രാജ്യാന്തരം

ഒമൈക്രോണ്‍ ചൈനയിലും; വിദേശത്തു നിന്നെത്തിയ ആൾക്ക് രോഗബാധ; രാജ്യത്ത് ഡെല്‍റ്റ വകഭേദം പടരുന്നു; സെജിയാങില്‍ ക്ലസ്റ്റര്‍ രൂപപ്പെട്ടു; കര്‍ശന നിയന്ത്രണം

സമകാലിക മലയാളം ഡെസ്ക്

ബീജിങ് : കൊറോണ വൈറസിന്റെ പുതിയ വകഭേദമായ ഒമൈക്രോണ്‍ ചൈനയിലും സ്ഥിരീകരിച്ചു. വടക്കന്‍ ചൈനയിലെ തുറമുഖ നഗരമായ ടിയാന്‍ജിനിലാണ് രോഗം സ്ഥിരീകരിച്ചത്. ഡിസംബര്‍ 9ന് വിദേശത്തുനിന്നെത്തിയ ആള്‍ക്കാണ് രോഗബാധ കണ്ടെത്തിയത്. ഇയാള്‍ ആശുപത്രിയില്‍ ചികിത്സയിലാണെന്ന് ചൈനീസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ഇയാള്‍ക്ക് രോഗലക്ഷണങ്ങള്‍ ഉണ്ടായിരുന്നില്ലെന്നും, വിദേശത്തു നിന്നെത്തിയ ആള്‍ എന്ന നിലയില്‍ നടത്തിയ വിശദപരിശോധനയിലാണ് ഒമൈക്രോണ്‍ സ്ഥിരീകരിച്ചതെന്നും ചൈനീസ് ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഒമൈക്രോണ്‍ സ്ഥീരീകരിച്ചതിന് പിന്നാലെ അധികൃതര്‍ ടിയാന്‍ജിനിലും സമീപനഗരങ്ങളിലും നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി. 

അതേസമയം കോവിഡിന്റെ ഡെല്‍റ്റ വകഭേദം അടക്കമുള്ളവ ചൈനയില്‍ വീണ്ടും പടരുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ചൈനയിലെ വ്യവസായ പ്രവിശ്യകളിലൊന്നായ സെജിയാങില്‍ കോവിഡ് ക്ലസ്റ്റര്‍ രൂപപ്പെട്ടു. ഒരാഴ്ചയ്ക്കിടെ 190 കേസുകളാണ് പുതുതായി റിപ്പോര്‍ട്ട് ചെയ്തത്. ഇതേത്തുടര്‍ന്ന് പ്രാദേശിക ലോക്ഡൗണ്‍ ഏര്‍പ്പെടുത്തി. കമ്പനികള്‍ അടച്ചിട്ടിരിക്കുകയാണ്. 

പ്രവിശ്യയില്‍ 52,000 ഓളം പേരെ നിരീക്ഷണത്തില്‍ പാര്‍പ്പിച്ചിരിക്കുകയാണ്. മേഖലയില്‍ യാത്രാനിയന്ത്രണവും ഏര്‍പ്പെടുത്തി. ഡിസംബര്‍ 6 മുതല്‍ 13 വരെയുള്ള ദിവസങ്ങള്‍ക്കിടെ പ്രവിശ്യയില്‍ പ്രോദേശിക വ്യാപനം വഴി 192 പേര്‍ക്ക് രോഗബാധ ഉണ്ടായതായി ആരോഗ്യവകുപ്പ് വ്യക്തമാക്കി. ഫെബ്രുവരി മാസത്തില്‍ ചൈനയില്‍ വിന്റര്‍ ഒളിംപിക്‌സ് ആരംഭിക്കാനിരിക്കെ, കോവിഡ് വകഭേദങ്ങളുടെ വ്യാപനം ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്. 

അതിനിടെ, ആദ്യ ഒമൈക്രോണ്‍ മരണം ബ്രിട്ടനില്‍ റിപ്പോര്‍ട്ട് ചെയ്തു. പ്രധാനമന്ത്രി ബോറിസ് ജോണ്‍സനാണ് ഇക്കാര്യം അറിയിച്ചത്. ഒമൈക്രോണ്‍ വകഭേദത്തിന്റെ വലിയ വ്യാപനം വരാനിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. ഒമൈക്രോണ്‍ കരുതുന്നപോലെ നിസ്സാരമല്ല. എല്ലാവരും എത്രയും വേഗം കോവിഡ് വാക്‌സിന്‍ ബൂസ്റ്റര്‍ ഡോസ് സ്വീകരിക്കുകയാണ് ചെയ്യേണ്ടതെന്നും ബ്രിട്ടീഷ് പ്രധാനമന്ത്രി നിര്‍ദേശിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'സഖാവെ ഇരുന്നോളൂ, എംഎല്‍എയ്ക്ക് മുന്‍ സീറ്റ് ഒഴിഞ്ഞു കൊടുത്തു; മെമ്മറി കാര്‍ഡ് കാണാതായതില്‍ കണ്ടക്ടറെ സംശയം; അവന്‍ ഡിവൈഎഫ്‌ഐക്കാരന്‍'

ചര്‍മ്മം കറുത്തു കരിവാളിച്ചോ? ടാൻ ഒഴിവാക്കാൻ പറ്റിയ ഐറ്റം അടുക്കളയിലുണ്ട്, അറിഞ്ഞിരിക്കാം ഉരുളക്കിഴങ്ങിന്റെ ​ഗുണങ്ങൾ

കാനഡയിലെ രാജ്യാന്തര വിദ്യാര്‍ഥികള്‍ക്ക് പുതിയ ചട്ടങ്ങള്‍

“ഇയാളാര്, അന്നദാതാവായ പൊന്നുതമ്പുരാനോ?, എന്തായാലും അരിച്ചെട്ടിയാർ ഇരുന്നാലും, വന്ന കാലിൽ നിൽക്കാതെ''

അരളിപ്പൂവിന് ക്ഷേത്രങ്ങളില്‍ വിലക്കില്ല; ശാസ്ത്രീയ പരിശോധനാ ഫലം വന്ന ശേഷം തീരുമാനമെന്ന് ദേവസ്വം ബോര്‍ഡ്