രാജ്യാന്തരം

അടിവസ്ത്രത്തില്‍ വിഷം ഒളിപ്പിച്ച് കൊലപ്പെടുത്താന്‍ ശ്രമം; 'കൊലപാതകി' എല്ലാം പറഞ്ഞു; വെളിപ്പെടുത്തലുമായി നവല്‍നിക്

സമകാലിക മലയാളം ഡെസ്ക്

മോസ്‌കോ: വിഷബാധയേറ്റ സംഭവത്തില്‍ നിര്‍ണായകവെളിപ്പെടുത്തലുമായി റഷ്യന്‍ പ്രതിപക്ഷ നേതാവ് അലക്‌സി നവല്‍നിക്. തന്നെ കൊലപ്പെടുത്താന്‍ ശ്രമിച്ചതായി റഷ്യന്‍ ഏജന്റ് വെളിപ്പെടുത്തിയെന്നും അടിവസ്ത്രത്തില്‍ ശത്രുക്കള്‍ വിഷം ഒളിപ്പിച്ചിരുന്നതായും വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ച കുറിപ്പില്‍ നവല്‍നി പറഞ്ഞു. റഷ്യയുടെ ഫെഡറല്‍ സെക്യൂരിറ്റി സര്‍വീസിലെ രാസായുധ വിദഗ്ധനായി സംസാരിച്ചതായും 49 മിനിറ്റ് ദൈര്‍ഘ്യമുള്ള ശബ്ദ സന്ദേശവും നവല്‍നി പുറത്തുവിട്ടു.

'ഞാന്‍ എന്റെ കൊലപാതകിയെ വിളിച്ചു, അയാള്‍ എല്ലാം എന്നോടു വെളിപ്പെടുത്തി' എന്നായിരുന്നു നവല്‍നിയുടെ ട്വീറ്റ്. തന്റെ വ്യക്തിഗത വിവരങ്ങള്‍ മറച്ചുവച്ചാണു റഷ്യന്‍ ഏജന്റുമായി നവല്‍നി സംസാരിച്ചത്. റഷ്യയില്‍ ആഭ്യന്തര വിമാനയാത്രയ്ക്കിടെയാണു നവല്‍നിയുടെ ആരോഗ്യം ഗുരുതരാവസ്ഥയിലായത്. തുടര്‍ന്നു വിമാനം അടിയന്തരമായി നിലത്തിറക്കി. ഇതോടെയാണു അപായപ്പെടുത്താനുള്ള പദ്ധതി പൊളിഞ്ഞതെന്നു കോണ്‍സ്റ്റാറ്റിന്‍ പറയുന്നതു ശബ്ദസന്ദേശത്തില്‍ കേള്‍ക്കാം. യാത്ര തുടരാന്‍ പൈലറ്റ് തീരുമാനിച്ചിരുന്നെങ്കില്‍ വിധി മറ്റൊന്നാകുമായിരുന്നുവെന്നു നവല്‍നി പറയുന്നു.

സൈബീരിയയില്‍നിന്നു മോസ്‌കോയിലേക്കുള്ള യാത്രയ്ക്കിടെ വിമാനത്താവളത്തില്‍വച്ചാണു നവല്‍നിയുടെ ശരീരത്തില്‍ വിഷം കയറിയത് എന്നായിരുന്നു നിഗമനം. സൈബീരിയന്‍ നഗരമായ ടോംസ്‌കിലെ ഹോട്ടല്‍ മുറിയില്‍ വച്ചാണു വിഷബാധയേറ്റതെന്നായിരുന്നു അനുയായികളുടെ അവകാശവാദം. നവല്‍നി താമസിച്ചിരുന്ന ടോംസ്‌കിലെ ക്‌സാന്‍ഡര്‍ ഹോട്ടലിലെ മുറിയില്‍ ഒഴിഞ്ഞ വെള്ളക്കുപ്പികളില്‍ വിഷത്തിന്റെ അംശം ഉണ്ടായിരുന്നതായി നവല്‍നിയുടെ അനുയായികള്‍ അവകാശപ്പെട്ടു.

'ഹോളി സ്പ്രിങ്' എന്ന വെള്ളക്കുപ്പിയിലാണു വിഷാംശം കണ്ടെത്തിയത്. ബെര്‍ലിനില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന നവല്‍നിയുടെ ശരീരത്തില്‍ നോവിചോക്ക് എന്ന വിഷപ്രയോഗം നടന്നുവെന്നാണു പരിശോധനയ്ക്കുശേഷം ജര്‍മനി പറഞ്ഞത്. എന്നാല്‍ വിഷബാധയുടെ തെളിവൊന്നും കിട്ടിയില്ലെന്നായിരുന്നു റഷ്യയുടെ അവകാശവാദം. റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ പുടിന്റെ രൂക്ഷവിമര്‍ശകനായ നവല്‍നിയെ വിഷരാസവസ്തു പ്രയോഗം മൂലം വകവരുത്താനുള്ള ശ്രമം ആദ്യമല്ല.

2017ല്‍ പ്രക്ഷോഭത്തിനിടെ പുടിന്‍ അനുയായികള്‍ രാസവസ്തു എറിഞ്ഞപ്പോള്‍ മുഖത്തു പൊള്ളലേറ്റു നവല്‍നിയുടെ വലതു കണ്ണിന്റെ കാഴ്ച താല്‍ക്കാലികമായി നഷ്ടപ്പെട്ടിരുന്നു. 2019 ജൂലൈയില്‍ നവല്‍നിക്കു ജയിലില്‍ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടായത് വിഷപ്രയോഗം മൂലമാണെന്നു സംശയമുണ്ട്. 2018ലെ തിരഞ്ഞെടുപ്പില്‍ പുടിനെതിരെ രംഗത്തിറങ്ങിയ നവല്‍നിക്കു തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ വിലക്ക് വന്നതിനെത്തുടര്‍ന്ന് അഴിമതിവിരുദ്ധ സമരങ്ങള്‍ക്കു പിന്തുണ നല്‍കി വരികയായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കെ മുരളീധരന്‍ 20,000ല്‍ പരം വോട്ടിന് ജയിക്കും; ഇരുപത് സീറ്റുകളും നേടുമെന്ന് കെപിസിസി

ജാക്കറ്റിലും ലെഗ്ഗിന്‍സിലും സ്വര്‍ണം ഒളിപ്പിച്ചു കടത്തി; അഫ്ഗാന്‍ നയതന്ത്ര ഉദ്യോഗസ്ഥ മുംബൈയില്‍ പിടിയില്‍

ബിജെപി സ്ഥാനാര്‍ഥി പ്രണീത് കൗറിന്റെ പ്രചാരണത്തിനിടെ പ്രതിഷേധം; കര്‍ഷകന്‍ മരിച്ചു

'യുവന് ഭക്ഷണം വാരിക്കൊടുത്ത് ഇളയരാജ'; മൗറീഷ്യസില്‍ വച്ച് കണ്ടുമുട്ടി അച്ഛനും മകനും

അഞ്ചുവയസുകാരന്റെ ശ്വാസകോശത്തില്‍ എല്‍ഇഡി ബള്‍ബ്; ശസ്ത്രക്രിയയിലുടെ പുറത്തെടുത്തു