നിലപാട്

തീ പിടിച്ച കാമവികാരം ഏതു വഴിക്ക്? സി രാധാകൃഷ്ണന്‍ എഴുതുന്നു

സി രാധാകൃഷ്ണന്‍

പെണ്ണുങ്ങള്‍ നാട്ടുവര്‍ത്തമാനം പറയുന്നതിനിടെ ആണ്‍കുട്ടികളെ കണ്ണില്‍ കണ്ടാല്‍ പണ്ട് മുത്തശ്ശിമാര്‍ ചോദിക്കും: ''ഒന്നിനു മാത്രം പോന്ന ആണുങ്ങള്‍ക്ക് ഇവിടെയെന്താ കാര്യം?''
ഈ 'ഒന്നിനും മാത്രം പോന്ന' ആണിന് ചിലപ്പോള്‍ പത്തു വയസ്സേ ആയിട്ടുണ്ടാവൂ. എന്നാലും അയാള്‍ ഒരു കരാര്‍ പാലിക്കാനുണ്ട്: അടിസ്ഥാന മര്യാദകള്‍ പാലിക്കുക എന്നത് അതിന്റെ ഭാഗമാണ്.
ഈ കരാറിന് മറ്റുപല വശങ്ങളുമുണ്ട്. സ്ത്രീകള്‍ക്കു മാത്രം രസിക്കാനുള്ള കാര്യങ്ങള്‍ 'അടക്കം' പറയുന്നിടത്ത് പുരുഷന്മാര്‍ ഉണ്ടാകേണ്ടതില്ല എന്നതുപോലെ പ്രധാനമാണ് സ്ത്രീനഗ്‌നതയുടെ കാഴ്ച വികാരവിജൃംഭണം ഉളവാക്കേണ്ടതില്ല എന്നതും. ഈവക പാഠങ്ങള്‍ പഠിക്കാന്‍ വേണ്ടത്ര അവസരങ്ങളുള്ള കൗമാരകാലം എന്റെ തലമുറയില്‍പ്പെട്ടവര്‍ക്കുണ്ടായിരുന്നു.
ഭാരതപ്പുഴയിലെ വേനല്‍ക്കാല സായന്തനങ്ങള്‍ ഞാന്‍ ഓര്‍ക്കുന്നു. പുഴ മരിക്കുന്നതിനു മുന്‍പുള്ള കാലം. വേനലില്‍ നീണ്ടുപരന്ന മണല്‍ത്തിട്ടകള്‍ക്കു നടുവിലൂടെ തെളിഞ്ഞൊഴുക്കുള്ള നീര്‍ച്ചാലായി പുഴ മാറും. ആ നീര്‍ച്ചാലാകട്ടെ, ആഴം നന്നേ കുറഞ്ഞതുമാവും. ഇടയിലിടയിലേ 'മുങ്ങാന്‍' വെള്ളമുണ്ടാവൂ. അവിടെ 'കുളിക്കടവുകള്‍' രൂപപ്പെടും. തുണിയലക്കാനും മടമ്പുരക്കാനും ചില വെട്ടുകല്ലുകള്‍ ആരെങ്കിലും കൊണ്ടുവന്ന് ഇടും. ആണുങ്ങള്‍ക്കും പെണ്ണുങ്ങള്‍ക്കും വെവ്വേറെ കടവുകള്‍ രൂപപ്പെടുമെങ്കിലും മിക്കവാറുമവിടെ തൊട്ടടുത്താവും. വൈകുന്നേരത്തെ 'വിസ്തരിച്ച' തേച്ചുരച്ചു കുളി രണ്ടു കടവുകളിലും ഒരേ സമയം നടക്കും. പക്ഷേ, ആര്‍ക്കുമൊരു വൈകാരിക പ്രശ്‌നവും ഉണ്ടാകാറില്ല.
ഉത്സവപ്പറമ്പുകളിലോ ആലുവാ ശിവരാത്രിക്കോ തൃശൂര്‍പൂരത്തിനുപോലുമോ ആരും ആരേയും കയറിപ്പിടിച്ച ചരിത്രമില്ലല്ലോ. നാട്ടിലെങ്ങും ഒരു ബലാത്സംഗക്കേസും പറഞ്ഞുകേട്ടതായി ഓര്‍ക്കുന്നുമില്ല.
വളരെ വേഗമാണ് കാര്യങ്ങള്‍ മാറിമറിഞ്ഞത്. 'അഗ്‌നി' എന്ന എന്റെ ആദ്യ സിനിമ സംവിധാനം ചെയ്യുമ്പോള്‍ എനിക്കു മുപ്പത്തിയഞ്ചോ ആയിരുന്നുള്ളൂ പ്രായം. ആ ചിത്രം വിതരണത്തിനെടുക്കാന്‍ വന്ന ആദ്യ പാര്‍ട്ടി ആദ്യം ചോദിച്ചത് ''ഇതില്‍ എത്ര കുളിസീന്‍'' ഉണ്ടെന്നാണ്. ''ബിറ്റ് ഉണ്ടോ?'' എന്നും! (ബിറ്റ് എന്നാല്‍ സിനിമയുമായി ഒരു ബന്ധവും ഇല്ലാത്ത 'ബ്ലൂ'!)
ഇതേ കാലത്തുതന്നെ നാട്ടിലെ 'കൊട്ടക'യില്‍ സിനിമ കാണാന്‍ പോയ ഒരാളുടെ കഥ നന്നായി പ്രചരിച്ചിരുന്നു. ആളൊരു 'അമ്പലവാസി' യുവാവ്. ഇംഗ്ലീഷൊന്നും അറിയില്ലെങ്കിലും ആരോ പറഞ്ഞുകേട്ട് കമ്പംപിടിച്ച് കാണാന്‍ പോയത് ഒരു ഇംഗ്ലീഷ് പടം. അതിലൊരു 'രസമുള്ള' രംഗമുണ്ടെന്നായിരുന്നു പ്രചരണം. (അന്യഭാഷാ ചിത്രങ്ങള്‍ നാട്ടിന്‍പുറങ്ങളില്‍ വന്നത് 'ബ്ലൂ'വിന്റെ മാത്രം ബലത്തിലായിരുന്നു).
ഒരു മദാമ്മ ഒരു അരുവിയില്‍ കുളിക്കാന്‍ ഒരുങ്ങുന്നു. ഉടുതുണി ഓരോന്നായി അഴിക്കുന്നത് വിസ്തരിച്ചാണ്. പക്ഷേ, അവസാനത്തെ തുണികള്‍ കൂടി അഴിക്കാന്‍ തുടങ്ങുന്ന കൃത്യനിമിഷത്തില്‍ അരുവിക്കും പ്രേക്ഷകനും ഇടയിലെ റെയില്‍പ്പാളത്തിലൂടെ ഒരു ചരക്കു തീവണ്ടി വരുന്നു! വണ്ടി കടന്നുപോയതിനിടെ മദാമ്മ വെള്ളത്തിലിറങ്ങി കഴുത്തറ്റം ആണ്ടും കഴിഞ്ഞു! ആ സിനിമ അഞ്ചുവട്ടം കാണാന്‍ നമ്മുടെ അമ്പലവാസി സുഹൃത്ത് കാശു മുടക്കിയത് ആ വണ്ടി ഒരിക്കലെങ്കിലും ഒരു മിനിറ്റ് വൈകാതിരിക്കില്ല എന്ന പ്രതീക്ഷയിലായിരുന്നു!
സന്തോഷമായിട്ട് തന്നാല്‍ വാങ്ങാം, ഒരിക്കലും പിടിച്ചുപറിക്കയോ മോഷ്ടിക്കയോ ഇല്ല എന്ന് 'ഒരു സമൂഹത്തിലെ ആളുകള്‍ തമ്മിലുള്ള കരാര്‍, ഒത്താല്‍ രണ്ടും ആവാം, ആരും കാണാതേയും ആര്‍ക്കും പരാതി ഇല്ലാതേയും ഇരുന്നാല്‍ മതി എന്ന സ്ഥിതിയിലേയ്ക്ക് തരം താണു. ആര്‍ അറിഞ്ഞാലും ആര്‍ക്കു പരാതി ഉണ്ടായാലും അധികാരത്തിന്റെ മുഷ്‌ക്കുകൊണ്ട് നേരിടാം എന്നുവരെയും ആയി.
പരമാപരാധി എന്ന് പുരാണപ്രസിദ്ധനായ രാവണന്റെ കാര്യം നോക്കൂ. മറ്റൊരാളുടെ ഭാര്യയെ പിടിച്ചുകൊണ്ടുപോകാന്‍ പാടില്ലെന്ന കരാര്‍ അയാള്‍ ലംഘിച്ചു. എന്നിട്ടും പക്ഷേ, മറ്റൊരു കരാര്‍ തെറ്റിച്ചില്ല. സമ്മതം കൂടാതെ സ്ത്രീയുടെ മേല്‍ അധികാരമോ ആള്‍ബലമോ ഉപയോഗിച്ച് തന്നിഷ്ടം നടപ്പിലാക്കില്ല എന്ന കരാര്‍. നീണ്ടകാലം 'ബന്ദി'യാക്കി വെച്ചിട്ടും ഒരു ചെറുവിരല്‍ കൊണ്ടുപോലും അയാള്‍ സീതയെ തൊടുന്നില്ല. തൊട്ടാല്‍ തന്റെ തല പൊട്ടിത്തെറിക്കുമെന്ന് അയാള്‍ കരുതി! (അതാണതിനു ശിക്ഷ എന്ന് 'അറിവുള്ള ഒരാള്‍' പണ്ടേ അയാളോടു പറഞ്ഞിരുന്നു!)
എന്നാലോ, ഭീഷ്മവ്രതനായ ഗംഗാപുത്രന് ഈ കരാറിന്റെ കാര്യമൊന്നും അറിയില്ലായിരുന്നു! തനിക്കു ഭാര്യമാരാക്കാന്‍വേണ്ടിപ്പോലുമല്ലാതെ, തന്റെ 'പിറക്കാത്ത' അനുജന്മാര്‍ക്കായി - അവരോ ഒന്നിനും ശേഷിയില്ലാത്തവര്‍ അദ്ദേഹം അംബ-അംബിക-അംബാലികമാരെ ബലമായി പിടിച്ചുകൊണ്ടുപോന്നു. 'ബലാല്‍' എന്നല്ല, അംബ പിന്നീട് അപേക്ഷിച്ചിട്ടുപോലും ഒരു സംഗവും നടത്തിയില്ലെങ്കിലും അവിഹിതമായി സ്ത്രീയെ അടിമപ്പെടുത്തല്‍ എന്ന കുറ്റത്തിന് മുള്‍മെത്തയില്‍ മരണം കാത്ത് ഉത്തരായനം വരെ കിടക്കേണ്ടിവന്നു!
ഉപഭോഗ സംസ്‌കാരത്തിന്റെ കൊടുമുടി അതിവേഗം കയറിക്കൊണ്ടിരിക്കയാണല്ലോ നമ്മളും. സ്ത്രീയേയും ഒരു ഉപഭോഗവസ്തുവായി കാണാനും കാണിക്കാനുമാണ് എല്ലാ കട്ടവടക്കാര്‍ക്കും പൊതുവെ ഇഷ്ടമെന്നു കേള്‍ക്കുമ്പോള്‍ പല നെറ്റികളും ചുളിയുമെന്നറിയാമെങ്കിലും ദൗര്‍ഭാഗ്യവശാല്‍ സത്യം അതാണ്. സ്ത്രീകളുടെ ഉടല്‍ കാട്ടിയല്ലേ മിക്കവാറും ഉല്പന്നങ്ങള്‍ വില്‍ക്കുന്നത്! തീപിടിച്ച കാമവികാരം പിന്നെ ഏതു വഴിക്കു പോകണമെന്ന് ആര്‍ നിഷ്‌കര്‍ഷിച്ചിട്ടെന്തു ഫലം?
ഇവിടന്നു പിന്നെ 'ബ്ലൂ' ഫിലിമിലേക്കും 'സെക്‌സി ചാറ്റി'ലേക്കുമുള്ള ദൂരം നന്നേ ചെറുതാണ്. ആ ചെറുദൂരം താണ്ടാന്‍ നമ്മുടെ 'മുഖ്യധാരാ' സിനിമയും ദൃശ്യമാധ്യമ സീരിയലുകളും തുണയാവുകയും ചെയ്യും. ആളുകളെ 'പിടിച്ചിരുത്താ'നാണ് ദൃശ്യമാധ്യമങ്ങള്‍ 'സെക്‌സ്' എന്ന 'ഒട്ടുവിദ്യ'യുടെ വിവിധ ചേരുവകള്‍ മാറിമാറി പരീക്ഷിക്കുന്നത്. ഇവിടെ വിജയം തിയേറ്ററിലെ ലാഭത്തിലൂടെയും റേറ്റിങ്ങിലെ വര്‍ദ്ധനവിലൂടെ പരസ്യക്കൂലിയില്‍ സംഭവിക്കുന്ന 'അദ്ഭുത'ത്തിന്റെ വഴിക്കുമാണ്. അല്ലാതെ, മനുഷ്യന് മറ്റു മനുഷ്യരുമായുള്ള സാമൂഹികമായ കരാറിന്റേയോ ധാര്‍മ്മികമായ കടപ്പാടിന്റേയോ പരിപാലനത്തിലൂടെയല്ല. കല എന്ന ഉപാധിയുടെ പരമലക്ഷ്യമായ സംസ്‌കാരനിര്‍മ്മിതി തീര്‍ത്തും വിസ്മൃതം!
എങ്കില്‍, ഉപഭോഗ ദൃശ്യമാധ്യമ പ്രാമുഖ്യം ഇതിലേറെ ഉള്ള വികസിത നാളുകളില്‍ എന്തുകൊണ്ട് ബലാത്സംഗങ്ങള്‍ ഇത്ര നീചവും ഹീനവും സുലഭവുമല്ല എന്ന ചോദ്യം ന്യായമാണ്. ഉത്തരം സരളവുമാണ്. അവിടെ സമൂഹം നന്നായി എണ്ണയിട്ട യന്ത്രംപോലെ ഓടുന്നു. വ്യക്തിക്ക് സമൂഹവുമായുള്ള കരാറിലെ വ്യവസ്ഥകള്‍ അപൂര്‍വ്വമായേ ലംഘിക്കപ്പെടുന്നുള്ളൂ. ജാതിമതകക്ഷിഭേദങ്ങള്‍ക്കതീതമാണ് ആ കരാര്‍. നമുക്കിവിടെ പൊതുസമൂഹമെന്ന ഒന്ന് ഇനിയും ഉണ്ടായിട്ടില്ല എന്നല്ല, ജാതിമതാദികളുടെ അടിസ്ഥാനത്തിലുള്ള പഴയ കരാറുകളെല്ലാം നഷ്ടമാവുകയും ചെയ്തു.
ഈ വ്യത്യാസത്തിന് ഏറ്റവും നല്ല തെളിവ് ഒരിക്കലും ഒരു 'കൂട്ടബലാത്സംഗ' വാര്‍ത്ത പടിഞ്ഞാറന്‍ നാടുകളില്‍നിന്ന് വരാറില്ല എന്നതുതന്നെ!
മറ്റൊരു കാരണം താന്‍ ഒരു പുരുഷന്റെ 'സ്വത്താ'ണ് എന്ന ധാരണ വികസിതനാടുകളിലെ സ്ത്രീകള്‍ക്കില്ല എന്നതാണ്. ബന്ധങ്ങള്‍ തുല്യതയില്‍ അധിഷ്ഠിതമാണ്. ശാരീരിക ശേഷിയിലും മാനസികാവസ്ഥയിലും ഏറ്റക്കുറച്ചിലുകള്‍ നിലവിലില്ല. സമ്മതം നോക്കാതെ കൈ പിടിച്ചാല്‍ ഉടനെ വിവരമറിയും!
ബലാല്‍ക്കാരവാസന എന്ന മഹാരോഗത്തിന്റെ പരമദയനീയമായ മൂര്‍ദ്ധന്യാവസ്ഥയാണ് കുട്ടികളോടുള്ള കൊടുംക്രൂരത. 'പ്രാന്തെന്നു പറഞ്ഞാല്‍ പൊട്ടും പൊളിയുമൊന്നുമല്ല' എന്ന പ്രസ്താവം അന്വര്‍ത്ഥമാകുന്നത് ഈ ഭ്രാന്തിനാണ്. ഒരു വിട്ടുവീഴ്ചയുമില്ലാത്ത കഠിനശിക്ഷകൊണ്ടേ ഇതിനെ നേരിടാനാവൂ. പക്ഷേ, ഒരു 'നല്ല'(!) വക്കീലിനെ വെക്കാന്‍ കോടികളും അധികാരകേന്ദ്രങ്ങളില്‍ പിടിപാടുമുണ്ടെങ്കില്‍ എന്തുമാകാം എന്ന നാട്ടുനടപ്പ് ആദ്യം മാറണം. പരാതി നല്‍കിയിട്ടും കേസെടുത്തില്ല, എടുത്ത കേസ് 'ഒത്തുതീര്‍ക്കാന്‍' നിയമപാലകര്‍ തന്നെ മുന്‍കൈ എടുത്തു, 'വലിയ നേതാക്കള്‍ ഇടപെട്ട് ഒതുക്കി' എന്നൊക്കെ വാര്‍ത്തകള്‍ വരുന്നതു കാണുമ്പോള്‍ ശുഭാപ്തിവിശ്വാസം ഒട്ടും എളുപ്പമല്ല!
'ബ്രാഹ്മണനെ കൊന്നാല്‍ ശൂദ്രന് വധശിക്ഷ, ശൂദ്രനെ കൊന്നാല്‍ ബ്രാഹ്മണന് താക്കീത് മാത്രം' എന്നാണല്ലോ മനുസ്മൃതി. ഇവിടെ 'ബ്രാഹ്മണന്‍' എന്നതിന് 'പിടിപാടുള്ളവന്‍' എന്നും 'ശൂദ്രന്‍' എന്നതിന് അതില്ലാത്തവന്‍ എന്നും തിരുത്തിയാല്‍ ഏതക്രമത്തിനും ഈ നിയമം മതി എന്ന സിഥിതി ഒരിക്കലും പൊറുപ്പിക്കാനാവില്ല.
(ഈയിടെ ഒരു ഫലിത സാഹിത്യകാരന്‍ പറഞ്ഞത്: ''സാഹിത്യത്തിനുള്ള നൊബേല്‍ സമ്മാനം ലൈംഗികാരോപണം കാരണം തല്‍ക്കാലം നിര്‍ത്തിയല്ലോ. എനിക്കിനി അതു തന്നാലും വാങ്ങില്ല എന്നൊരു പ്രസ്താവന ഇറക്കുകയാണ് ഞാന്‍! പിന്നെ, ഉറക്കെ ഒരു ചിരി: ''എന്തായാലും എനിക്കത് കിട്ടാക്കനിയാണ്. എങ്കില്‍പ്പിന്നെ കിട്ടിയ തഞ്ചമുപയോഗിച്ച് അതിനെയൊന്ന് പീഡിപ്പിച്ചുകളയുക തന്നെ!

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് എന്തിന് കെജരിവാളിനെ അറസ്റ്റ് ചെയ്തു? ഇഡിയോട് വിശദീകരണം ചോദിച്ച് സുപ്രീംകോടതി

സഞ്ജു സാംസണ്‍ ലോകകപ്പ് ടീമില്‍; രാഹുലിനെ ഒഴിവാക്കി

'' ഞങ്ങള്‍ക്കിഷ്ടം കറുപ്പ്, നീല, ചുവപ്പ്. നീല ആകാശം. ഞങ്ങളുടെ ചുവന്ന മണ്ണ്. ഞങ്ങളുടെ കറുപ്പ്''

ഒരു കോടി രൂപ തിരിച്ചടയ്ക്കാന്‍ സിപിഎം;ബാങ്ക് അധികൃതരുമായി എംഎം വര്‍ഗീസ് ചര്‍ച്ച നടത്തി

നവകേരള ബസ് ഇനി ഗരുഡ പ്രീമിയം; ഞായറാഴ്ച മുതൽ സര്‍വീസ് ആരംഭിക്കും