രാജ്യാന്തരം

ട്രംപിന്റേത് ആപത്ത് ക്ഷണിച്ചു വരുത്തുന്ന നടപടി; ലോകാരോഗ്യ സംഘടനയ്ക്ക് ബദല്‍ ഇല്ലെന്ന് ബില്‍ ഗേറ്റ്‌സ് 

സമകാലിക മലയാളം ഡെസ്ക്

ന്യൂയോര്‍ക്ക്:  ലോകാരോഗ്യ സംഘടനയ്ക്കുള്ള സാമ്പത്തിക സഹായം നിര്‍ത്തലാക്കിയ അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിന്റെ നടപടിയെ വിമര്‍ശിച്ച് മെക്രോസോഫ്റ്റ് സ്ഥാപകന്‍ ബില്‍ ഗേറ്റ്‌സ്. ലോകം ആരോഗ്യരംഗത്ത് കടുത്ത ഭീഷണി നേരിടുന്ന പശ്ചാത്തലത്തില്‍ ലോകാരോഗ്യ സംഘടനയ്ക്കുള്ള സാമ്പത്തിക സഹായം നിര്‍ത്തലാക്കുന്നത് ആപത്കരമാണെന്ന് ബില്‍ ഗേറ്റ്‌സ് മുന്നറിയിപ്പ് നല്‍കി. കോവിഡ് വ്യാപനം തടയുന്നതിനുളള പ്രവര്‍ത്തനങ്ങളിലാണ് ലോകാരോഗ്യ സംഘടന മുഴുകിയിരിക്കുന്നത്.  ആ പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെട്ടാല്‍ മറ്റൊരു സംഘടനയ്ക്കും ആ വിടവ് നികത്താന്‍ സാധിക്കില്ല. ലോകാരോഗ്യ സംഘടനയുടെ സേവനം  ഏറ്റവുമധികം ആവശ്യപ്പെടുന്ന കാലഘട്ടത്തിലൂടെയാണ് ലോകം കടന്നുപോകുന്നതെന്നും ബില്‍ ഗേറ്റ്‌സ് ട്വിറ്ററില്‍ കുറിച്ചു.

നേരത്തെ ഡൊണള്‍ഡ് ട്രംപിന്റെ നടപടിയെ വിമര്‍ശിച്ച് ഐക്യരാഷ്ട്രസഭയും രംഗത്തുവന്നിരുന്നു. സാമ്പത്തിക സഹായം നിര്‍ത്തലാക്കിയത് ശരിയായ നടപടിയല്ല. ലോകരാജ്യങ്ങള്‍ ഒന്നിച്ചു നില്‍ക്കേണ്ട സമയമാണിത്. ഇത്തരം സമീപനം കൈക്കൊള്ളേണ്ട സമയമല്ല ഇതെന്നും യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ്സ് അഭിപ്രായപ്പെട്ടു.

വൈറസിനെതിരെ പോരാടുന്ന ഈ ഘട്ടം, ഒരു സംഘടനയുടേയും വരുമാന മാര്‍ഗങ്ങള്‍ തടയാനുള്ള സമയമല്ലെന്ന്  ഗുട്ടെറസ് പറഞ്ഞു. കോവിഡിനെതിരായ യുദ്ധത്തില്‍ വിജയിക്കാനുള്ള ലോകത്തിന്റെ ശ്രമങ്ങള്‍ നിര്‍ണായകമായതിനാല്‍ ലോകാരോഗ്യ സംഘടനയെ പിന്തുണയ്‌ക്കേണ്ടത് അത്യാവശ്യമാണെന്നാണ് തന്റെ വിശ്വാസമെന്നും ഗുട്ടെറസ് കൂട്ടിചേര്‍ത്തു.

ലോകാരോഗ്യ സംഘടനയ്ക്കുള്ള ധനസഹായം നിര്‍ത്തലാക്കിയതായി യു എസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപാണ് പ്രസ്താവിച്ചത്.  ലോകാരോഗ്യ സംഘടന അടിസ്ഥാന കടമ നിര്‍വഹിക്കുന്നതില്‍ പരാജയപ്പെട്ടുവെന്ന് ട്രംപ് പറഞ്ഞു. കോവിഡ് രോഗത്തെ കൈകാര്യം ചെയ്യുന്നതില്‍ ലോകാരോഗ്യ സംഘടന വീഴ്ച്ച വരുത്തിയെന്നും ട്രംപ് ആരോപിച്ചു.

കൊറോണ വൈറസ് പടര്‍ന്നതിനുശേഷം യുഎന്‍ സംഘടന അത് തെറ്റായി കൈകാര്യം ചെയ്യുകയും മൂടിവയ്ക്കുകയും ചെയ്തു. അതിന് ഉത്തരവാദിത്തം പറയേണ്ടതാണെന്നും ട്രംപ് പറഞ്ഞു. ഡബ്ല്യുഎച്ച്ഒയ്ക്ക് നല്‍കിക്കൊണ്ടിരുന്ന പണം ഇനി എന്തിനുവേണ്ടി വിനിയോഗിക്കണമെന്നു പിന്നീട് തീരുമാനിക്കും.

കോവിഡ് ഭീതിയുടെ കാലത്തും ചൈനയെ സംരക്ഷിക്കുന്ന നിലപാടാണ് സംഘടനയുടെതെന്ന് ട്രംപ് നേരത്തെ ആരോപിച്ചിരുന്നു. ലോകാരോഗ്യ സംഘടനയ്ക്ക് ഏറ്റവുമധികം സംഭാവന നല്‍കുന്ന രാജ്യമായ അമേരിക്ക കഴിഞ്ഞ വര്‍ഷം 400 മില്യന്‍ ഡോളറാണ് നല്‍കിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി