രാജ്യാന്തരം

പാര്‍സലില്‍ എത്തിയത് 408 സ്മാര്‍ട്ട് ഫോണുകള്‍; 25 എണ്ണം എയര്‍പോര്‍ട്ട് ജീവനക്കാരന്‍ കവര്‍ന്നു; സിസി ടിവി കുടുക്കി

സമകാലിക മലയാളം ഡെസ്ക്

ദുബായ്: എയര്‍പോര്‍ട്ടില്‍ പാര്‍സലുകള്‍ പരിശോധിക്കുന്ന ഉദ്യോഗസ്ഥന്‍ സ്മാര്‍ട്ട് ഫോണുകള്‍ മോഷ്ടിച്ച കുറ്റത്തിന് അറസ്റ്റില്‍. ജോര്‍ദാന്‍ പൗരനായ ഇന്‍സ്‌പെക്ടര്‍ 25 പുതിയ ഫോണുകള്‍ മോഷ്ടിച്ച ശേഷം തല്‍സ്ഥാനത്ത് പഴയ ഫോണുകള്‍ വെയ്ക്കുകയായിരുന്നു. ഇയാള്‍ക്കെതിരെ ദുബായ് പ്രഥമിക കോടതിയില്‍ വിചാരണ തുടങ്ങി.

ഒരു സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായ ഇയാള്‍ കുവൈത്തി പൗരന്റെ പേരില്‍ വന്ന പാര്‍സലില്‍ കൃത്രിമം കാണിച്ചാണ് ദുബായ് എയര്‍പോര്‍ട്ടില്‍വച്ച് ഫോണുകള്‍ കവര്‍ന്നത്. ജൂണ്‍ ഒന്‍പതിനാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. ചൈനയില്‍ നിന്നെത്തിയ ഒരു പാര്‍സലില്‍ 408 സ്മാര്‍ട്ട് ഫോണുകളാണ് ഉണ്ടായിരുന്നത്. വിമാനത്താവളത്തില്‍ വെച്ച് ഒരു ജീവനക്കാരന്‍ ഫോണുകള്‍ പരിശോധിക്കുകയും നിര്‍മാതാക്കളില്‍ നിന്ന് ലഭിച്ച അതേ പാക്കേജില്‍ തന്നെ അവ ഉണ്ടെന്ന് ഉറപ്പുവരുത്തുകയും ചെയ്തു. കൊണ്ടുവന്നപ്പോള്‍ ഫോണുകള്‍ക്ക് എന്തെങ്കിലും തകരാറുകള്‍ സംഭവിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കാന്‍ മറ്റൊരു ജീവനക്കാരനെ ഏല്‍പ്പിച്ചു. ഇയാളാണ് മോഷണം നടത്തിയത്.

ജൂണ്‍ 10ന് ഫോണുകള്‍ കുവൈത്തിലേക്ക് കയറ്റി അയച്ചു. പാര്‍സല്‍ യഥാര്‍ത്ഥ ഉടമയ്ക്ക് ലഭിച്ചപ്പോഴാണ് 25 ഫോണുകള്‍ക്ക് പകരം മറ്റ് മോഡലുകളിലുള്ള തകരാറിലായ പഴയ ഫോണുകളാണ് ലഭിച്ചതെന്ന് മനസിലായത്. തുടര്‍ന്ന് ഇയാള്‍ തുടര്‍ നടപടികള്‍ക്കായി ദുബായിലെത്തുകയായിരുന്നു. നേരത്തെയും തനിക്ക് വന്ന പാര്‍സലുകളില്‍ ഇത്തരം പ്രശ്‌നങ്ങളുണ്ടായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഒരു ബോക്‌സിലെ മുഴുവന്‍ ഫോണുകളും എടുത്തുമാറ്റിയ ശേഷം മറ്റൊരു ബ്രാന്‍ഡ് ഫോണുകളുടെ കവറുകള്‍ മാത്രം ലഭിച്ച മുന്‍ അനുഭവമുണ്ടെന്നും ആരാണ് ഇത് ചെയ്യുന്നതെന്ന് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.

സിസിടിവി ക്യാമറകള്‍ പരിശോധിച്ചപ്പോഴാണ് മോഷ്ടാവിനെ പിടികൂടിയത്. ബോക്‌സുകളില്‍ നിന്ന് ഫോണുകള്‍ എടുത്തുമാറ്റുന്നതും പകരം പഴയ ഫോണുകള്‍ വെയ്ക്കുന്നതും ദൃശ്യങ്ങളില്‍ വ്യക്തമായിരുന്നു. ഫോണുകള്‍ എടുത്തുമാറ്റിയ ശേഷം പഴയ പോലെ തന്നെ ഇവ പായ്ക്ക് ചെയ്തു വെയ്ക്കുകയായിരുന്നു. സിസിടിവി ക്യാമറ ദൃശ്യങ്ങളാണ് പ്രധാന തെളിവായി പ്രോസിക്യൂഷന്‍ കോടതിയില്‍ ഹാജരാക്കിയത്. കേസ് ഡിസംബര്‍ എട്ടിലേക്ക് കോടതി മാറ്റിവച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മുന്നറിയിപ്പില്ലാതെ എയര്‍ ഇന്ത്യ സര്‍വീസുകള്‍ റദ്ദാക്കി; വിമാനത്താവളത്തില്‍ കുടുങ്ങി യാത്രക്കാര്‍

എസ്എസ്എൽസി പരീക്ഷാഫലം ഇന്ന് ; വേ​ഗത്തിൽ ഫലമറിയാം ഈ ആപ്പ്, വെബ്സൈറ്റുകളിലൂടെ

കോൺ​ഗ്രസിന് എതിരായ ബിജെപി വീഡിയോ നീക്കണം; എക്സിനോട് തെരഞ്ഞെടുപ്പ് കമ്മീഷൻ

എൻസിഇആർടി പാഠ പുസ്തകം വ്യാജമായി അച്ചടിച്ചു; കൊച്ചിയിൽ 2 സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ കേസ്

'ബാക്കി അണ്ണൻ നോക്കിക്കോളാം'; 'ആവേശം' ഒടിടിയിലേക്ക്, മെയ് ഒൻപതു മുതൽ ആമസോൺ പ്രൈമിൽ