രാജ്യാന്തരം

ലോകത്ത് നാശം വിതച്ച പ്ലേഗ് വീണ്ടും വരുന്നു; ഒമ്പതു രാജ്യങ്ങള്‍ക്ക് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്

സമകാലിക മലയാളം ഡെസ്ക്

ജനീവ : ലോകത്ത് വന്‍ നാശം വിതച്ച അതീവ അപകടകാരിയായ പ്ലേഗ് രോഗം മടങ്ങിയെത്തുന്നു. മഡഗാസ്‌കറില്‍ പ്ലേഗ് രോഗം ബാധിച്ച് 124 പേര്‍ മരിച്ചതായാണ് ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നത്. 1300 ഓളം പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചതായും ഡബ്ലിയുഎച്ച്ഒ അറിയിച്ചു.  പ്ലേഗ് രോഗം സ്ഥിരീകരിച്ചതിന് പിന്നാലെ മഡഗാസ്‌കറിന് സമീപമുള്ള ഒമ്പത് രാജ്യങ്ങള്‍ക്ക് ലോകാരോഗ്യസംഘടന ജാഗ്രതാ മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്. ദക്ഷിണാഫ്രിക്ക, എതോപ്യ, ടാന്‍സാനിയ, മൗറീഷ്യസ്, കെനിയ, മൊസാംബിക്, സീഷെല്‍സ്, കമോറോസ്, ഫ്രാന്‍സിന്റെ അധീനതയിലുള്ള പ്രവിശ്യയായ ലാ റീയൂണിയന്‍ എന്നിവയ്ക്കാണ് ആദ്യഘട്ടമെന്ന നിലയില്‍ ജാഗ്രതാ മുന്നറിയിപ്പ് നല്‍കിയിട്ടുള്ളത്. വിമാനമാര്‍ഗമോ, കടല്‍ മാര്‍ഗമോ ഉള്ള സഞ്ചാരം മേഖലയില്‍ രോഗവ്യാപനത്തിന് വഴിവെക്കുമെന്നാണ് മുന്നറിയിപ്പ്. അതിനാല്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്നും നിര്‍ദേശത്തില്‍ ചൂണ്ടിക്കാണിക്കുന്നു. 

13,14 നൂറ്റാണ്ടുകളില്‍ മനുഷ്യരാശിയ്ക്ക് വന്‍ നാശം വരുത്തിയ ഭീകര രോഗമായിരുന്നു പ്ലേഗ്. യൂറോപ്യന്‍ ജനതയുടെ മൂന്നിലൊന്നും തുടച്ചുനീക്കപ്പെട്ടത്, കറുത്ത മരണം എന്നറിയപ്പെടുന്ന പ്ലേഗ് രോഗബാധയെത്തുടര്‍ന്നായിരുന്നു. കടുത്ത പനി, തലവേദന, ശരീരവേദന, ഛര്‍ദി, തലകറക്കം തുടങ്ങിയവയാണ് രോഗലക്ഷണങ്ങളെന്ന് ടെക്‌സാസ് യൂണിവേഴ്‌സിറ്റി മൈക്രോബയോളജി ആന്റ് ഇമ്യൂണോളജി പ്രൊഫസറായ ഡോ അശോക് ചോപ്ര പറഞ്ഞു. മൂന്നു തരത്തിലാണ് പ്ലേഗ് രോഗബാധ കണ്ടുവരുന്നത്. ന്യൂമോയിക് പ്ലേഗ്, സെപ്റ്റികാമിക് പ്ലേഗ്, ബൂബോണിക് പ്ലേഗ് എന്നിവയാണിത്. മുന്‍കാലത്ത് ബൂബോണിക് പ്ലേഗാണ് പടര്‍ന്നു പിടിച്ചതെങ്കില്‍, ഇപ്പോള്‍ പടര്‍ന്നുപിടിച്ച രോഗബാധയില്‍ 70 ശതമാനത്തിലേറെയും ന്യൂമോയിക് വിഭാഗത്തില്‍പ്പെട്ടതാണ്. ഇത് ഏറെ അപപകടകരമായ ഒന്നാണെന്നും, രോഗബാധയുടെ തുടക്കത്തില്‍ തന്നെ ചികില്‍സിച്ചില്ലെങ്കില്‍ മരണം ഉറപ്പാണെന്നും ഡോ ചോപ്ര പറഞ്ഞു. 

രോഗബാധ കണ്ടെത്തിയ പ്രദേശങ്ങളിലൂടെയുള്ള സഞ്ചാരം കഴിയുന്നതും ഒഴിവാക്കുന്നതാകും ഉത്തമമെന്നും ഡബ്ലിയുഎച്ച്ഒ അറിയിച്ചു. ബൂബോണിക് പ്ലേഗ് ഈച്ചകള്‍, പ്രാണികള്‍ തുടങ്ങിയവ വഴിയാണ് പകരുന്നതെങ്കില്‍, ന്യൂമോയിക് പ്ലേഗ് വായുവിലൂടെ പകരും. അതുകൊണ്ട് തന്നെ രോഗബാധയുള്ള ആളുമായുള്ള സമ്പര്‍ക്കം രോഗ വ്യാപനത്തിന് കാരണമാകും. അതേസമയം സെപ്റ്റികാമിക് പ്ലേഗ് ബാധ രക്തത്തിലൂടെയാണ് പകരുക. ലോകമെമ്പാടും ഇന്ത്യക്കാര്‍ ഉള്ളതിനാല്‍ ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ് ഇന്ത്യയ്ക്കും ഏറെ നിര്‍ണായകമാണ്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഗവര്‍ണര്‍ക്ക് തിരിച്ചടി; കേരള സര്‍വകലാശാല സെനറ്റിലേക്കുള്ള നാമനിര്‍ദ്ദേശം ഹൈക്കോടതി റദ്ദാക്കി

പുറത്തുനിന്നുള്ളത് മാത്രമല്ല, ശ്രദ്ധിച്ചില്ലെങ്കിൽ വീട്ടിലുണ്ടാക്കുന്ന ഭക്ഷണവും നിങ്ങളെ രോ​ഗിയാക്കാം; മുന്നറിയിപ്പുമായി ഐസിഎംആർ

ആഡംബര കാറിടിച്ച് രണ്ട് പേരെ കൊന്ന സംഭവം; 17 കാരന് സ്റ്റേഷനില്‍ പിസയും ബര്‍ഗറും ബിരിയാണിയും, മദ്യപിക്കുന്ന വീഡിയോ പുറത്ത്

ഫോണ്‍ സ്മൂത്ത് ആയി ഉപയോഗിക്കാം; ഇതാ ഏഴ് ആന്‍ഡ്രോയിഡ് ടിപ്പുകള്‍

അവിഹിത ബന്ധം അറിഞ്ഞതില്‍ പക; പാലക്കാട് ദമ്പതികളെ കൊലപ്പെടുത്തിയ കേസില്‍ പ്രതികള്‍ക്ക് ജീവപര്യന്തം