ഇമ്രാന്‍ ഖാന്‍, ഭാര്യ ബുഷ്‌റ ബീബി
ഇമ്രാന്‍ ഖാന്‍, ഭാര്യ ബുഷ്‌റ ബീബി എക്സ്
രാജ്യാന്തരം

ഇസ്ലാമിക നിയമം ലംഘിച്ച് വിവാഹിതരായി; ഇമ്രാൻ ഖാനും ഭാര്യ ബുഷ്‌റ ബീബിയ്ക്കും ഏഴ് വർഷം തടവ്

സമകാലിക മലയാളം ഡെസ്ക്

ഇസ്ലാമാബാദ്: പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനും ഭാര്യ ബുഷ്‌റ ബീബിയ്ക്കും വീണ്ടും തിരിച്ചടി. ഇസ്ലാമിക നിയമം ലംഘിച്ചാണ് ഇരുവരും വിവാഹിതരായതെന്ന് ചൂണ്ടിക്കാട്ടി ഇമ്രാൻ ഖാനും ഭാര്യ ബുഷ്‌റ ബീബിയ്ക്കും ഏഴുവർഷം തടവും പിഴയും ശിക്ഷ വിധിച്ച് അഡിയാല ജയില്‍ കോടതി. ഇമ്രാൻ ഖാന്റെ മൂന്നാം ഭാര്യ ബുഷ്റയുടെ ആദ്യ ഭർത്താവ് ഖവാർ മനേക നൽകിയ പരാതിയിലാണ് ഇരുവർക്കുമെതിരേ കോടതി നടപടിയെടുത്തത്. വ്യാഴാഴ്ച പാകിസ്ഥാനിൽ പൊതുതിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് പാകിസ്ഥാൻ തെഹ്‌രികെ ഇൻസാഫ് (പിടിഐ) അധ്യക്ഷൻ കൂടിയായ ഇമ്രാന്‍ ഖാനെതിരെ വിധി വന്നിരിക്കുന്നത്.

ബുഷ്റ ഇസ്ലാമിക നിയമം തെറ്റിച്ചുവെന്നാണ് ആദ്യഭര്‍ത്താവിന്‍റെ ആരോപണം. ഇരുവിവാഹത്തിനും ഇടയിൽ നിർബന്ധമായും പാലിച്ചിരിക്കേണ്ട മതനിയമം അനുസരിച്ചില്ലെന്നും ഇമ്രാൻ ഖാനും ബുഷ്റയും തമ്മിൽ വിവാഹത്തിന് മുമ്പ് തന്നെ ബന്ധമുണ്ടായിരുന്നുവെന്നും ഇസ്ലാമിക നിയമപ്രകാരം ഇരുവരേയും ശിക്ഷിക്കണമെന്നും മനേക കോടതിയിൽ ആവശ്യപ്പെട്ടു. റാവൽപിണ്ടിയിലെ അഡ്യാല ജയിലിൽ വെച്ചായിരുന്നു 14 മണിക്കൂർ നീണ്ട വാദം. ഇരുവർക്കും അഞ്ച് ലക്ഷം രൂപ വീതം പിഴയും ചുമത്തിയിട്ടുണ്ട്.

28 വര്‍ഷത്തെ വിവാഹജീവിതത്തിന് ശേഷം 2017-ലാണ് ബുഷ്റ ബീബിയും ഖവാർ മനേകയും വിവാഹമോചിതരായത്. നിയമപ്രകാരം വിവാഹമോചനത്തിന് ശേഷം നിശ്ചിതസമയം കഴിഞ്ഞാലേ സ്ത്രീക്ക് വീണ്ടും വിവാഹം കഴിക്കാന്‍ സാധിക്കുകയുള്ളു. എന്നാല്‍ ഈ സമയം പൂര്‍ത്തിയാകുന്നതിന് മുമ്പ് ബുഷ്‌റ രണ്ടാം വിവാഹം കഴിച്ചു എന്നതാണ് മനേക പരാതിയിൽ ആരോപിക്കുന്നത്.

കേസിൽ വിധി പ്രസ്താവിക്കുമ്പോൾ ഇരുവരും കോടതിയിൽ ഹാജരായിരുന്നു. ഇമ്രാൻ ഖാനെ സൈഫർ കേസിൽ നേരത്തെ 10 വർഷം തടവിനും തോഷഖാന കേസിൽ ഇരുവര്‍ക്കും 14 വർഷം തടവിനും ശിക്ഷിച്ചിരുന്നു. തോഷഖാന കേസിൽ കുറ്റക്കാരനെന്ന് കണ്ടെത്തിയതിനെത്തുടർന്ന് കഴിഞ്ഞ ഓഗസ്റ്റ് അഞ്ചിനായിരുന്നു ഇമ്രാൻ ഖാനെ അറസ്റ്റ് ചെയ്തത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍; ഒറ്റയടിക്ക് കൂടിയത് 640 രൂപ

'ഹര്‍ദിക് അഡ്വാന്‍സായി പണിവാങ്ങി'; കുറഞ്ഞ ഓവര്‍ നിരക്ക് മൂന്നാം തവണ; സസ്‌പെന്‍ഷന്‍, 30 ലക്ഷംപിഴ

14 വര്‍ഷം വിവാഹമോചിതര്‍, മകള്‍ക്ക് വേണ്ടി വീണ്ടും ഒന്നിച്ച് ദമ്പതികള്‍; സ്നേഹഗാഥ

'എന്താണ് ചെയ്യേണ്ടതെന്ന് അറിയാതിരിക്കുകയായിരുന്നു, അപ്പോഴാണ് സിനിമയിലെത്തിയത്'; 30 വർഷത്തെ അഭിനയ ജീവിതത്തെക്കുറിച്ച് ബിജു മേനോൻ

മഞ്ഞുമ്മല്‍ ബോയ്‌സ് നിര്‍മ്മാതാക്കള്‍ക്കെതിരായ നടപടിക്ക് സ്‌റ്റേ