രാജ്യാന്തരം

പ്രാര്‍ത്ഥനാ വേളയില്‍ ചാവേര്‍ പൊട്ടിത്തെറിച്ചു; പെഷവാര്‍ പള്ളി സ്‌ഫോടനത്തില്‍ മരണം 28 ആയി, പിന്നില്‍ പാക് താലിബാനെന്ന് സംശയം

സമകാലിക മലയാളം ഡെസ്ക്



പെഷവാര്‍: പാകിസ്ഥാനിലെ പെഷവാറില്‍ പള്ളിയില്‍ നടന്ന ചാവേര്‍ സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 28 ആയി.  150പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റതായി വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. പെഷവാറിലെ പൊലീസ് ആസ്ഥാനത്തിനുള്ളിലെ പള്ളിയിലാണ് സ്‌ഫോടനം നടന്നത്. ഉച്ചയ്ക്ക് 1.40ഓടെയാണ് ആക്രമണം നടന്നത്. കൊല്ലപ്പെട്ടവരില്‍ രണ്ട് പൊലീസുകാരും ഉള്‍പ്പെട്ടിട്ടുണ്ട്. 

പള്ളിയിലെ പ്രാര്‍ത്ഥനാസമയത്താണ് സ്‌ഫോടനം നടന്നത്. ഈ സമയത്ത് 260ഓളം വിശ്വാസികള്‍ പള്ളിക്കുള്ളില്‍ ഉണ്ടായിരുന്നതായി പൊലീസ് വൃത്തങ്ങള്‍ വ്യക്തമാക്കി. സ്‌ഫോടനത്തില്‍ പള്ളിയുടെ ഒരുഭാഗം പൂര്‍ണമായി തകര്‍ന്നു. 

മുന്‍നിരയില്‍ ഇരുന്ന ചാവേര്‍, പ്രാര്‍ത്ഥനയ്ക്കിടെ പൊട്ടിത്തെറിക്കുകയായിരുന്നു. നിരവധി പേര്‍ ഇപ്പോഴും പള്ളിക്കുള്ളില്‍ കുടുങ്ങിക്കിടക്കുകയാണെന്നും രക്ഷാപ്രവര്‍ത്തനം ആരംഭിച്ചതായും പൊലീസ് അറിയിച്ചു. 

അതേസമയം, ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. ആക്രമണത്തിന്റെ സ്വഭാവം അനുസരിച്ച്, പാകിസ്ഥാന്‍ താലിബാനാകാം സ്‌ഫോടനത്തിന് പിന്നില്‍ എന്നാണ് പൊലീസിന്റെ പ്രാഥമിക വിലയിരുത്തല്‍. സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കും പൊലീസുകാര്‍ക്കും നേരെ സ്ഥിരമായി പാക് താലിബാന്‍ ആക്രമണം നടത്താറുണ്ട്. 

പെഷവാറിലെ അതീവ സുരക്ഷാ മേഖലയിലാണ് ആക്രമണം നടന്നത്. ഉന്നത പൊലീസ് ഉദ്യോഗസ്ഥരും അഭിഭാഷകരും ഉള്‍പ്പെടെ പ്രാര്‍ത്ഥനയ്ക്ക് എത്തുന്ന പള്ളിയാണിത്.ആക്രമണത്തെ പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫ് അപലപിച്ചു. ആക്രമണത്തില്‍ പരിക്കേറ്റവര്‍ക്ക് അടിയന്തരമായി മികച്ച ചികിത്സ ഒരുക്കാന്‍ പ്രധാനമന്ത്രി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ചെറുകഥകളിലൂടെ വായനക്കാരെ അത്ഭുതപ്പെടുത്തിയ എഴുത്തുകാരി; നൊബേല്‍ ജേതാവ് ആലിസ് മണ്‍റോ അന്തരിച്ചു

ഭക്ഷണത്തിന് മുമ്പും ശേഷവും ചായയും കാപ്പിയും കുടിക്കരുത്!

തൊഴിലാളികളുടെ ആവശ്യങ്ങള്‍ അംഗീകരിച്ചു; മില്‍മ സമരം തീര്‍ന്നു

ബാറ്റിങ് നിര തിളങ്ങി; ഡല്‍ഹിക്കെതിരെ ലഖ്‌നൗവിന് 209 റണ്‍സ് വിജയലക്ഷ്യം

തിരുവനന്തപുരത്ത് മകന്റെ അടിയേറ്റ അച്ഛന്‍ മരിച്ചു