രാജ്യാന്തരം

'സ്പുട്‌നിക് വി' റഷ്യയുടെ കോവിഡ് വാക്സിൻ; ഓർഡർ ചെയ്തത് 20 രാജ്യങ്ങൾ

സമകാലിക മലയാളം ഡെസ്ക്

മോസ്‌കോ: കോവിഡ് മഹാമാരി ലോകം മുഴുവൻ ശമനമില്ലാതെ തുടരുന്നതിനിടെയാണ് റഷ്യ വാക്സിൻ വികസിപ്പിച്ചതായുള്ള വാർത്തകൾ വന്നത്. തന്റെ മകളിൽ ഇത് പരീക്ഷിച്ചതായി പ്രസിഡന്റ് വ്ലാഡിമിർ പുടിൻ പ്രഖ്യാപിക്കുകയും ചെയ്തു.

ലോകത്ത് ആദ്യമായി അംഗീകാരം ലഭിച്ച കോവിഡ് വാക്‌സിന് റഷ്യ 'സ്പുട്‌നിക് വി' എന്നാണ് പേരിട്ടിരിക്കുന്നത്. വിദേശ മാർക്കറ്റിൽ ഈ പേരിലാകും റഷ്യൻ വാക്‌സിൻ അറിയപ്പെടുക. ലോകത്തിലെ ആദ്യ കൃത്രിമ ഉപഗ്രഹത്തെ സ്മരിച്ചു കൊണ്ടാണ്‌ വാക്‌സിന് സ്പുട്‌നിക് വി എന്നാണ് പേരിട്ടിരിക്കുന്നത്. 

ലോകത്തിലെ ആദ്യത്തെ ഉപഗ്രഹമെന്ന നിലയ്ക്കും കോവിഡനെതിരെയുള്ള ഒരു വാക്‌സിൻ അംഗീകരിക്കുന്ന ആദ്യ രാജ്യമെന്ന നിലയിലും റഷ്യ നേടിയ വിജയത്തെ ഇത് പരാമർശിക്കുന്നുവെന്ന് റഷ്യൻ ഡയറക്ട്‌ ഇൻവസ്റ്റ്‌മെന്റ് ഫണ്ട് മേധാവി കിറിൽ ദിമിത്രിയേവ്‌ പറഞ്ഞു. തങ്ങൾ വികസിപ്പിച്ചെടുത്ത വാക്‌സിന് 20 രാജ്യങ്ങളിൽ നിന്നായി 100 കോടി ഡോസുകൾ ഇതിനോടകം ഓർഡർ ലഭിച്ചതായും അദ്ദേഹം വ്യക്തമാക്കി.

കോവിഡിനെതിരെ ആദ്യ വാക്‌സിൻ വിജയകരമായി വികസിപ്പിച്ചതായി റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിനാണ് പ്രഖ്യാപിച്ചത്. കൊറോണ വൈറസിനെതിരെ രോഗ പ്രതിരോധ ശേഷി പ്രകടമാക്കിയ വാക്‌സിന്റെ രാജ്യ വ്യാപകമായ ഉപയോഗത്തിനായി രജിസ്റ്റർ ചെയ്തതായും തന്റെ പെൺമക്കളിൽ ഒരാളിൽ കുത്തിവെയ്പ് എടുത്തതായും പുടിൻ വ്യക്തമാക്കിയിരുന്നു. 

വാക്‌സിന്റെ പരീക്ഷണഘട്ടത്തിൽ കോവിഡിനെതിരെ ഫലപ്രദമെന്ന് തെളിയിച്ചിരുന്നതായി പുടിൻ പറഞ്ഞു. കൊറോണ വൈറസിനെതിരെ രോഗപ്രതിരോധ ശേഷി തീർക്കുന്നതിൽ വാക്‌സിൻ മികച്ച പ്രതികരണമാണ് കാഴ്ചവെച്ചതെന്നും സർക്കാർ സംഘടിപ്പിച്ച യോഗത്തിൽ പങ്കെടുത്ത് പുടിൻ പറഞ്ഞു. വിവിധ ഘട്ടങ്ങളിലുളള പരീക്ഷണങ്ങൾക്ക് ശേഷമാണ് വാക്്‌സിൻ ഉപയോഗിക്കുന്ന ഘട്ടത്തിൽ എത്തിയത്. വാക്‌സിൻ കുത്തിവെച്ച മകളുടെ ആരോഗ്യനില തൃപ്തികരമാണെന്നും അദ്ദേഹം അറിയിച്ചു. 

ആരോഗ്യപ്രവർത്തകർ, അധ്യാപകർ, അപകടകരമായ പരിധിയിൽ വരുന്നവർ എന്നിവർക്കാണ് ആദ്യമായി വാക്‌സിൻ നൽകുക. ഗമേലയ ഗവേഷണ ഇൻസ്റ്റിറ്റിയൂട്ടും റഷ്യൻ പ്രതിരോധ മന്ത്രാലയവും സംയുക്തമായാണ് വാക്‌സിൻ  വികസിപ്പിച്ചത്. 

അഡിനോവൈറസ് ആസ്പദമാക്കി നിർമിച്ച നിർജീവ പദാർഥങ്ങൾ ഉപയോഗിച്ചാണ് വാക്‌സിൻ തയ്യാറാക്കിയിട്ടുള്ളത്. രാജ്യത്ത് എല്ലാവർക്കും കുത്തിവെയ്പ് നടത്താനാണ് പദ്ധതി. ഈ മാസം തന്നെ രാജ്യത്തെ ആരോഗ്യപ്രവർത്തകർക്ക് വാക്‌സിൻ ലഭ്യമാക്കാനുള്ള ഒരുക്കത്തിലാണ് റഷ്യൻ സർക്കാർ. ഇതിനു പിന്നാലെ വാക്‌സിന്റെ വ്യാവസായികാടിസ്ഥാനത്തിലുള്ള ഉത്പാദനവും ആരംഭിക്കും. പിന്നീട് രാജ്യവ്യാപക വാക്‌സിനേഷൻ ക്യാംപയിനിലൂടെ ജനങ്ങൾക്കെല്ലാം വാക്‌സിൻ ലഭ്യമാക്കാനാണ് പദ്ധതി.

വാക്‌സിൻ വഴി ശരീരത്തിലെ പ്രതിരോധശേഷി പെട്ടെന്ന് വർധിക്കുമ്പോൾ ചിലർക്ക് പനിയുണ്ടാകാൻ സാധ്യതയുണ്ടെന്നും എന്നാൽ അത് പാരസെറ്റമോൾ മാത്രം കഴിച്ച് ഭേദപ്പെടുത്താവുന്നതാണെന്നും ഗമാലേയ ഇൻസ്റ്റിറ്റിയൂട്ടിന്റെ ഡയറക്ടർ അലക്‌സാണ്ടർ ഗിന്റസ്ബർഗ് പറഞ്ഞു. വാക്‌സിൻ ഫലിച്ചില്ലെങ്കിൽ വൈറസ് ബാധയുടെ തീവ്രത വർധിച്ചേക്കുമെന്നു റഷ്യയിലെ പ്രമുഖ വൈറോളജിസ്റ്റുമാരിൽ ഒരാൾ തന്നെ സംശയം പ്രകടിപ്പിച്ചു.

അതേസമയം ക്ലിനിക്കൽ പരീക്ഷണം പൂർത്തിയാക്കാതെ വാക്‌സിൻ ലഭ്യമാക്കുന്നതിൽ ആശങ്ക ഉയരുന്നുണ്ട്. ഇതിനെതിരെ ശക്തമായ വിമർശനമാണ് ഉയരുന്നത്. ലോകാരോഗ്യ സംഘടനയടക്കമുള്ള അന്താരാഷ്ട്ര ഏജൻസികളും ആരോഗ്യവിദഗ്ധരും റഷ്യയുടെ വാക്‌സിനെതിരെ രംഗത്തെത്തിയിട്ടുണ്ട്. ധൃതിയേക്കാൾ നടപടിക്രമം പൂർണമായി പാലിക്കുന്നതിലാവണം കൂടുതൽ ശ്രദ്ധിക്കേണ്ടതെന്ന് ലോകാരോഗ്യ സംഘടന റഷ്യയ്ക്ക് മുന്നറിയിപ്പു നൽകി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സൂറത്ത് മോഡല്‍ ഇന്‍ഡോറിലും?; കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പത്രിക പിന്‍വലിച്ചു, ബിജെപിയില്‍ ചേര്‍ന്നതായി റിപ്പോര്‍ട്ട്

റിച്ച ഛദ്ദയുടെ നിറവയറില്‍ ചുംബിച്ച് രേഖ; വിഡിയോ വൈറല്‍

45,000 രൂപ വരെ എക്‌സ്‌ചേഞ്ച് ഓഫര്‍, ഫോണുകള്‍ക്ക് 'വാരിക്കോരി' ഡിസ്‌ക്കൗണ്ട്; ആമസോണ്‍ ഗ്രേറ്റ് സമ്മര്‍ സെയില്‍ മെയ് രണ്ടു മുതല്‍

ഫുള്‍-ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, ത്രീ-സ്പോക്ക് സ്റ്റിയറിംഗ് വീലുകള്‍; വരുന്നു എക്‌സ് യുവി 300ന്റെ 'വല്ല്യേട്ടന്‍', വിശദാംശങ്ങള്‍- വീഡിയോ

'നീ മുഖ്യമന്ത്രി ഒന്നുമല്ലല്ലോ അവരെ എതിര്‍ക്കാന്‍, വിളിച്ചു സോറി പറയാന്‍ പൊലീസ് പറഞ്ഞു'