രാജ്യാന്തരം

ഭൂമി പരന്നതാണെന്ന് വിശ്വസിച്ച 'മാഡ് മൈക്ക്' അന്തരിച്ചു; മരണം, സ്വന്തമായി നിർമിച്ച റോക്കറ്റിൽ പറന്നുയരുന്നതിനിടെ

സമകാലിക മലയാളം ഡെസ്ക്

വാഷിങ്ടണ്‍: ഭൂമി പരന്നതാണെന്ന് വിശ്വസിക്കുകയും അത് തെളിയിക്കാന്‍ നിരവധി ശ്രമങ്ങള്‍ നടത്തുകയും ചെയ്ത് ശ്രദ്ധേയനായ യുഎസ് സ്വദേശി മൈക്ക് ഹ്യൂഗ്‌സ് (64) അന്തരിച്ചു. 'മാഡ് മൈക്ക്' എന്നായിരുന്നു അദ്ദേഹം അറിയപ്പെട്ടിരുന്നത്. സ്വന്തമായി നിര്‍മിച്ച നീരാവി കൊണ്ട് പ്രവര്‍ത്തിക്കുന്ന റോക്കറ്റില്‍ പറന്നുയരുന്നതിനിടെ തകര്‍ന്നു വീണാണ് അദ്ദേഹത്തിന് ദാരുണാന്ത്യം സംഭവിച്ചത്.

ശനിയാഴ്ച പ്രാദേശിക സമയം രണ്ട് മണിയോടെ കാലിഫോര്‍ണിയയിലെ ബാര്‍‌സ്റ്റോയ്ക്കു സമീപത്തെ മരുഭൂമിയില്‍ വെച്ചാണ് റോക്കറ്റ് പറന്നുയര്‍ന്നത്. റോക്കറ്റ് പറന്നുയരുന്നതിന്റെയും നിമിഷങ്ങള്‍ക്കകം തകര്‍ന്നു വീഴുന്നതിന്റെയും വീഡിയോ പുറത്തെത്തി. ലോഞ്ചിങ്ങിനിടെ ഒരു റോക്കറ്റ് മരുഭൂമിയില്‍ തകര്‍ന്നു വീണ് ഒരാള്‍ മരിച്ചുവെന്ന് സാന്‍ ബെര്‍നാര്‍ഡിനോ കൗണ്ടി ഷെരീഫ്‌സ് ഡിപ്പാര്‍ട്‌മെന്റ് പ്രസ്താവനയില്‍ സ്ഥിരീകരിച്ചു.

മൈക്ക് പറന്നുയരുന്നതിന്റെ വീഡിയോ ചിത്രീകരിച്ചത് 'ഹോം മേഡ് അസ്‌ട്രോനട്ട്‌സ്' എന്ന പരിപാടിക്കു വേണ്ടിയാണെന്നാണ് സൂചന. അമച്വര്‍ റോക്കറ്റ് നിര്‍മാതാക്കാളെ കുറിച്ചുള്ളതാണ് ഈ പരിപാടി. യു.എസ്.സയന്‍സ് ചാനലിലാണ് 'ഹോം മേഡ് അസ്‌ട്രോനട്ട്‌സ്' സംപ്രേഷണം ചെയ്യുന്നത്. 5000 അടി ഉയരത്തിലെത്തുക എന്നതായിരുന്നു മൈക്കിന്റെ ലക്ഷ്യം.18,000 ഡോളര്‍ (ഏകദേശം 12,93,975രൂപ) ചെലവഴിച്ചാണ് മൈക്കും സഹായികളും ചേര്‍ന്ന് ഈ റോക്കറ്റ് നിര്‍മിച്ചത്.

നേരത്തെ പലവട്ടം ഭൂമി പരന്നതാണെന്ന് തെളിയിക്കാന്‍ മൈക്ക് ശ്രമം നടത്തിയിരുന്നു. ഇതിന്റെ ഭാഗമായി 2018ല്‍ കാലിഫോര്‍ണിയയിലെ അംബോയ് എന്ന സ്ഥലത്തു വെച്ച് സ്വയം നിര്‍മിച്ച റോക്കറ്റില്‍ മൈക്ക് പറന്നു. റോക്കറ്റില്‍ കുത്തനെ പറന്ന് പരന്നു കിടക്കുന്ന ഭൂമിയുടെ ചിത്രം പകര്‍ത്തുക എന്നതായിരുന്നു ലക്ഷ്യം. എന്നാല്‍ 1875 അടി മുകളിലെത്തിയതിനു പിന്നാലെ റോക്കറ്റ് മരുഭൂമിയിലേക്ക് ഇടിച്ചിറങ്ങി. അന്ന് മൈക്കിന് പരുക്കേറ്റിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഡല്‍ഹിയില്‍ കോണ്‍ഗ്രസിന് കനത്ത തിരിച്ചടി; പിസിസി പ്രസിഡന്റ് അരവിന്ദര്‍ സിങ് ലവ് ലി രാജിവെച്ചു

'എന്റെ മക്കള്‍ ഞാന്‍ പറഞ്ഞാല്‍ കേള്‍ക്കില്ല; അവരെന്നെ വഴക്കു പറയും': ആമിര്‍ ഖാന്‍

കോഹ്‌ലിയ്ക്കരികില്‍... സഞ്ജു രണ്ടാം സ്ഥാനത്ത്

കുറഞ്ഞ സമയത്തിനുള്ളില്‍ കൂടുതല്‍ സ്റ്റോപ്പ്, വന്ദേ മെട്രോ ഈ വര്‍ഷം തന്നെ; പരീക്ഷണ ഓട്ടം ജൂലൈ മുതല്‍

'വിന്‍'സി അല്ല 'ഫണ്‍'സി; ഇത് ഒന്നൊന്നര ട്രക്കിങ് അനുഭവം; വിഡിയോ വൈറല്‍