രാജ്യാന്തരം

സുനാമി മുന്നറിയിപ്പ് പിന്‍വലിച്ചതിന് പിന്നാലെ ഇന്തോനേഷ്യയില്‍ ആഞ്ഞടിച്ച് കൂറ്റന്‍ തിരമാല; നിരവധി വീടുകള്‍ ഒലിച്ചുപോയി, പ്രദേശം ഇരുട്ടില്‍ (വീഡിയോ)

സമകാലിക മലയാളം ഡെസ്ക്

ജക്കാര്‍ത്ത : ഇന്തോനേഷ്യന്‍ ദ്വീപായ സുലവേസിയില്‍ വെളളിയാഴ്ച ഭൂകമ്പമാപിനിയില്‍ 7.5 രേഖപ്പെടുത്തിയ ഭൂകമ്പത്തിനു പിന്നാലെ ഇന്തോനേഷ്യന്‍ നഗരമായ പലുവില്‍ സുനാമിയുണ്ടായതായി റിപ്പോര്‍ട്ടുകള്‍. പ്രാദേശിക തലസ്ഥാനം കൂടിയായ പലുവില്‍ സുനാമിത്തിരകള്‍ ആഞ്ഞടിക്കുന്നതിന്റെ വിഡിയോ ദൃശ്യങ്ങള്‍ പ്രാദേശിക മാധ്യമങ്ങള്‍ പുറത്തുവിട്ടു. സുനാമി മുന്നറിയിപ്പ് പിന്‍വലിച്ചതിന് പിന്നാലെയാണ് തീരത്തേയ്ക്ക് തിരമാലകള്‍ ആഞ്ഞടിച്ചതെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. 

സുലവേസിയില്‍ പലു നഗരത്തിന് പുറമേ ചെറിയ പട്ടണമായ ഡോങ്കളയിലും തിരമാലകള്‍ ആഞ്ഞടിച്ചു. വീടുകളുടെയും കെട്ടിടങ്ങളുടെയും താഴത്തെ നിലയ്ക്ക് മുകളില്‍ വരെ ആഞ്ഞടിച്ച സുനാമിത്തിരയില്‍ നിന്ന് രക്ഷപ്പെടാന്‍ ജനങ്ങള്‍ അലമുറയിട്ട് ഓടുന്നതും ദൃശ്യങ്ങളില്‍ കാണാം. നിരവധി വീടുകള്‍ തിരമാലയില്‍ ഒലിച്ചുപോയി. നിരവധി പേരെ കാണാതായതായി റിപ്പോര്‍ട്ടുകളുണ്ട്. നഗരത്തിലെ ടെലിഫോണ്‍, വൈദ്യൂതി ബന്ധങ്ങള്‍ വിച്ഛേദിക്കപ്പെട്ടു.  

 ഭൂകമ്പത്തിന്റെ പ്രഭവസ്ഥാനത്തിന് 80 കിലോമീറ്റര്‍ അകലെ മൂന്നര ലക്ഷത്തോളം ജനസംഖ്യയുള്ള പലു നഗരത്തിലാണ് സൂനാമിയുണ്ടായതെന്നാണ് സൂചന. സൂനാമിയുടേതെന്നു കാട്ടി സ്മാര്‍ട് ഫോണില്‍ ചിത്രീകരിച്ച ഒരു വിഡിയോ ഇന്തൊനീഷ്യന്‍ ടിവി സംപ്രേഷണം ചെയ്തു. ചെറു ഭൂകമ്പമുണ്ടായി മണിക്കൂറുകള്‍ക്കു ശേഷമാണ് ഇന്തോനേഷ്യയിലെ സുലവേസി ദ്വീപില്‍ ശക്തമായ ഭൂകമ്പമുണ്ടായത്. ഇതിന്റെ തീവ്രത 7.5 ആണെന്ന് യുഎസ് ജിയോളജിക്കല്‍ സര്‍വേ സ്ഥിരീകരിച്ചു. ഭൂകമ്പത്തില്‍ ഒരാള്‍ മരിക്കുകയും പത്തിലധികം പേര്‍ക്കു പരുക്കേല്‍ക്കുകയും ചെയ്തു. നിരവധി വീടുകള്‍ തകര്‍ന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ആശ്വാസം; കൊടും ചൂട് കുറയുന്നു; ഉഷ്ണ തരംഗ മുന്നറിയിപ്പ് പിന്‍വലിച്ചു

എസി വാങ്ങാന്‍ പോകുകയാണോ? എന്തൊക്കെ ശ്രദ്ധിക്കണം, അറിയേണ്ടതെല്ലാം

'ആര്‍ത്തവ സമയത്ത് സ്വയം നിയന്ത്രിക്കാന്‍ കഴിയില്ല', അര്‍ധ നഗ്നയായി ഇറങ്ങിയോടിയതില്‍ പ്രതികരിച്ച് ബ്രിട്‌നി

ആദ്യം പോര്‍ച്ചുഗല്‍ പിന്നെ മാസിഡോണിയയിലേക്ക്; റിമയുടെ യാത്രാ വിശേഷങ്ങള്‍

പ്രണയവിവാഹത്തെ എതിര്‍ത്തു; മരുമകന്റെ മൂക്ക് മുറിച്ചെടുത്ത് മകളുടെ മാതാപിതാക്കള്‍