത ഏതോ ഭാഷയില്‍ എന്തോ ഒരു പാട്ട് നിര്‍ത്താതെ മൂളുന്നുണ്ടായിരുന്നു.

''ഇത്തിരി വെള്ളമിങ്ങെടുത്തോ കൊച്ചേ. വായ കഴുകാനാ.'' മിന്നലിന്റെ കണ്ണഞ്ചിപ്പിക്കുന്ന വെട്ടത്തില്‍ കുത്തനെയുള്ള ഒതുക്കുകള്‍ കയറി സുപ്രന്റെ മുറ്റത്തെത്തിയ ശങ്കരന്‍ കണിയാന്‍ സുജാതയോട് പറഞ്ഞു. മുറുക്കിയൊലിപ്പിച്ച വായ കഴുകി അയാള്‍ ബാക്കിയുള്ള വെള്ളം കൊണ്ട് തലയിലും മുഖത്തും കാലിലും തളിച്ചു. ''എന്നാപ്പിന്നെ തൊടങ്ങാം.''
ചാറ്റല്‍ മഴയുണ്ടായിരുന്നു. തലയില്‍ പൂജയ്ക്ക് വേണ്ട സാധനങ്ങളുടെ കുട്ട ചുമന്നുകൊണ്ട് കത്തിച്ച ചൂട്ട് വീശി സുപ്രന്‍ മുന്നില്‍ നടന്നു. പുറകില്‍ കാവടിപ്പലകയുടെ സഞ്ചിയുമായി ശങ്കരന്‍ കണിയാന്‍. അതിനും പുറകില്‍ സുമയേയും ഒക്കത്തെടുത്ത് സുജാത. അവര്‍ കുളക്കരയിലെ ചെറിയ കുടിലില്‍ തണുത്ത് വിറച്ച് നിന്നു.

''ആദ്യം ആ പന്തമങ്ങ് കത്തിച്ചു കുത്ത്.'' ശങ്കരന്‍ കണിയാന്റെ നിര്‍ദ്ദേശം കിട്ടിയതോടെ സുപ്രന്‍ കുട്ടയില്‍നിന്നു രണ്ടു പന്തങ്ങളെടുത്ത് കത്തിച്ച് തറയുടെ രണ്ടു വശങ്ങളിലെ നനഞ്ഞ മണ്ണില്‍ കുത്തിനിര്‍ത്തി. ഊക്കിലടിക്കുന്ന കാറ്റില്‍ പന്തങ്ങള്‍ ഉലഞ്ഞാടി മെല്ലെ കത്തിക്കൊണ്ടിരുന്നു. പന്തങ്ങള്‍ മുഴുവനായി കത്തിയതോടെ ഇരുട്ടില്‍ നക്ഷത്രംപോലെ ആ കുടില്‍ തിളങ്ങിനിന്നു.

തോളിലെ തോര്‍ത്തെടുത്ത് അരയില്‍ മുറുക്കിക്കെട്ടി ശങ്കരന്‍ കണിയാന്‍ കുട്ടയിലെ സാധനങ്ങള്‍ ഓരോന്നായി നിരത്തിവച്ചു. കീറത്തുണികൊണ്ട് മൂന്നു നിലവിളക്കുകളും തുടച്ച് അവയില്‍ അഞ്ച് തിരി വീതമിട്ട് എണ്ണയൊഴിച്ച് തയ്യാറാക്കിവച്ചു. വാഴയിലക്കീറുകളില്‍ മഞ്ഞളും കുങ്കുമവും അരിപ്പൊടിയും പൂക്കളുമൊക്കെ നിരത്തി അവയില്‍ കൈക്കുമ്പിളില്‍ വെള്ളമെടുത്ത് തളിച്ച് അയാള്‍ തറയിലും ഒരു കുടുന്ന വെള്ളം തളിച്ച് അല്പനേരം കണ്ണടച്ച് കൈകൂപ്പി നിന്നു.
''സുപ്രാ, ആ കൊട്ടേല് കൊറച്ച് കട്ടേം കല്ലുമിങ്ങ് എടുത്തോ.'' തറയിലെ തുളയില്‍ കുത്തി നിര്‍ത്തിയ കാഞ്ഞിരത്തടി ഇളക്കിനോക്കി കണിയാന്‍ പറഞ്ഞു.

കട്ടയും കല്ലും തടിയുടെ വശങ്ങളില്‍ കുത്തിയിറക്കി അത് ഇളകാത്തവിധത്തില്‍ ഉറപ്പിച്ചതിനു ശേഷം അതിന്റെ ഇരുവശങ്ങളില്‍ കുളക്കരയില്‍നിന്നു കിട്ടിയ ഏഴ് സര്‍പ്പപ്രതിമകള്‍ നിരത്തി വെച്ച് അയാള്‍ അതിനു മുന്നില്‍ നിലവിളക്കുകള്‍ കത്തിച്ചുവെച്ചു. എന്തൊക്കെയോ പിറുപിറുത്തുകൊണ്ട് കണിയാന്‍ പൊടികളും പൂക്കളും പ്രതിമകളുടെ മുകളിലേയ്ക്ക് എറിഞ്ഞുകൊണ്ടിരുന്നു. അവസാനം അയാള്‍ ചെറിയൊരു നിലവിളക്കെടുത്ത് കാഞ്ഞിരത്തടിയുടെ മുന്നില്‍ വച്ച് അത് മൂന്നു തിരിയിട്ട് കത്തിച്ച് കമിഴ്ന്നുവീണ് നമസ്‌കരിച്ചു. ''ഈ ചെറിയ വെളക്ക് ഇവിട്ന്ന് മാറ്റണ്ട. എന്നും കത്തിക്കുകേം വേണം. ബാക്കി വെളക്കുകളൊക്കെ വാങ്ങിച്ചേടത്തേയ്ക്ക് തിരിച്ചു കൊടുത്തേക്ക്.''
''ഇനിയൊന്ന് നെരത്തി നോക്കാം.'' ഒരു ദീര്‍ഘനിശ്വാസത്തിന്റെ അകമ്പടിയോടെ അയാള്‍ തറയില്‍ പടിഞ്ഞിരുന്നു ചെയ്തതിന്റെ ഫലമറിയാനായി പലകയില്‍ കവടിനിരത്തി. സുപ്രന്‍ അയാളുടെ കണക്കു കൂട്ടലുകള്‍ നോക്കി ശ്വാസമടക്കിപ്പിടിച്ച് നിന്നു. തോളില്‍ കിടന്ന് ഉറങ്ങിപ്പോയ സുമയുടെ പുറത്ത് മെല്ലെ താളമിട്ടുകൊണ്ട് സുജാത എല്ലാത്തിനും സാക്ഷിയായി. ''കൊള്ളാം. എല്ലാം ഭംഗിയായിട്ട്ണ്ട്. സര്‍പ്പങ്ങള്‍ക്ക് ശരിക്കും ബോധിച്ചിട്ട്ണ്ട്.'' പലകയില്‍നിന്നും കണ്ണെടുക്കാതെ കണിയാന്‍ പറഞ്ഞു. ''പിന്നേ, ഈ ഓലപ്പെര ഇങ്ങനെ തന്നെ നിന്നോട്ടെ. അവര്‍ക്കും ഇതിഷ്ടായീന്നാ തോന്നണേ.''

മഴയപ്പോള്‍ നിലച്ചിരുന്നു. കാറ്റും. മഞ്ഞളും കുങ്കുമവും പൂക്കളും ചിതറിക്കിടക്കുന്ന തറയില്‍ അസാധാരണമായ നിറക്കൂട്ടില്‍ കുളിച്ചുനില്‍ക്കുന്ന ഏഴ് പ്രതിമകളുടെ നടുവില്‍ കാഞ്ഞിരത്തടി തലയുയര്‍ത്തി നിന്നു. നിരത്തിവെച്ച നിലവിളക്കുകളിലെ ഇളകാത്ത ചുവപ്പുകലര്‍ന്ന പ്രകാശത്തില്‍ തുരുമ്പിച്ച ചങ്ങല വലിയൊരു സര്‍പ്പത്തെപ്പോലെ കാഞ്ഞിരത്തടിയില്‍ പിണഞ്ഞു കിടന്നിരുന്നു. സുപ്രനതിനെ തൊഴുതുനിന്നു. ചങ്ങലയില്‍ ഞെരിഞ്ഞ് ചോര ചത്ത് ഞൊണ്ടിപ്പോയ രാഘവന്റെ കാലിനെയോര്‍ത്ത് അയാളുടെ രണ്ടു കണ്ണുകളും നിറഞ്ഞൊഴുകി. അയാളുടെ മനസ്സപ്പോള്‍ രാഘവന്റെ ഞൊണ്ടന്‍ കാലിനെ ഉമ്മവച്ചു.

''നല്ല കഥ. നീ നല്ല കഥയെഴുത്തുകാരനാണ്.'' നോട്ടുബുക്ക് മടക്കി ആദര്‍ശിനെ തിരികെയേല്പിച്ചുകൊണ്ട് അയാളുടെ പി.എച്ച്ഡി. ഗൈഡായ ഡോ. സുദര്‍ശന്‍ പുഞ്ചിരിച്ചു. ''പക്ഷേ, കഥയല്ല ചരിത്രം. പി.എച്ച്ഡി. തീസിസും കഥയാവരുത്.'' കണ്ണടയൂരി ശ്രദ്ധയോടെ തുടച്ചുകൊണ്ട് സുദര്‍ശന്‍ അയാളുടെ കസേരയിലേയ്ക്ക് ചാഞ്ഞിരുന്നു.
''പക്ഷേ, സര്‍, ഇത് അവര്‍ തന്നെ പറഞ്ഞ അവരുടെ ജീവിതമാണ്.'' സുദര്‍ശന്റെ കളിയാക്കലിനെത്തുടര്‍ന്ന്  ആദര്‍ശ് വല്ലാതെ അസ്വസ്ഥനായിരുന്നു.

മുറിയാകെ മുഴങ്ങുന്ന ഉച്ചത്തില്‍ പൊട്ടിച്ചിരിച്ചുകൊണ്ട് സുദര്‍ശന്‍ കസേരയില്‍ നിന്നെഴുന്നേറ്റു. ''നോക്കൂ ആദര്‍ശ്. പ്രകൃതിയുമായി ഇണങ്ങി ജീവിക്കുന്ന എല്ലാ സമൂഹങ്ങളും അങ്ങനെയാണ്. സന്തോഷവും സങ്കടവും പട്ടിണിയും രോഗാവസ്ഥകളും മരണവുമെല്ലാം അവര്‍ മിത്തുകളും കഥകളുമാക്കി മാറ്റും. നീ ആ കഥകളില്‍പ്പെട്ട് വഴിതെറ്റിപ്പോയിക്കൊണ്ടിരിക്കുകയാണ്.'' അയാള്‍ ഒരു സിഗററ്റിനു തീ കൊളുത്തി രണ്ടു മൂന്ന് പുക ആഞ്ഞുവലിച്ചു. ''കഥകള്‍ നമ്മളിപ്പോള്‍ ഇരിക്കുന്ന ഈ മുറിപോലെയാണ്. അകത്തേയ്ക്ക് കടക്കാനുള്ള വാതില്‍ മാത്രമായിരിക്കും അതിനുണ്ടാവുക. അതുതന്നെയായിരിക്കും പുറത്തേയ്ക്കുള്ള വാതിലും. അതില്‍നിന്നും പുറത്തേയ്ക്കല്ലാതെ മറ്റെങ്ങോട്ടും വഴികളുണ്ടാവില്ല. അപ്പോള്‍ നാം എന്തുചെയ്യണം...'' സിഗരറ്റ് ആഷ്ട്രേയില്‍ ഉരുണ്ടുവീഴാത്ത വിധം വച്ച് അയാള്‍ കസേരയ്ക്ക് പുറകിലെ അടച്ചിട്ട ജനലിനടുത്തേയ്ക്ക് നടന്ന് അതിന്റെ കനത്ത പാളികള്‍ മലര്‍ക്കെ തുറന്നിട്ടു. വലിയ ഞരക്കത്തോടെ തുറന്ന ആ പഴകിയ ജനല്‍പ്പാളികളിലൂടെ വെളിച്ചം മുറിയിലേയ്ക്ക് കുതിച്ചുചാടി. ഒപ്പം അല്പനേരം മുന്‍പ് ശമിച്ച മഴയുടെ ഓര്‍മ്മകളേയും കൊണ്ട് തണുത്ത കാറ്റ് മുറിയെ കുളിര്‍പ്പിച്ചു. ''നോക്കൂ, ജനലിനു പുറത്ത് എന്തെല്ലാം കാഴ്ചകളാണ്. പക്ഷേ, നാമത് തുറക്കണം. തുറക്കാത്ത അവസ്ഥയില്‍ സുന്ദരമായ ഈ കാഴ്ചകള്‍ നമുക്ക് അപ്രാപ്യമാണ്.'' തുരുമ്പിച്ച തടിയന്‍ ജനാലക്കമ്പികളില്‍ പിടിച്ച് പുറത്തെ വെള്ളം കെട്ടിക്കിടക്കുന്ന വിശാലമായ മൈതാനത്തിന്റെ അറ്റത്തുള്ള ഔഷധസസ്യങ്ങളുടെ തോട്ടത്തിലേയ്ക്ക് അല്പനേരം നോക്കിനിന്നുകൊണ്ട് ഡോ. സുദര്‍ശന്‍ തുടര്‍ന്നു. ''കഥകളും അങ്ങനെയാണ്. കാലങ്ങളായി ആരോരും തുറക്കാത്ത അതിന്റെ ജനല്‍ തള്ളിത്തുറന്നാല്‍ ചരിത്രത്തിലേയ്ക്കും യാഥാര്‍ത്ഥ്യത്തിലേയ്ക്കുമുള്ള വെളിച്ചത്തിന്റെ നേര്‍ത്തൊരു ചാല്‍ കണ്ടേക്കാം. ചെറുതെങ്കിലും, നമുക്കു വേണ്ടത് അതാണ്.'' സുദര്‍ശന്‍ കസേരയിലേയ്ക്ക് ഇരുന്ന് ആഷ്ട്രേയിലെ എരിഞ്ഞുതീരാറായ സിഗററ്റ് കുത്തിക്കെടുത്തി മറ്റൊന്നിനു തീകൊടുത്തു. 

''ഉദാഹരണത്തിന്, രാഘവന്‍ മുതല്‍ സുമ വരെയുള്ള ഈ കഥ ഞാന്‍ മറ്റൊരു തരത്തിലാണ് വായിച്ചെടുത്തത്. ഹൈറേഞ്ചില്‍ പൊതുവേ കാവുകള്‍ കണ്ടിട്ടില്ല. അവരുടെ ജീവിതപരിസരത്ത് വലിയൊരു കാവുണ്ടായിരുന്നു എന്നത് അദ്ഭുതമാണ്. അതിലൂടെ ശ്രദ്ധയോടെ സഞ്ചരിച്ചാല്‍ വടക്കുനിന്ന് കാലങ്ങള്‍ക്ക് മുന്‍പ് അവിടേക്ക് കുടിയേറിയ ഏതോ ഒരു കുടുംബത്തിന്റെ ചരിത്രത്തിലേയ്ക്ക് പ്രവേശിക്കാനാകും നമുക്ക്. ചരിത്രം അങ്ങനെയാണ്. ശ്രദ്ധയുള്ളൊരാള്‍ക്ക് ഒന്നില്‍നിന്നു മറ്റൊന്നിലേയ്ക്കുള്ള അത്ര എളുപ്പമൊന്നുമല്ലാത്ത ഒരു ഇടവഴി കണ്ടെത്താനാകും. നിന്റെ തീസിസിന് അത് ആവശ്യമില്ല എന്നതു ശരിയാണ്. പക്ഷേ, മറ്റാര്‍ക്കെങ്കിലും അത് ഉപകാരപ്പെട്ടേക്കാം. ഇനിയിപ്പോള്‍ ഉപകാരപ്പെട്ടില്ലെങ്കില്‍പ്പോലും, കഥകളിലേയ്ക്ക് ലയിച്ച് എന്നെന്നേയ്ക്കുമായി നശിച്ചുപോകാതെ ചരിത്രത്തെ കാത്തുസൂക്ഷിക്കേണ്ടത് നമ്മുടെയൊക്കെ കടമയാണ്. എന്തായാലും, യുക്തിഭദ്രമായ ചരിത്രബോധമുള്ള ഒരാള്‍ക്ക് മാത്രമേ ഇങ്ങനെയൊരു കൗതുകയാത്രയ്ക്ക് ശേഷി ഉണ്ടാകുകയുള്ളൂ.'' ഏറെ നേരം നിര്‍ത്താതെ സംസാരിച്ചതിന്റെ ക്ഷീണത്തില്‍ അയാള്‍ കസേരയിലേയ്ക്ക് ചാഞ്ഞ് കുറച്ചിട കണ്ണടച്ചിരുന്നു. ''ഗോരോചനം എന്ന് നീ കേട്ടിട്ടുണ്ടോ?''
''അതൊരു മരുന്നല്ലേ? ഞാന്‍ കേട്ടിട്ടുണ്ട്.'' നോട്ടുബുക്കിലെ താനെഴുതിയ കഥ വെറുതെ വായിച്ചു കൊണ്ടിരുന്ന ആദര്‍ശ് അലസമായി ഉത്തരം പറഞ്ഞു.
''അതെ, ആയുര്‍വ്വേദ ചികിത്സയിലെ വളരെ വിശേഷപ്പെട്ട ഒരു മരുന്നാണത്. വിഷബാധ, ഉന്മാദം, ഗര്‍ഭസ്രാവം, കുഷ്ഠം, രക്തദോഷം, നേത്രരോഗം, അലര്‍ജി, പനി, കഫം, ചുമ തുടങ്ങി അനവധി രോഗങ്ങള്‍ക്കുള്ള ഔഷധമാണത്. ദേഹകാന്തിക്കും ബുദ്ധിവര്‍ദ്ധനയ്ക്കും വൈദ്യന്മാര്‍ അത് നിര്‍ദ്ദേശിക്കാറുണ്ട്. മാത്രമല്ല, പഴയകാലത്ത് മന്ത്രവാദികള്‍ വശീകരണപ്രയോഗത്തിന് ഗോരോചനം ഉപയോഗിക്കാറുണ്ടെന്ന് പറഞ്ഞുകേട്ടിട്ടുണ്ട്.''
''ഓ! മരുന്നിനും മന്ത്രത്തിനും ഒരേ സാധനം തന്നെ അല്ലേ.''
''ഉം.''

രസം പിടിച്ചാല്‍ അയാളങ്ങനെയാണ്; കണ്ണട നെറ്റിയിലേയ്ക്ക് ഉയര്‍ത്തിവച്ച് മേശയില്‍ മുട്ടുകയ്യുകള്‍ കുത്തി മുന്നോട്ടാഞ്ഞിരുന്ന് ഡോ. സുദര്‍ശന്‍ ഗോരോചനത്തെക്കുറിച്ച് വിശദീകരിക്കാന്‍ തുടങ്ങി. ''യഥാര്‍ത്ഥത്തില്‍ അതുണ്ടാക്കുകയല്ല. തനിയെ ഉണ്ടാകുന്നതാണ്. പശുവിന്റെ പിത്തസഞ്ചിയില്‍ ഉണ്ടാകുന്ന കല്ലാണ് ഗോരോചനക്കല്ല്. പുഴുങ്ങിയ മുട്ടയുടെ മഞ്ഞക്കരു പോലെയിരിക്കും അത്.''
''ഓ! അപ്പോള്‍ അതുകിട്ടാന്‍ പശുവിനെ കൊല്ലണ്ടേ?''

''പിന്നല്ലാതെ! ഒരു പശുവിനെ കൊന്നാല്‍ ഏതാനും ഗ്രാം തൂക്കമുള്ള ഗോരോചനമൊക്കെയേ കിട്ടൂ. അത്ര അമൂല്യമാണത്. അതും എല്ലാ പശുക്കളിലും ഗോരോചനക്കല്ല് ഉണ്ടായിക്കോളണമെന്നുമില്ല. അപ്പോള്‍പ്പിന്നെ പശുവിന്റെ പിത്തനീരെടുത്ത് പൂജ്യം ഡിഗ്രി തണുപ്പില്‍ വറ്റിച്ചാണ് ഗോരോചനമുണ്ടാക്കുക. ഇപ്പോള്‍ പശുവിനെ കൊല്ലുന്നതിനു പലയിടത്തും നിരോധനമുള്ളതുകൊണ്ട് ആടില്‍ നിന്നൊക്കെയാണ് ഗോരോചനം ഉണ്ടാക്കുന്നത്.'' സുദര്‍ശന്‍ അടുത്ത സിഗററ്റിനു തീ കൊളുത്തി കുറച്ചുനേരം നിശ്ശബ്ദനായി പുകയൂതി വിട്ടുകൊണ്ടിരുന്നു. ''പറഞ്ഞുവന്നത്, വലിയൊരു കഥയില്‍നിന്നും കിട്ടുന്ന കാര്യത്തിന്റെ അമൂല്യമായ നേര്‍ത്തൊരു കണിക ഇതുപോലെയാണ്. ഏറെ കഷ്ടപ്പെട്ട് കണ്ടുപിടിക്കുന്ന ആ സൂചനയിലൂടെ ശ്രദ്ധയോടെ സഞ്ചരിക്കുമ്പോഴാണ് പലപ്പോഴും നാം ശരിയായ ചരിത്രത്തിന്റെ വിശാലതയിലേയ്ക്ക് എത്തിച്ചേരുക.''
ഇടക്ക് ഒരു ചുമ വന്നപ്പോള്‍ അയാളുടെ സംസാരം മുറിഞ്ഞു. മണ്‍കൂജയില്‍ വച്ചിരുന്ന വെള്ളം ഒന്നുരണ്ട് കവിള്‍ കുടിച്ച് മുരടക്കി അയാള്‍ തുടര്‍ന്നു: ''ഇനി രസമുള്ള ഒരു കാര്യം പറയാം. നിന്റെ കഥയിലെ ഒരു ആനമണ്ടന്‍ തെറ്റാണത്.'' സുദര്‍ശന്‍ കസേരയില്‍നിന്നുമെഴുന്നേറ്റ് ആദര്‍ശിനടുത്തേയ്ക്ക് കുനിഞ്ഞുനിന്ന് അല്പം നാടകീയമായി പറഞ്ഞു. ''രാഘവന്‍ മരിക്കുന്നത് എണ്‍പത്താറാമത്തെ വയസ്സിലാണ്. അയാള്‍ക്ക് കുഞ്ഞ് ജനിക്കുന്നത് ഇരുപത്തിനാല് വയസ്സിലും. അപ്പോള്‍ രാഘവന്‍ മരിക്കുമ്പോള്‍ സുപ്രന് എന്ത് പ്രായമുണ്ട്?''
''അറുപത്തിരണ്ട്.'' നോട്ടുബുക്കിന്റെ പുറകിലെ പേജില്‍ എണ്‍പത്താറില്‍നിന്നും ഇരുപത്തിനാല് കുറച്ച് ആദര്‍ശ് മറുപടി പറഞ്ഞു.
''അപ്പോള്‍ സുജാതയ്‌ക്കോ?''
''അവര്‍ക്കും അറുപത്തിരണ്ട്.''
''ശരി. ഇനിയാണ് ശരിക്കുള്ള പ്രശ്‌നം. ശാസ്ത്രീയമായി നോക്കിയാല്‍ സുജാതയ്ക്ക് ആ പ്രായത്തില്‍ കുട്ടികളുണ്ടാകുക എന്നത് അസാദ്ധ്യമാണ്. ബയോളജിയുടെ ലോജിക് അതാണ്. അപ്പോള്‍, കേട്ടത് മുഴുവന്‍ അങ്ങനെതന്നെ വിശ്വസിച്ചതുകൊണ്ട് കാലഗണനയുടെ കാര്യത്തില്‍ നിനക്ക് കാര്യമായ തെറ്റ് സംഭവിച്ചിട്ടുണ്ട്.'' അയാള്‍ വീണ്ടും കസേരയില്‍ ഇരുന്നു. ''ഒന്നുകില്‍ രാഘവന്‍ എണ്‍പത്താറ് വയസ്സിലല്ല, വല്ല അറുപത് വയസ്സിലോ മറ്റോ ആകും മരിച്ചിട്ടുണ്ടാവുക. അപ്പോള്‍ സുജാതക്കും സുപ്രനും ചെറുപ്പമായിരിക്കും. അല്ലെങ്കില്‍, കഥ നടക്കുമ്പോള്‍ സുമ കുറച്ചുകൂടി മുതിര്‍ന്ന കുട്ടിയായിരുന്നിരിക്കണം. ഇതില്‍ ഏതെങ്കിലും ഒരു സാദ്ധ്യതയുടെ ബലത്തില്‍ മാത്രമേ ആ കഥ ലോജിക്കലും വിശ്വസനീയവുമാവുകയുള്ളൂ.''

സുദര്‍ശന്‍ വീണ്ടും സിഗററ്റിനു തീകൊടുത്തു. ആദര്‍ശ് അയാളെ ദയനീയമായി നോക്കിയിരുന്നു. കട്ടിക്കണ്ണടയിലൂടെ സാമാന്യത്തിലധികം വലുപ്പത്തില്‍ കാണുന്ന അയാളുടെ കൃഷ്ണമണികള്‍ തന്നിലേയ്ക്ക് ചൂഴ്ന്നിറങ്ങുന്നതായി ആദര്‍ശിനു തോന്നി. ആദര്‍ശ് താഴേയ്ക്ക് നോക്കിയിരുന്നു. ''കഥകളെ ചരിത്രമായി തെറ്റിദ്ധരിച്ചാല്‍ സ്വാഭാവികമായും ഇതിലും വലിയ തെറ്റുകള്‍ സംഭവിക്കും. എഴുതപ്പെട്ട ചരിത്രവും വ്യക്തികളുടെ ചരിത്രവും പരിശോധിക്കുമ്പോള്‍ പൊതുവേ നാം ഉപയോഗിക്കുന്നത് വര്‍ഷങ്ങള്‍ എന്ന ചരിത്രോപകരണമാണ്. എന്നാല്‍, കൃത്യമായ നിരീക്ഷണങ്ങളുടേയും ഗവേഷണങ്ങളുടേയും തെളിവുകളുടേയും അടിസ്ഥാനത്തില്‍ എത്തുന്ന നിഗമനങ്ങളാണ് എഴുതപ്പെടാത്ത ചരിത്രത്തിലേക്കുള്ള വഴി. അവിടെ പതിറ്റാണ്ടുകളും നൂറ്റാണ്ടുകളുമൊക്കെയാണ് ചരിത്രോപകരണം. ഒരു നൂറ്റാണ്ടോ ഏതാനും പതിറ്റാണ്ടുകളോ മാറിയാല്‍ ആ ചരിത്രനിരീക്ഷണം എഴുതപ്പെട്ട ചരിത്രത്തിന്റെ അടിത്തറപോലും ഇളക്കും.''

മുക്കാലും കത്തിത്തീര്‍ന്ന സിഗററ്റ് ആഷ്ട്രേയില്‍ കുത്തിക്കെടുത്തി അയാള്‍ എഴുന്നേറ്റു. ''കാലഗണനയില്‍ അബദ്ധത്തില്‍ സംഭവിക്കുന്ന തെറ്റുകള്‍ നമുക്കു തിരുത്താനാകും. എന്നാല്‍, ബോധപൂര്‍വ്വം സൂക്ഷ്മതയോടെ വരുത്തുന്ന തെറ്റുകള്‍ ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങള്‍ ഭയാനകമായിരിക്കും. ഇങ്ങനെ ചരിത്രമെഴുത്തില്‍ ബോധപൂര്‍വ്വം വരുത്തുന്ന തെറ്റുകളാണ് ഏകാധിപതികളുടെ പ്രധാന ആയുധം. വിശ്വസനീയമായ രീതിയില്‍ കെട്ടുകഥകളെ ചരിത്രമെന്ന പേരില്‍ പ്രചരിപ്പിക്കുകയാണ് അതിനായി അവര്‍ ആദ്യം ചെയ്യുക. അതോടെ മിത്തുകള്‍ ആധികാരിക ചരിത്രരേഖകളായും അതിലെ കഥാപാത്രങ്ങള്‍ ചരിത്രപുരുഷന്മാരായും മാറും. പിന്നെയെല്ലാം താനേ സംഭവിച്ചോളും. തങ്ങളുടെ ചരിത്രം മറന്നുപോയ ജനത ഇടയനില്ലാത്ത ആട്ടിന്‍കൂട്ടത്തെപ്പോലെയാണ്. അവരിങ്ങനെ ലക്ഷ്യമില്ലാതെ അലഞ്ഞുകൊണ്ടിരിക്കും. ലോകത്തിലെ ഏറ്റവും പാപ്പരായ ജനത ചരിത്രബോധമില്ലാത്ത ജനതയായിരിക്കുമെന്നും അവരെ പറ്റിക്കാന്‍ എളുപ്പമാണെന്നും എല്ലാ ഏകാധിപതികളും കൃത്യമായി മനസ്സിലാക്കിയിരുന്നു.''

ആദര്‍ശിന്റെ ചുമലില്‍ വലതുകൈ വച്ച് എന്തോ കാര്യമായി ചിന്തിച്ചുകൊണ്ട് അയാള്‍ ശബ്ദം താഴ്ത്തി പറഞ്ഞു: ''ഒരിക്കലും സംഭവിക്കാന്‍ സാദ്ധ്യതയില്ലാത്ത, കൃത്യമായ ഒരു ഉദാഹരണം പറയാം. 1948 ജനുവരി മുപ്പത്തിനാണ് ഗാന്ധിജി മരിച്ചത്. നാമത് 1848 ജനുവരി മുപ്പത് എന്നാണ് രേഖപ്പെടുത്തുന്നതെങ്കില്‍ സംഭവിക്കുന്ന പ്രശ്‌നങ്ങളെക്കുറിച്ച് ഒന്ന് ആലോചിച്ചു നോക്കൂ. ആദ്യം പ്രശ്‌നത്തിലാകുന്നത് ഗാന്ധിയുടെ മരണമായിരിക്കും. ഗാന്ധി വധിക്കപ്പെട്ടത് ബെറീറ്റ എം1934 എന്ന പിസ്റ്റളില്‍നിന്നുള്ള വെടിയേറ്റായിരുന്നു. 1934-ല്‍ നിര്‍മ്മിച്ച ഈ പിസ്റ്റള്‍ ഉപയോഗിച്ച് 1848-ല്‍ എങ്ങനെ ഗാന്ധിയെ വധിക്കാനാകും എന്ന കുഴപ്പിക്കുന്ന ചോദ്യം അതോടെ ഉയരും. തൊട്ടുപിന്നാലെ ഗാന്ധിയെക്കുറിച്ച് ഇന്നു നമുക്കു ലഭ്യമായ എല്ലാ ഇന്‍ഫര്‍മേഷനുകളും അതോടെ കീഴ്മേല്‍ മറിയും. അടുത്തതാണ് ഏറ്റവും വലിയ പ്രശ്‌നം. ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിന്റെ ചരിത്രമാണത്. ആര്‍ക്കും തുന്നിക്കെട്ടാന്‍ കഴിയാത്തവിധം അത് എന്നെന്നേയ്ക്കുമായി കുത്തഴിഞ്ഞ് പോകും. ഇവിടെയാണ് യുക്തിഭദ്രമായ കാലഗണനയുടെ പ്രാധാന്യം.''

കമിഴ്ത്തിവച്ചിരുന്ന രണ്ട് ചായക്കപ്പുകളെടുത്ത് കഴുകി സുദര്‍ശന്‍ മേശപ്പുറത്തെ ഫ്‌ലാസ്‌ക്കില്‍നിന്നും ചൂടുകാപ്പി അവയിലേയ്ക്ക് പകര്‍ന്നു. ''നമുക്ക് വേണ്ടത് വ്യത്യസ്തങ്ങളായ കാവുകളിലെ ജൈവവൈവിദ്ധ്യങ്ങളുടെ പഠനറിപ്പോര്‍ട്ടാണ്. ദേശങ്ങള്‍ മാറുന്നതിനനുസരിച്ച് ആ വൈവിദ്ധ്യങ്ങളും മാറിയേക്കാം. അവയുടെ താരതമ്യപഠനമാണ് നിന്റെ ദൗത്യമെന്നത് നീ മറന്നു പോയത് അദ്ഭുതം തന്നെയാണ്.''
താന്‍ കുറെ ദിവസങ്ങളായി നടത്തിയ പണി വെറുതെയായിപ്പോയെന്നും താനെന്തൊരു മണ്ടനാണെന്നും തന്റെ അദ്ധ്യാപകന് താനൊരു ബാദ്ധ്യതയായല്ലോ എന്നൊക്കെയോര്‍ത്ത് പരാജിതന്റെ മുഖഭാവത്തോടെ തലകുനിച്ചിരിക്കുന്ന ആദര്‍ശിനെ ഡോ. സുദര്‍ശന്‍ ഒരു നിമിഷം നോക്കിനിന്നു. ''പോട്ടെ, സാരമില്ല. തുടക്കത്തില്‍ എല്ലാവരും ഇങ്ങനെയൊക്കെത്തന്നെയാണ്. ഇപ്പോള്‍ ഈ കാപ്പി കുടിക്ക്. ഒരു കപ്പ് ചൂടുകാപ്പിയില്‍ തീരാവുന്നതേയുള്ളൂ നിന്റെയീ സങ്കടം.'' പുഞ്ചിരിച്ചുകൊണ്ട് ഡോ. സുദര്‍ശന്‍ കാപ്പിക്കപ്പ് ആദര്‍ശിന്റെ കൈകളിലേയ്ക്ക് കൊടുത്തു. ''പക്ഷേ, ശ്രദ്ധിക്കണം. ചരിത്രമാണെന്ന് തെറ്റിദ്ധരിച്ച് നാം പിന്തുടരുന്ന കഥകളെല്ലാം വലിയ അപകടകാരികളാണ്. ഭീമാകാരനായ ഒരു സര്‍പ്പത്തെപ്പോലെയാണവ. ശ്രദ്ധയും യുക്തിയുമില്ലാത്തയാളെ അത് ഒറ്റ നിമിഷം കൊണ്ട് അനങ്ങാനാവാത്തവിധം വരിഞ്ഞുമുറുക്കി അടുത്ത നിമിഷം വിഴുങ്ങിക്കളയും. പിന്നെ വീണ്ടെടുപ്പില്ലാത്ത ഇരുട്ടാണ്. അവിടെ സംശയങ്ങളോ തിരുത്തലുകളോ ഇല്ല. ലോജിക്കുകള്‍ തീരെയില്ലാത്ത ഉറപ്പുകളാണ് അവ പ്രസരിപ്പിക്കുന്നത്. അവിടെത്തീരും എല്ലാ വഴികളും.''
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

അമേഠിയിലേക്കില്ല; രാഹുല്‍ ഗാന്ധി റായ്ബറേലിയില്‍ മത്സരിച്ചേക്കും, റിപ്പോര്‍ട്ട്

7,999 രൂപയ്ക്ക് ഫോണ്‍, ഡിസ്‌ക്കൗണ്ട് 'യുദ്ധത്തിന്' ഫ്‌ളിപ്പ്കാര്‍ട്ടും; മെയ് മൂന്ന് മുതല്‍ ബിഗ് സേവിങ്‌സ് ഡേയ്‌സ് സെയില്‍

അതെന്താ തൊഴിലാളി ദിനം മെയ് ഒന്നിന്?; അറിയാം, ചരിത്രം

ജയരാജന്‍ പോയത് അങ്കം ജയിച്ച ചേകവനെപ്പോലെ; നടന്നത് മുഖ്യമന്ത്രി അറിഞ്ഞുള്ള പൊളിറ്റിക്കല്‍ ഡീല്‍ : രമേശ് ചെന്നിത്തല

വിവാഹമോചിതയായി മകള്‍ തിരികെ വീട്ടിലേക്ക്; കൊട്ടും കുരവയുമൊക്കെയായി ആഘോഷമാക്കി പിതാവ് - വിഡിയോ