രാജ്യാന്തരം

'കുല്‍ഭൂഷണ്‍ ജാദവ് കേസില്‍ തോറ്റത് ഇന്ത്യ'; വിജയം ആഘോഷിച്ച് പാക് മാധ്യമങ്ങള്‍, വിമര്‍ശനം

സമകാലിക മലയാളം ഡെസ്ക്

കുല്‍ഭൂഷണ്‍ ജാദവിന്റെ വധശിക്ഷ പുനഃപരിശോധിക്കാന്‍ ആവശ്യപ്പെട്ടുകൊണ്ടുള്ള അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ വിധിയെ ഇന്ത്യക്കെതിരായി ആഘോഷിച്ച് പാകിസ്ഥാന്‍ മാധ്യമങ്ങള്‍. കുല്‍ഭൂഷണ്‍ ജാദവിനെ വിട്ടയക്കുക എന്ന ഇന്ത്യയുടെ ആവശ്യം കോടതി നിരാകരിച്ചു എന്ന തരത്തിലാണ് പാകിസ്ഥാന്‍ പത്രങ്ങള്‍ വാര്‍ത്ത നല്‍കിയിരിക്കുന്നത്. ഇതിനെതിരെ പ്രതിഷേധവുമായി ഇന്ത്യക്കാര്‍ ട്വിറ്ററില്‍ രംഗത്തെത്തി. 

വധശിക്ഷ പുനഃപരിശോധിക്കാന്‍ പാകിസ്ഥാനോട് ആവശ്യപ്പെട്ട കോടതി കുല്‍ഭൂഷണ് നയതന്ത്ര സഹായം ലഭ്യമാക്കണമെന്നും വിധിച്ചു. കേസില്‍ കോടതിക്ക് ഇടപെടാനാകില്ല എന്ന പാകിസ്താന്റെ വാദം തള്ളിയ കോടതി നീതിപൂര്‍വമായ വിചാരണ നടത്തണമെന്നും ആവശ്യപ്പെട്ടു. ഇത് നയതന്ത്ര വിജയമായി  ഇന്ത്യയില്‍ ആഘോഷിക്കപ്പെടുമ്പോള്‍, പാകിസ്ഥാന്‍ പത്രങ്ങള്‍ തിരിച്ചാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ജാദവിനെ വിട്ടയക്കണമെന്ന ഇന്ത്യയുടെ ആവശ്യം കോടതി അംഗീകരിച്ചിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി പാകിസ്ഥാന്‍ വിദേശകാര്യ മന്ത്രി ഷാ മുഹമ്മദ് ഖുറേഷി രംഗത്ത് വന്നിരുന്നു. 

'ദി നേഷന്‍' എന്ന് പത്രം തലക്കെട്ട് നല്‍കിയിരിക്കുന്നത് 'ജാദവ് കേസില്‍ യുഎന്‍ കോടതിയില്‍ പാകിസ്ഥാന്‍ വിജയിച്ചു' എന്നാണ്. പാകിസ്ഥാനില്‍ ഏറ്റവും കൂടുതല്‍ പ്രചാരമുള്ള പത്രങ്ങളിലൊന്നായ 'ദി ഡോണ്‍' എഴുതിയിരിക്കുന്നത് 'ജാദവിനെ കുറ്റവിമുക്തനാക്കണമെന്നും വിട്ടയക്കണമെന്നുമുള്ള ഇന്ത്യയുടെ ആവശ്യം അന്താരാഷ്ട്ര' കോടതി തള്ളിയെന്നാണ്. 

ഇതിനെ പരിഹസിച്ച് കേന്ദ്രമന്ത്രി ഗിരിരാജ് സിങ് രംഗത്ത് വന്നിരുന്നു. ഇത് പാകിസ്ഥാന്‍കാരുടെ കുഴപ്പമല്ലെന്നും വിധി ഇംഗ്ലീഷിലായതാണ് കുഴപ്പെമെന്നുമായിരുന്നു ഗിരിരാജ് സിങിന്റെ പരിഹാസം. 

വിധിയില്‍ 16ജഡ്ജിമാരില്‍ 15 പേരും ഇന്ത്യയ്ക്ക് അനുകൂലമായ നിലപാടെടുക്കുകയായിരുന്നു. ജഡ്ജി അബ്ദുള്‍ഖവി അഹമ്മദ് യൂസഫ് ആണ് വിധിപ്രസ്താവം വായിച്ചത്.

ചാരവൃത്തി ആരോപിച്ച് അറസ്റ്റ് ചെയ്ത കുല്‍ഭൂഷണ്‍ ജാദവിനെ 2017 ഏപ്രിലിലാണ് പാകിസ്താന്‍ കോടതി വധശിക്ഷയ്ക്ക് വിധിച്ചത്. ഇതിനെതിരെ ഇന്ത്യ അന്താരാഷ്ട്ര നീതിന്യായ കോടതിയെ സമീപിക്കുകയായിരുന്നു. തുടര്‍ന്ന് 2017 മെയ് 18ന് കുല്‍ഭൂഷണ്‍ ജാദവിന്റെ വധശിക്ഷ നടപ്പിലാക്കുന്നത് കോടതി തടഞ്ഞിരുന്നു.

കുല്‍ഭൂഷണ്‍ ജാദവിന്റെ കേസില്‍ പാക് കോടതി നടപടികള്‍ പാലിച്ചില്ലെന്നും ഇത് അന്താരാഷ്ട്ര പെരുമാറ്റച്ചട്ടങ്ങളുടെ ലംഘനമാണെന്നും ആയിരുന്നു ഇന്ത്യയുടെ വാദം. ശരിയായ വിചാരണ കൂടാതെയാണ് പാകിസ്ഥാന്‍ കുല്‍ഭൂഷണ്‍ ജാദവിനെ ശിക്ഷിച്ചതെന്നും അദ്ദേഹത്തെ മോചിപ്പിക്കണമെന്നും ഇന്ത്യ അന്താരാഷ്ട്ര കോടതിയില്‍ വാദിച്ചിരുന്നു. മുന്‍ സോളിസിറ്റര്‍ ജനറലായ ഹരീഷ് സാല്‍വെയാണ് ഇന്ത്യയ്ക്ക് വേണ്ടി അന്താരാഷ്ട്ര കോടതിയില്‍ ഹാജരായത്. 2019 ഫെബ്രുവരി മാസത്തില്‍ നടന്ന വാദംകേള്‍ക്കല്‍ നാലുദിവസം നീണ്ടുനിന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ചൊവ്വാഴ്ച വരെ 12 ജില്ലകളില്‍ ചൂട് തുടരും, ആലപ്പുഴയിലും കോഴിക്കോടും ഉയര്‍ന്ന രാത്രി താപനില; ബുധനാഴ്ച എറണാകുളത്ത് ശക്തമായ മഴ

മുസ്തഫിസുറിനു പകരം സാന്റ്‌നര്‍; ചെന്നൈക്കെതിരെ പഞ്ചാബ് ആദ്യം ബൗള്‍ ചെയ്യും

റിലീസിന്റെ തലേദിവസം കഥ പ്രവചിച്ച് പോസ്റ്റ്: 'മലയാളി ഫ്രം ഇന്ത്യ' കോപ്പിയടിയെന്ന് ആരോപണം; ചർച്ചയായി നിഷാദ് കോയയുടെ പോസ്റ്റ്

വീണ്ടും ആള്‍ക്കൂട്ട വിചാരണ: 17കാരിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചെന്ന് ആരോപിച്ച് മേഘാലയയില്‍ രണ്ടു യുവാക്കളെ തല്ലിക്കൊന്നു

'ഹർദിക് പാണ്ഡ്യയേക്കാൾ മികച്ച ഫാസ്റ്റ് ബൗളിങ് ഓൾ റൗണ്ടർ ഇന്ത്യയിൽ വേറെ ആരുണ്ട്?'