രാജ്യാന്തരം

ചരക്കുകപ്പലിലെ തീപിടിത്തം; ആസിഡ് മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ് 

സമകാലിക മലയാളം ഡെസ്ക്

കൊളംബോ: കൊളംബോ തീരത്തിന് സമീപം തീപിടിത്തമുണ്ടായ കപ്പലില്‍ നിന്ന് വന്‍തോതില്‍ നൈട്രജന്‍ ഡയോക്‌സൈഡ് പുറന്തളളപ്പെടുന്നതിനാല്‍ നേരിയ ആസിഡ് മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. ശ്രീലങ്കയിലെ മുന്‍നിര പരിസ്ഥി സംഘടനയുടേതാണ് മുന്നറിയിപ്പ്. ജനങ്ങളോട് ജാഗ്രത പാലിക്കാനും സംഘടന നിര്‍ദേശിച്ചിട്ടുണ്ട്. കഴിഞ്ഞയാഴ്ചയാണ് കപ്പലിന് തീപിടത്തമുണ്ടായത്. 

സിങ്കപ്പൂര്‍ പതാകയുളള എംവി എക്‌സ് പ്രസ് പേള്‍, ചരക്കുമായി ഗുജറാത്തില്‍ നിന്ന് കൊളംബോയിലേക്ക് വരികയായിരുന്നു. രാസവസ്തുക്കളും കോസ്‌മെറ്റിക് വസ്തുക്കളുടെ നിര്‍മാണത്തിനുളള അസംസ്‌കൃത വസ്തുക്കളുമാണ് കപ്പലില്‍ ഉണ്ടായിരുന്നത്. കൊളംബോ തീരത്ത് നിന്ന് 9.5 നോട്ടിക് മൈല്‍ അകലെ വെച്ചാണ് കപ്പലില്‍ തീപിടിത്തമുണ്ടായത്. മെയ് 20-നാണ് കപ്പല്‍ ഇവിടെ നങ്കൂരമിട്ടത്.

325 മെട്രിക് ടണ്‍ ഇന്ധനമാണ് ടാങ്കുകളില്‍ ഉളളത്. ഇതിനുപുറമേ 1486 കണ്ടെയ്‌നറുകളിലായി 25 ടണ്‍ അപകടകരമായ നൈട്രിക് ആസിഡുമുണ്ട്.

'എംവി എക്‌സ്പ്രസ് പേളില്‍ നിന്ന് പുറന്തള്ളുന്ന നൈട്രജന്‍ ഡയോക്‌സൈഡ് വളരെ വലിയ അളവിലുളളതാണെന്ന് ഞങ്ങള്‍ നിരീക്ഷിച്ചിരുന്നു. മഴക്കാലത്ത് നൈട്രജന്‍ ഡയോക്‌സൈഡ് വാതകം പുറന്തള്ളുന്നതിനാല്‍ നേരിയ ആസിഡ് മഴ പെയ്യാന്‍ സാധ്യതയുണ്ട്.' മറൈന്‍ എന്‍വയന്‍മെന്റ്  പ്രൊട്ടക്ഷന്‍ അതോറിറ്റി (എംഇപിഎ)ചെയര്‍പേഴ്‌സണ്‍ ധര്‍ശനി ലഹന്ദപുര പറഞ്ഞു.

തീരപ്രദേശങ്ങളില്‍ താമസിക്കുന്നവരോട് ഈ ദിവസങ്ങളില്‍ ജാഗ്രത പുലര്‍ത്തണമെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഈ ദിവസങ്ങളില്‍ മഴകൊളളരുതെന്നും നിര്‍ദേശിച്ചിട്ടുണ്ട്.

കപ്പലിലെ തീ നിയന്ത്രണവിധേയമായിട്ടുണ്ടെന്നും ഇതുമൂലമുണ്ടാകുന്ന മലിനീകരണം ഒഴിവാക്കുന്നതിനായി കഴിയാവുന്നത്ര വേഗത്തില്‍ ബീച്ച് ശുചീകരണം നടപ്പാക്കാന്‍ ആവശ്യമായ എല്ലാ നടപടിക്രമങ്ങളും അധികൃതര്‍ സ്വീകരിച്ചിട്ടുളളതായും എംഇപിഎ പറഞ്ഞു.

രണ്ടു തഗ് ബോട്ടുകള്‍ കപ്പലിന് സമീപത്തായി തീകെടുത്താനുളള ശ്രമങ്ങള്‍ തുടരുകയാണ്. ഇന്ത്യന്‍ തീരസംരക്ഷണ സേനയുടെ കപ്പലുകളും ശ്രീലങ്കന്‍ തുറമുഖ അതോറിറ്റിയുടെ രണ്ടു തഗ് ബോട്ടുകളും ശ്രീലങ്കന്‍ നാവികസേനയും ചേര്‍ന്നാണ് സാഹചര്യം കൈകാര്യം ചെയ്യുന്നത്.

സാഹചര്യങ്ങള്‍ സസൂക്ഷ്മം വിലയിരുത്തുന്നുണ്ടെന്നും എണ്ണ ചോര്‍ച്ച ഉണ്ടായതിന്റെ ലക്ഷണങ്ങള്‍ ഒന്നും ഇല്ലെന്നും ലഹന്ദപുര അറിയിച്ചു.
അഗ്‌നിശമന ദൗത്യത്തില്‍ ശ്രീലങ്കന്‍ നാവികസേനയെ സഹായിക്കുന്നതിനായി ഐസിജി വൈഭവ്, ഐസിജി ഡോര്‍ണിയര്‍, തഗ് വാട്ടര്‍ ലില്ലി എന്നിവ ഇന്ത്യ ചൊവ്വാഴ്ച സംഭവസ്ഥലത്തേക്ക് അയച്ചിരുന്നു.മലിനീകരണം നിയന്ത്രിക്കുന്നതിനായി ഇന്ത്യയുടെ പ്രത്യേക മലിനീകരണ പ്രതികരണ കപ്പല്‍ സമുദ്രപഹാരി ഇവിടെ ശനിയാഴ്ച എത്തും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പന്തീരങ്കാവ് ഗാര്‍ഹിക പീഡനം: പ്രതി രാഹുലിന്റെ സുഹൃത്ത് രാജേഷ് അറസ്റ്റില്‍

ലാറ്റിനമേരിക്കയില്‍ ആദ്യം, 2027ലെ ഫിഫ വനിതാ ലോകകപ്പ് ബ്രസീലില്‍

തിരുവഞ്ചൂര്‍ എന്നെ ഇങ്ങോട്ടാണ് വിളിച്ചത്, ജോണ്‍ മുണ്ടക്കയം പറയുന്നത് ഭാവനാസൃഷ്ടി; നിഷേധിച്ച് ജോണ്‍ ബ്രിട്ടാസ്

സ്‌കൂളിന്റെ ഓടയില്‍ മൂന്നുവയസുകാരന്റെ മൃതദേഹം; നാട്ടുകാര്‍ സ്‌കൂളിന് തീയിട്ടു, അന്വേഷണം

ഉയർന്ന രക്തസമ്മർദ്ദത്തെ പ്രതിരോധിക്കാം