ഇന്ത്യയ്ക്കെതിരായ മത്സരത്തിന് മുന്‍പ് ഇന്ത്യന്‍ നായകനെ കുത്തി ഓസ്ട്രേലിയന്‍ നായകന് ആരോണ്‍ ഫിഞ്ച്. മൂന്ന് ഫോര്‍മാറ്റിലും ഓസീസ് താരം സ്റ്റീവ് സ്മിത്ത് തന്നെയാണ് ഒന്നാമന് എന്നായിരുന്നു ആരോണ്‍ ഫിഞ്ചിന്റെ വാക്കുകള്‍. വിരാട് കോഹ് ലിക്കും മുകളില്‍ സ്മിത്തിനെ നിര്‍ത്തിയാണ് ഫിഞ്ചിന്റെ പ്രതികരണം.
ലോകോത്തര താരങ്ങള്‍ ടീമിലേക്ക് മടങ്ങിയെത്തുമ്പോള്‍ ടീമില്‍ ആ സമയം ഉണ്ടായിരുന്ന താരങ്ങള്‍ക്ക് സ്ഥാനം നഷ്ടപ്പെടുന്നത് നിര്‍ഭാഗ്യമാണ്. എന്നാല്‍ സ്റ്റീവ് സ്മിത്ത് ക്രിക്കറ്റിലെ മൂന്ന് ഫോര്‍മാറ്റിലും ലോകത്തിലെ ഏറ്റവും മികച്ച താരമാണ്. ലോകത്തിലെ ഏറ്റവും മികച്ച താരം തന്റെ ഗെയിം പ്ലാനില്‍ ഉറച്ച് നിന്ന് ഇത്രയും നാളുകള്‍ക്ക് ശേഷം തിരിച്ചെത്തുന്നു എന്നത് ടീമിലെ മറ്റ് താരങ്ങള്‍ക്കും പാഠമാണ്, ആരോണ്‍ ഫിഞ്ച് പറഞ്ഞു.
ബൂമ്ര ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ പേസര്‍മാരെ നേരിടാന്‍ മാനസീകമായും, സാങ്കേതികമായും ഞങ്ങള്‍ ഒരുങ്ങിക്കഴിഞ്ഞു. ഓരോ പന്ത് നേരിട്ടു കഴിഞ്ഞും സ്മിത്ത് തന്റെ ടെക്നിക്സ് മാറ്റുന്നത് കണ്ടിട്ടുണ്ട്, എന്താണ് താന്‍ നേരിടുന്നത് എന്നതിനനുസരിച്ച് മാറാന്‍ സ്മിത്തിന് സാധിക്കും. ഇന്ത്യയെ നേരിടുമ്പോള്‍ കോഹ് ലി, രോഹിത്, ധോനി എന്നിവരെ തളയ്ക്കുക എന്നത് വലിയ വെല്ലുവിളിയാണ്.
നല്ല തുടക്കം ലഭിച്ചുകഴിഞ്ഞാല്‍ പിന്നെ കോഹ് ലിയെ പിടിച്ചു നിര്‍ത്തുക ബുദ്ധിമുട്ടാണ്. ധവാനും ധോനിക്കുമെല്ലാം വലിയ പ്രതിസന്ധി ഞങ്ങള്‍ക്ക് തീര്‍ക്കാനാവും. എന്നാല്‍ ഏതെങ്കിലും രണ്ട് താരങ്ങളെ മാത്രം ഫോക്കസ് ചെയ്ത് പ്ലാന്‍ തയ്യാറാക്കാനാവില്ല.ഓസ്ട്രേലിയയില്‍ വെച്ച് ധോനിയെ പുറത്താക്കാനും ഞങ്ങള്‍ ബുദ്ധിമുട്ടിയിരുന്നു. എന്നാല്‍ ഇന്ത്യയെ സമ്മര്‍ദ്ദത്തിലാക്കി കഴിഞ്ഞാല്‍ അതിനെ മുതലെടുക്കുകയാണ് വേണ്ടത് എന്നും ഫിഞ്ച് പറയുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ