ദിലീപ് സ്വമേധയാ രാജിവെച്ചതല്ല ; മോഹന്‍ലാല്‍ ചോദിച്ചുവാങ്ങിയത് ; ദിലീപ് അനുകൂലികളെ തള്ളി 'അമ്മ' സംഘടനാ റിപ്പോര്‍ട്ട്

ഏറെ വിവാദമായ കഴിഞ്ഞ വര്‍ഷത്തെ ജനറല്‍ ബോഡി യോഗത്തില്‍ ദീലീപിനെ തിരിച്ചെടുക്കാനുണ്ടായ സാഹചര്യവും റിപ്പോര്‍ട്ടില്‍ വിശദീകരിക്കുന്നുണ്ട്
ദിലീപ് സ്വമേധയാ രാജിവെച്ചതല്ല ; മോഹന്‍ലാല്‍ ചോദിച്ചുവാങ്ങിയത് ; ദിലീപ് അനുകൂലികളെ തള്ളി 'അമ്മ' സംഘടനാ റിപ്പോര്‍ട്ട്

കൊച്ചി : നടിയെ ആക്രമിച്ച കേസില്‍ ഉള്‍പ്പെട്ട നടന്‍ ദിലീപ് താരസംഘടനയായ അമ്മയില്‍ നിന്നും സ്വമേധയാ രാജിവെച്ചതല്ല. പ്രസിഡന്റ് മോഹന്‍ലാല്‍ രാജി ചോദിച്ചു വാങ്ങുകയായിരുന്നു. അമ്മയുടെ വാര്‍ഷിക ജനറല്‍ ബോഡിയില്‍ ജനറല്‍ സെക്രട്ടറി ഇടവേള ബാബു അവതരിപ്പിച്ച സംഘടനാ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്.
 

ദിലീപ് സ്വമേധയാ രാജിവെക്കുകയായിരുന്നു എന്ന നേതൃത്വത്തിലെ ഒരു വിഭാഗത്തിന്റെ നിലപാട് ഔദ്യോഗികമായി ഖണ്ഡിക്കുന്നതാണ് ഇടവേള ബാബുവിന്റെ റിപ്പോര്‍ട്ട്. ഏറെ വിവാദമായ കഴിഞ്ഞ വര്‍ഷത്തെ ജനറല്‍ ബോഡി യോഗത്തില്‍ ദീലീപിനെ തിരിച്ചെടുക്കാനുണ്ടായ സാഹചര്യവും റിപ്പോര്‍ട്ടില്‍ വിശദീകരിക്കുന്നുണ്ട്. 

നടി ഊര്‍മ്മിള ഉണ്ണിയാണ് വിഷയം ഉന്നയിച്ചതെന്നും ഐകകണ്‌ഠ്യേന കയ്യടിച്ചാണ് ദിലീപിനെ തിരിച്ചെടുക്കാന്‍ തീരുമാനിച്ചതെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ഭാവന, റിമ കല്ലിങ്കല്‍, ഗീതുമോഹന്‍ദാസ്, രമ്യ നമ്പീശന്‍ എന്നിവരുടെ രാജി അംഗീകരിച്ചെന്നും, രേവതി, പാര്‍വതി, പത്മപ്രിയ എന്നിവരുമായി നിര്‍വാഹക സമിതി ചര്‍ച്ച നടത്തിയെന്നും റിപ്പോര്‍ട്ടിലുണ്ട്. 

എന്നാല്‍ ചര്‍ച്ച ഏതു വിഷയവുമായി ബന്ധപ്പെട്ടാണ് എന്നതുള്‍പ്പെടെയുള്ള മറ്റു വിശദാംശങ്ങളൊന്നും റിപ്പോര്‍ട്ടിലില്ല. നടന്‍ അലന്‍സിയര്‍ വിശദീകരണം നല്‍കിയതായി പറയുന്നിടത്തും ഏത് വിഷയത്തിലാണ് എന്നത് റിപ്പോര്‍ട്ടില്‍ മൗനം പാലിക്കുകയാണ്. സംഘടനയെ വിമര്‍ശിക്കുന്ന പരസ്യപ്രസ്താവനകള്‍ അച്ചടക്കലംഘനമായി കണ്ട് വിലക്കുന്ന ഭേദഗതി നിര്‍ദേശം അംഗീകരിക്കപ്പെട്ടില്ലെങ്കിലും പരസ്യപ്രസ്താവന നടത്തി അപഹാസ്യരാകരുതെന്ന് സംഘടനാറിപ്പോര്‍ട്ടിലും നിര്‍ദേശിക്കുന്നുണ്ട്.  
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com