രാജ്യാന്തരം

കാലിന് ഒടിവ്, ശസ്ത്രക്രിയ മുറിയില്‍ കയറ്റിയ ഇണയെ തേടിയെത്തി വാത്ത, പരക്കം പാച്ചില്‍, കരളലിയിപ്പിക്കുന്ന കഥ- വീഡിയോ

സമകാലിക മലയാളം ഡെസ്ക്

ന്യൂയോര്‍ക്ക്: അമേരിക്കയില്‍ കാലിന് പരിക്കേറ്റ ഇണയ്ക്ക് എന്തുസംഭവിച്ചെന്ന് അറിയാതെ ആശുപത്രിക്ലിനിക്കില്‍ പരക്കം പാഞ്ഞ പെണ്‍ വാത്തയുടെ വാര്‍ത്ത വൈറലാകുന്നു. പെണ്‍വാത്തയുടെ മനോനില മനസിലാക്കിയ ഡോക്ടര്‍മാര്‍ 'അര്‍നോള്‍ഡിന്' ബോധം വന്ന ഉടന്‍തന്നെ ശസ്ത്രക്രിയ മുറിയുടെ വാതില്‍ തുറന്ന് വാത്തയെ ഉള്ളിലേക്ക് കടത്തി വിട്ടു. തന്റെ ഇണയ്ക്ക് അപകടമൊന്നും സംഭവിച്ചില്ലെന്ന് മനസ്സിലായപ്പോഴാണ് പെണ്‍ വാത്ത ശാന്തയായത്. 

മസാച്യുസെറ്റ്‌സിലെ ന്യൂ ഇംഗ്ലണ്ടില്‍ കാലിന് സാരമായി പരുക്ക് പറ്റിയ ഒരു വാത്തയുടെ ശസ്ത്രക്രിയ വൈല്‍ഡ് ലൈഫ് സെന്ററിലെ മൃഗരോഗ വിഭാഗത്തിലെ ഡോക്ടര്‍മാര്‍ നടത്തുമ്പോഴാണ് അമ്പരപ്പിക്കുന്ന സംഭവങ്ങള്‍ ഉണ്ടായത്.രോഗബാധിതനായ വാത്തയുടെ ഇണ തന്റെ പങ്കാളിയെ പാര്‍പ്പിച്ചിരിക്കുന്ന സ്ഥലം കണ്ടുപിടിച്ച് ക്ലിനിക്കിലേക്കെത്തുകയായിരുന്നു. 

ശസ്ത്രക്രിയ നടക്കുന്ന മുറിക്ക് പുറത്തെത്തിയ പെണ്‍വാത്ത ക്ലിനിക്കിന്റെ വാതിലില്‍ പലതവണ കൊക്കുകള്‍ ഉപയോഗിച്ച്  കൊത്തുകയും വാതിലിലൂടെ അകത്തേക്ക് കയറാന്‍ ശ്രമിക്കുകയും ചെയ്തു. എന്നാല്‍ രക്ഷയില്ലെന്ന് മനസ്സിലാക്കിയിട്ടും അത് ഗ്ലാസ് വാതിലിനരികില്‍ നിന്നും മാറാന്‍ കൂട്ടാക്കാതെ ശസ്ത്രക്രിയ കഴിയുന്ന സമയത്തോളം അവിടെ തന്നെ നിലയുറപ്പിക്കുകയായിരുന്നു. തന്റെ കൂട്ടുകാരന് അപകടം വല്ലതും സംഭവിക്കുമോ എന്ന് ഭയന്നാണ് പെണ്‍ വാത്ത അവിടെ നിന്നതെന്നാണ് നിഗമനം. 

വൈല്‍ഡ് ലൈഫ് സെന്ററിനു സമീപത്തെ കുളത്തിലാണ് രണ്ട് വാത്തകളും ജീവിക്കുന്നത്. ഇവയില്‍ അര്‍നോള്‍ഡ് എന്ന ആണ്‍ വാത്തയുടെ കാലിന് ക്ഷതം സംഭവിച്ചതിനെ തുടര്‍ന്നാണ് ക്ലിനിക്കിലെ ഉദ്യോഗസ്ഥര്‍ പരിശോധന നടത്താന്‍ തീരുമാനിച്ചത്. അര്‍നോള്‍ഡിന്റെ കാലില്‍ 2 ഒടിവുകള്‍ ഉണ്ടെന്ന് കണ്ടെത്തിയതോടെ ശസ്ത്രക്രിയ നടത്തുകയായിരുന്നു. 

പെണ്‍വാത്തയുടെ മനോനില മനസിലാക്കിയ ഡോക്ടര്‍മാര്‍ അര്‍നോള്‍ഡിന് ബോധം വന്ന ഉടന്‍തന്നെ വാതില്‍ തുറന്ന് അതിനെ ഉള്ളിലേക്ക് കടത്തി വിട്ടു. തന്റെ ഇണയ്ക്ക് അപകടമൊന്നും സംഭവിച്ചില്ലെന്ന് മനസ്സിലായപ്പോഴാണ് പെണ്‍ വാത്ത ശാന്തയായത്. കാനഡ ഗൂസ് വിഭാത്തില്‍പ്പെട്ട വാത്തകളുടെ ആയുര്‍ദൈര്‍ഘ്യം ഏതാണ്ട് 25 വര്‍ഷമാണ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കൊല്ലത്ത് വനിതാ ഡോക്ടര്‍ക്ക് ആശുപത്രിയില്‍വച്ച്‌ മുഖത്തടിയേറ്റു; പൊലീസ് കേസ് എടുത്തില്ലെന്ന് ആരോപണം

മുഖ്യമന്ത്രിയുടെ വസതിയില്‍ വെച്ച് സ്വാതി മലിവാളിനെ കെജരിവാളിന്റെ പിഎ തല്ലി; രാഷ്ട്രീയ വിവാദം

84 വര്‍ഷത്തിനു ശേഷം സ്വിറ്റ്‌സര്‍ലന്‍ഡില്‍ വീണ്ടും കമ്മ്യൂണിസ്റ്റ് പാര്‍ട്ടി രൂപീകരിച്ചു

മാഞ്ചസ്റ്ററിന്റെ ഓള്‍ഡ് ട്രഫോര്‍ഡില്‍ വന്‍ ചോര്‍ച്ച, മേല്‍ക്കൂരയില്‍ നിന്നു വെള്ളച്ചാട്ടം! (വീഡിയോ)

പോണ്‍താരമായി എത്തി, ബിഗ് ബോസിലൂടെ ബോളിവുഡ് കീഴടക്കി: സണ്ണി ലിയോണിക്ക് 43ാം പിറന്നാള്‍