രാജ്യാന്തരം

നേപ്പാളില്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു; ഒലിക്കെതിരെ അച്ചടക്ക നടപടിയെടുക്കാന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി, വ്യാപക ആക്രമണം

സമകാലിക മലയാളം ഡെസ്ക്

കഠ്മണ്ഡു: നേപ്പാളില്‍ പാര്‍ലമെന്റ് പിരിച്ചുവിടാനുള്ള പ്രധാനമന്ത്രി കെ പി ശര്‍മ ഒലിയുടെ ശുപാര്‍ശ പ്രസിഡന്റ് ബിദ്യ ദേവി ഭണ്ഡാരി അംഗീകരിച്ചു. ഏപ്രില്‍ 30നും മെയ് പത്തിനും പൊതു തെരഞ്ഞെടുപ്പ് നടത്താനുള്ള പ്രധാനമന്ത്രിയുടെ ശുപാര്‍ശയും പ്രസിഡന്റ് അംഗീകരിച്ചതായി രാഷ്ട്രപതിയുടെ ഓഫീസ് പുറത്തിറക്കിയ വാര്‍ത്താ കുറിപ്പില്‍ പറഞ്ഞു. 

ഞായറാഴ്ച ഉച്ചയോടെയാണ് അടിയന്തര ക്യാബിനറ്റ് യോഗത്തിന് പിന്നാലെ പ്രധാനമന്ത്രി കെ പി ശര്‍മ ഒലി പാര്‍ലമെന്റ് പിരിച്ചുവിടാനുള്ള ശുപാര്‍ശ പ്രസിഡന്റിന് കൈമാറിയത്. 

ഇതോടെ രാഷ്ട്രീയ അനിശ്ചിതത്വം ഉടലെടുത്ത നേപ്പാളില്‍ ഭരണകക്ഷിയായ നേപ്പാള്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി രംഗത്തെത്തി. പാര്‍ട്ടി ചെയര്‍മാന്‍ പുഷ്പകമാല്‍ ദഹലിനെ (പ്രചണ്ഡ) പിന്തുണയ്ക്കുന്ന വിഭാഗമാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്. രാജ്യത്ത് പലയിടത്തും പാര്‍ട്ടി പ്രവര്‍ത്തകരും പൊലീസും തമ്മില്‍ ഏറ്റുമുട്ടി. 

അപ്രതീക്ഷിത നീക്കത്തിലൂടെ പാര്‍ട്ടിയെ പ്രതിരോധത്തിലാക്കിയ കെ പി ശര്‍മ ഒലിക്കെതിരെ എന്‍സിപി അച്ചടക്ക നടപടിയെടുത്തേക്കും. തുടര്‍ നടപടികള്‍ ചര്‍ച്ച ചെയ്യാനായി പ്രചണ്ഡ വിഭാഗം തിങ്കളാഴ്ച യോഗം വിളിച്ചിട്ടുണ്ട്. 

കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലെ പടലപിണക്കങ്ങള്‍ക്ക് പിന്നാലെയാണ് ഒലിയുടെ തീരുമാനം. ഒലിയുടെ രാജി ആവശ്യപ്പെട്ട് പുഷ്പകമാല്‍ ദഹല്‍ രംഗത്തുവന്നിരുന്നു. 2017ലാണ് മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തില്‍ നേപ്പാള്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അധികാരത്തിലേറിയത്.

ഒലിയുടെ നടപടിക്ക് എതിരെ പാര്‍ട്ടിയില്‍ വ്യാപക വിമര്‍ശനമാണ് ഉയരുന്നത്. നടപടി ഭരണഘടനാവിരുദ്ധവും ഏകാധിപത്യപരവുമാണെന്ന് മുതിര്‍ന്ന നേതാവും മുന്‍ പ്രധാനമന്ത്രിയുമായ മാധാവ് കുമാര്‍ നേപ്പാള്‍ പറഞ്ഞു. ഭരണഘടന വ്യവസ്ഥ അനുസരിച്ച് പാര്‍ലമെന്റ് പിരിച്ചുവിടാനുള്ള അധികാരം പ്രധാനമന്ത്രിക്ക് ഇല്ലെന്നും നിയമ വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു.

നേപ്പാളിലെ പ്രബല കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളായിരുന്ന സിപിഎന്‍ യുഎംഎലും സിപിഎന്‍ മാവോയിസ്റ്റ് സെന്ററും ലയിച്ചാണ് എന്‍സിപി രൂപീകരിച്ചത്. തെരഞ്ഞെടുപ്പില്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷം നേടി അധികാരത്തിലെത്തിയെങ്കിലും തുടക്കംമുതല്‍ ഇരു വിഭാഗങ്ങാളും തമ്മില്‍ അഭിപ്രായ ഭിന്നത രൂക്ഷമായിരുന്നു. ഒലിയുടെ നടപടിക്ക് പിന്നാലെ പാര്‍ട്ടി പിളര്‍ന്നേക്കുമെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കേരള തീരത്ത് റെഡ് അലർട്ട്; ഉയർന്ന തിരമാലകൾക്ക് സാധ്യത

ആളെ കൊല്ലും ചെടികള്‍

''അമ്പതോളം പേരുടെ സംഘം വളഞ്ഞു; പിന്നെ ഇടിയായിരുന്നു. ക്യാമറ നെഞ്ചോട് ചേര്‍ത്തുപിടിച്ച് നിന്നെങ്കിലും ക്യാമറയോട് ചേര്‍ത്ത് ഇടിച്ചു''

തെരഞ്ഞെടുപ്പിന് മുമ്പ് കെജരിവാള്‍ പുറത്തേക്ക്? , ഇടക്കാല ജാമ്യം നല്‍കുന്നത് പരിഗണിച്ചേക്കുമെന്ന് സുപ്രീംകോടതി

ഇനി നിര്‍ണായകം, പ്ലേ ഓഫിലേക്ക് ആരെല്ലാം?