രാജ്യാന്തരം

2000- 2020 കാലത്ത് പഠിച്ചവരെക്കൊണ്ട് ഒരു പ്രയോജനവുമില്ല; ആധുനിക വിദ്യാഭ്യാസത്തേക്കാൾ വലുത് മദ്രസാ പഠനം; താലിബാൻ

സമകാലിക മലയാളം ഡെസ്ക്

കാബൂൾ: കഴിഞ്ഞ 20 വർഷത്തിനിടെ വിദ്യാഭ്യാസം നേടിയവരെക്കൊണ്ട് അഫ്​ഗാനിസ്ഥാന് ഒരു പ്രയോജനവുമില്ലെന്ന് താലിബാൻ. അഫ്ഗാനിസ്ഥാനിൽ താലിബാൻ ഭരണം ഇല്ലാതിരുന്ന 2000നും 2020 കാലത്ത് സ്‌കൂൾ പഠനം പൂർത്തിയാക്കിയവരെക്കൊണ്ട് പ്രയോജനമില്ലെന്ന് ഇടക്കാല ഉന്നത വിദ്യാഭ്യാസ മന്ത്രി അബ്ദുൾ ബാക്വി ഹഖാനിയാണ് അഭിപ്രായപ്പെട്ടത്. കാബൂളിൽ ചേർന്ന സർവകലാശാല അധ്യാപകരുടെ യോഗത്തിലാണ് മന്ത്രിയുടെ പരാമർശമെന്ന് മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തു.

മത പഠനം പൂർത്തിയാക്കിയവരുമായി താരതമ്യപ്പെടുത്തുമ്പോൾ ആധുനിക വിദ്യാഭ്യാസ രീതിയിൽ ബിരുദാനന്തര ബിരുദവും പിഎച്ച്ഡിയും നേടിയവർക്ക് പ്രാധാന്യം കുറവാണ്. അഫ്ഗാനിസ്ഥാന്റെ ഭാവിക്ക് പ്രയോജനപ്പെടുന്ന തരത്തിലുള്ള മൂല്യങ്ങൾ വിദ്യാർത്ഥികൾക്ക് പകർന്നു നൽകാൻ കഴിവുന്ന അധ്യാപകരെ സർവകലാശാലകൾ നിയമിക്കണമെന്നും മന്ത്രി നിർദ്ദേശിച്ചു. 

2000ത്തിനും 2020നും ഇടയിൽ പഠിച്ച വിദ്യാർത്ഥികളെക്കൊണ്ട് രാജ്യത്തിന് യാതൊരു പ്രയോജനവും ഇല്ലെന്നാണ് ഉന്നത വിദ്യാഭ്യാസ മന്ത്രി പറഞ്ഞത്. അമേരിക്കയുടെ പിന്തുണയോടെ ഹമീർ കർസായിയും അഷ്‌റഫ് ഗനിയും അഫ്ഗാൻ ഭരിച്ചിരുന്ന കാലത്ത് സർക്കാർ സേനയ്‌ക്കെതിരെ പോരാട്ടം നടത്തുകയായിരുന്നു താലിബാൻ. ഈ രണ്ട് പതിറ്റാണ്ടുകാലം അഫ്ഗാനിസ്ഥാൻ വിദ്യാഭ്യാസ രംഗത്ത് ഏറെ മുന്നേറിയെന്നാണ് വിലയിരുത്തപ്പെടുന്നത്.

എന്നാൽ, താലിബാൻ വീണ്ടും അധികാരം പിടിച്ചതിനു പിന്നാലെ പെൺകുട്ടികൾ സെക്കൻഡറി സ്‌കൂളുകളിൽ പോകുന്നതിന് വിലക്കേർപ്പെടുത്തി. അമേരിക്കൻ സൈന്യം പിന്മാറിയതിന് തൊട്ടുപിന്നാലെ കഴിഞ്ഞ ഓഗസ്റ്റിലാണ് താലിബാൻ അഫ്ഗാനിസ്ഥാനിൽ ഭരണം പിടിച്ചെടുത്തത്. സെപ്റ്റംബറിൽ സ്‌കൂളുകൾ തുറന്നു. എന്നാൽ സെക്കൻഡറി സ്‌കൂളുകളിലേക്ക് ആൺകുട്ടികൾക്ക് തിരിച്ചെത്താം എന്നാണ് താലിബാൻ വ്യക്തമാക്കിയത്. വിദ്യാഭ്യാസ മന്ത്രാലയം ഇറക്കിയ ഉത്തരവിൽ പെൺകുട്ടികളുടെ കാര്യം പരാമർശിച്ചിരുന്നില്ല. ഇതോടെ പെൺകുട്ടികൾക്ക് സെക്കൻഡറി വിദ്യാഭ്യാസം നിഷേധിക്കപ്പെട്ടു.

ആറാം ഗ്രേഡ് വരെ പെൺകുട്ടികൾ സ്‌കൂളിൽ പോകാൻ താലിബാൻ അനുവദിച്ചിട്ടുണ്ട്. എന്നാൽ അവർ ആൺകുട്ടികൾക്ക് ഒപ്പമിരുന്ന് പഠിക്കാൻ പാടില്ല. പ്രത്യേക ക്ലാസ് മുറികളിൽ ഇരിക്കണം. സ്വകാര്യ യൂണിവേഴ്‌സിറ്റികളിൽ പെൺകുട്ടികൾക്ക് പഠിക്കാൻ അനുമതി നൽകിയിട്ടുണ്ട്. എന്നാൽ ക്ലാസ് മുറികളിൽ ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും ഇരിപ്പിടങ്ങൾ തമ്മിൽ വേർതിരിച്ചിരിക്കണം എന്നാണ് നിർദ്ദേശം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ആശ്വാസം; കൊടും ചൂട് കുറയുന്നു; ഉഷ്ണ തരംഗ മുന്നറിയിപ്പ് പിന്‍വലിച്ചു

അമേഠിയിലേക്ക് രാഹുല്‍ പ്യൂണിനെ അയച്ചു; പരിഹാസവുമായി ബിജെപി സ്ഥാനാര്‍ഥി

''ഞാന്‍ മസായിയാണ്, എല്ലാവരും അങ്ങനെ വിളിക്കുന്നു, ഞാന്‍ വിളി കേള്‍ക്കും''; ആ വാക്കുകളില്‍ സെരങ്കട്ടിയിലെ നക്ഷത്രങ്ങളെല്ലാം കെട്ടുപോയി

പേര് മാറ്റം 4 തവണ... 3 വട്ടവും കിരീടം!

നീതി തേടി രോഹിത് വെമുലയുടെ അമ്മ, മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയെ കണ്ടു, വീണ്ടും അന്വേഷണമെന്ന് ഉറപ്പ്