കളങ്കാവൽ എന്ന മലയാള സിനിമ വന്നപ്പോൾ വീണ്ടും സയനൈഡ് മോഹൻ എന്ന പേര് വളരെ സജീമായി ചർച്ച ചെയ്തു തുടങ്ങി. ആരാണ് മോഹൻ കുമാർ എന്ന സയനൈഡ് മോഹൻ എന്നത് അന്വേഷിക്കുമ്പോൾ ഒരു പ്രൈമറി സ്കൂളിലെ കായികാദ്ധ്യാപകൻ എന്നതിനേക്കാളേറെ ക്രൂരനും ബുദ്ധിമാനുമായ ഒരു കൊലയാളിയുടെ കഥയാണ് ചുരുൾ നിവരുക.
കർണ്ണാടക പൊലീസിലെ പ്രഗ്ത്ഭരായ അന്വേഷണ സംഘത്തെ നെട്ടോടമോടിച്ച കുറ്റവാളി, താൻ കൊലപ്പെടുത്തിയ സ്ത്രീകളെയും അവരുടെ കുടുംബാംഗങ്ങളെയും ഒരുപോലെ തെറ്റിദ്ധരിപ്പിച്ച വ്യക്തി, ആദ്യ വധശ്രമക്കേസിൽ നിന്ന് രക്ഷപ്പെട്ട പ്രതി. ലജ്ഞാശീലനായ കൗമാരക്കാരനിൽ നിന്ന് നാട്ടുകാർ ബഹുമാനിക്കുന്ന അദ്ധ്യാപകനായിരിക്കുമ്പോൾ തന്നെ, കൊലപാതകങ്ങളുടെ പരമ്പരയിലൂടെ കടന്നുപോയ ഒരാൾ. ഒരു ക്രൈം ത്രില്ലർ നോവലിനേക്കാൾ പിരിമുറുക്കം നൽകുന്നതാണ് മോഹൻകുമാറിന്റെ ജീവിതം.
കർണാടകയിലെ ദക്ഷിണ കന്നഡ ജില്ലയിലെ ഒരു ഗ്രാമത്തിൽ താമസിച്ചിരുന്ന മോഹൻ കുമാർ എന്ന അദ്ധ്യാപകൻ 25 ലധികം സ്ത്രീകളെ സയനൈഡ് ഉപയോഗിച്ച് കൊലപ്പെടുത്തിയതായി 2009ന്റെ അവസാനത്തോടെ നടത്തിയ അന്വേഷണത്തിൽ കർണ്ണാടക പൊലീസ് കണ്ടെത്തിയത്. അന്നത്തെ ഞെട്ടിക്കുന്ന വാർത്തയായിരുന്നു.
അഞ്ച് വർഷത്തിനുള്ളിൽ (2004 നും 2009 നും ഇടയിൽ) 20 സ്ത്രീകളെ കൊലപ്പെടുത്തിയ കേസുകളിലാണ് മോഹൻ കുമാർ എന്ന കായികാദ്ധ്യാപകൻ ജയിലിലായത്. നിലവിൽ ബെലഗാവിയിലെ ഹിൻഡാൽഗ സെൻട്രൽ ജയിലിൽ കഴിയുകയാണ് മോഹൻ കുമാർ എന്ന സയനൈഡ് മോഹൻ. കാസർഗോഡ് ജില്ലയിലെ ഒരു യുവതിയെ കൊലപ്പെടുത്തിയത് ഉൾപ്പടെ വിവിധ കൊലപാതക കേസുകളിലായി ജീവപര്യന്തം മുതൽ വധശിക്ഷ വരെ ശിക്ഷ ലഭിച്ചാണ് ജയിലിൽ കഴിയുന്നത്.
മോഹൻ കുമാർ നടത്തിയ കൊലപാതകങ്ങൾ വളരെ വ്യക്തിപരമായ ആഘാതങ്ങൾ മാത്രമല്ല, സാമൂഹിക ആഘാതങ്ങൾക്കും വഴിയൊരുക്കിയിരുന്നു. ദക്ഷിണ കർണ്ണാടകത്തിലും വടക്കൻ കേരളത്തിലും ഉൾപ്പടെ ഇത് ലൗ ജിഹാദിന്റെ ഭാഗമായ കൊലപാതകങ്ങളാണ് എന്ന പേരിൽ പല ഹിന്ദുത്വ സംഘടനകളും പ്രചാരണം നടത്തി. ഇത് സമൂഹത്തിൽ അസ്വസ്ഥത പടർത്തുന്നതിന് കാരണമാകുകയും ചെയ്തിരുന്നു. മോഹൻ കുമാറിനെ കുടുക്കിയ അനിത ബംഗേരയുടെ തിരോധാനം ആദ്യഘട്ടത്തിൽ പൊലീസ് പോലും ലൗ ജിഹാദ് പട്ടികയിൽ പെടുത്തി തള്ളിക്കളയുകയായിരുന്നുവെന്ന് അന്നത്തെ മാധ്യമ വാർത്തകൾ വ്യക്തമാക്കുന്നു. ഈ കേസാണ് മോഹൻ കുമാർ നടത്തിയ കൊലപാതക പരമ്പരകളിലേക്ക് വെളിച്ചം വീശിയത്.
കർണാടക സംസ്ഥാനത്തെ ദക്ഷിണ കന്നഡ ജില്ലയിലെ ഒരു പ്രദേശമാണ് ഉള്ളാലിൽ നിന്ന് ഏകദേശം 35 കിലോമീറ്റർ അകലെയുള്ള കന്യാനയിലാണ് ജനിച്ചത്. മോഹന്റെ കൗമാരക്കാലത്ത് തന്നെ, അച്ഛൻ കുടുംബത്തെ ഉപേക്ഷിച്ചു പോയി. സ്കൂൾ കാലം മുതൽ കായികതാരമായിരുന്ന മോഹൻ, ബിരുദം നേടിയ ശേഷം 1984 ൽ ദക്ഷിണ കന്നഡ ജില്ലയിലെ പുത്തൂർ താലൂക്കിലെ ഷിരാദി എന്ന സ്ഥലത്തെ പ്രൈമറി സ്കൂളിൽ കായിക അദ്ധ്യാപകനായി ചേർന്നു.
അദ്ധ്യാപകനായിരുന്ന കാലത്ത് ജോലിയിൽ ഹാജരാകാത്തതിനാൽ രണ്ട് തവണ നിന്ന് സസ്പെൻഡ് ചെയ്യപ്പെട്ടു. ജോലി ലഭിച്ച് മൂന്ന് വർഷം കഴിഞ്ഞപ്പോൾ, 1987 ൽ മോഹൻ, കുട്ടിക്കാലം മുതൽക്ക് പരിചയമുണ്ടായിരുന്ന മേരി എന്ന സ്ത്രീയെ വിവാഹം കഴിച്ചതായി അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നു. പിന്നീട് മോഹനുമായി വേർപിരിഞ്ഞ് മേരി കുഞ്ഞുമായി പോയി. ഇതിനിടയിൽ മോഹന് വേദവതി എന്ന സ്ത്രീയുമായും പിന്നീട് അമീന എന്ന സ്ത്രീയുമായും ബന്ധമുണ്ടായിരുന്നതായും അന്വേഷണ ഉദ്യോഗസ്ഥർ ഓർമ്മിക്കുന്നു.
1991-ൽ ജോലി സ്ഥിരമായപ്പോൾ മോഹൻ, വേർപിരിഞ്ഞുപോയ മേരിയെ ഔദ്യോഗികമായി വിവാഹമോചനം ചെയ്തു, മഞ്ജുള എന്ന സ്ത്രീയെ വിവാഹം കഴിച്ചു, അവർക്ക് രണ്ട് കുട്ടികളുണ്ട്. പിന്നീട് രണ്ട് കുട്ടികളുള്ള ശ്രീദേവി എന്ന മറ്റൊരു സ്ത്രീയെ വിവാഹം കഴിച്ചു.
2009 ജൂൺ 18ന് ബണ്ട്വാൾ റൂറൽ പൊലീസിൽ കുമ്പാർ സമുദായത്തിൽപ്പെട്ട അനിത ബംഗേര (22) എന്ന യുവതിയെ കാണാനില്ലെന്ന് കാണിച്ച് പരാതി ലഭിച്ചു. സ്വാഭാവികമായും 16-നും 25-നും ഇടയിൽ പ്രായമുള്ള ഒരു പെൺകുട്ടിയെ കാണാതായാൽ, കാമുകനോടൊത്ത് ഒളിച്ചോടിപ്പോയ കേസായി കാണുകയെന്നത് സ്ഥിരം പൊലീസ് രീതികളിലൊന്നാണ്.
അനിതയുടെ കാര്യവും അതിൽ നിന്നും ഒട്ടും വ്യത്യസ്തമായിരുന്നില്ല, എന്നാൽ, നാല് മാസങ്ങൾക്ക് ശേഷം 2009 ഒക്‌ടോബറിൽ ബണ്ട്വാൾ റൂറൽ പൊലീസ് സ്‌റ്റേഷനു മുന്നിൽ ഒരുവിഭാഗം ആളുകൾ വൻ പ്രതിഷേധം നടത്തി. അതിൽ പുരോഹിതൻ ഉൾപ്പടെയുള്ളവർ നേതൃത്വം നൽകാനുണ്ടായിരുന്നു. തുടർന്ന് ഉയർന്ന പൊലീസ് ഉദ്യോഗസ്ഥർ ഈ കേസ് അന്വേഷിച്ച് രണ്ടാഴ്ചയ്ക്കുള്ളിൽ മറുപടി നൽകുമെന്ന് ഉറപ്പ് നൽകി. തുടർന്ന് പ്രതിഷേധം അവസാനിച്ചു.
അന്വേഷണ സംഘം ആദ്യമായി ചെയ്തത് മൊബൈൽ നമ്പർ ട്രാക്ക് ചെയ്യുക എന്നതായിരുന്നു.
ഒരാളുടെ മൊബൈൽ നമ്പർ സജീവമായിരിക്കുമ്പോൾ ട്രാക്ക് ചെയ്യുന്നത് ബുദ്ധിമുട്ടുള്ള കാര്യമല്ല. പക്ഷേ, ഇവിടെ അങ്ങനെയായിരുന്നില്ല കാര്യങ്ങൾ. സിനിമയെ പോലും അതിശയിപ്പിക്കുന്നതായിരുന്നു അന്വേഷണ സംഘത്തിന് മുന്നിൽ തുറന്നു വന്ന വഴികൾ. കഥയെഴുത്തുകാർ ഭാവന കൊണ്ടു പോലും പോകാത്ത വഴികൾ.
അന്വേഷണ സംഘം അനിതയുടെ മൊബൈൽ ഫോൺ കോൾ ഡീറ്റെയിൽ റെക്കോർഡുകൾ (സിഡിആർ) എടുത്തു. അനിത പല തവണ മണിക്കൂറുകളോളം,സംസാരിച്ച ഒരു നമ്പർ അതിൽ നിന്നും ലഭിച്ചു. ആ നമ്പർ മടിക്കേരിയിലെ പി എം കാവേരി എന്ന ആളിന്റേതാണ് എന്ന് കണ്ടെത്തി. അന്വേഷണ സംഘം അവിടെ ചെന്നപ്പോൾ, 2009 മാർച്ച് മുതൽ കാവേരിയെ കാണാനില്ല എന്ന മനസ്സിലാക്കി. തുടർന്ന്, കാവേരിയുടെ നമ്പറിന്റെ വിശദാംശങ്ങൾ (സിഡിആർ) എടുത്തു, അത് അന്വേഷണ സംഘത്തെ എത്തിച്ചത് മറ്റൊരു സ്ത്രീയുടെ ഫോൺ നമ്പരിലേക്കാണ്. ആ സ്ത്രീയുടെ നമ്പരിലേക്കാണ് കാവേരി ഏറ്റവും കൂടുതൽ ഫോൺ ചെയ്തിരുന്നത്. അത് അന്വേഷിച്ചപ്പോൾ പുത്തൂരിലെ വിനുത എന്ന സ്ത്രീയുടെ വീട്ടിലേക്കെത്തിച്ചു. അവിടെ എത്തിയപ്പോൾ അവരെയും കാണാതായിട്ട് മാസങ്ങളായിരിക്കുന്നു.
വിനുതയുടെ നമ്പർ പരിശോധിച്ചപ്പോൾ അവിടുന്നും കിട്ടിയത് ഇതുപോലെ ഒരു നമ്പരിലേക്ക് കൂടുതൽ കോളുകൾ. അത് അന്വേഷണ സംഘത്തെ കൊണ്ടെത്തിച്ചത് ബെംഗളൂരുവിലെ പുഷ്പ എന്ന സ്ത്രീയുടെ അടുത്തേക്കായിരുന്നു. അവിടെയെത്തിയപ്പോൾ അവരെയും കാണാതായിട്ട് മാസങ്ങളായിരുന്നു.
അന്വേഷണ സംഘം വഴിമുട്ടി. ഓരോ ഫോൺ നമ്പർ അന്വേഷിച്ചു പോകുമ്പോഴും അതിലെ വ്യക്തി കാണാതായ ആളായിരിക്കും. നീണ്ടുപോകുന്ന ഉത്തരമില്ലാത്ത കാണാതാകലുകൾ, അന്വേഷണ സംഘത്തെ മറ്റൊരു തരത്തിൽ ചിന്തിക്കാൻ പ്രേരിപ്പിച്ചു. അവർ ഈ കോളുകളുടെയൊക്കെ ഇരുഭാഗത്തെയും ടവറുകൾ പരിശോധിച്ചു. ഈ നമ്പറിൽ നിന്ന് കാണാതായ സ്ത്രീകളുടെ നമ്പറുകളിലേക്ക് കോളുകൾ വന്നിരുന്നത് ഒരിടത്താണ് എന്ന് കണ്ടെത്തി. ദക്ഷിണ കന്നഡ ജില്ലയിൽ മംഗലാപുരം നഗരത്തിലെ തെക്ക്-കിഴക്ക് ഭാഗത്തുള്ള ദേരളകട്ടെ എന്ന സ്ഥലം. കർണാടക-കേരള അതിർത്തിയിൽ നിന്ന് ഏകദേശം ഒമ്പത് കിലോമീറ്റർ അകലെയാണ് ഈ പ്രദേശം.
പൊലീസ് സംഘം ദേരളകട്ടെ ഉൾപ്പടെ ഈ പ്രദേശത്ത് അന്വേഷണം വ്യാപിച്ചു. ദേരളകട്ടെ ഈ മേഖലയിലെ വിദ്യാഭ്യാസ, ആരോഗ്യ, വാണിജ്യ പ്രദേശവും കൂടെയാണ്. പെൺവാണിഭ റാക്കറ്റായിരിക്കും ഇതിന് പിന്നിൽ എന്ന സംശയമാണ് അന്വേഷണ സംഘത്തിന് ആദ്യം ഉണ്ടാകുന്നത്. സംശയമുള്ള എല്ലാ സ്ഥലങ്ങളും അവർ അരിച്ചുപെറുക്കി പരിശോധിച്ചു. ഒരു തുമ്പും കിട്ടിയില്ല. അന്ന് സി സി ടിവി ഒന്നും വ്യാപകമല്ലാതിരുന്നതിനാൽ ഒരടയാളവും ലഭിച്ചില്ല.
ഓരോ സംഭവങ്ങളും മൂൻനിർത്തി സാധ്യതകളെ കുറിച്ച് കൂട്ടിയും കുറച്ചും ഗുണിച്ചും ഹരിച്ചും അന്വേഷണ സംഘം അവസാനം ഒരു തീരുമാനത്തിലെത്തി. ഈ കോളുകൾ ചെയ്യാൻ ഉപയോഗിച്ച മൊബൈൽ ഹാൻഡ്സെറ്റുകൾ ഏതൊക്കെ എന്ന് ട്രാക്ക് ചെയ്യുക. അന്ന് മൊബൈൽ ഫോൺ ഹാൻഡ് സെറ്റ് ഇതുപോലെ വേഗത്തിൽ പുതിയ മോഡലുകൾ ഇറങ്ങി തുടങ്ങിയിരുന്നില്ല. അധികം കമ്പനികളും സജീവമായിരുന്നില്ല. ആൻഡ്രോയിഡ് ഫോണിന്റ ഇന്ത്യയിലെ തുടക്കകാലവുമായിരന്നു.
ഇതിലെ ഓരോ സിമ്മും ആക്ടീവായത് ഏത് ഫോണിൽ നിന്നാണ് എന്നായിരുന്നു അന്വേഷണം. എല്ലാ സിമ്മും ആക്ടീവായിരിക്കുന്നത് ഒരൊറ്റ ഐ എം ഇ ഐ (IMEI ) നമ്പരിൽ നിന്നാണ് അന്വേഷണ സംഘത്തിന് കണ്ടെത്താൻ സാധിച്ചു. അതോടെ അടഞ്ഞുപോയ അന്വേഷണ വഴിയിൽ പുതിയൊരു പ്രകാശം തെളിഞ്ഞു വന്നു. ഈ സിമ്മുകളെല്ലാം പ്രവർത്തിച്ചിരിക്കുന്നത് ഒരേ ഫോണിൽ നിന്നാണ്. ആ ഫോണിന്റെ ബ്രാൻഡും മോഡലും അന്വേഷണ സംഘത്തിന് ലഭിച്ചു. ആ ഫോണിന്റെ ഉടമയെ തേടിയുള്ള അന്വേഷണം ഒരാളിൽ എത്തിച്ചു.
ആ വ്യക്തി ദേരളക്കാട്ടിലുള്ള ആളായിരുന്നു. ആ ഹാൻഡ്‌സെറ്റ് തന്റേതാണ് എന്ന് അദ്ദേഹം സമ്മതിച്ചു. പക്ഷേ, ഇപ്പോൾ താൻ അല്ല ഇതുപയോഗിക്കുന്നത് എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ഒരു നിമിഷം അന്വേഷണ സംഘത്തിന് മുന്നിൽ ഇരുട്ട് വീണു. അപ്പോൾ അദ്ദേഹം തുടർന്നു, ഈ ഫോൺ താൻ വാങ്ങിയതാണെങ്കിലും ഇപ്പോൾ അത് മറ്റൊരാളിന് നൽകി. അത് തന്റെ അനന്തരവൻ മോഹൻ കുമാറിനാണെന്നും പറഞ്ഞു. മോഹൻ സ്കൂളിലെ അദ്ധ്യാപകനാണെന്നും അദ്ദേഹം വ്യക്തമാക്കി.
ഇതോടെ പ്രതിയെ മനസ്സിലായെങ്കിലും അന്വേഷണ സംഘം മോഹനെ കസ്റ്റഡിയിലെടുക്കുകയോ ചോദ്യം ചെയ്യുകയോ ചെയ്തില്ല. പകരം അതിൽ നിന്നുള്ള ഫോൺ കോളുകൾ നിരീക്ഷിക്കാൻ തുടങ്ങി. മോഹൻ അപ്പോഴേക്കും പുതിയ ഇരയെ കുടുക്കിയിരുന്നു.
സുമിത്ര എന്ന സ്ത്രീയായിരുന്നു അപ്പോൾ മോഹൻ ലക്ഷ്യമിട്ടിരുന്ന ഇര. അവരെ ബന്ധപ്പെടാൻ ഈ ഫോൺ ഉപയോഗിച്ചതായി അന്വേഷണ സംഘം കണ്ടെത്തി. അന്വേഷണ സംഘത്തിന് അവരെയും കാണാതായിട്ടുണ്ടോ എന്നതായിരുന്നു സംശയം. സുമിത്രയുടെ ഫോണിലേക്ക് അന്വേഷണ ഉദ്യോഗസ്ഥൻ വിളിച്ചു. സുമിത്ര കോൾ എടുത്ത് സംസാരിച്ചു. അവർ ഒരു വിധവയായിരുന്നു. ഉദ്യോഗസ്ഥർ ഉടനെ സുമിത്രയെ ചെന്നു കണ്ടു. മോഹന്റെ ഫോട്ടോ കാണിച്ചപ്പോൾ സുമിത്ര ആളെ തിരിച്ചറിഞ്ഞു. എന്നാൽ, അദ്ദേഹത്തിന്റെ പേര് സുധാകർ എന്നാണ് മോഹൻ എന്നല്ല എന്നായിരുന്നു സുമിത്രയുടെ മറുപടി.
അന്വേഷണ സംഘം ആവശ്യപ്പെട്ട പ്രകാരം സുമിത്ര മോഹനെ വിളിച്ചു, സുമിത്രയെ കാണാനായി മോഹൻ വന്നപ്പോൾ പൊലീസ് കസ്റ്റഡിയിലെടുത്തു. ദിവസങ്ങളോളം നീണ്ട ചോദ്യം ചെയ്യലിന് ഒടുവിലാണ് മോഹൻ കുറ്റം സമ്മതിച്ചത്.
കുറ്റസമ്മത മൊഴിയിൽ താൻ കബളിപ്പിച്ച സ്ത്രീകളെ കൊല്ലാൻ സയനൈഡ് ഉപയോഗിച്ചതായി മോഹൻ പറഞ്ഞു. സയനൈഡ് കൊടുത്ത് കൊലപ്പെടുത്തിയ ചില സ്ത്രീകളുടെ പേരും സ്ഥലവും പറഞ്ഞു. ഓരോ സ്ഥലത്തെയും പ്രാദേശിക പൊലീസ് സ്റ്റേഷനുകളുമായി ബന്ധപ്പെട്ട് അന്വേഷണ സംഘം ഈ മൊഴികളുടെ വസ്തുതയെ കുറിച്ച് അന്വേഷിച്ചു. മോഹൻ പറഞ്ഞ അതേ ദിവസങ്ങളിൽ, അതേ സ്ഥലത്ത് അതായത്- ബസ് സ്റ്റാൻഡുകളിലെ ടോയ്‌ലറ്റിൽ നിന്നാണ് സ്ത്രീകളുടെ മൃതദേഹം കണ്ടെത്തിയതെന്ന് ലോക്കൽ പൊലീസ് അറിയിച്ചു.
എന്നാൽ, ആ കേസുകൾ എല്ലാം തന്നെ അസ്വാഭാവിക മരണങ്ങളായി അവസാനിപ്പിച്ചവയായിരുന്നു. ഈ മൊഴികളുടെ അടിസ്ഥാനത്തിൽ മരിച്ച 24 സ്ത്രീകളുടെ പട്ടിക പൊലീസ് തയ്യാറാക്കി. അനിതയുടെ ഉൾപ്പടെ 25 സ്ത്രീകളുടെ കേസുകൾ മോഹൻ കുമാർ എന്ന മോഹനനുമായി ബന്ധപ്പെട്ട് അന്വേഷണ സംഘത്തിന് മുന്നിൽ തെളിഞ്ഞു വന്നു.
മോഹൻ കുമാറിനെ അറസ്റ്റ് ചെയ്ത പൊലീസ് അയാളുടെ പക്കൽ നിന്നും എട്ട് സയനൈഡ് ഗുളികകൾ, അനിതയുടെ ആഭരണങ്ങൾ എന്നിവ കണ്ടെടുക്കയും ചെയ്തു.
മോഹൻ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ കർണ്ണാടക സിഐഡി അന്വേഷണം ഏറ്റെടുത്തു. ഇതിൽ കുടക്, മൈസൂരു, ബെംഗളൂരു, ഹാസൻ തുടങ്ങിയ സ്ഥലങ്ങളിൽ മോഹൻ കൊലപാതകം നടത്തിയതായി കണ്ടെത്തി.
കൊലപ്പെടുത്തിയ മിക്ക സ്ത്രീകളുടെയും മൊബൈൽ ഫോൺ മോഹൻ, സജീവമായി നിലനിർത്തിയിരുന്നു, അവരുടെ കുടുംബത്തിൽ നിന്നുള്ള ആരെങ്കിലും വിളിച്ചാൽ, ആ സ്ത്രീയെ താൻ വിവാഹം ചെയ്തുവെന്നും വേറെ ഏതെങ്കിലും സംസ്ഥാനത്ത് സ്ഥിരതാമസമാക്കിയെന്നും മോഹൻ തന്നെ മറുപടി നൽകും. സാധാരണക്കാരും താഴ്ന്ന വരുമാനക്കാരുമായ വീട്ടുകാരെ സംബന്ധിച്ചടത്തോളം പല കാരണങ്ങളാൽ അത് ആശ്വാസമേകും. മകൾ സുരക്ഷിതയായും സുഖമായുമിരിക്കുന്നു എന്ന വിശ്വാസം. വലിയ സ്ത്രീധനം ഉൾപ്പടെയുള്ള വിവാഹച്ചെലവ് താങ്ങാൻ കഴിയാത്ത ആ കുടുംബങ്ങൾക്ക് മകൾക്ക് നല്ലൊരു ജീവിതം കിട്ടിയെന്ന വിശ്വാസവും ആയിരുന്നു ഇതിലെ ഘടകങ്ങൾ.
അതുകൊണ്ട് തന്നെ ആരും കേസുമായി പുറകെ പോയില്ല. ഇത് മോഹന് സൗകര്യമായി. മാത്രമല്ല, മോഹനെ സംബന്ധിച്ച് ഓരോ ഇരയിലേക്കും എത്താൻ പുതിയ ഫോൺ നമ്പരുകൾ, അത് പൊലീസിനെ എപ്പോഴും വഴിതെറ്റിക്കാൻ ഉള്ള മാർഗവും ആയിരുന്നു. അന്വേഷണ സംഘം ആദ്യമന്വേഷിച്ച് പോയപ്പോൾ എങ്ങുമെത്താതെ അലഞ്ഞത് മോഹൻ മുൻകൂട്ടി കണ്ട ബുദ്ധിക്ക് ഉദാഹരണമാണ്. എന്നാൽ, അതേ ബുദ്ധിയിൽ തന്നെയാണ് മോഹനുള്ള കുരുക്കിലേക്ക് ഉള്ള അടയാളവും ചേർന്നു കിടന്നത്.
മോഹൻ എപ്പോഴും ദരിദ്ര പശ്ചാത്തലത്തിൽ നിന്നുള്ള സ്ത്രീകളെ ലക്ഷ്യമാക്കിയാണ് കരുക്കൾ നീക്കിയിരുന്നത്. വളരെ സൂക്ഷ്മതയോടെയാണ് മോഹൻ ഒരു സ്ത്രീയെ ലക്ഷ്യമിട്ട് കരുക്കൾ നീക്കിയിരുന്നതെന്ന് അന്വേഷണ ഉദ്യോഗസ്ഥരുടെ റിപ്പോർട്ടിൽ കാണാം. താൻ ലക്ഷ്യമിടുന്ന സ്ത്രീയുടെ ജാതി ഉൾപ്പടെ സകലതും തനിക്ക് അനുകൂലമാക്കുന്ന രീതിയിൽ സ്വയം അവതരിപ്പിക്കും. അവരുടെ അതേ ജാതി പേരിലാകും മോഹനും സ്വന്തം പേര് സൃഷ്ടിക്കുക.
ഇങ്ങനെ അവരുമായി ഒരടുപ്പം സൃഷ്ടിക്കും. ഓരോരുത്തരുടെയും ജാതിപ്പേരുകൾ ചേർത്ത് പല പേരുകൾ. കേന്ദ്ര സർക്കാരിലും മറ്റും ഉദ്യോഗസ്ഥനാണ് എന്ന് സ്ത്രീകളെ തെറ്റിദ്ധരിപ്പിക്കും. പ്രണയത്തിലാകുമ്പോൾ സ്ത്രീകളോട് ഒളിച്ചോടാം എന്നുള്ള ആശയം മുന്നോട്ട് വെക്കും. സ്വർണ്ണവും പണവുമായി വരാൻ അവരോട് ആവശ്യപ്പെടും. വീട്ടിലേക്ക് പോകുന്ന വഴിയിൽ ലോഡ്ജിൽ മുറിയെടുക്കുകയും ലൈംഗിക ബന്ധത്തിലേർപ്പെടുകയും ചെയ്യും. അടുത്തദിവസം രാവിലെ ക്ഷേത്രത്തിലേക്ക് കൊണ്ടുപോകും. ആഭരണങ്ങളും പണവും മുറിയിൽ വച്ചാകും പ്രാർത്ഥനയ്ക്ക് എന്ന പേരിൽ ക്ഷേത്രത്തിലേക്കുള്ള യാത്ര. വഴിയിൽ വെച്ച് ആയുർവേദ ഗർഭനിരോധന ഗുളികകൾ കഴിക്കാൻ ആവശ്യപ്പെടും. ഈ ഗുളിക കഴിച്ചാലുടൻ മൂത്രമൊഴിക്കാൻ തോന്നുമെന്നും അതിനാൽ ബസ് സ്റ്റാൻഡിലെ ടോയ്‌ലറ്റിനുള്ളിൽ വച്ച് ഈ ഗുളികകൾ കഴിക്കണമെന്നും പറയും.
സയനൈഡ് കലർത്തി സൂക്ഷിച്ച ഗുളികയാണ് നൽകുക. അതിനാൽ കഴിക്കുമ്പോൾ തന്നെ മരണമടയും. ബസ് സ്റ്റാൻഡിൽ ഏതാനും മിനിട്ടുകൾ നിന്ന് അവരുടെ മരണം ഉറപ്പാക്കി മോഹൻ അവിടം വിടും. തിരികെ മുറിയിലെത്തി സ്വർണ്ണവും പണവുമെടുത്ത് മോഹൻ സ്ഥലം വിടുകയും ചെയ്യുമായിരുന്നു എന്നാണ് അന്വേഷണ സംഘം കണ്ടെത്തിയത്.
മോഹൻ ആദ്യമായി വധശ്രമക്കേസിൽ പെടുന്നത് 2000ത്തിലാണ്. അന്ന് പക്ഷേ, സയനൈഡ് ആയിരുന്നില്ല അന്ന് മോഹൻ ഉപയോഗിച്ച മാർഗം. അന്ന് ആ സ്ത്രീയെ പാലത്തിൽ നിന്ന് തള്ളിയിടുകയായിരുന്നു. ദക്ഷിണ കർണ്ണാടകത്തിലെ ബെൽത്തങ്ങാടിയിലായിരുന്നു ആ സംഭവം. രത്ന എന്ന സ്ത്രീയെ അവരുടെ ആഭരണങ്ങൾ കൈക്കലാക്കിയ ശേഷം പാലത്തിൽ നിന്ന് നദിയിലേക്ക് തള്ളിയിട്ടു. എന്നാൽ, ചിലർ അവരെ രക്ഷിച്ചു. ഈ കേസിൽ ജയിലിലായി. ജോലിയിൽ നിന്ന് സസ്പെൻഡ് ചെയ്യപ്പെട്ടു.
ഈ കേസിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ ജയിലിൽ കിടക്കുമ്പോഴാണ് സയനൈഡ് മോഹനിലേക്കുള്ള മാറ്റത്തിലെ ആദ്യ അറിവ് നേടുന്നത്. കലാപക്കേസിൽ പ്രതിയായി ജയിലിലുണ്ടായിരുന്ന സ്വർണപ്പണിക്കാരനായ ഗുരുപ്രസാദ് എന്ന വ്യക്തിയുമായി മോഹൻ അടുത്തു. അങ്ങനെയാണ് സയനൈഡ് ഉള്ളിൽ ചെന്നാൽ ഉടനടി മരണം സംഭവിക്കുമെന്ന് താൻ തിരിച്ചറിഞ്ഞതെന്നാണ് മോഹൻ പൊലീസിനോട് വെളിപ്പെടുത്തിയത്.
വധശ്രമക്കേസിൽ നിന്ന് മോചിതനായി. തിരികെ ജോലിയിൽ പ്രവേശിച്ചു. എന്നാൽ വധശ്രമക്കേസിൽ ഉൾപ്പെട്ടതിലെ മൂന്നാം വർഷം പുതിയൊരു സംഭവം ഉണ്ടായി. 2003ൽ മംഗളുരുവിലെ ഗംഗമ്മ എന്ന സ്ത്രീക്ക് ഗർഭ നിരോധന ഗുളിക എന്ന പേരിൽ ഉറക്കഗുളിക നൽകി,മയക്കി കിടത്തി അവരുടെ സ്വർണ്ണാഭരണങ്ങൾ മോഷ്ടിച്ച് മോഹൻ സ്ഥലം വിട്ടു. പിന്നീട് മോഹനെ വഴിയിൽ വച്ച് കണ്ടപ്പോൾ അവർ അയാളെ പിടികൂടുകയും പൊലീസ് സ്റ്റേഷനിൽ എത്തിക്കുകയും ചെയ്തു. എന്നാൽ സ്വർണ്ണാഭരണങ്ങൾ നൽകി മോഹൻ, കേസിൽ നിന്നും രക്ഷപ്പെട്ടു എന്നും പൊലീസ് പറയുന്നു.
ഇതോടെ ജയിലിൽ നിന്നും ലഭിച്ച അറിവ് തനിക്ക് എങ്ങനെ ഉപയോഗിക്കാനാകും എന്ന ചിന്തയിലേക്ക് മോഹൻ മാറി. സ്വർണ്ണപണിക്കാരനെന്ന വ്യാജേന സയനൈഡ് സംഘടിപ്പിച്ചു. 2004ൽ സയനൈഡ് ഉപയോഗിച്ച് ആദ്യ കൊലപാതകം നടത്തിയതായി അന്വേഷണ സംഘം പറയുന്നു. . ബെംഗളുരു സ്വദേശിയായ വനിത എന്ന സ്ത്രീയെയാണ് ആദ്യമായി കൊലപ്പെടുത്തിയത്. എന്നാൽ ആ യുവതി ആരാണെന്ന് ആ സമയത്ത് തിരിച്ചറിയാൻ കഴിയാത്തതിനാൽ കേസ് അവിടെ അവസാനിച്ചു.
മോഹൻ 32 സ്ത്രീകളെ കൊലപ്പെടുത്തിയിട്ടുണ്ട് എന്നാണ് പൊലീസ് നിഗമനം. ഒരു മാസത്തിനുള്ളിൽ രണ്ടോ മൂന്നോ സ്ത്രീകളെ വരെ കൊലപ്പെടുത്തിയിട്ടുണ്ടാകം. മോഹൻ ഒരു ഡയറി സൂക്ഷിച്ചിരുന്നു, അതിൽ ഇരയുടെ പേരും താൻ അവർക്ക് സ്വയം പരിചയപ്പെടുത്തിയ പേരും രേഖപ്പെടുത്തിയിരുന്നു. അവർ കൊല്ലപ്പെട്ടുകഴിഞ്ഞാൽ ആ പേര് വെട്ടിക്കളയും. പല കേസുകളും വെളിച്ചത്തുപോലും വന്നിട്ടില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥരുടെ കേസ് സ്റ്റഡി റിപ്പോർട്ടിനെ ഉദ്ധരിച്ച് ഇന്ത്യൻ എക്സ്പ്രസ് ഉൾപ്പടെയുള്ള വിവിധ ദേശീയ, പ്രാദേശിക മാധ്യമങ്ങളുടെ റിപ്പോർട്ടിൽ പറയുന്നു.
25 കൊലപാതകങ്ങളിൽ പ്രതിയായ സയനൈഡ് മോഹൻ 20 കേസുകളിൽ ശിക്ഷിക്കപ്പെട്ടു. 2013ൽ അനിതയെ കൊലപ്പെടുത്തിയ കേസിൽ 2013ൽ വധശിക്ഷ വിധിച്ചിരുന്നു.എന്നാൽ 2017ൽ കർണാടക ഹൈക്കോടതി വധശിക്ഷ ജീവപര്യന്തമായി ഇളവ് ചെയ്തു.
കാസർകോട് ബദിയഡുക്ക പഡ്രെയിലെ 23-കാരിയെ കൊലപ്പെടുത്തിയ കേസിലാണ് ഇതുവരെയുള്ളതിൽ അവാസന ശിക്ഷ വിധിച്ചത്. ഈ കേസിൽ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ടു. അഞ്ച് കേസുകളിൽ വധശിക്ഷയും മറ്റുള്ളവയിൽ ജീവപര്യന്തവുമാണ് മോഹനന് വിധിച്ചത്. വധശിക്ഷകളിൽ രണ്ടെണ്ണം പിന്നീട് ജീവപര്യന്തമാക്കി ഇളവ് ചെയ്തു കിട്ടി.
കളങ്കാവൽ എന്ന സിനിമ വരുന്നതിന് മുമ്പ് തന്നെ സയനൈഡ് മോഹന്റെ കഥ ദൃശ്യാവിഷ്ക്കാരമായി വന്നിരുന്നു. 2025 ഒക്ടോബറോടെ പുറത്തിറിങ്ങിയ ഹിന്ദി ക്രൈം ത്രില്ലർ ചിത്രമായ ഭാഗവത് ചാപ്റ്റർ വൺ: രാക്ഷസ് മോഹന്റെ ജീവിതത്തെ ആസ്പദമാക്കിയാണ് എന്ന പലരും ചൂണ്ടിക്കാട്ടിയിരുന്നു. സയനൈഡ് മോഹന്റെ ജീവിത്തെ ആസ്പദമാക്കിയാണ് ദഹാദ് എന്ന ത്രില്ലർ വെബ് സീരീസ് ഒടിടി (OTT) പ്ലാറ്റ്‌ഫോമിൽ പുറത്തിറങ്ങിയതും.ഡോ. മൈക്കൽ സുവാരസ്, എന്ന അദ്ധ്യാപകൻ The Cyanide Mohan Murders എന്ന പുസ്തകവും ഈ സംഭവങ്ങളെ ആസ്പദമാക്കി രചിച്ചിട്ടുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates