കൊച്ചിയിൽ ആരും വിശന്നിരിക്കരുത്; ഭക്ഷണമുണ്ടാക്കി വിതരണം ചെയ്ത് സിനിമ പ്രവർത്തകരുടെ കൂട്ടായ്മ

ഇന്ന് 400 പേർക്കാണ് ഭക്ഷണം വിതരണം ചെയ്തിരിക്കുന്നത്
കൊച്ചിയിൽ ആരും വിശന്നിരിക്കരുത്; ഭക്ഷണമുണ്ടാക്കി വിതരണം ചെയ്ത് സിനിമ പ്രവർത്തകരുടെ കൂട്ടായ്മ

ലോക്ക്ഡൗണിനെത്തുടർന്ന് ഭക്ഷണം കിട്ടാതെ കഷ്ടപ്പെടുന്നവർക്ക് കൈത്താങ്ങുമായി സിനിമ പ്രവർത്തകരുടെ കൂട്ടായ്മ. കൊച്ചി കോർപ്പറേഷൻ പരിധിയിലാണ് ഇവർ ഭക്ഷണം വിതരണം ചെയ്യുന്നത്. കോവിഡ് 19 കൂട്ടായ്മ കിച്ചണിൽ  നിർമാതാക്കളും അഭിനേതാക്കളുമുണ്ട്. 27ാം തിയതിയാണ് ഭക്ഷണത്തിന്റെ വിതരണം ആരംഭിച്ചത്. ഇന്ന് 400 പേർക്കാണ് ഭക്ഷണം വിതരണം ചെയ്തിരിക്കുന്നത്. നിർമ്മാതാവ് മഹാ സുബൈറിന്റെ തറവാട് വീട്ടിൽ കുടുംബാംഗങ്ങൾ ചേർന്നാണ് ഭക്ഷണമുണ്ടാക്കുന്നത്. പ്രൊഡക്ഷൻ കൺട്രോളർ ഷാജി പട്ടിക്കരയാണ് ഫേയ്സ്ബുക്ക് കുറിപ്പിലൂടെ വിവരം അറിയിച്ചത്.

ഷാജി പട്ടിക്കരയുടെ ഫേയ്സ്ബുക്ക് പോസ്റ്റ് വായിക്കാം

വിശപ്പകറ്റാൻ
#കോവിഡ്_19_കൂട്ടായ്മ _കിച്ചൻ

'അയല്‍വാസി വിശന്നിരിക്കുമ്പോള്‍ വയര്‍ നിറച്ച് ഉണ്ണുന്നവന്‍ നമ്മളില്‍ പെട്ടവനല്ല 'എന്നാണ് വിശുദ്ധ ഖുര്‍-ആന്‍ പറയുന്നത്. ഇപ്പോഴിതാ ലോകം മുഴുവന്‍ സഹായത്തിനായി കൈ നീട്ടുമ്പോള്‍, ചവിട്ടിനില്‍ക്കുന്ന മണ്ണ് ഉറച്ചതല്ല എന്ന വിശ്വാസത്തോട് കൂടി തന്നെ സഹായഹസ്തവുമായി ചിലര്‍ മുന്നോട്ട് വന്നിരിക്കുന്നു.

കൊച്ചി കോര്‍പ്പറേഷന്‍ പരിധിയില്‍ ആരും തന്നെ-അത് കടത്തിണ്ണയില്‍ ഉറങ്ങുന്നവരായാലും ഫ്‌ളാറ്റുകളില്‍ കഴിയുന്നവരായാലും പട്ടിണി കിടക്കാന്‍ പാടില്ല എന്ന ചിന്തയുമായി ഒരു കൂട്ടായ്മ! ' കോവിഡ് 19 കൂട്ടായ്മ കിച്ചന്‍ ' നിര്‍മ്മാതാക്കളായ ആന്റോ ജോസഫ് ( ആന്റോ ജോസഫ് ഫിലിം കമ്പനി), മഹാസുബൈര്‍ (വര്‍ണ്ണചിത്ര), ആഷിഖ്_ഉസ്മാന്‍ (ആഷിഖ് ഉസ്മാന്‍ പൊഡക്ഷന്‍സ്), മനു (ഇച്ചായീസ് പ്രൊഡക്ഷന്‍സ്)  നടന്‍ ജോജു ജോര്‍ജ്ജ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബാദുഷ എന്നിവരാണ് ഈ കൂട്ടായ്മ രൂപീകരിച്ച് ഭക്ഷണം വിതരണം ചെയ്‌യുന്നത്. ആവശ്യക്കാര്‍ക്ക് കൊച്ചിന്‍ കോര്‍പ്പറേഷന്‍ പരിധിയില്‍ എവിടെയായാലും അവിടെ എത്തിച്ച് കൊടുക്കുന്നതാണ് രീതി.

ഉച്ചയ്‍ക്കും രാത്രിയിലും വിതരണം ഉണ്ടാകും. 27 ന് ആരംഭിച്ച ഈ സേവനം ആദ്യ ദിനം 250 പേര്‍ക്കും, രണ്ടാം ദിവസം 350 പേര്‍ക്കും, മൂന്നാം ദിവസമായ ഇന്ന് 400 പേര്‍ക്കും ഭക്ഷണം വിതരണം ചെയ്തു. ഡ്യൂട്ടിയിലുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ക്കും, പോലീസ് സേനാംഗങ്ങള്‍ക്കും എല്ലാം ഇതൊരു ആശ്വാസമാണ്. 

നിര്‍മാതാവ് മഹാ സുബൈറിന്റെ തറവാട് വീട്ടില്‍ കുടുംബാംഗങ്ങള്‍ ചേര്‍ന്ന് വൃത്തിയുള്ള അന്തരീക്ഷത്തിലാണ് ഭക്ഷണം പാചകം ചെയ്‌യുന്നത്. വരും ദിവസങ്ങളില്‍ ആവശ്യക്കാര്‍ കൂടിവരും എന്ന കണക്കുകൂട്ടലിലാണ്.

പ്രവര്‍ത്തനങ്ങള്‍ക്ക് പൂര്‍ണപിന്തുണയുമായി ടി.ജെ. വിനോദ്  എം.എല്‍.എ കൂടെയുണ്ട്. ആവശ്യക്കാരെ കണ്ടെത്തി അദ്ദേഹം അറിയിക്കുന്നുമുണ്ട്. കൊച്ചിന്‍ കോര്‍പ്പറേഷനിലെ വര്‍ക്‌സ് വിഭാഗം അംഗം പി.എം.ഹാരീസും പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ നല്‍കുന്നു. കൂട്ടായ്മയുടെ പ്രവര്‍ത്തനം അറിഞ്ഞ് നിരവധി പേര്‍ ഇതിന്റെ ഭാഗമാകുവാന്‍ സഹായവുമായി എത്തുന്നുണ്ട്.
ജാതി മത രാഷ്ട്രീയ ചിന്തകള്‍ക്കതീതമായി മനുഷ്യത്വം മുഖമുദ്രയാക്കിയ ഈ കൂട്ടായ്മയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാവിധ പിന്തുണയും, ആശംസകളും അര്‍പ്പിച്ച് കൊണ്ട് ഇതിലെ പ്രവര്‍ത്തകര്‍ക്കും, ഭക്ഷണം പാകം ചെയ്‌യുന്നവര്‍ക്കും,
സഹായികള്‍ക്കും, വിതരണം ചെയ്‌യുന്നവര്‍ക്കും, ഹൃദയത്തില്‍ നിന്ന് ഒരു ബിഗ് സല്യൂട്ട്.....

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com