രാജ്യാന്തരം

യുഎഇയിലേക്ക് പ്രവേശനം ഇന്നുമുതല്‍ ; മുന്‍കൂര്‍ അനുമതി നിര്‍ബന്ധം ; നിബന്ധനകള്‍ ഇങ്ങനെ...

സമകാലിക മലയാളം ഡെസ്ക്

അബുദാബി:  യുഎഇയിലേക്ക് താമസ വിസക്കാര്‍ക്ക് ഇന്നു മുതല്‍ പ്രവേശന അനുമതി. ഇതിന് മുന്‍കൂര്‍ പ്രവേശന അനുമതി നിര്‍ബന്ധമാണ്. യുഎഇയില്‍ നിന്ന് രണ്ട് ഡോസ് വാക്‌സിന്‍ എടുത്തവര്‍ക്കുമാത്രമാണ് പ്രവേശനമെന്ന് സിവില്‍ ഏവിയേഷന്‍ അറിയിച്ചു. ഇന്ത്യയില്‍ നിന്നും ദുബായിലേക്ക് വരുന്നവര്‍ക്ക് താമസ-കുടിയേറ്റ വകുപ്പിന്റെ ( ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റെസിഡന്‍സി ആന്റ് ഫോറിന്‍ അഫയേഴ്‌സ് - ജിഡിആര്‍എഫ്എ) അനുമതിയാണ് വേണ്ടത്. മറ്റ് യുഎഇ എമിറേറ്റിലേക്ക് വരുന്നവര്‍ക്ക് ഫെഡറല്‍ അതോറിറ്റിയുടെ (ഐസിഎ) അനുമതിയും നിര്‍ബന്ധമാണ്. അനുമതി ലഭിച്ച ശേഷം മാത്രമെ യാത്ര ചെയ്യാവൂവെന്നും സിവില്‍ ഏവിയേഷന്‍ അറിയിച്ചു.

യാത്രക്കാര്‍ ജിഡിആര്‍എഫ്എ, ഐസിഎ വെബ്‌സൈറ്റുകള്‍ വഴി അപേക്ഷിക്കണം. യുഎഇയിലെ സര്‍ക്കാര്‍ സ്മാര്‍ട്ട് ആപ്പുകള്‍ വഴി ലഭിച്ച വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റും അപേക്ഷക്കൊപ്പം വെക്കണം. യാത്രക്കാര്‍ പുറപ്പെടുന്നതിന് 48 മണിക്കൂറിനിടെ നടത്തിയ ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. ഇതില്‍ ക്യുആര്‍ കോഡ് ഉണ്ടായിരിക്കണം. വിമാനത്തില്‍ കയറുന്നതിന് മുമ്പ് കോവിഡ് റാപ്പിഡ് പരിശോധന നടത്തണം. യുഎഇയില്‍ എത്തിയാല്‍ വിമാനതാവളത്തില്‍ കോവിഡ് പിസിആര്‍ പരിശോധനക്കും വിധേയമാകണമെന്ന് യുഎഇ ഫെഡറല്‍ അതോറിറ്റി അറിയിച്ചു. ഇക്കാര്യങ്ങളും രേഖകളും എയര്‍ലൈനുകള്‍ ഉറപ്പുവരുത്തണം. 

യുഎഇ അംഗീകരിച്ച വാക്‌സിനുകള്‍ ആണെങ്കില്‍ പോലും യുഎഇക്ക് പുറത്ത് നിന്ന് വാക്‌സിന്‍ എടുത്തവര്‍ക്ക് പ്രവേശനമുണ്ടാകില്ല. ഇന്ത്യയില്‍ നിന്ന് കോവിഷീല്‍ഡ് വാക്‌സിന്‍ സ്വീകരിച്ച് 14 ദിവസം പൂര്‍ത്തിയാക്കിയവര്‍ക്ക് നിലവിലെ വ്യവസ്ഥ പ്രകാരം പ്രവേശനമില്ലെന്നും വിമാന കമ്പനികള്‍ അറിയിച്ചു. ഇന്ത്യയുള്‍പ്പെടെ രാജ്യങ്ങളിലേക്ക് ഓഗസ്റ്റ് 15 വരെ റദ്ദാക്കിയ വിമാന സര്‍വീസുകള്‍ പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചതായി എത്തിഹാദ് അറിയിച്ചു. 

അതേസമയം, കുടുംബവുമായി വീണ്ടും കൂടിച്ചേരാന്‍ കാത്തിരിക്കുന്ന മാനുഷിക പരിഗണന അര്‍ഹിക്കുന്ന കേസുകള്‍, ആരോഗ്യ പ്രവര്‍ത്തകര്‍, അധ്യാപകരും വിദ്യാര്‍ത്ഥികളും, സര്‍ക്കാര്‍ ജീവനക്കാര്‍, ചികിത്സ അത്യാവശ്യമുള്ളവര്‍ എന്നിവര്‍ക്ക് വാക്‌സിന്‍ നിബന്ധനയില്‍ ഒഴിവുണ്ട്. ഇന്ത്യ, പാകിസ്ഥാന്‍, ശ്രീലങ്ക, നേപ്പാള്‍, നൈജീരിയ, ഉഗാണ്ട എന്നീ രാജ്യക്കാര്‍ക്കാണ് യുഎഇ ദുരന്ത നിവാരണ അതോറിറ്റി പ്രവേശന അനുമതി നല്‍കിയത്.

ഷാര്‍ജയില്‍ വന്നിറങ്ങുന്നവര്‍ക്ക് 10 ദിവസം ഹോം ക്വാറന്റീന്‍ ഉണ്ടെന്ന് എയര്‍ അറേബ്യ അറിയിച്ചു. നാല്, എട്ട് ദിവസങ്ങളില്‍ ആര്‍ടിപിസിആര്‍ പരിശോധന നടത്തണം. അബുദാബിയില്‍ വന്നിറങ്ങുന്നവര്‍ക്കും 10 ദിവസമാണ് ഹോം ക്വാറന്റൈന്‍. ദുബായില്‍ ആര്‍ടിപിസിആര്‍ ഫലം വരുന്നതുവരെയാണ് ക്വാറന്റീന്‍. യാത്ര ചെയ്യുന്നവര്‍ 48 മണിക്കൂറിനിടെ എടുത്ത കോവിഡ് പരിശോധനാഫലം ഹാജരാക്കണം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നിർണായകമായത് ഡിഎൻഎ ഫലം; അപൂര്‍വങ്ങളില്‍ അത്യപൂര്‍വമെന്ന് ഹൈക്കോടതി

75ലക്ഷം രൂപയുടെ ഒന്നാം സമ്മാനം കണ്ണൂരിൽ വിറ്റ ടിക്കറ്റിന്; വിൻ വിൻ ലോട്ടറി ഫലം പ്രഖ്യാപിച്ചു

കാമുകിയെ മടിയിലിരുത്തി ബൈക്കില്‍ അഭ്യാസപ്രകടനം, പ്രണയ ലീലകള്‍; യുവാവിനെ കൈയോടെ പൊക്കി- വീഡിയോ

'ഇന്ത്യൻ 2' വിന് പിന്നാലെ മൂന്നാം ഭാ​ഗമെത്തുമോ ? ചിത്രത്തിന്റെ പുത്തൻ അപ്ഡേറ്റ്

ഫീല്‍ഡ് ഒന്നും ചെയ്യേണ്ട, വരൂ, ഇംപാക്ട് പ്ലെയര്‍ ആവാം; ഗെയ്‌ലിനെ ക്ഷണിച്ച് കോഹ്‌ലി- വിഡിയോ