രാജ്യാന്തരം

ആശങ്ക വർധിപ്പിച്ച് കൊറോണ ; അമേരിക്കയിലും ഓസ്ട്രേലിയയിലും കൊവിഡ് മരണം ; വാഷിം​ഗ്ടണിൽ അടിയന്തരാവസ്ഥ 

സമകാലിക മലയാളം ഡെസ്ക്

വാഷിംഗ്ടണ്‍: ലോകത്തെ ആശങ്കയിലാഴ്ത്തി കൊറോണവൈറസ് ബാധ(കൊവിഡ്-19) പടരുന്നു. അമേരിക്കയിൽ കൊറോണ ബാധിച്ച് ഒരാൾ മരിച്ചു. വാഷിം​ഗ്ടണിലാണ് മരണം റിപ്പോർട്ട് ചെയ്തത്. 50 വയസ്സിന് മുകളിൽ പ്രായമുള്ള പുരുഷനാണ് മരിച്ചത്. ഇതേത്തുടർന്ന് മുൻകരുതൽ നടപടിയുടെ ഭാ​ഗമായി വാഷിം​ഗ്ടണിൽ ആരോ​ഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. അമേരിക്കയിൽ 22 പേർക്ക് കൊറോണ ബാധ സ്ഥിരീകരിച്ചതായി പ്രസിഡന്റ് ഡൊണൾഡ് ട്രംപ് അറിയിച്ചു. സ്ഥിതി നിയന്ത്രണത്തിലാണെന്നും ജനങ്ങൾക്ക് ആശങ്ക വേണ്ടെന്നും ട്രംപ് പറഞ്ഞു.

അമേരിക്കക്ക് പുറമെ ഓസ്ട്രേലിയയിലും കൊവിഡ് ബാധിച്ച് ഒരാൾ മരിച്ചു. 78 വയസ്സ് പ്രായമുള്ളയാളാണ് മരിച്ചത്. ലോകത്ത് കോവിഡ് 19 വൈറസ് ബാധയെ തുടർന്നുള്ള മരണം മൂവായിരത്തോട് അടുത്തു. 85000ത്തിലധികം പേർക്ക് ഇതിനോടകം വൈറസ് ബാധിച്ചു. കൊറോണ ആദ്യം പടർന്നുപിടിച്ച ചൈനയിൽ ഇന്നലെ 35 പേരാണ് മരിച്ചത്. 573 പേർക്കാണ് പുതുതായി രോ​ഗം സ്ഥിരീകരിച്ചത്. ചൈനയിൽ മരിച്ചവരുടെ എണ്ണം 2,835 ആയി. എന്നാൽ രോ​ഗബാധ പടരുന്നത് ​ഗണ്യമായി കുറഞ്ഞതായി ചൈനീസ് അധികൃതർ പറഞ്ഞു. 

അതേസമയം ദക്ഷിണ കൊറിയയിലും ഇറാനിലും വൈറസ്ബാധ വ്യാപിക്കുകയാണ്.  24 മണിക്കൂറിനിടെ 205 കേസുകളാണ് ഇറാനിൽ റിപ്പോർട്ട് ചെയ്തത്. ദക്ഷിണ കൊറിയയിൽ കൊവിഡ് 19 ബാധിതരുടെ എണ്ണം 3,150 ആയി. 17 പേർ മരിച്ചു. ഇന്നലെ മാത്രം 813 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ചൈന, കഴിഞ്ഞാൽ ഏറ്റവുമധികം പേർക്ക് വൈറസ് ബാധ റിപ്പോ‍ർട്ട് ചെയ്ത ദക്ഷിണ കൊറിയയില്‍ സൈന്യം രംഗത്തിറങ്ങി. ദെയ്ഗിലാണ് സൈന്യത്തിന്‍റെ നേതൃത്വത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നത്. 

യൂറോപ്യൻ രാജ്യങ്ങളിൽ ഇറ്റലിയിലാണ് വൈറസ്ബാധ ഏറ്റവും രൂക്ഷമായത്. 43 പേർ ഇറ്റലിയിൽ മരിച്ചു. ആയിരത്തിലധികം പേർക്ക് വൈറസ്ബാധയേറ്റു.  ഖത്തറിലും ഇക്വഡോറിലും ന്യൂസിലാൻഡിലും കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതിനിടെ, വൈറസ് ബാധക്ക് ശേഷം ചൈനയിലെ വായു മലിനീകരണം കുറഞ്ഞതായുള്ള റിപ്പോ‍ർട്ട് നാസ പുറത്തുവിട്ടു. കൊവിഡ് 19 ബാധിക്കുന്നതിന് മുമ്പ് ജനുവരിയിലെ ആദ്യ മൂന്ന് ആഴ്ചകളിൽ ചൈനയിലെ പ്രധാന നഗരങ്ങളിൽ നൈട്രജൻ ഡയോക്സൈഡ് അടിഞ്ഞു കൂടിയതായും ഫെബ്രുവരി അവസാന ആഴ്ചയോടെ വിഷപ്പുകയുടെ സാന്നിധ്യം ഇല്ലാതായി എന്നും വ്യക്തമാക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവിട്ടത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പൊന്നാനിയിൽ മത്സ്യബന്ധനബോട്ടിൽ കപ്പലിടിച്ചു: രണ്ടു പേർ മരിച്ചു

സുഹൃത്തിനെ രക്ഷിക്കാൻ ശ്രമം; പുതുവൈപ്പ് ബീച്ചിൽ കുളിക്കാനിറങ്ങിയ രണ്ടുപേർ കൂടി മരിച്ചു

നാ​ഗപട്ടണം എംപി എം സെൽവരാജ് അന്തരിച്ചു

ഭിന്ന ശേഷിക്കാരനെ കോടാലി കൊണ്ടു വെട്ടി, കല്ല് കൊണ്ടു തലയ്ക്കടിച്ചു; കണ്ണൂരിൽ അരും കൊല

7 ദിവസം മുൻപ് വിവാഹം, വിരുന്നെത്തിയ വീട്ടുകാർ കണ്ടത് മകളുടെ ദേഹത്തെ മർദനപ്പാടുകൾ; താലി തിരിച്ചുകൊടുത്ത് വേർപിരിഞ്ഞു