'വേഗം വന്നില്ലെങ്കിൽ കാണല് ഇനി തരായി എന്നു വരില്ല', ആ വാക്കുകൾ എന്റെ മനസിൽ തറച്ചു; 'മുത്തച്ഛന്റെ' ഓർമയിൽ എംബി രാജേഷ്

12 വർഷത്തെ ഉറ്റ ബന്ധമാണ്  അദ്ദേഹവുമായി ഉണ്ടായിരുന്നതെന്നും അതിനാൽ അദ്ദേഹത്തിൻ്റെ വിയോഗം വ്യക്തിപരമായ ദുഃഖമാണെന്നുമാണ് രാജേഷ് കുറിക്കുന്നത്
എംബി രാജേഷ് ഉണ്ണികൃഷ്ണൻ നമ്പൂതിരിയെ കാണാനെത്തിയപ്പോൾ/ ഫേയ്സ്ബുക്ക്
എംബി രാജേഷ് ഉണ്ണികൃഷ്ണൻ നമ്പൂതിരിയെ കാണാനെത്തിയപ്പോൾ/ ഫേയ്സ്ബുക്ക്

ലയാളത്തിന്റെ പ്രിയ മുത്തച്ഛൻ ഉണ്ണികൃഷ്ണൻ നമ്പൂതിരി കഴിഞ്ഞ ദിവസമാണ് വിടപറഞ്ഞത്. ഇപ്പോൾ അദ്ദേഹവുമായി ഉണ്ടായിരുന്ന ആത്മബന്ധത്തെക്കുറിച്ച് കുറിക്കുകയാണ് സിപിഎം നേതാവ് എംബി രാജേഷ്. 12 വർഷത്തെ ഉറ്റ ബന്ധമാണ്  അദ്ദേഹവുമായി ഉണ്ടായിരുന്നതെന്നും അതിനാൽ അദ്ദേഹത്തിൻ്റെ വിയോഗം വ്യക്തിപരമായ ദുഃഖമാണെന്നുമാണ് രാജേഷ് കുറിക്കുന്നത്. 2009 ലെ പാർലമെന്റ് തെരഞ്ഞെടുപ്പിനിടെയാണ് ഉണ്ണികൃഷ്ണൻ നമ്പൂതിരിയുമായി പരിചയപ്പെടുന്നത്. പിന്നീട് പലപ്പോഴും ഫോണിലൂടെയും നേരിട്ടും അദ്ദേഹവുമായി ബന്ധപ്പെട്ടിട്ടുണ്ട്. ഉണ്ണികൃഷ്ണൻ നമ്പൂതിരി അവസാന ശ്വാസം വരെ ഉറച്ച കമ്യൂണിസ്റ്റായിരുന്നു. ക്ഷേമാന്വോഷണങ്ങളുമായി പതിവായി വന്നിരുന്ന ആ ഫോൺ കാൾ, അങ്ങേ തലക്കിലെ മുത്തഛൻ്റെ ആ വാത്സല്യച്ചിരി, കണ്ടുമുട്ടുമ്പോഴുള്ള ആ സ്നേഹാശ്ലേഷം ഇനിയില്ല എന്നത് വലിയ ശൂന്യതയാണെന്നും രാജേഷ് പറയുന്നു.  

രാജേഷിന്റെ ഫേയ്സ്ബുക്ക് കുറിപ്പ് വായിക്കാം

മലയാള സിനിമയിലൂടെ എല്ലാവരുടേയും മുത്തഛനായ ശ്രീ.ഉണ്ണികൃഷ്ണൻ നമ്പൂതിരി സിനിമക്കപ്പുറം എനിക്ക്  വ്യക്തിപരമായി  ഒരു മുത്തഛൻ്റെ സ്നേഹവാൽസല്യം നൽകിയിരുന്നു. അതിനാൽ അദ്ദേഹത്തിൻ്റെ വിയോഗം അത്രമേൽ വ്യക്തിപരമായ ദുഃഖവും നഷ്ടവുമാണെനിക്ക്.12 വർഷത്തെ ഉറ്റ ബന്ധമാണ്  അദ്ദേഹവുമായി ഉണ്ടായിരുന്നത്.
2009 ൽ അദ്ദേഹത്തിൻ്റെ ഒരു ഫോൺ കാൾ എന്നെ തേടി വന്നതോടെ തുടങ്ങിയ സ്നേഹ ബന്ധമാണത്. ഞാൻ പാർലിമെൻ്റിലേക്ക് ആദ്യം മൽസരിക്കുന്ന സമയം. അദ്ദേഹം എൻ്റെ നമ്പർ തപ്പിയെടുത്ത് വിളിക്കുകയാണ്. എനിക്ക് വിശ്വസിക്കാനായില്ല. അദ്ദേഹത്തിൻ്റെ ചില ബന്ധുക്കൾ പാലക്കാട് മണ്ഡലത്തിലുണ്ട്.അവരോട് അദ്ദേഹം എനിക്ക് വോട്ടു ചെയ്യാൻ ഞാൻ അറിയാതെ തന്നെ പറഞ്ഞിരുന്നു. അവരെ ഞാൻ നേരിട്ട് ഒന്ന് വിളിച്ച് വോട്ട് അഭ്യർത്ഥിക്കണം എന്നു പറയാനാണ് നമ്പർ തപ്പിയെടുത്ത് എന്നെ വിളിക്കുന്നത്. പല തവണ വിളിച്ച് ഞാൻ അവരെ വിളിച്ചുവെന്ന് ഉറപ്പാക്കി. എന്നിട്ട് എന്നോടു പറഞ്ഞു- "എനിക്ക് പാലക്കാട് വന്ന് പ്രവർത്തിക്കാൻ കഴിയില്ല. ഇവിടിരുന്നു കൊണ്ട് കഴിയാവുന്നതൊക്കെ ചെയ്യുന്നുണ്ട്. "
ഞാൻ പയ്യന്നൂരിലോ പരിസരത്തോ പരിപാടികൾക്കു പോകുമ്പോഴെല്ലാം വീട്ടിൽ പോയി കണ്ടു.അതിൽ  ഒരു നീണ്ട ഇടവേള ഉണ്ടായപ്പോൾ ഒരിക്കൽ എന്നെ വിളിച്ചിട്ട് പറഞ്ഞു- " ഒന്നു കാണാൻ തോന്നുന്നു. ഒരു ദിവസം ഇവിടെ വരെ വരണം. എനിക്ക് അങ്ങോട്ടു യാത്ര ചെയ്തു വരാനുള്ള ആരോഗ്യമില്ലല്ലോ."എന്തായാലും വരാം എന്ന് ഞാൻ ഉറപ്പും കൊടുത്തു. എൻ്റെ തിരക്കുകൾ മൂലം പയ്യന്നൂർ യാത്ര നീണ്ടു കൊണ്ടിരുന്നു. ഇതിനിടയിൽ അദ്ദേഹം നിരന്തരം വിളിച്ചുകൊണ്ടുമിരുന്നു. ഒരിക്കൽ വിളിച്ചിട്ടു പറഞ്ഞു- "വയസ്സ് 95 ആയി. വേഗം വന്നില്ലെങ്കിൽ കാണല് ഇനി തരായി എന്നു വരില്ല. "
അത് എൻ്റെ മനസ്സിൽ തറച്ച വാചകമായി.വലിയ കുറ്റബോധവും തോന്നി. തൊട്ടടുത്ത ദിവസം അതിരാവിലെ ഇൻറർസിറ്റിക്ക് കയറി.അദ്ദേഹത്തെ കാണാൻ മാത്രം പയ്യന്നൂര് പോയി. നടക്കാനുള്ള ബുദ്ധിമുട്ട് അവഗണിച്ച് വീടിൻ്റെ ഉമ്മറത്ത് വന്ന് ഗാഢമായി ആശ്ളേഷിച്ചാണ് സ്വീകരിച്ചത്. എന്നെ കാണാൻ മാത്രം വന്നതല്ലേ അതുകൊണ്ട് വേറെ തിരക്കൊന്നുമില്ലല്ലോ എന്നും പറഞ്ഞ് ഒരു പാട് സംസാരിച്ചു.ഏ.കെ.ജി.യെക്കുറിച്ച് പിണറായിയെക്കുറിച്ച് പഴയ കാല പാർട്ടി സഖാക്കളെ ഒളിവിൽ സംരക്ഷിച്ചതിനെക്കുറിച്ചൊക്കെ ആവേശത്തോടെയും അഭിമാനത്തോടെയും സംസാരിച്ചു. കമലഹാസനെയും രജനീകാന്തിനേയും മമ്മൂട്ടിയേയും കുറിച്ചും വാതോരാതെ പറഞ്ഞു. കൂട്ടത്തിൽ ചാനൽ ചർച്ചകളെക്കുറിച്ച് അഭിപ്രായം പറഞ്ഞു. പത്രങ്ങൾ പാർട്ടിക്കെതിരെ നൽകുന്ന വാർത്തകളെക്കുറിച്ച്.അതിലൊന്നും ഈ പ്രസ്ഥാനം തളരില്ലെന്ന ആത്മവിശ്വാസം. താമസിക്കുന്ന വീടിനോട് ചേർന്ന ഇല്ലം മുഴുവൻ എന്നെ കാണിക്കണമെന്ന് നിർബന്ധം. അതിന് പേരക്കുട്ടിയെ ഏൽപ്പിച്ചു.ആ ഇല്ലമായിരുന്നു പാർട്ടി നിരോധിച്ചപ്പോഴും അടിയന്തിരാവസ്ഥയിലും അനേകം കമ്യൂണിസ്റ്റുകാരെ പോലീസിൻ്റെ വലയിൽ അകപ്പെടാതെ കാത്തത്. സഖാക്കളെ പോലീസിനു കൊടുക്കാതെ സംരക്ഷിച്ചതിനെക്കുറിച്ച് പറയുമ്പോൾ തൊണ്ണൂറ്റിയഞ്ചാം വയസ്സിലും അദ്ദേഹത്തിൻ്റെ കണ്ണുകൾ ജ്വലിച്ചു. സംസാരത്തിനിടയിൽ പെട്ടെന്ന് എന്നോട് ഒരു ചോദ്യം." ഞാനൊന്ന് തലയിൽ കൈവെച്ച് അനുഗ്രഹിക്കട്ടെ?" ഞാൻ വേണ്ടെന്ന് പറഞ്ഞില്ല. സമ്മതം ചോദിക്കാതെ ചെയ്യരുതല്ലോ എന്ന് അദ്ദേഹം! തലയിൽ കൈ വെച്ച് കുറേ നേരം സംസ്കൃതത്തിൽ മന്ത്രങ്ങൾ ചൊല്ലിക്കൊണ്ടിരുന്നു.പിന്നെ മലയാളത്തിൽ സ്നേഹ വാൽസല്യങ്ങൾ വഴിത്ത നല്ല വാക്കുകളും ആശംസകളും. ഇറങ്ങാൻ നേരത്ത് വീണ്ടും ഗാഢമായ ആശ്ലേഷം. ഇനി ഭാര്യയേയും മക്കളേയും കൂട്ടി വരണമെന്ന ആവശ്യം. അത് എനിക്ക് നിറവേറ്റാനായില്ല. ഭാര്യക്കും മക്കൾക്കും ഇപ്പോൾ അതൊരു വലിയ സങ്കടമായി.
ഉണ്ണികൃഷ്ണൻ നമ്പൂതിരി  അവസാന ശ്വാസം വരെ ഉറച്ച കമ്യൂണിസ്റ്റായിരുന്നു. അദ്ദേഹം എപ്പോഴും എന്നെ ഓർമ്മിപ്പിച്ചത് എനിക്ക് കണ്ട ഓർമ്മയില്ലാത്ത, കമ്യുണിസ്റ്റായ എൻ്റെ മുത്തഛൻ കൃഷ്ണൻ നായർ മാഷെയാണ്. എനിക്ക് കാണാൻ കഴിഞ്ഞ എൻ്റെ കമ്യുണിസ്റ്റായ മുത്തഛനായിരുന്നു ഉണ്ണിക്കൃഷ്ണൻ നമ്പൂതിരി. ഒരു അത്യാവശ്യ യാത്രയിലായിരുന്നതിനാൽ എനിക്ക് അദ്ദേഹത്തെ അവസാനമായി ഒരു നോക്കു കാണാനായില്ല. ക്ഷേമാന്വോഷണങ്ങളുമായി പതിവായി വന്നിരുന്ന ആ ഫോൺ കാൾ, അങ്ങേ തലക്കിലെ മുത്തഛൻ്റെ ആ വാത്സല്യച്ചിരി, കണ്ടുമുട്ടുമ്പോഴുള്ള ആ സ്നേഹാശ്ലേഷം ഇനിയില്ല എന്നത് വലിയ ശൂന്യതയാണ്.
പ്രതിബദ്ധതയും ധൈര്യവും സ്നേഹവും സർഗ്ഗാത്മകതയും ഒരു പോലെ  പ്രകാശമാനമാക്കിയ ആ പൂർണ്ണ ജീവിതത്തിന് എൻ്റെ ലാൽസലാം !

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com