രാജ്യാന്തരം

ലിബിയ;അറബ് വസന്തം എരിവെയിലില്‍ നിന്നും ആളുന്ന തീയിലേക്ക് എടുത്തെറിഞ്ഞ ജനത 

സമകാലിക മലയാളം ഡെസ്ക്

ലിബിയ വീണ്ടും വാര്‍ത്തകളില്‍ ഇടം പിടിക്കുകയാണ്. ഇത്തവണ യുദ്ധ ഭൂമിയില്‍ നിന്നും പ്രാണരക്ഷാര്‍ത്ഥം യൂറോപ്പിലേക്ക് പുറപ്പെട്ട ഇരുനൂറോളം അഭയാര്‍ത്ഥികള്‍ മെഡിറ്ററേനിയന്‍ കടലില്‍ മുങ്ങിമരിച്ചതാണ് വാര്‍ത്ത. വെറും വാര്‍ത്തയായി മാത്രം ഈ മുങ്ങി മരണങ്ങളെ ലോകരാഷ്ട്രങ്ങള്‍ക്ക് തള്ളിക്കളയാനാകില്ല.കാരണം ഏറ്റവും കൂടുതല്‍ അഭയാര്‍ത്ഥികളെ സൃഷ്ടിക്കുന്ന രാജ്യങ്ങളുടെ പട്ടികയില്‍ ഇടംപിടിച്ചിരിക്കുന്ന ഈ ആഫ്രിക്കന്‍ രാജ്യം ലോകത്തിന് മുന്നില്‍ ഉയര്‍ത്തുന്ന ചോദ്യങ്ങള്‍ അനവധിയാണ്. ലിബിയിയലെ സമ്പുഷ്ടമായ എണ്ണപ്പാടങ്ങള്‍ സ്വപനം കണ്ട് സഹായിക്കാനെന്ന പേരില്‍ യുദ്ധത്തിനിറങ്ങി പുറപ്പെട്ട ലോകരാജ്യങ്ങളും ലിബിയന്‍ ജനതയുടെ ഇപ്പോഴത്തെ അവസ്ഥയില്‍ പ്രതികളാണ്. 42 വര്‍ഷം അടക്കി ഭരിച്ച ഏകാധിപതിയില്‍ നിന്നും സ്വാതന്ത്യം നേടണം എന്ന ആഗ്രഹം മാത്രമായിരുന്നു ലിബിയന്‍ ജനതയ്ക്ക് 2011ല്‍ വിപ്ലവത്തിനിറങ്ങി പുറപ്പെടുമ്പോള്‍ ഉണ്ടായിരുന്നത്. വര്‍ഷങ്ങള്‍ക്കിപ്പുറം തീവ്രവാദത്തിന്റേയും അരാജകത്വത്തിന്റേയും വിളനിലമായി മാറിയിരിക്കുന്ന രാജ്യത്ത് സമാധാനമെന്നത് ചിന്തിക്കാന്‍ പോലും കഴിയാത്ത വാക്കാണ്. 

അറബ് വസനതം എത്ര രാജ്യങ്ങളെയാണ് എരിവെയിലില്‍ നിന്നും ആളുന്ന തീയിലേക്ക് വലിച്ചെറിഞ്ഞത് എന്നതിന് ഉത്തമ ഉദാഹരണമാണ് ലിബിയ. 2010ല്‍ ട്യുണീഷ്യയില്‍ പൊട്ടിപ്പുറപ്പെട്ട ജനകീയ വിപ്ലവത്തിന്റെ ചുവടുപറ്റിയാണ് 42 വര്‍ഷമായി രാജ്യം അടക്കി ഭരിച്ച മുമദ് അബു മിന്‍യാര്‍ അല്‍ഗദ്ദാഫിക്കെതിരെ വിപ്ലവം നടത്താന്‍ ലിബിയന്‍ ജനത ഇറങ്ങി തിരിച്ചത്.പ്രക്ഷോഭത്തെ ശക്തമായി അടിച്ചമര്‍ത്താന്‍ തീരുമാനിച്ച ഗദ്ദാഫി കനത്ത ആക്രമണമാണ് വിപ്ലവകാരികള്‍ക്കതിരെ അഴിച്ചു വിട്ടത്. സമരക്കാര്‍ക്കെതിരെ വ്യോമാക്രമണം നടത്തിയ ഗദ്ദാഫി കൂട്ടക്കൊലകള്‍ നിരന്തരമായി നടത്തി. എപ്പോഴൊക്കെ സമരക്കാര്‍ പിന്നോട്ടുപോയോ അപ്പോള്‍ പോലും അക്രമം അവസാനിപ്പിക്കാന്‍ ഗദ്ദാഫി തയ്യാറായില്ല. സമരത്തില്‍ നിന്നുള്ള പിന്നോട്ടുപോക്ക് സമരക്കാര്‍ക്കിടയില്‍ ഭിന്നത വളര്‍ത്തുകയും പല ഗ്രൂപ്പുകളായി അവര്‍ തിരിയുകയും ചെയ്തു. ആ പിരിച്ചിലാണ് ലിബിയന്‍ ജനതയുടെ തലവിധി മാറ്റിയെഴുതിയത്. വിപ്ലവാനന്തരം സ്വസ്ഥ ഭരണത്തിലേക്ക് പോകുമായിരുന്ന ലിബിയ കൂടുതല്‍ രക്തരൂക്ഷിത കലാപങ്ങളിലേക്ക് എടുത്തെറിയപ്പെടാന്‍ ഈ പിരിച്ചില്‍ കാരണമായി.

ഗദ്ദാഫി വ്യോമാക്രമണം നടത്തിയത് ലിബിയയില്‍ കാലുകുത്താന്‍ കാത്തിരുന്ന പാശ്ചാത്യശക്തികള്‍ക്ക് കൂടുതല്‍ സഹായകമായി. അമേരിക്കയും സഖ്യകക്ഷികളും ലിബിയയിലേക്കെത്തി. വ്യാപകമായ അക്രമം അഴിച്ചുവിട്ടു. ആയുധങ്ങളും പരിശീലനങ്ങളും ലഭിക്കാതെ അവേശം കൊണ്ട് തെരുവിലിറങ്ങിയ ജനതയ്ക്ക് അവര്‍ക്കൊപ്പം നില്‍ക്കേണ്ടി വന്നു. 2011 ഒക്ടോബര്‍ 20ന് ഗദ്ദാഫിയെ അമേരിക്കന്‍ സൈന്യത്തിന്റെ സഹായത്തോടെ വിപ്ലവകാരികള്‍ വധിച്ചു. ഗദ്ദാഫിക്ക് ശേഷം രാജ്യത്ത് ജനാധിപത്യം പുലരുമെന്ന ലിബിയന്‍ ജനതയുടെ കണക്കുകൂട്ടലുകള്‍ വെറും പാഴ്ക്കിനാവായി.  2012 ജൂലൈയില്‍ ജനാധിപത്യരീതിയിലുള്ള ആദ്യത്തെ തിരഞ്ഞെടുപ്പ് നടക്കുകയും മുസ്തഫ അബു ഷഗൂര്‍ പ്രധാനമന്ത്രിയാകുകയും ചെയ്തു. എന്നാല്‍ ഒരുമാസം പോലും അദ്ദേഹത്തിന് ഭരിക്കാന്‍ കഴിഞ്ഞില്ല.  

ചിത്രം കടപ്പാട്: അല്‍ജസീറ
തിരഞ്ഞെടുപ്പില്‍ തോറ്റവരും അവരെ സഹായിക്കുന്ന സായുധ സംഘങ്ങളും (മിലീഷ്യ) അക്രമമാര്‍ഗത്തിലൂടെ അധികാരം പിടിച്ചെടുക്കാന്‍ തീരുമാനിച്ചു. തുടര്‍ന്നുള്ള നാലു വര്‍ഷത്തിനിടയില്‍ ആറു പ്രധാനമന്ത്രിമാര്‍ ലിബിയിയല്‍ മാറി വന്നു. കഴിഞ്ഞ രണ്ടു വര്‍ഷങ്ങളായി ലിബിയയില്‍ ഒരേസമയത്തു രണ്ട് പ്രധാനമന്ത്രിമാരാണ് അധികാരത്തില്‍. ട്രിപ്പോളിയും കിഴക്കന്‍ മേഖലയിലെ തോബ്‌റുക്കും ആസ്ഥാനമായി രണ്ടു പാര്‍ലമെന്റുകളും ഉണ്ട്. അവിടെയിരുന്ന അവര്‍ പരസ്പരം പോരടിക്കുന്നു. ഇതിനെല്ലാം പുറമേ ഇസ്ലാമിക് സ്റ്റേറ്റും ശക്തമായി രാജ്യത്ത് നിലയുറപ്പിച്ചു. 2014ല്‍ ജനറല്‍ ഖലീഫ ഹഫ്തര്‍ നയിക്കുന്ന ലിബിയന്‍ നാഷണല്‍ ആര്‍മി ഇസ്ലാമിക സായുധ ഗ്രൂപ്പുകള്‍ക്കെതിരെ തുറന്ന യുദ്ധം പ്രഖ്യാപിച്ച് രംഗത്തെത്തി. 2015ല്‍ രണ്ടു പ്രധാനപെട്ട  വിഭാഗങ്ങള്‍ ഒന്നിക്കുകയും ഒരു സംയുക്ത ഭരണകൂടം സ്ഥാപിക്കാന്‍ തീരുമാനിക്കുകയും ചെയ്തു. എന്നാല്‍ അതും വിജയകരമായില്ല. കഴിഞ്ഞവര്‍ഷം സെപ്തംപറില്‍ ഹഫ്തര്‍ രാജ്യത്തിന്റെ വലിയ വിഭാഗം എണ്ണ ശേഖരമുള്ള പ്രദേശങ്ങളില്‍
ഭൂരിഭാഗവും തന്റെ അധീനതയിലാക്കി. മരുഭൂമികള്‍ നിറഞ്ഞ രാജ്യത്തിന്റെ ആള്‍വാസമുള്ള പ്രദേശങ്ങളില്‍ ഭൂരിഭാഗവും ഇപ്പോള്‍ ഹഫ്തര്‍ നേതൃത്വം നല്‍കുന്ന സൈന്യത്തിന് കീഴിലാണ്. ബാക്കി ചെറുതും വലുതുമായ പത്തോളം സായുധ ഗ്രൂപ്പുകള്‍ ഹഫ്തറിനെതിരെ നിരന്തരം പോരടിച്ചു കൊണ്ടിരിക്കുന്നു.പോരാട്ടത്തില്‍ തോറ്റു പോയ,സ്വതന്ത്ര ജീവിതം സ്വപനം കണ്ട ജനത ബാക്കിയുള്ള ജീവിതമെങ്കിലും തിരിച്ചുപിടിക്കാനുനുള്ള ശ്രമങ്ങള്‍ക്കിടയില്‍ ചെറുബോട്ടുകളില്‍ കയറി കടലുകളില്‍ മുങ്ങി
മരിച്ചുകൊണ്ടുമിരിക്കുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഡല്‍ഹിയില്‍ കോണ്‍ഗ്രസിന് കനത്ത തിരിച്ചടി; പിസിസി പ്രസിഡന്റ് അരവിന്ദര്‍ സിങ് ലവ് ലി രാജിവെച്ചു

'എന്റെ മക്കള്‍ ഞാന്‍ പറഞ്ഞാല്‍ കേള്‍ക്കില്ല; അവരെന്നെ വഴക്കു പറയും': ആമിര്‍ ഖാന്‍

കോഹ്‌ലിയ്ക്കരികില്‍... സഞ്ജു രണ്ടാം സ്ഥാനത്ത്

കുറഞ്ഞ സമയത്തിനുള്ളില്‍ കൂടുതല്‍ സ്റ്റോപ്പ്, വന്ദേ മെട്രോ ഈ വര്‍ഷം തന്നെ; പരീക്ഷണ ഓട്ടം ജൂലൈ മുതല്‍

'വിന്‍'സി അല്ല 'ഫണ്‍'സി; ഇത് ഒന്നൊന്നര ട്രക്കിങ് അനുഭവം; വിഡിയോ വൈറല്‍