രാജ്യാന്തരം

ടിയാനൻമെൻ കൂട്ടക്കൊലയുടെ 30-ാം വാർഷികം ഇന്ന് ; രക്തസാക്ഷികളെ ഓർത്ത് ലോകം, പാഠപുസ്തകങ്ങളിൽ നിന്നുപോലും മായ്ച്ച് ചൈന

സമകാലിക മലയാളം ഡെസ്ക്

ഹോങ്കോങ് : നിരായുധരായ വിദ്യാർത്ഥികൾക്ക് മേൽ ചൈനീസ് സൈന്യം നടത്തിയ നരനായാട്ടിന് ഇന്ന് 30 വർഷം പൂർത്തിയാവുന്നു. ജനാധിപത്യപരമായ അവകാശങ്ങൾ രാജ്യത്ത് അനുവദിച്ച് നൽകണമെന്ന ആവശ്യം ഉന്നയിച്ച് 1989 ജൂൺ നാലിന് ബീജിങിലെ ടിയാനൻമെൻ സ്‌ക്വയറിൽ പ്രതിഷേധം നടത്തിയ വിദ്യാർത്ഥികളടങ്ങുന്ന സംഘത്തിന് നേരെയാണ് കമ്യൂണിസ്റ്റ് ഭരണകൂടം നിറയൊഴിച്ചത്. പതിനായിരത്തോളം പേർ അന്ന് കൊല്ലപ്പെട്ടുവെന്നാണ് സ്ഥിരീകരിക്കാത്ത കണക്കുകൾ വ്യക്തമാക്കുന്നത്. ഒരു മണിക്കൂറിനുള്ളിൽ പിരിഞ്ഞു പോവണമെന്നായിരുന്നു കൂറ്റന്‍ ടാങ്കുകളുമായി ഇരമ്പിയെത്തിയ പട്ടാളം ജനക്കൂട്ടത്തിന് നൽകിയ ഉത്തരവ്. എന്നാൽ അഞ്ച് മിനിറ്റ് ആവുന്നതിന് മുമ്പ് തന്നെ പ്രതിഷേധക്കാർക്ക് നേരെ വെടിവയ്പ്പ് ആരംഭിക്കുകയായിരുന്നു. 

കൂട്ടക്കൊലയിൽ ലോകം നടുങ്ങിയപ്പോൾ രാഷ്ട്രീയ അസ്ഥിരതയ്ക്ക് ശ്രമിച്ച ആളുകളെ വെടിവെച്ചു കൊന്നു എന്ന് മാത്രമാണ് ചൈനീസ് ഭരണകൂടം ഇതേക്കുറിച്ച് പ്രതികരിച്ചത്. ഒരു പ്രതിരോധ കുത്തിവയ്പ്പ് മാത്രമാണ് ടിയാനൻമെൻ സ്ക്വയറിൽ നടത്തിയതെന്ന് പറയാനും ചൈനീസ് ഔദ്യോ​ഗിക മാധ്യമങ്ങൾ മടി കാണിച്ചില്ല. 250 പേർ മാത്രമാണ് വെടിവയ്പ്പിൽ കൊല്ലപ്പെട്ടതെന്നാണ് സർക്കാർ പിന്നീട് വെളിപ്പെടുത്തിയത്. 
ടിയാനൻമെനിലെ പോരാളികളുടെ ഓർമ്മയ്ക്കായി ലോകമെങ്ങും അനുസ്മരണ യോ​ഗങ്ങളും മറ്റും നടക്കുന്നുണ്ടെങ്കിലും ചൈന അക്കാര്യം അറിഞ്ഞ മട്ടേയില്ല. പാഠ പുസ്തകങ്ങളിൽ നിന്ന് വരെ കൂട്ടക്കൊലയുടെ ചരിത്രം സർക്കാർ മായ്ച്ചു കളഞ്ഞു. 

മനുഷ്യാവകാശ പ്രവർത്തകർ ചേർന്ന് വിവിധ പരിപാടികളാണ് ലോകമെങ്ങും സംഘടിപ്പിച്ചിരിക്കുന്നത്. ചൈനീസ് പട്ടാളം ടിയാനൻമെൻ ചത്വരത്തിലേക്ക് പ്രവേശിക്കുന്നത് ചെറുത്ത് നിന്ന 'ടാങ്ക് മാന്റെ' കൂറ്റൻ പ്രതിമയും തായ് പേയ് സ്ഥാപിച്ചിട്ടുണ്ട്. ഇത് ആഴ്ചകളോളം ഇവിടെ സൂക്ഷിക്കും.കഴിഞ്ഞ കാലങ്ങളിൽ ചെയ്ത തെറ്റുകൾ തിരുത്തുന്നതിനും മാപ്പ് അപേക്ഷിക്കുന്നതിനുമുള്ള കാലം അതിക്രമിച്ചുവെന്നും തായ്വാന്റെ മെയ്ൻലാന്റ് അഫയേഴ്സ് കൗൺസിൽ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു.  വാഷിങ്ടണിലും ടിയാനൻമെൻ അനുസ്മരണ പരിപാടി സംഘടിപ്പിക്കുന്നുണ്ട്. 

ലോകമെങ്ങുമുള്ള സ്വാതന്ത്ര്യ പ്രേമികളായ മനുഷ്യരുടെ മനസിൽ നിന്ന് ടിയാനൻമെൻ മാഞ്ഞ് പോകുകയില്ലെന്നായിരുന്നു യുഎസ് സെക്രട്ടറി ഓഫ് സ്റ്റേറ്റ് മൈക്ക് പോംപിയോ പറഞ്ഞത്. അവകാശ സംരക്ഷണത്തിനായി ടിയാനൻമെന്നിൽ രക്തസാക്ഷിത്വം വരിച്ച ധീരരായ ചൈനാക്കാരെ അഭിവാദ്യം ചെയ്യുന്നുവെന്നും സംഭവത്തിൽ പബ്ലിക് അക്കൗണ്ടിങ് നടത്താൻ സർക്കാർ മുൻകൈയെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'യേശുക്രിസ്തു ആദ്യത്തെ മാര്‍ക്‌സിസ്റ്റ്; ഇന്ത്യ ഭരിക്കേണ്ടത് രാഷ്ട്രീയ പാര്‍ട്ടികളല്ല'- വീഡിയോ

പാര്‍ക്ക് ലൈറ്റ് അത്ര ലൈറ്റല്ല, മറക്കരുത് വിളക്കുകളെ!; പ്രാധാന്യം വിവരിച്ച് മോട്ടോര്‍ വാഹനവകുപ്പ്

ഉമ്മയുടെ ഈ ചിത്രം കാണുമ്പോൾ ഞാന്‍ വീണ്ടും കുട്ടിയായ പോലെ; സുൽഫത്തിന് പിറന്നാൾ ആശംസിച്ച് ദുൽഖർ

മധ്യപ്രദേശില്‍ മണല്‍ക്കടത്ത് സംഘം സബ് ഇന്‍സ്‌പെക്ടറെ ട്രാക്ടര്‍ കയറ്റി കൊന്നു

ചൊവ്വാഴ്ച വരെ 12 ജില്ലകളില്‍ ചൂട് തുടരും, ആലപ്പുഴയിലും കോഴിക്കോടും ഉയര്‍ന്ന രാത്രി താപനില; ബുധനാഴ്ച എറണാകുളത്ത് ശക്തമായ മഴ